UPDATES

സിനിമ

നഗരം, മാഫിയ, ഗാംഗ് വാര്‍, പോലീസ്…. പിന്നെ കുറച്ച് അസ്തിത്വവാദവും- സ്റ്റീവ് ലോപ്പസ് വിമര്‍ശിക്കപ്പെടുന്നു

Avatar

എന്‍. രവി ശങ്കര്‍

“നിഷ്കളങ്കതയുടെ നഷ്ടബോധമാണ് കലാപത്തിന്റെ കാതൽ” എന്നൊരു മുഖവുരയോടെയാണ്‌ `ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രം ആരംഭിക്കുന്നത്. ഇത് നിരൂപകന്മാർ പലരും ഉദ്ധരിക്കുന്നുണ്ട്. ചിത്രം എന്തായാലും ശരി, ഇത് ഒരു ചൂണ്ടുപലകയായി വര്‍ത്തിക്കുന്നു. 

രണ്ടു രീതിയിലാണ് കാണികൾ ഈ ചിത്രത്തെ സമീപിച്ചിട്ടുള്ളത്. ഒന്ന്, സിനിമ പരമ ബോറൻ എന്ന മട്ടിൽ കൂക്കുവിളികളോടെ. രണ്ട്, ഇതൊരു മഹത്തായ സിനിമയാണെന്ന മട്ടിൽ കൂക്കുവിളിക്കാരെ പുച്ഛത്തോടെ കണ്ടുകൊണ്ട്‌. രണ്ടാമത്തെ വിഭാഗം ആവേശഭരിതരായി ചിത്രത്തെ വ്യാഖ്യാനം ചെയ്യാനും വ്യവഛേദിക്കാനും മുതിരുന്നു. ഇത് മൂത്ത് മൂത്ത് ലോപ്പസ്സിന്റെ മനോവിശ്ലേഷണം വരെ നടത്തുന്നുണ്ട് ചിലര്‍.

“Every act of rebellion expresses nostalgia for innocence and an appeal to the essence of being.” എന്ന അല്‍ബേര്‍ കമ്യുവിന്റെ The Rebel: An Essay on Man in Revolt എന്ന പുസ്തകത്തിലെ വാചകമാണ് ഈ ഉദ്ദരണിയുടെ അടിസ്ഥാനം എന്ന് തോന്നുന്നു. (അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ പേര് നല്‍കാത്തത് തെറ്റാണ്.) പക്ഷെ ഈ വാചകം ഉടനെ തന്നെ നമ്മെ ഘടിപ്പിക്കുന്നത് കുറച്ചു കാലം ഇവിടെ ജനപ്രിയമായിരുന്ന അസ്തിത്വവാദ ചിന്തയിലേക്കാണ്‌. ഫ്രഞ്ചില്‍ കാമ്യുവും കേരളത്തില്‍ മുകുന്ദനുമായിരുന്നു ഇതിന്റെ പ്രയോക്താക്കള്‍. ഉത്തരാധുനികത വന്നതോടെയാണ് ഈ ചിന്താഗതി നിലം പരിശായത്. ഇപ്പോള്‍ മലയാളത്തില്‍ എഴുതുന്ന ആരും ഇതിനെ താങ്ങിപ്പിടിക്കുന്നില്ല. അപ്പോഴാണ്‌ ഈ ഉദ്ധരണിയും കൊണ്ട് രാജീവ്‌ രവി അവതരിക്കുന്നത്. സത്യത്തില്‍ ഈ താക്കോല്‍ വാചകം എന്തുകൊണ്ട് ഈ സിനിമ ഇങ്ങനെ ഇരിക്കുന്നു എന്നതിന്റെ അടയാളമാണ്.  ഇത് പഴയ ഒരു ഭാഷ സംസാരിക്കുന്ന സിനിമയാണ് എന്ന് തോന്നിയതില്‍ അത്ഭുതമില്ല. ഈ വാചകം ഇങ്ങനെ ചേര്‍ത്തത് സിനിമയ്ക്കൊരു ബുദ്ധിജീവി നാട്യം ഇരിക്കട്ടെ എന്ന ലാക്കോടു കൂടി തന്നെയാണ്. അതിന്റെ അര്‍ഥം അറിഞ്ഞു കൊണ്ടല്ല. മാത്രമല്ല, ചിത്രം ഇത്രയ്ക്ക് ഇഴയാന്‍ ഒരു കാരണം 70-80 കളില്‍ ഇവിടെ പ്രചരിച്ചിരുന്ന ആര്‍ട്ട്‌ പടങ്ങളുടെ പ്രമേയവും ഈ അസ്തിത്വ വ്യഥയെ ഇതേ തോതിലുള്ള ഇഴച്ചലിലൂടെ പ്രതിനിധീകരിച്ചിരുന്നു എന്നത് കൊണ്ടാണ്.

ചിത്രത്തില്‍ യാതൊരു കലാപവും നടക്കുന്നില്ല. നിഷ്കളങ്കത എന്നതിന് ഒരു വിശദീകരണവുമല്ല ചിത്രം. അന്‍വര്‍ അലി രചിച്ച ഗാനം ഒന്ന് തിരിച്ചിട്ടാല്‍, അവനാണ് തെരുവ്, മറ്റുള്ളവര്‍ വേഗവും. അവന്‍ ഒരിടത്ത് നില്‍ക്കുന്നു. മറ്റുള്ളവര്‍ അവനു മേലെ പാഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവര്‍ പെട്ടെന്ന് മനസ്സിലാക്കുന്നത് അവന്‍ മെല്ലെ പോലും മനസ്സിലാക്കുന്നില്ല. ഇവിടെയാണ്‌ നിഷ്കളങ്കത എന്നത് എങ്ങനെയാണ് ചിത്രീകരിക്കപ്പെടുന്നത് എന്നു കാണേണ്ടത്.

കാണികളില്‍ പലരും ലോപ്പസ് ഒരു retarded (മന്ദബുദ്ധിയായ) വ്യക്തിയാണ് എന്നാണ് മനസ്സിലാക്കിയത്‌. ഗൌരവപൂര്‍വ്വം സിനിമ കാണുന്ന കാണികള്‍ മാത്രമല്ല, സാദാ കാണികളും അങ്ങനെ തന്നെ. ഇത് സംഭവിക്കുന്നതിന് കാരണം നിഷ്കളങ്കത നമുക്ക് പിടി തരാത്ത ഒരു തലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു  എന്നത് കൊണ്ടാണ്. അതുകൊണ്ടാണ്  നിഷ്കളങ്കരുടെ സ്വഭാവം നമുക്ക് മന്ദത്തരം ആയി തോന്നി പോകുന്നത്. ഒരു ഉദാഹരണം പറഞ്ഞാല്‍ കൊടിയേറ്റം എന്ന സിനിമയില്‍ ഗോപി അവതരിപ്പിച്ച ശങ്കരന്‍കുട്ടി എന്ന കഥാപാത്രത്തെ എടുക്കാം. ഇയാളും നിഷ്ക്കളങ്കനായ ഒരാളാണ്. വയസ്സ് മുപ്പതു താണ്ടിയിട്ടും കുട്ടികളോടൊപ്പം കളിച്ചു നടക്കുന്ന ഒരാള്‍, മറ്റുള്ളവരുടെ കുറ്റങ്ങള്‍ക്ക് ശിക്ഷയേല്‍ക്കുന്ന ഒരാള്‍, സ്വന്തം ഭാര്യയുടെ ഗര്‍ഭം മറ്റൊരാളുടെ ആണെന്ന് അറിയാത്ത ആള്‍. ഇവിടെ നിഷ്കളങ്കത മന്ദത്തരം ആയാണ് മനസ്സിലാക്കപ്പെടുന്നത്‌. ജീവിതത്തിലേക്കും വേഗത്തിലേക്കും കടക്കുന്നതോടെയാണ് അയാള്‍ അംഗീകരിക്കപ്പെടുന്നത്. നിഷ്കളങ്കത പൊതുവേ സിനിമയില്‍ ഇങ്ങനെ തോന്നിപ്പിക്കപ്പെടുന്നത് അതിനെ കുറിച്ചുള്ള ധാരണ ഇല്ലായ്മയില്‍ നിന്നാണ്. അതായത്, retarded ആയല്ലാതെ ഒരു നിഷ്കളങ്കനെ അവതരിപ്പിക്കാനുള്ള കഴിവില്ലായ്മ.

ലോപ്പസ്സിലും അത് തന്നെ സംഭവിക്കുന്നു. കൊടിയേറ്റത്തിലെ നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറം അല്ല ലോപ്പസ്സിന്റെ പരിസരം. തിരോന്തരമാണ്. ലോപ്പസ് ഒരു DySP യുടെ മകനാണ്. എഞ്ചിനീയര്‍ വിദ്യാര്‍ഥിയാണ്.  കൂട്ടുകാരിയുണ്ട്, പ്രണയമുണ്ട്, പ്രണയ ഗാനമുണ്ട്. എന്നിട്ടും ഒരു അധോലോക സംഘട്ടനത്തില്‍ ചെന്ന് പെടുന്നതോടെ അയാള്‍ക്ക്‌ അത് കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല. പക്ഷെ, ഇയാള്‍ പല കാര്യങ്ങളിലും അങ്ങനെയാണ് എന്ന വിവക്ഷ വരുന്നതോടെയാണ് മന്ദബുദ്ധി എന്ന ആരോപണം  വരുന്നത്. പ്രണയത്തിലും അയാള്‍ അങ്ങനെ തന്നെ. I love you എന്ന് പറഞ്ഞു ഒപ്പിക്കാന്‍ അയാള്‍ പെടുന്ന പാട്. വളരെ കോമിക്കലും  കൂടിയാണ് അത്. Opening sequence  തന്നെ ഇതിനായി ഏറെ നേരം ചിലവഴിക്കുന്നുണ്ട്. പിന്നെ, അടുത്ത വീട്ടിലെ സ്ത്രീ കുളിക്കുന്നത് ഒളിഞ്ഞു കാണുന്നത്. അച്ഛനോടുള്ള ഭയം. ചിത്രം ഗാങ് വാറിലേക്ക് മാറുന്നതിനു മുമ്പ് തന്നെ ആള്‍ ഒരു മന്ദന്‍ ആണെന്ന് കാണികള്‍ ഉറപ്പിച്ചുകളയും. തുടര്‍ന്ന് അയാളുടെ പെരുമാറ്റം മുഴുവന്‍ ഈ രീതിയിലാണ്. അയാള്‍ ഹരി എന്ന ഗുണ്ടയെ പിന്തുടരുന്നത് തന്റെ ചെകിട്ടത്തടിച്ച അയാള്‍ക്ക്‌ പണി കൊടുക്കാന്‍ വേണ്ടിയാണ്. അല്ലാതെ മാഫിയയെ കുറിച്ച് ഗവേഷണം നടത്താനല്ല. സ്വാഭാവികമായും മന്ദന്‍ അപകടത്തില്‍ ചെന്ന് ചാടുന്നു. പിന്നീട് ഹരിയെ കാണാതാകുമ്പോള്‍ അയാള്‍ വേവലാതിപ്പെടുന്നത് മാനുഷികമായ ഒരു ഉല്‍ക്കണ്ഠ ആയല്ല, മന്ദത്തരം ആയാണ് അനുഭവപ്പെടുന്നത്. അച്ഛന്റെ കീഴുദ്യോഗസ്ഥന്റെ കോളറിനു പിടിച്ച് പറയെടാ എന്ന് ആക്രോശിക്കുമ്പോള്‍ മന്ദത്തരം കുട്ടിക്കളിയായി മാറുന്നു. ഹരിയുടെ ശത്രു പാളയത്തില്‍ പെട്ട പ്രതാപന്റെ അടുത്ത് ചെന്ന് ഹരിയുടെ വിവരം അന്വേഷിക്കല്‍ അതിനേക്കാള്‍ കോമഡിയാണ്. ഒടുവില്‍, ഹരിയുടെ ഭാര്യയെ അയാളുടെ മൊബൈലും മറ്റും ഏല്‍പ്പിക്കാന്‍ (രണ്ടാം പ്രാവശ്യം) പോകുമ്പോള്‍ ഇത് മൂര്‍ധന്യാവസ്ഥയില്‍ എത്തുന്നു. വളരെ ദുര്‍ബലമായ ഡയലോഗുകള്‍ ആണ് അവിടെ തട്ടി വിടുന്നത്. ഇത്തരം ചെയ്തികളുടെ ഫലമായി അയാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. കാണികളുടെ സഹതാപം അയാള്‍ക്ക്‌ ലഭിക്കുന്നില്ല. ഈ വ്യക്തി ഈ ലോകത്തൊന്നും അല്ലെ ജീവിക്കുന്നത് എന്ന സംശയം സ്വാഭാവികമാണ്.

ഇതിനു മറ്റൊരു കാരണവും കൂടിയുണ്ട്. അത് നടന്റെ പ്രശ്നമാണ്. ഫര്‍ഹാന്‍ ഫാസിലിന്റെ മുഖത്ത് ആദ്യം മുതല്‍ അവസാനം വരെ ഒരൊറ്റ ഭാവമേ ഉള്ളു. അത് മന്ദതയാണ്. ഒന്നുകില്‍ നടന്റെ പ്രശ്നമാണ് അല്ലെങ്കില്‍ സംവിധായകന്‍ അയാളെ ഉപയോഗിച്ചതിന്റെ കുഴപ്പമാണ്. അതും അല്ലെങ്കില്‍, സംവിധായകന് 70 കളിലെ മുന്‍പറഞ്ഞ രോഗം പിടി പെട്ടിരിക്കണം. അരവിന്ദന്റെ ‘ഉത്തരായനം’ എന്ന ചിത്രത്തിലെ ഡോക്ടര്‍ മോഹന്‍ദാസിന്റെ നിര്‍വികാര മുഖമാണ് ഓര്‍മയില്‍ വരുന്നത്. അതൊരു stylised അഭിനയമായി അക്കാലത്തു അംഗീകരിക്കപ്പെട്ടിരുന്നു.

സ്ത്രീകളാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രശ്നം. ഇത് പൂര്‍ണമായും ആണുങ്ങളുടെ ലോകമാണ്. ഒരു പെണ്ണിനും ഒരു പങ്കും വഹിക്കാനില്ല. കാമുകിയാവട്ടെ, അമ്മയാവട്ടെ, ഗുണ്ടയുടെ ഭാര്യയാവട്ടെ അവര്‍ വേറൊരു ലോകത്താണ് ജീവിക്കുന്നത്. അപ്പോള്‍ പിന്നെ നായകന്‍റെ ചിന്താക്കുഴപ്പത്തിന്, `ആര് ഞാന്‍, ആര് നീ” തുടങ്ങിയ ചോദ്യങ്ങള്‍ക്ക് എന്തര്‍ത്ഥം? ഇവരോടെല്ലാം നായകന്‍ ഒരേ ജഡഭാവത്തോടെയാണ് പ്രതികരിക്കുന്നത്.

മനോവിശ്ലേഷണം നടത്തുന്ന സുഹൃത്തുക്കളാവട്ടെ ലോപ്പസ്സിനെ ഒരു കോച്ചില്‍ കിടത്തി അപഗ്രഥിക്കുകയാണ്. ഒരു കണ്ടുപിടിത്തം സിനിമ മൊത്തം ലോപസ്സിന്റെ ഭ്രമഭാവനയാണെന്നാണ്‌. ലോപസ്സിനകത്തു ഒളിഞ്ഞു കിടക്കുന്ന അക്രമവാസന ഈ കഥയുടെ രൂപത്തില്‍ പുറത്തു വരികയാണെന്നാണ്. പീരങ്കി കൊണ്ട് കൊതുകിനെ കൊല്ലുന്ന  പരിപാടി ആണിത്. ഒരു കച്ചവട സിനിമയെ ഇത്രയധികം സൂക്ഷ്മമായി കാണേണ്ടതുണ്ടോ? നഗരം, മാഫിയ, ഗാംഗ് വാര്‍, പോലീസ് തുടങ്ങിയ പതിവ് കെട്ടുകാഴ്ച്ചകളെ ഇതിലുമുള്ളൂ. അതിനിടയില്‍ അല്‍പ്പം അസ്തിത്വ വാദം കലര്‍ത്താന്‍ ശ്രമിച്ചെന്നെ ഉള്ളൂ. നിഷ്കളങ്കതയെ കുറിച്ചുള്ള ഉദ്ധരണിയും മറ്റും അതിന്റെ ഭാഗം മാത്രം.

ലോകത്ത് ഏറ്റവും നിഷ്ക്കളങ്കനായ ഒരു വ്യക്തിയെ അവതരിപ്പിച്ചത് ദോസ്തോവ്സ്കിയാണ്. മിഷ്കിന്‍ എന്ന കഥാപാത്രം. അദ്ദേഹം പോലും തന്റെ നോവലിന് The Idiot എന്നാണു പേരിട്ടത്. അതിനേക്കാള്‍ മോശമായ തലത്തില്‍ കാണികള്‍ ഈ ചിത്രത്തിലെ നായകനെ അപ്രകാരം വിളിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. അതല്ല സംവിധായകന്‍ ഉദ്ദേശിച്ചതെങ്കിലും.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച സ്റ്റീവ് ലോപ്പസ് നിരൂപണങ്ങള്‍

സ്റ്റീവ് ലോപ്പസ് നിങ്ങളെ അസ്വസ്ഥരാക്കും, അത്ഭുതപ്പെടുത്തും
ഉറക്കെ കൂവുന്ന സ്റ്റീവ് ലോപ്പസിനെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍
ഞാന്‍ അത്രയൊന്നും ആവാത്ത സ്റ്റീവ് ലോപ്പസിനെക്കുറിച്ച്

നഗരം = മാഫിയ എന്ന ഒരു സമവാക്യം കച്ചവട സിനിമ ഇതിനകം വിജയകരമായി കൊണ്ടാടി വരുന്നുണ്ട്. രാജീവ്‌ രവിയുടെ ആദ്യ ചിത്രമായ അന്നയും റസൂലും എന്ന പ്രണയ ചിത്രത്തിലും ഇതിന്റെ ഘടകങ്ങള്‍ കാണാം. ഇപ്പോള്‍, കൊച്ചിയില്‍ നിന്നും തിരോന്തരത്തേക്ക് മാറിയിട്ടും, ഇവ പ്രധാന ഘടകങ്ങള്‍ ആയി മാറുന്നു. ഒരു വിജയിച്ച ഫോര്‍മുല നടപ്പാക്കുകയല്ലാതെ മറ്റൊന്നും ഇതില്‍ നിന്ന് കിട്ടുന്നുവെന്ന് തോന്നുന്നില്ല. നായകന് ഉണ്ടെന്നോ പിന്നീട് ഉണ്ടായതെന്നോ പറയപ്പെടുന്ന കുറ്റബോധത്തിനും  ചിന്താകുഴപ്പത്തിനും സംത്രാസത്തിനും (അതായിരുന്നു പണ്ടത്തെ ഒരു പദം) ഗാങ്ങുകളുടെ തമ്മിത്തല്ലല്‍ തന്നെ കാരണമാവേണ്ട ഒരു കാര്യവുമില്ല. ഏകനായ ഒരു വ്യക്തിക്ക് നേരിടാനായി എന്തെല്ലാം കാര്യങ്ങള്‍ ഓരോ നഗരവും സൂക്ഷിച്ച് വെച്ചിരിക്കുന്നു! വാസ്തവത്തില്‍, ഒരു വ്യക്തിയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത് ഗാങ്ങുകളല്ല, ഭരണകൂടം തന്നെയാണ്. പത്തു ഗാങ്ങുകള്‍ ചേര്‍ന്ന് നിന്നാലും ഒരു പോലീസ് വ്യവസ്ഥയുടെ ക്രിമിനല്‍ സ്വഭാവത്തിനെ മറി കടക്കാനാവുമോ? ഇതൊന്നും അറിയാത്ത പച്ചക്കുളന്ത ആണോ ഈ പാവം പാവം ലോപ്പസ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍