UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെപ്‌സിക്ക് ജലം കൊടുക്കരുത്; തമിഴ്‌നാടിന്റെ നദീജലക്കരാര്‍ ലംഘനത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വിഎസ്

മദ്യക്കമ്പനികള്‍ക്ക് ജലം വില്‍ക്കുന്ന ജല അതോറിറ്റിയുടെ നടപടി അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും വിഎസ്

പെപ്‌സി കമ്പനിക്ക് ജലമൂറ്റാന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിദിനം അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം ഊറ്റാനുള്ള അനുമതിയാണ് ബഹു. ഹൈക്കോടതി പെപ്സി കമ്പനിക്ക് നല്‍കിയത്. ജനങ്ങള്‍ കനത്ത വരള്‍ച്ചയിലേക്കും ദുരിതത്തിലേക്കും എടുത്തെറിയപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയും അഡ്വക്കേറ്റ് ജനറലിനെ നിയോഗിച്ച് ഇക്കാര്യം റിട്ട് അപ്പീല്‍ വഴി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയും പെപ്സിക്ക് ജലമൂറ്റാന്‍ നല്‍കിയ അനുമതി സസ്പെന്‍ഡ് ചെയ്യിക്കുകയും വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

തമിഴ്നാട് സര്‍ക്കാര്‍ പറമ്പിക്കുളം-ആളിയാര്‍ നദീജലക്കരാര്‍ നഗ്നമായി ലംഘിച്ച് കേരളത്തിന് ലഭിക്കേണ്ട വെള്ളം കടത്തിക്കൊണ്ടുപോവുന്ന വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വിഎസ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍പ്പോലും പാലക്കാട് മേഖലയില്‍നിന്നും കരാര്‍ ലംഘിച്ച് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനാല്‍ ചിറ്റൂര്‍ മേഖലയിലെ എണ്ണായിരം ഏക്കര്‍ കൃഷി നശിച്ചുകഴിഞ്ഞു. മണക്കടവില്‍നിന്നും ഷോളയാറില്‍നിന്നുമായി 19.25 ടിഎംസി ജലം കേരളത്തിന് ലഭിക്കേണ്ടതാണ്. എന്നാല്‍ ലഭിക്കുന്നത് അതിന്റെ നാലിലൊന്ന് മാത്രമാണ്. തമിഴ്നാടിന്റെ കുടിവെള്ളാവശ്യത്തിനു വേണ്ടി വിനിയോഗിക്കേണ്ട ജലം അവര്‍ കൃഷിക്കും വൈദ്യുതോല്‍പ്പാദനത്തിനുമാണ് വിനിയോഗിക്കുന്നത്.

കൃഷിയെ ബാധിക്കുന്നു എന്നതിലുപരി, കുടിവെള്ളക്ഷാമം ഈ പ്രദേശത്ത് ഭീകരമായ അവസ്ഥയിലെത്തിയിരിക്കുന്നു എന്ന ഭീതിദമായ അവസ്ഥയുണ്ട്. കിണറുകള്‍ വറ്റിക്കഴിഞ്ഞു. ഈ അവസ്ഥയുടെ ഭീകരാന്തരീക്ഷം കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് പെപ്സി കമ്പനിയുടെ ജലമൂറ്റല്‍ നിര്‍ബാധം തുടരുകയാണ്. ഇത് എത്രയും പെട്ടെന്ന് നിര്‍ത്തിവെച്ചില്ലെങ്കില്‍ പ്രദേശത്ത് ജനങ്ങള്‍ രൂക്ഷമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ ജില്ലാ കളക്റ്ററോടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടും കമ്പനിക്ക് സ്റ്റോപ് മെമ്മോ നല്‍കാനാവശ്യപ്പെട്ടിരുന്നെന്നും വിഎസ് അറിയിച്ചു. ഭൂഗര്‍ഭ ജലവിഭാഗം പരിശോധന കര്‍ശനമാക്കുകയും അനധികൃത ജലചൂഷണം നടത്തുന്ന കമ്പനിയ്ക്ക് സ്റ്റോപ് മെമ്മോ കൊടുക്കുകയും വേണമെന്നും വിഎസ് ആവശ്യപ്പെടുന്നു.

കൂടാതെ മലമ്പുഴ ഡാമില്‍നിന്നും മദ്യക്കമ്പനികള്‍ക്ക് ജലം വില്‍ക്കുന്ന ജല അതോറിറ്റിയുടെ നടപടി അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നതിനും കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനുമെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രത്യേകം താല്‍പ്പര്യമെടുത്ത് നടപടികള്‍ ത്വരിതപ്പെടുത്തണം. തമിഴ്നാട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങളുടെ ഗുരുതരാവസ്ഥ ബോദ്ധ്യപ്പെടുത്തണമെന്നും വഎസ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍