UPDATES

ട്രെന്‍ഡിങ്ങ്

ഇനി മദ്യക്കച്ചവടത്തിനില്ലെന്ന് ബിജു രമേശ്

അനുമതി ലഭിക്കാന്‍ സാധ്യതയുള്ള ബാറുകളുടെ ലൈസന്‍സ് ഫീസ് അടച്ച് പുതുക്കേണ്ടെന്നാണ് ബിജുവിന്റെ തീരുമാനം

ഇനി മദ്യക്കച്ചവടം ചെയ്യില്ലെന്ന് മദ്യവ്യവസായിയും ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ബിജു രമേശ്. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ബാര്‍ കോഴക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിയാണ് ബിജു രമേശ്. അതേസമയം ജീവനക്കാരെ പരിഗണിച്ച് ബിയര്‍, വൈന്‍ പാര്‍ലറുകളുമായി മുന്നോട്ട് പോകുമെന്നും ബിജു വ്യക്തമാക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ച് ബിജുവിന്റെ രണ്ട് ബാറുകള്‍ക്ക് മദ്യം വില്‍ക്കാം. തിരുവനന്തപുരം സ്റ്റാച്യുവിലെ മൗര്യ രാജധാനിയും ബേക്കറിയിലെ ഇന്ദ്രപുരിയുമാണ് ആ ബാറുകള്‍. ഒമ്പത് ബിയര്‍, വൈന്‍ പാര്‍ലറുകളാണ് ബിജു രമേശനുള്ളത്. എന്നാല്‍ അനുമതി ലഭിക്കാന്‍ സാധ്യതയുള്ള ബാറുകളുടെ ലൈസന്‍സ് ഫീസ് അടച്ച് പുതുക്കേണ്ടെന്നാണ് ബിജുവിന്റെ തീരുമാനം.

ഹോട്ടലുകള്‍ ആരംഭിച്ച അച്ഛന്‍ രമേശന്‍ കോണ്‍ട്രാക്ടര്‍ മദ്യക്കച്ചവടം തുടങ്ങിയിരുന്നില്ല. 28 വര്‍ഷം മുമ്പ് ബിജുവാണ് ബാര്‍ ലൈസന്‍സ് എടുത്തത്. അതിന് മുമ്പും ശേഷവും കുടുംബത്തില്‍ ആരും മദ്യക്കച്ചവടം ചെയ്തിരുന്നില്ല. മദ്യക്കച്ചവടം നല്ലതല്ലെന്നാണ് അന്ന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ പോലും ബിജുവിനെ ഉപദേശിച്ചത്.

അതേസമയം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബിജു ഉന്നയിച്ച ബാര്‍ കോഴ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ താന്‍ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്നാണ് ബിജു പറയുന്നത്. താന്‍ ഇപ്പോഴും കേസുകള്‍ക്ക് പിന്നാലെയാണ്. തൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കാമെന്ന് രേഖാമൂലം സമ്മതിച്ചാണ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കുള്ള ലൈസന്‍സ് നേടിയത്. ഇതു വേണ്ടെന്ന് വച്ചാല്‍ തൊഴിലാളികളെ പിരിച്ചുവിടേണ്ടി വരുമെന്നതിനാലാണ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടരുന്നതെന്നും ബിജു വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍