UPDATES

സിനിമ

ഉറക്കെ കൂവുന്ന സ്റ്റീവ് ലോപ്പസിനെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍-അമല്‍ ലാല്‍ എഴുതുന്നു

Avatar

അമല്‍ ലാല്‍

കഴുകിക്കളയാത്ത ചോരയുടെ മണം തെരുവില്‍ നിറഞ്ഞു നിൽക്കുമ്പോൾ എന്‍റെ സിനിമ എങ്ങനെ Happily ever after കഥകള്‍ പറയും എന്ന ചോദ്യം തന്നെയാണ് രാജീവ്‌ രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയും മുന്നോട്ട് വയ്ക്കുന്നത്. പിന്നീടവര്‍ അതിസന്തുഷ്ടരായി ജീവിച്ച കഥകളും ന്യൂനപക്ഷ അതിസമ്പന്നരുടെ ജീവിതപ്രതിസന്ധികളും രാജീവ്‌ രവി സിനിമകളുടെ ആകുലതകളേ അല്ല. വരൂ ഈ തെരുവിലെ രക്തം കാണൂ… കാണൂ… ഈ തെരുവിന്‍റെ രക്തം കാണൂ… എന്ന നെരൂദയുടെ ഓര്‍മ്മപ്പെടുത്തല്‍ തന്നെ രാജീവ്‌ രവിയും പങ്കു വയ്ക്കുന്നു. 

ആള്‍ക്കൂട്ടത്തിലെ ഒരു വെറും മനുഷ്യനാണ് സ്റ്റീവ് ലോപ്പസ്. നൂറും ആയിരവുമായി നിരത്തിലൂടെ നീങ്ങുന്ന മുഖങ്ങള്‍…. പേരില്ലാ മുഖങ്ങളും സെന്‍സസിലെ അടയാളപ്പെടുത്തലുകളും ഒരു ആധാര്‍ നമ്പരും മാത്രമല്ല ഇവരെന്നും ഇവര്‍ക്കും പറയാന്‍ ഓരോ കഥകളുണ്ടെന്നും തന്നെയാണ് സ്റ്റീവ് ലോപ്പസ് തെളിയിക്കുന്നത്. 

എന്താണ് സ്റ്റീവ് ലോപ്പസ് എന്ന കഥാപാത്രത്തിന്‍റെ പ്രത്യേകത? 

ഒരു തരത്തിലുള്ള പ്രത്യേകതകളും ഇല്ലാത്ത  സാധാരണക്കാരനാണ് എന്നതാണ് സ്റ്റീവ് ലോപ്പസിന്‍റെ പ്രത്യേകത. അസാധാരണമാം വിധം സാധാരണമാണ് ഈ സിനിമ എന്നുള്ളതാണ് ഈ സിനിമയ്ക്കുള്ള കയ്യടി.

സ്റ്റീവ് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഞാനും നിങ്ങളും തന്നെയാണ്. നിശ്ചയമില്ലായ്മയുടെ ജീവിതം. ആഗോളീകരണത്തിനു ശേഷമുണ്ടായ മെറ്റീരിയലിസ്റ്റിക്ക് തത്വത്തിന്‍റെ അതിപ്രസരം തീര്‍ക്കുന്ന സംഭ്രമം തന്നെയാണ് ഞാന്‍ അടക്കമുള്ള ഓരോ കൌമാരക്കാരന്‍റെയും ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം.  ശരിതെറ്റുകളുടെ അതിര്‍വരമ്പുകള്‍ തിരയുന്ന,  സ്വാര്‍ഥതയും നിസ്വാര്‍ഥതയും സാമൂഹിക ബോധവും ഒരുമിച്ചു കലഹിക്കുന്ന മനസ്സുള്ള ഒരു സാധാരണ മനുഷ്യന്‍ തന്നെയാണ് സ്റ്റീവ് ലോപ്പസ്. അതുകൊണ്ടുതന്നെ എന്‍റെയും നിങ്ങളുടെ മുഖച്ചായ സ്റ്റീവ് ലോപ്പസിന് വരുന്നത് യാദൃശ്ചികമല്ല. അര്‍ദ്ധവിരാമത്തില്‍ മുന്നോട്ട് നീങ്ങുന്ന ഫുള്‍സ്റ്റൊപ്പില്ലാ ജീവിതം തന്നെയാണ് സ്റ്റീവിന്റെയും. ആരാണ് ഞാന്‍…? ആരാണ് നീ…? ആരാരു നാം …? ഇവയെല്ലാം സിനിമയില്‍ ഉടനീളമുള്ള ചോദ്യം തന്നെയാണ്. അത് ഈ കാലത്തിന്‍റെ ചോദ്യം കൂടിയാണ്.

‘നിഷ്കളങ്കതയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതല്‍’ എന്ന ടൈറ്റില്‍ കാര്‍ഡിലാണ് സിനിമ തുടങ്ങുന്നത്. നിസ്സഹായതയുടെയും നിഷ്കളങ്കതയുടെയും അപാരമായ നിലവിളി തന്നെയാണ് ഈ സിനിമ മുന്നോട്ട് വയ്ക്കുന്നത്. നിഷ്കളങ്കതയില്‍, കലാപങ്ങള്‍ക്ക് വേരുകള്‍ പിടിക്കാറില്ല. നിഷ്കളങ്കത തേടിയുള്ള കലാപത്തിന്‍റെ നേര്‍ക്കാഴ്ച്ച, കുടുംബം സമൂഹം ചുറ്റുപാടുകള്‍ രാഷ്ട്രീയം തുടങ്ങിയവയോട് നിരന്തരം മത്സരിക്കുകയും തോല്‍ക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ കഥ തുടങ്ങിയവയൊക്കെയാണ് സ്റ്റീവ് ലോപ്പസ്.

ചോദ്യങ്ങള്‍ക്ക് ഉത്തരം നിഷേധിക്കുമ്പോഴാണ് ഓരോ കലാപവും തളിര്‍ത്തു വളരുന്നത്. സുഖകരമായ മൌനത്തില്‍ അവസരവാദ പുറംലോകം ഉറച്ചു നില്‍ക്കുമ്പോള്‍ സ്റ്റീവിന്‍റെ മനസ്സില്‍ കലാപങ്ങള്‍ നടക്കുന്നു.   

അന്നയും റസൂലും ഒരു വ്യക്തിയുടെ ജീവിതത്തെ, അവന്‍റെ പ്രണയത്തെ ഒരു സിസ്റ്റം എത്തരത്തില്‍ വേട്ടയാടി തോല്‍പ്പിക്കുന്നു എന്നുള്ള അന്വേഷണമാണെങ്കില്‍ സ്റ്റീവ് ലോപ്പസ് ഒരു സാമൂഹിക പ്രശ്നത്തില്‍ ഇടപ്പെടുമ്പോള്‍ അത് വ്യക്തിയുടെ ജീവിതത്തെ എത്തരത്തില്‍ പ്രശ്നഭരിതമാക്കുന്നു എന്ന ചോദ്യമാണ്. രണ്ടും അഭ്രപാളിയില്‍ കവിത തീര്‍ക്കുമ്പോള്‍ ഉള്ളില്‍ നിന്നും ഇറങ്ങിപ്പോവാതെ നീറുകയും ചിന്തിപ്പിക്കുക്കയും ചെയ്യും ഈ  രാജീവ് രവി  സിനിമകള്‍. 

ഒന്നിലും ഒരു കാര്യവുമില്ല എന്നും സമൂഹത്തിലെ ദുരിതങ്ങള്‍ ജീവിതത്തിലെ സ്വാഭാവികതയാണ് എന്നത് ഉപരിവര്‍ഗ മലയാളിയുടെ പുത്തന്‍ സാമൂഹിക ബോധമാണ്. പക്ഷെ ദുരിതങ്ങള്‍ അനുഭവിയ്ക്കുന്നവന് അത് അങ്ങനെ കാണാന്‍ പറ്റില്ല എന്ന രാഷ്ട്രീയം പറച്ചില്‍ കൂടിയാണ് ഈ ചിത്രം. അത്തരത്തില്‍ ഒരു രാഷ്ട്രീയമുള്ള സിനിമ കൂടിയാണ് സ്റ്റീവ് ലോപ്പസ്. സിനിമയില്‍ നിലനില്‍ക്കുന്ന വാണിജ്യവല്‍ക്കരണതിനെതിരെ ചെറുത്തു നില്‍പ്പ് കൂടിയാവുമ്പോള്‍  ഈ collective phase സിനിമ ശ്രമത്തില്‍ നമുക്ക് അഭിമാനിക്കാം. ചെറുത്തു നില്‍പ്പുകളും ഈ കാലത്തിന്‍റെ ആവശ്യമാണ് എന്നുള്ളപ്പോള്‍ രാജീവ് രവിയ്ക്കും സംഘത്തിനും തൊപ്പിയൂരി സലാം. മനസ്സ് നിറച്ചതിന്‍റെ സ്നേഹം. 

മസാല ഫാസ്സ്ഫുഡ് കഴിച്ച നാവുകള്‍ക്ക് ഈ രുചി പഥ്യമാവാന്‍ ഇടയില്ലാത്തത് കൊണ്ട് മാസങ്ങള്‍ കഴിഞ്ഞുള്ള torrent ആഘോഷമാവും ഈ സിനിമ. ഇതേ ആസ്വാദകര്‍ തന്നെ torrent ല്‍ സ്റ്റീവ് ലോപ്പസ് തിരയുകയും കണ്ട് കയ്യടിക്കുകയും ചെയ്യുന്ന കാലവും ദൂരത്തല്ല.  തീര്‍ത്തും നിര്‍ദോഷം എന്ന് കരുതുന്ന മസാല എന്റെര്‍ടെയിനറുകള്‍ എത്തരത്തില്‍ നമ്മുടെ ആസ്വാദന നിലവാരത്തെ ഇല്ലാതാക്കുന്നു എന്ന് കാണാന്‍ സ്റ്റീവ് ലോപ്പസ് കളിക്കുന്ന തീയ്യറ്ററുകളില്‍ പോവാം. എന്ത് കാണണം, എന്ത് കാണിക്കണം, എന്ത് ചിന്തിക്കണം എന്ന് സിനിമാ മുതലാളിമാര്‍ തീരുമാനിക്കുമ്പോള്‍ ഉറക്കികിടത്തുന്ന താരാട്ടുകള്‍ മാത്രം മലയാള സിനിമയില്‍ റിലീസ് പിടിക്കുന്നു. ഉറക്കെ കൂവുന്ന സ്റ്റീവ് ലോപ്പസിനെ നമ്മള്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.   

ആഴമുള്ള എന്നാല്‍ സാധാരണ ജീവിതത്തില്‍ നിന്നും അതെ പടി പകര്‍ത്തി എഴുതിയതില്‍ അഭിമാനിക്കാം തിരക്കഥയ്ക്ക്. സന്തോഷ്‌ ഏച്ചിക്കാനത്തിനും ഗീതു മോഹന്‍ദാസിനും രാജേഷ് രവിയ്ക്കും ആദ്യ കയ്യടി. പപ്പുവിന്‍റെ ക്യാമറ സിനിമയുടെ കണ്ണ് തന്നെയാണ്. സ്റ്റീവിന്‍റെയും സംവിധായകന്‍റെയും കണ്ണാവുന്നുണ്ട് പപ്പുവിന്‍റെ ദൃശ്യങ്ങള്‍. ചിറകുകള്‍ ഞാന്‍ നീ ദൂരമായി ചുവരുകള്‍ ഞാന്‍ നീ ചിത്രമായ്‌ എന്ന് അവാസാനം സിനിമ പാടുമ്പോള്‍ ഷഹബാസിന്‍റെയും അന്‍വര്‍ അലിയുടെയും സാന്നിധ്യം ഒഴിച്ചുകൂടാന്‍ പറ്റാത്തതാകുന്നു. ആയിരക്കണക്കിന് ഫ്രെയിമുകളെ രാജീവ്‌ രവിയ്ക്ക് വേണ്ടി അത്രയ്ക്കും സ്വാഭാവികതയോടെ ഒട്ടിച്ചൊരുക്കുമ്പോള്‍ എഡിറ്റര്‍ അജിത്‌ കുമാറും സാനിധ്യം കൊണ്ട് നിറഞ്ഞു നില്‍ക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

‘കൂതറ’യും കോട്ടുവായിടുന്ന കൂതറകളും
എവിടെ മജീദിന്‍റെ (ബഷീറിന്‍റെയും) പൂന്തോട്ടങ്ങള്‍?
ന്യൂ ജനറേഷന്‍കാര്‍ ആളെ പറ്റിക്കരുത് – ജീത്തു ജോസഫ്
തിര എന്ന മെക്‌സിക്കന്‍ അനുഭവം
ഫാണ്ട്രി പറയുന്ന പന്നി ജീവിതങ്ങള്‍

ഡി.വൈ എസ്.പി ജോർജ്ജായ അലൻസിയർ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനിൽ നെടുമങ്ങാട് എന്നിവര്‍ സിനിമയുടെ മജ്ജയും മാംസവും ആവുന്നുണ്ട്‌. ഒട്ടും തന്നെ അഭിനയിക്കാതെ സ്റ്റീവായി നടക്കുകയും ഇരിക്കുകയും ചെയ്യുന്ന ഫര്‍ഹാനും മോശമല്ല.

സിനിമ ഒരു കൂട്ടായ്മയുടെയും സാങ്കേതിക വിദ്യയുടെയും കലയാണ്‌.  അത് സര്‍ഗാത്മകവും രാഷ്ട്രീയവുമായ ഒരു ചെറുത്തു നില്‍പ്പ് കൂടിയാണ്.  ‘Art should comfort the disturbed and disturb the comfortable’ എന്ന പ്രസിദ്ധ വരികള്‍ ഓര്‍ക്കുന്നു. സ്റ്റീവ് ലോപ്പസ് കപടസുരക്ഷിതത്വത്തിലും സുഖലോലുപതയിലും കിടന്നുറങ്ങുന്നവരോടുള്ള ഓര്‍മ്മപ്പെടുത്തലാണ്. ഇതാ നിങ്ങളുടെ അടുത്തിടങ്ങളില്‍ തന്നെ അപകടങ്ങള്‍ പതിഞ്ഞിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ !

അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച അമല്‍ ലാലിന്‍റെ ലേഖനങ്ങള്‍

രണ്ടര മണിക്കൂര്‍ നീണ്ട ‘കൂതറ’ കോട്ടുവാ
അതിര്‍ത്തികളില്ലാത്ത ഫില്‍മിസ്ഥാന്‍
ബാംഗ്ളൂര്‍ ഡെയ്സിനോട് സ്നേഹം!
ആഴങ്ങളിലെ തങ്കമീനുകള്‍ – നിലപാടുറപ്പുകളുടെ സിനിമ
മഴക്കാടുകള്‍ കടന്ന് ഉന്മാദങ്ങളുടെ തീരത്തേക്ക്- അമല്‍ ലാല്‍ എഴുതുന്ന ബൈക്ക് യാത്രാനുഭവം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍