UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഇന്ദിര ഗാന്ധി ജയിലില്‍, സ്റ്റോക്‌ഹോം സിന്‍ഡ്രോം

Avatar

1973 ആഗസ്ത് 23
സ്‌റ്റോക്‌ഹോം സിന്‍ഡ്രോം

സ്വീഡന്‍ ജനത ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്നില്‍ അക്ഷമരായി നോക്കിനിന്ന ദിവസമാണ് 1973 ആഗസ്ത് 23. സ്‌റ്റോക്‌ഹോമിലെ നോര്‍മല്‍സ്‌റ്റോഗില്‍ നടന്ന ഒരു ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ടെലിവിഷനുകളിലൂടെ സ്വീഡിഷ് ജനത കണ്ടുനിന്നത്. ജയില്‍ മോചിതനായ കുറ്റവാളി ജാനി എന്ന ജാന്‍ എറിക് ഓള്‍സണ്‍ തന്റെ മൂന്നു സഹായികള്‍ക്കൊപ്പം നോര്‍മല്‍സ്‌റ്റോഗിലെ ക്രെഡിറ്റ്ബാങ്കന്‍ എന്ന ബാങ്ക് കൊള്ളയടിക്കാനെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ബാങ്ക് കെട്ടിടം വളഞ്ഞു. ഓള്‍സണും കൂട്ടരും പോലീസിനു നേരെ വെടിയുതിര്‍ത്തു. ഇതിനിടയില്‍ ബാങ്കിലുണ്ടായിരുന്ന നാലുപേരെ അക്രമികള്‍ ബന്ദികളാക്കി. ഈ നാടകീയ സംഭവങ്ങളെല്ലാം ടെലിവിഷനിലൂടെ പുറംലോകം കണ്ടുകൊണ്ടിരിക്കുകയായിരുന്നു.


ബന്ദികളെ മോചിപ്പിക്കാന്‍ ഓള്‍സണ്‍ ചില ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. തന്റെ സുഹൃത്ത് ക്ലാര്‍ക്ക് ഒലോഫ്‌സണെ ജയില്‍ മോചിതനാക്കുക, മൂന്നു മില്യണ്‍ സ്വീഡിഷ് ക്രോണര്‍ മോചനദ്രവ്യമായി നല്‍കുക, കൂടാതെ തങ്ങള്‍ക്ക് രക്ഷപ്പെടാനായി അതിവേഗതയുള്ള ഒരു കാറും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും ഹെല്‍മറ്റും തരിക. ഇതിനിടയില്‍ സ്വീഡിഷ് പ്രധാനമന്തി ഒലോഫ് പാമെയുമായി നേരിട്ട് ബന്ധപ്പെടാനും ഓള്‍സണ് സാധിച്ചു. ഓള്‍സണ്‍ന്റെ ആവശ്യങ്ങളെക്കാള്‍ പ്രധാനമന്ത്രിയെ ഞെട്ടിച്ചത് മറ്റൊരാളുടെ ആവശ്യമായിരുന്നു. ഓള്‍സണും കൂട്ടരും ബന്ദികളാക്കിയവരില്‍ ക്രിസ്റ്റണ്‍ എന്‍മാര്‍ക്ക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് എന്തായിരുന്നെന്നോ? ഓള്‍സണെയും കൂട്ടരെയും രക്ഷപ്പെടാന്‍ അനുവദിക്കണമെന്ന്.

ബന്ദി നാടകം അവസാനിച്ചപ്പോള്‍ ബന്ദികളുടെ ഏറ്റവും അടുത്തകൂട്ടുകാരനായി ഓള്‍സണ്‍ മാറിയിരുന്നു! രക്ഷപ്പെട്ടെത്തിയ നാലു ബന്ദികള്‍ പിന്നീട് പറഞ്ഞത് അക്രമികളെക്കാള്‍ തങ്ങളെ ഭയപ്പെടുത്തിയതും ബുദ്ധിമുട്ടിച്ചതും പോലീസ് ആയിരുന്നുവെന്നാണ്. അവര്‍ നാലുപേരും തന്നെ തങ്ങളെ തടവിലാക്കിയവരുടെ മേല്‍ അനുകമ്പയുള്ളവരായി മാറി.  

ബന്ദികളിലുണ്ടായ ഈ സ്വഭാവസവിശേഷത പിന്നീട് സ്റ്റോക്‌ഹോം സിന്‍ഡ്രോം എന്നപേരില്‍ മനഃശാസ്ത്ര ലക്ഷണമായി അറിയപ്പെടാന്‍ തുടങ്ങി. ക്രിമിനോളജിസ്റ്റ് നീല്‍സ് ബെജററ്റ് ആണ് ബന്ദികള്‍ക്ക് തങ്ങളെ ബന്ദികളാക്കിയവരോട് തോന്നുന്ന സഹാനുഭൂതിക്ക്സ്‌റ്റോക്‌ഹോം സിന്‍ഡ്രോം എന്ന പേര് നല്‍കിയത്.

1978 ആഗസ്ത് 23
ഇന്ദിരാ ഗാന്ധി ജയിലില്‍

ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയമുന്നേറ്റത്തിന് കാലിടറിയ നാളുകളായിരുന്നു 1970 കള്‍. അടിയന്തരാവസ്ഥയുടെ കളങ്കം അവരെ ജനങ്ങളില്‍ നിന്നകറ്റി. 1977 ല്‍ ഇന്ദിരയും പാര്‍ട്ടിയും ഭരണത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടു.  അവര്‍ക്കെതിരെ അഴിമതി ആരോപിക്കപ്പെട്ടു. 1978 ആഗസ്ത് 23 ന് ഇന്ദിര വഞ്ചനാ കുറ്റമാരോപിക്കപ്പെട്ട് ജയിലിലായി.


1977 ലെ തെരഞ്ഞെടുപ്പ് കാലത്ത് ചില വ്യവസായികള്‍ക്ക് പണം കൊടുക്കാതെ വഞ്ചിച്ച് അവരുടെ കാറുകള്‍ പ്രചാരണത്തിനായി ഉപയോഗിച്ചു എന്നതായിരുന്നു ഇന്ദിരയ്ക്കും മറ്റു അഞ്ചുപേര്‍ക്കെതിരെയും ഉയര്‍ന്ന ആരോപണം. എന്നാല്‍ ഉടന്‍ തന്നെ അവര്‍ ജാമ്യത്തില്‍ വെളിയില്‍ വരികയും ചെയ്തു. ഇന്ദിരയെ തകര്‍ക്കാനുള്ള ഈ അവസരം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ഭരണത്തിലുണ്ടായിരുന്ന ജനതാപാര്‍ട്ടിക്ക് സാധിച്ചില്ല. ഫലമോ, 1980 ല്‍ തകര്‍പ്പന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ഇന്ദിര വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍