UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോയിസ്റ്റുകളുടെ അറസ്റ്റും രമേശ് ചെന്നിത്തലയുടെ മേനി പറച്ചിലും

Avatar

അഴിമുഖം പ്രതിനിധി

രണ്ട് ദിവസമായി ചാനലുകളിലും പത്രങ്ങളിലുമാകെ നിറഞ്ഞുനില്‍ക്കുന്നത് മാവോയിസ്റ്റ് നേതാവായ രൂപേഷിന്റെയും മറ്റ് നാലംഗങ്ങളുടെയും അറസ്റ്റാണ്. രൂപേഷിന്റെ ഭാര്യ ഷൈന, പത്തനംതിട്ട കുമ്പളാംപൊയ്ക സ്വദേശി അനൂപ് മാത്യൂ ജോര്‍ജ്ജ്, മധുര സ്വദേശി കണ്ണന്‍, ബെംഗളൂരു സ്വദേശി ഈശ്വര്‍ എന്നിവരാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ ആന്ധ്രാപോലീസിന്റെ പിടിയിലായത്. പതിവ് പോലെ ചര്‍ച്ചകളുമായി ചാനലുകള്‍ വാര്‍ത്ത ആഘോഷിച്ചപ്പോള്‍ പത്രങ്ങളില്‍ അത് കഥകളും ഉപകഥകളുമായിരുന്നു. ഇതിനിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില തമാശകളുണ്ട്. കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാണ് എന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല ഏറ്റത് മുതല്‍ രമേശ് ചെന്നിത്തല പറഞ്ഞുകൊണ്ടിരിക്കുന്നു. തിരുവഞ്ചൂരിനെ ഒതുക്കി ആഭ്യന്തര വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ചെന്നിത്തല ആദ്യം ചെയ്തത് കേരളത്തില്‍ എല്ലാവരും കാണെ പൊതുവഴികളില്‍ സഞ്ചരിക്കുകയും ചില സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തിരിന്ന വ്യക്തികളുടെയെല്ലാം ഫോട്ടോ സംഘടിപ്പിച്ച് പശ്ചിമഘട്ട മേഖലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ ലുക്കൗട്ട് നോട്ടീസുകള്‍ പതിപ്പിക്കുകയായിരുന്നു. ചില മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ ഇതില്‍ പിന്നീട് കൂടുതല്‍ നടപടികള്‍ ഉണ്ടായില്ല എന്ന് മാത്രം. 

തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടും പോലീസിന്റെ രഹസ്യാനേഷണ വിഭാഗങ്ങളും ആദിവാസി ഊരുകളില്‍ കയറിയിറങ്ങി. ഇതിനിടയ്ക്ക് നീറ്റ ജലാറ്റിന്‍ ആക്രമണം പോലെയുള്ള കലാപരിപാടികളും അരങ്ങേറി. പക്ഷെ അതൊക്കെ ആരാണ് ചെയ്തതെന്ന് കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സാമൂഹിക പ്രവര്‍ത്തകരായ ജയ്‌സണ്‍ കൂപ്പറെയും അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥിയെയും പോലുള്ളവരെ കുറച്ച് നാള്‍ പിടിച്ച് ജയിലില്‍ ഇടാന്‍ പറ്റിയെന്ന് മാത്രം. നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ നടക്കുന്ന സമരത്തെ ഒതുക്കാനുള്ള തന്ത്രമായിരുന്നു ആക്രമണമെന്ന് അന്നേ ചില അണിയറക്കഥകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ഇതുപോലെയാണ് കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി നടക്കുന്നു മവോയിസ്റ്റ് ആക്രമണങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഗതികള്‍. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്നവര്‍. പോകുന്ന പോക്കില്‍ ലഘുലേഖ വിതരണം ജനലിന്റെ കണ്ണാടിച്ചില്ലുകള്‍ അടിച്ച് പൊട്ടിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ കൃത്യമായി ചെയ്തിരിക്കും. ഇവരെ ചില നാട്ടുകാര്‍ കാണുകയും ചെയ്യും. പക്ഷെ വയനാട്ടിലെയും അട്ടപ്പാടിയിലെയും വനമേഖലകളില്‍ കറങ്ങി നടക്കുന്ന തണ്ടര്‍ബോള്‍ട്ടുകാര്‍ മാത്രം ഒന്നും കാണില്ല. കേള്‍ക്കുകയും ഇല്ല. 

ഏതായാലും മവോയിസ്റ്റ് സാന്നിധ്യം എന്ന ഭാവനാരോമാഞ്ചം ചിന്തിക്കുന്ന മലയാളികള്‍ ഒരു തമാശയായി മാത്രമേ കണ്ടുള്ളൂ. ഇന്നത്തെ കാലത്ത് ഒരു സായുധസമരം നടത്തി വിജയിപ്പിക്കാന്‍ കുറഞ്ഞപക്ഷം അമേരിക്കയുമായി ഒരു യുദ്ധം നടത്തി ജയിക്കാന്‍ പോന്ന സൈനികശേഷി വേണമെന്നിരിക്കെ ആരെ പറ്റിക്കാനായിരുന്നു ഈ തണ്ടര്‍ബോള്‍ട്ട് നാടകങ്ങളും മറ്റും? കേന്ദ്ര ഫണ്ട് അടിച്ച് മാറ്റാനായിരുന്നു ഇത്തരം നാടകങ്ങള്‍ എന്നായിരുന്നു കേട്ടിരുന്നത്. ഇപ്പോള്‍ രൂപേഷിനെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തതോടെ കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കോമാളിത്തരത്തിന്റെ മുഖംമൂടി പൂര്‍ണമായും അഴിഞ്ഞുവീണിരിക്കുന്നു. എപ്പോഴും സായുധധാരികളായി സഞ്ചരിക്കുന്നവരാണ് രൂപേഷും കൂട്ടരുമെന്നായിരുന്നു കേരള പോലീസ് പ്രചാരണം. പക്ഷെ ഇവരെ അറസ്റ്റ് ചെയ്തത് ഒരു സാധാരണ ചായക്കടയില്‍ നിരായുധരായി ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍. അതും പോലീസ് തലങ്ങുംവിലങ്ങും പിന്തുടരുന്ന ഒരു പ്രതി പട്ടാപ്പകല്‍ വൈകിട്ട് നാല് മണിക്ക് കോയമ്പത്തൂരില്‍ ചായ കുടിക്കാന്‍ എത്തുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുക എന്നുള്ള കടുത്ത തമാശകളും പുതിയ പോലീസ് അറസ്റ്റിന് മുന്നില്‍ ഉണ്ട്. പറയുമ്പോള്‍ കുറച്ചുകൂടി വിശ്വസനീയമായ കഥകള്‍ പറയാന്‍ നമ്മുടെ പോലീസുകാരെ ആര് പഠിപ്പിക്കും എന്ന ചോദ്യം ബാക്കി. ഇത്തരം കഥകള്‍ എഴുതുന്നവര്‍ക്ക് അല്‍പം കൂടി ഭാവന ആകാവുന്നതാണ്. 

രൂപേഷിനെയും കൂട്ടരെയും മാവോയിസ്റ്റുകള്‍ തന്നെ ഒറ്റിയതായും ചില കഥകള്‍ കേള്‍ക്കുന്നുണ്ട്. ജനവിശ്വാസം നേടാനായില്ലെന്ന് സംഘടനയിലെ ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നുണ്ടത്രെ. പാലക്കാട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ നടത്തിയ ആക്രമണത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ കേരളഘടകം പരാജയപ്പെട്ടതായും സംഘടനയുടെ കേന്ദ്ര നേതൃത്വത്തിന് അഭിപ്രായം ഉണ്ടത്രെ. എന്നാല്‍ സംഘടനയില്‍ തുടരുന്ന അധികാരവടംവലിയുടെയും താന്‍പോരിമയുടെയും ഫലമായി ആന്ധ്രയിലെ പാര്‍ട്ടി തന്നെ രൂപേഷിനെയും കൂട്ടരും ഒറ്റികൊടുത്തതാണെന്നും വാര്‍ത്തകളുണ്ട്. അങ്ങനെയാണെങ്കില്‍ തന്നെ ആന്ധ്രയില്‍ നിന്നും തട്ടിക്കൊണ്ട് വരികയായിരുന്നു എന്ന് രൂപേഷ് പറയുന്നതില്‍ വാസ്തവം ഉണ്ടാവാന്‍ വഴിയുണ്ട് താനും. കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡയ്ക്ക് കൈമാറിയതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഏതായാലും ഇവരുടെ അറസ്റ്റ് കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലൊടിച്ചെന്നൊക്കെ കേരളത്തിന്റെ സ്വന്തം ആഭ്യന്തരമന്ത്രി പുരപ്പുറത്ത് കേറി നിന്ന് വിളിച്ച് കൂവുമ്പോള്‍ ഒന്ന് ഓര്‍ക്കേണ്ടതുണ്ട്. കല്‍പ്പിത എതിരാളികളെ കുറിച്ച് ഇത്തരം അതിഭാവകുത്വം നിറഞ്ഞ വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ ആ വരികള്‍ക്കിടയില്‍ വെളിപ്പെടുന്നത് സ്വന്തം സേനയുടെ കഴിവ് കേടാണെന്ന യാഥാര്‍ത്ഥ്യമാണത്. ഇത്തരം ‘ഓപ്പറേഷന്’ ചിലവാകുന്ന പണത്തിന്റെ കണക്കുകള്‍ ഓഡിറ്റര്‍മാരെയോ സിഎജിയെയോ ബോധിപ്പിക്കേണ്ടി വരില്ലായിരിക്കും. ആ സൗകര്യത്തിന്റെ പേരില്‍ പക്ഷെ പൊതുജനങ്ങളെ എല്ലാക്കാലത്തും പറ്റിക്കാമെന്ന് ഒരു സര്‍ക്കാരും പ്രതീക്ഷിക്കരുത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍