UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത ഷോപ്പിംഗ് പണം മാത്രമല്ല ഭക്ഷണവും വേസ്റ്റാക്കും

Avatar

എറിക് ഹോല്‍തൗസ്‌
(സ്ലേറ്റ്)

നിങ്ങള്‍ എന്നെപ്പോലെയാണെങ്കില്‍ ഓരോ തവണ കടയിലേയ്ക്ക് സഞ്ചിയുമായി എത്താന്‍ മറക്കുമ്പോഴും നിങ്ങള്‍ക്ക് കുറ്റബോധം തോന്നും. എന്നാല്‍ അപൂര്‍വമായി നമ്മള്‍ പ്രത്യേകസഞ്ചി കൊണ്ടുവരാനും കടയിലെ പ്ലാസ്റ്റിക് സഞ്ചി ഒഴിവാക്കാനും ഒക്കെ ഓര്‍ക്കും.

ഇതൊക്കെയാണെങ്കിലും എന്താണ് നമ്മള്‍ വാങ്ങി സഞ്ചിയില്‍ നിറയ്ക്കുന്നത് എന്നാരും ചിന്തിക്കാറില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നമ്മള്‍ അനാവശ്യമായി എത്രയധികം ഭക്ഷണവും പണവും പാഴാക്കുന്നു. ഇതിന്റെ കാരണമോ? നമ്മള്‍ കൂടുതല്‍ തവണ ഷോപ്പിംഗ് നടത്താത്തതാണ്. ഇതെങ്ങനെയെന്നു അത്ഭുതം തോന്നുന്നുണ്ടോ?

ഭക്ഷണം പാഴാക്കല്‍ ഒരു വലിയ പ്രശ്‌നമാണെങ്കിലും അത് വാര്‍ത്തയാകാറില്ല. നാം പൊതുവേ നമ്മള്‍ പാഴാക്കുന്ന ഭക്ഷണത്തെപ്പറ്റി ചിന്തിക്കാറില്ല. ഡേറ്റ് കഴിഞ്ഞ ഭക്ഷണം കളയുന്നത് അസുഖം വരാതിരിക്കാനാണ് എന്ന രീതിയില്‍ മാത്രമേ നാം കാണാറുള്ളൂ. പണം സൂക്ഷിക്കുക എന്നത് നമുക്കെല്ലാം പ്രധാനമാണ് താനും. അങ്ങനെയാണ് പണം ലാഭിക്കുന്നു എന്നതിന്റെ പേരില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് കൂടുതല്‍ അളവില്‍ സാധനങ്ങള്‍ വാങ്ങി നമ്മള്‍ ഷെല്‍ഫുകളില്‍ നിറയ്ക്കുന്നത്.

കൂടുതല്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ പണം ലാഭിക്കുകയാണ് ചെയ്യുന്നത് എന്ന ധാരണയാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ ജനിപ്പിക്കുന്നത്. ഇതേ ധാരണയാണ് ആളുകള്‍ ഇങ്ങനെ പെരുമാറുന്നതിന് കാരണമാകുന്നതും. എന്നാല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തരത്തില്‍ വില കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ കൂടുതല്‍ അളവില്‍ ആളുകള്‍ വാങ്ങുന്നത് ഭക്ഷണം കൂടുതല്‍ അളവില്‍ പാഴാകുന്നതിനു കാരണമാകുന്നുവെന്നാണ്. കൂടുതല്‍ അളവില്‍ വാങ്ങി നാം ലാഭിച്ച പണത്തെക്കാള്‍ കൂടുതല്‍ ഭക്ഷണം നമ്മള്‍ പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്.

‘അടുക്കളയില്‍ നിന്ന് എറിഞ്ഞുകളയുന്ന ഭക്ഷണത്തിന്റെ മൂല്യം ആളുകള്‍ കണക്കില്‍ ഉള്‍പ്പെടുത്താറില്ല’, അരിസോണ സര്‍വകലാശാലയിലെ വിക്‌റ്റോറിയ ലിഗോന്‍ പറയുന്നു. ‘നിങ്ങള്‍ ഒരു നേരത്തെ ഭക്ഷണം എറിഞ്ഞുകളയുമ്പോള്‍ ആ നേരം നിങ്ങള്‍ പുറത്തുനിന്ന് ഭക്ഷണം കഴിച്ചതാവും കാരണം. ഹോട്ടല്‍ ഭക്ഷണത്തിന്റെ കൂടുതല്‍ വിലയെപ്പറ്റിയാണ് നിങ്ങള്‍ ചിന്തിക്കുന്നത്. എറിഞ്ഞുകളയുന്ന ഭക്ഷണത്തിന്റെ മൂല്യം നിങ്ങള്‍ കണക്കില്‍ കൂട്ടുന്നില്ല.’

ലിഗോനിന്റെ പഠനം പല വീടുകളുടെ ഷോപ്പിംഗ് രീതിയും അവരുടെ ഭക്ഷണ ഉപയോഗത്തിന്റെ സൂക്ഷ്മനിരീക്ഷണവുമാണ്. ആളുകള്‍ അവരുടെ പലചരക്ക് ഷോപ്പിങ്ങില്‍ നടത്തുന്ന അതിബുദ്ധിയിലേയ്ക്ക് പഠനം വിരല്‍ചൂണ്ടുന്നു. ഓരോ ഷോപ്പിങ്ങിലും ആഴ്ചകളോളം ഭക്ഷണം തയ്യാറാക്കാനുള്ള സാമഗ്രികള്‍ വാങ്ങുന്നു. നമ്മുടെ തലച്ചോറും വിശപ്പുമാകട്ടെ അടുത്ത നേരത്തെ ഭക്ഷണത്തെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്. നമ്മുടെ ജീവിതങ്ങള്‍ തിരക്കിലാകുമ്പോള്‍ നിനച്ചിരിക്കാതെ സുഹൃത്തുക്കളെ കാണാന്‍ പോകും, പുറത്തുനിന്ന് ഭക്ഷണം കഴിക്കും. ഫ്രിഡ്ജിന്റെ അടിയില്‍ ഒരു മൂലയില്‍ ചീഞ്ഞുപോകുന്ന വെള്ളരിയെ നമ്മുടെ അനാവശ്യച്ചെലവിന്റെ കണക്കില്‍ പെടുത്തില്ല. ഭക്ഷണം പാകം ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം, ദിവസങ്ങള്‍ മുന്നില്‍ കണ്ടു ഭക്ഷണം എന്താണെന്ന് പ്ലാന്‍ ചെയ്യല്‍ നടക്കുന്ന കാര്യമല്ലെന്ന്.

അമേരിക്കയിലെ ഭക്ഷണത്തിന്റെ നാല്‍പ്പത് ശതമാനവും ദിവസേന എറിഞ്ഞുകളയുകയാണ്. ഇതില്‍ പാല്‍, ബ്രെഡ്, ഇറച്ചി, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനം. ‘ഞാന്‍ എന്റെ പഠനത്തിനായി സംസാരിച്ചതിലേ ഓരോ ആളും ഭക്ഷണം കളയുക എന്നതിനെപ്പറ്റി അസ്വസ്ഥരായി.’ ലിഗോന്‍ പറയുന്നു. ‘ഭക്ഷണം പാഴാക്കരുത് എന്നത് നമ്മള്‍ സാംസ്‌കാരികമായി തന്നെ പഠിക്കുന്ന ഒരു കാര്യമാണ്.’ എന്നാല്‍ ഇതില്‍ നമുക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ല. ഇത് ഒരു വ്യക്തിയുടെ പ്രശ്‌നമല്ല, ഒരു ഘടനയുടെ പ്രശ്‌നമാണ്.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ഇത് നന്നായറിയാം. അവരുടെ ബിസിനസ് തന്ത്രം തന്നെ ആവശ്യമുള്ളതില്‍ കൂടുതല്‍ നമ്മെക്കൊണ്ട് വാങ്ങിപ്പിക്കുക എന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു ഗ്രീന്‍ പുഷിലൂടെയാണ് വാള്‍മാര്‍ട്ട് അമേരിക്കയിലെ ഏറ്റവും വലിയ ഗ്രോസറി ചെയിനായി മാറിയത്. ഓര്‍ഗാനിക്ക് ഗ്രോസറി സാമാനങ്ങളുടെ ഭീമന്‍ പാക്കറ്റുകള്‍ കൊണ്ട് ഷോപ്പിംഗ് കാര്‍ട്ടുകള്‍ നിറച്ച കോസ്റ്റ്‌കൊയും പിന്നാലെയുണ്ട്. ഇവരും ഓര്‍ഗാനിക് ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന രീതി കൈവരിച്ചിരിക്കുന്നു. ഓര്‍ഗാനിക്‌ ഭക്ഷണം ഇപ്പോള്‍ വലിയ ബിസിനസാണ്. കടകളില്‍ ഓര്‍ഗാനിക്‌ ഭക്ഷണത്തിന് കൂടുതല്‍ വിലയുമാണ്.

ഇത് നമ്മെ വീണ്ടും ഭക്ഷണം പാഴാക്കലിലേയ്ക്ക് തിരികെ കൊണ്ടുവരും. അമേരിക്കയുടെ വാര്‍ഷിക ഭക്ഷണ വേസ്റ്റ് ഏകദേശം 162 ബില്യന്‍ ഡോളര്‍ വരും. അതായത് ഓരോ കുടുംബവും ശരാശരി 1300-നും 2300-നുമിടയില്‍ ഡോളറുകള്‍ ഓരോ വര്‍ഷവും ഭക്ഷണം പാഴാക്കാന്‍ ഉപയോഗിക്കുന്നു. വിശന്നുപോകുന്ന ഒരുപാട് ആളുകളുടെ വിശപ്പകറ്റാന്‍ ഈ പണം മതി.

എന്നാല്‍ ഈ പണത്തിന്റെ കണക്കില്‍ പ്രശ്‌നങ്ങള്‍ തീരുന്നില്ല. ഭക്ഷണം പാഴാക്കുക എന്നാല്‍ പണം പാഴാക്കല്‍ മാത്രമല്ല. മുപ്പത്തഞ്ചുശതമാനം വെള്ളവും മുന്നൂറുമില്യന്‍ ഗാലന്‍ എണ്ണയുമാണ് ഇതിന്റെ കൂടെ പാഴാകുന്നത്. ഭക്ഷണം പാഴാക്കല്‍ എന്ന ചെറിയ സംഗതി സത്യത്തില്‍ വരള്‍ച്ചയുടെയും കാലാവസ്ഥാമാറ്റത്തിന്റെയും കാരണങ്ങളില്‍ പോലും ഉള്‍പ്പെടും എന്ന് ചുരുക്കം. പേപ്പറും പൂന്തോട്ടവേസ്റ്റും കഴിഞ്ഞാല്‍ അമേരിക്കയുടെ മാലിന്യനിക്ഷേപ ഇടങ്ങളില്‍ ഏറ്റവുമധികം എത്തുന്നത് ഭക്ഷണമാണ്. രാജ്യത്തിന്റെ മീതേന്‍ പുറംതള്ളലിന്റെ 20 ശതമാനം പാഴായ ഭക്ഷണത്തില്‍ നിന്നാണ് വരുന്നത്. 

ഇതിന് ഒരു പരിഹാരമുണ്ടെന്നാണ് ലിഗോന്‍ കരുതുന്നത്. കൂടുതല്‍ തവണ ഷോപ്പിംഗ് നടത്തുക. ‘എത്ര വിശപ്പുണ്ട്, എത്ര കഴിക്കും, എന്താണ് കഴിക്കാന്‍ തോന്നുന്നത് എന്നൊക്കെ നോക്കി ഷോപ്പിംഗ് നടത്തുന്നതാണ് അഭികാമ്യം’, ലിഗോന്‍ പറയുന്നു. ‘നിങ്ങള്‍ കൂടുതല്‍ തവണ ഷോപ്പിംഗ് നടത്തിയാല്‍ കുറഞ്ഞ കാലാവധി കൊണ്ട് ഉപയോഗിച്ച് തീര്‍ക്കാവുന്ന അളവില്‍ ഭക്ഷണം നിങ്ങള്‍ക്ക് വാങ്ങാം’.

ലിഗോനിന്റെ ഗവേഷണത്തില്‍ കാണുന്ന മറ്റൊരു സംഗതി ആളുകള്‍ സ്ഥിരമായി മൂന്നു മുതല്‍ ഏഴുവരെ കടകളില്‍ നിന്നു ഷോപ്പിംഗ് നടത്തുന്നുവെന്നാണ്. ഇത്രയധികം സാധ്യതകള്‍ ഉള്ളപ്പോള്‍ ഓരോ ഇടത്തുനിന്നും നിങ്ങള്‍ കൂടുതല്‍ വാങ്ങുക സ്വാഭാവികമാണ്. നാമെല്ലാം ഇത് ചെയ്തിട്ടുണ്ട്, അര കിലോ ഓറഞ്ചുവാങ്ങാന്‍ കടയില്‍ പോവുക, കൈ നിറയെ പുതിയയിനം പൊട്ടറ്റോ ചിപ്പ്‌സ് പാക്കറ്റുകളും നാല് ഫ്രോസന്‍ പിസയുമായി തിരികെ വരിക! കേടാകാന്‍ പോകുന്ന സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പാചകവിധികള്‍ പറഞ്ഞുതരുന്ന തരം സ്മാര്‍ട്ട് ഫ്രിഡ്ജ് ഒക്കെ പാഴാക്കല്‍ ഒഴിവാക്കുന്ന വലിയ കണ്ടുപിടുത്തങ്ങളാകും. നിങ്ങള്‍ വാങ്ങാത്ത സാധനങ്ങള്‍ നിങ്ങള്‍ക്ക് പാഴാക്കാന്‍ കഴിയുകയുമില്ലല്ലോ.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍