UPDATES

രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ വീണ്ടും അയോധ്യയിലെത്തി

വിഎച്ച്പിയുടേത് ക്രമസമാധാന പാലനത്തിനും സമാധാനത്തിനുമുള്ള വെല്ലുവിളി
വര്‍ഗ്ഗീയ സംഘര്‍ശം ലക്ഷ്യമാക്കിയുള്ള നീക്കം

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ അയോധ്യയിലേക്ക് എത്തിത്തുടങ്ങി. തര്‍ക്കഭൂമി സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ക്ഷേത്ര നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പ് വിശ്വ ഹിന്ദു പരിഷത് ആരംഭിച്ചിരിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് വിഎച്ച്പി പറയുന്നത്. രണ്ട് ട്രക്കുകളിലായാണ് കല്ലുകള്‍ എത്തിയിരിക്കുന്നത്. വരുംദിവസങ്ങളിലായി നൂറോളം ട്രക്കുകളിലായി കല്ലുകളെത്തുമെന്നാണ് അറിയുന്നത്. അയോധ്യയിലെ കര്‍സേവക്പുരത്തെ വിഎച്പി ആസ്ഥാനത്താണ് കല്ലുകള്‍ ഇറക്കിയിരിക്കുന്നത്.

2015 ജൂണില്‍ വിഎച്ച്പിയുടെ ഉന്നതതല സമ്മേളനത്തില്‍ ദേശീയതലത്തില്‍ പര്യടനം നടത്തി ക്ഷേത്രനിര്‍മ്മാണത്തിനാവശ്യമായ കല്ലുകള്‍ ശേഖരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിന്‍ഗാള്‍ പങ്കെടുത്ത സമ്മേളനമായിരുന്നു അത്.

ഇന്നലെ എത്തിച്ചേര്‍ന്ന രണ്ട് ട്രക്ക് ലോഡ് കല്ലുകളും രാജസ്ഥാനിലെ ഭാരത്പുരില്‍ നിന്നാണ് എത്തിയതെന്ന് മുതിര്‍ന്ന വിഎച്ച്പി നേതാവ് ത്രിലോകി നാഥ് പാണ്ഡെ അറിയിച്ചു. ക്ഷേത്രത്തിന്റെ അന്തിമരൂപകല്‍പ്പനയ്ക്കായി നൂറിലേറെ ലോഡ് കല്ല് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015 ഡിസംബര്‍ 20നും രാമക്ഷേത്ര നിര്‍മ്മാണത്തിനായി രണ്ട് ലോഡ് കല്ലുകള്‍ അയോധ്യയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അന്നത്തെ സമാജ്‌വാദി സര്‍ക്കാര്‍ കൂടുതല്‍ കല്ല് ഇവിടെ എത്തിക്കുന്നത് നിരോധിച്ചതോടെ ആ നീക്കം പരാജയപ്പെട്ടു. വിഎച്ച്പിയ്ക്ക് കൊമേഴ്‌സ്യല്‍ ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫോം 39 നിഷേധിച്ചാണ് കല്ലിന്റെ ഇറക്കുമതി തടഞ്ഞത്. എന്നാല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ആ തടസ്സം നീക്കുകയായിരുന്നു.

ഒരുവര്‍ഷത്തോളം തടഞ്ഞുവച്ച ഫോം 39 കഴിഞ്ഞ മാസം തങ്ങള്‍ സമീപിച്ച ഉടന്‍ തനനെ കൊമേഴ്‌സ്യല്‍ ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥന്‍ അനുവദിച്ചതായി പാണ്ഡെ പറയുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ ബിജെപി സര്‍ക്കാരാണെന്നും അതിനാല്‍ ക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സങ്ങളൊന്നുമില്ലെന്നുമാണ് പാണ്ഡെയുടെ വിശദീകരണം.

കല്ലുകള്‍ എത്തിച്ചതോടെ കാവി ശക്തികളുടെ രാമക്ഷേത്ര നിര്‍മ്മാണത്തിലെ കടുത്ത നിലപാടാണ് വോട്ടര്‍മാരോട് വ്യക്തമാക്കിയിരിക്കുന്നതെന്ന് തര്‍ക്കഭൂമി സംബന്ധിച്ച കേസില്‍ ബാബറി മസ്ജിദിന്റെ ഭാഗത്തെ ഒരു കക്ഷിയായ ഖാലിഖ് അഹമ്മദ് ഖാന്‍ അറിയിച്ചു. അതേസമയം കേസ് സുപ്രിംകോടതിയില്‍ നില്‍ക്കുന്നതിനാല്‍ തന്നെ കല്ലുകള്‍ എത്തിക്കുന്നതോ അതുപോലുള്ള വിഎച്ച്പിയുടെ മറ്റെന്തെങ്കിലും നീക്കങ്ങളോ തങ്ങളെ പ്രകോപിതരാക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് ഇന്ത്യയുടെ ഭരണഘടനയിലും സുപ്രിംകോടതിയിലും വിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അയോധ്യവിഷയം കോടതിയുടെ പരിഗണനിയിലാണെന്നതിനാല്‍ വിഎച്ച്പിയുടെ ഈ നീക്കം നിയമവിരുദ്ധവും ദേശദ്രോഹപരവുമാണെന്ന് ലക്‌നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ രൂപ് രേഖ വര്‍മ്മ പറഞ്ഞു. ഇത് വര്‍ഗ്ഗീയ സംഘര്‍ഷത്തിനും പ്രദേശത്തെ സമാധാനത്തെയും ക്രമസമാധാന പാലനത്തെയും നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ രാമക്ഷേത്രത്തിന്റെ പേരില്‍ അയോധ്യയിലേക്ക് കല്ലുകള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കണമെന്നും അത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍