UPDATES

ന്യൂസ് അപ്ഡേറ്റ്സ്

1983 സിനിമയെ വെല്ലുന്ന നാഥു സിംഗിന്റെ വിജയകഥ

Avatar

അഴിമുഖം പ്രതിനിധി

നാഥു സിംഗ് എന്ന രാജസ്ഥാന്‍കാരനായ പേസ് ബൌളറുടെയും അയാളുടെ അച്ഛന്‍ ഭരത് സിംഗ് എന്ന സാധാരണ തൊഴിലാളിയുടെയും ജീവിത കഥ മലയാള ചലച്ചിത്ര സംവിധായകന്‍ എബ്രിഡ് ഷൈന്‍ നേരത്തെ വായിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും 1983 എന്ന തന്റെ ആദ്യ ചിത്രത്തില്‍ നാട്ടിന്‍ പുറത്തുകാരനായ രമേശന്‍റെയും മകന്‍റെയും ക്രിക്കറ്റ് പ്രണയം ഹൃദയസ്പൃക്കായി പറയാന്‍ എബ്രിഡിന് സാധിച്ചു. ഇപ്പോഴിതാ സിനിമയെ വെല്ലുന്ന വിജയകഥയുമായി നാഥു സിംഗ് വാര്‍ത്തകളില്‍ നിറയുന്നു. 3.2 കോടിക്ക് മുംബൈ ഇന്ത്യന്‍സാണ് ഐ പി എല്‍ ലേലത്തില്‍ ഈ ഇരുപതുകാരനെ സ്വന്തമാക്കിയത്.

 “ദൈവം ഉണ്ട്”- ഭരത് സിംഗ് എന്ന പിതാവ് പറഞ്ഞ ഈ ഒരു വാക്ക് മതി ആ കുടുംബം അനുഭവിച്ച കഷ്ടപ്പാടുകളും യാതനകളും തിരിച്ചറിയാന്‍. തന്റെ മകന്‍ നാഥു സിംഗ് ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ എത്തിയെന്ന സന്തോഷ വാര്‍ത്ത ആ കാതുകളില്‍ എത്തുമ്പോള്‍ ഈ പിതാവ് ജീവിതം കൂട്ടിമുട്ടിക്കുന്നതിനുള്ള തിരിക്കിലായിരുന്നു. ജയ്പൂരില്‍ ഇലക്‌ട്രിക്കല്‍ വയര്‍ നിര്‍മ്മാണ കമ്പനിയില്‍ തൊഴിലാളിയായ ഭരത് സിംഗും കുടുംബവും ഇന്നലെ വരെ കണ്ട ഉയര്‍ന്ന പണം അയാളുടെ 12000 രൂപ ശമ്പളമായിരുന്നു. കടമെടുത്ത പണം കൊണ്ട് മകനെ ക്രിക്കറ്റ് പഠിപ്പിക്കാന്‍ തയ്യാറായ ഈ പിതാവിന് അര്‍ഹതപ്പെട്ടതാണ്  ബംഗലൂരുവില്‍ നടന്ന  ഐ.പി.എല്‍. ലേലത്തില്‍ നിന്നും വന്ന ഈ വാര്‍ത്ത.

കഥ ഒരു നാല് വര്ഷം പിന്നോട്ട് പോയാല്‍ നാഥു ഭരത് സിംഗ് എന്ന രാജസ്ഥാന്‍ ‘പയ്യന്റെ’ ജീവിതം കുറച്ചു കൂടി മനസിലാകും. ക്രിക്കറ്റുകളി പഠിക്കണമെന്ന അസാധാരണമായ ഒരു സ്വപ്നം പങ്കു വെച്ച നാതുവിനെ നിരുത്സാഹപ്പെടുത്താന്‍ ആ പിതാവ് തയ്യാറായിരുന്നില്ല. മൂന്നു മക്കളില്‍ മൂത്തവനായ നാഥുവിനെയും കൊണ്ട് ഭരത് സിംഗ് സുരാന അക്കാദമിയില്‍ ചെന്നു. വര്‍ഷത്തില്‍ 10000 രൂപ ഫീസ്‌!!! താങ്ങാവുന്നതിലും ഏറെയായിരുന്നു അതെങ്കിലും മകന്റെ സ്വപ്നത്തേക്കാള്‍ വലുതല്ലായിരുന്നു ഭരത് എന്ന അച്ഛന് ഈ തുക. അടുത്തുള്ള പലിശക്കാരന്റെ കയ്യില്‍ നിന്നും രണ്ടു രൂപ പലിശക്ക് പണം സ്വന്തമാക്കി മകനെ അവിടെ ചേര്‍ത്തു. ആ ദിനങ്ങള്‍ നാഥു സിംഗിന്റെ വാകുകളിലൂടെ, “പണം എന്ന ഒരു പ്രശ്നം മാത്രമേ പരിഹരിക്കപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ കടം വാങ്ങിയതിലൂടെ. ക്രിക്കറ്റ് കിറ്റ്‌ എന്ന ‘പ്രശ്ന’ത്തിന് സീനിയേഴ്സ് സഹായിച്ചിരുന്നു. അവര്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ഷൂസ് ഞാന്‍ എടുക്കുമായിരുന്നു.” അക്കാലത്തു നാതു ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു, പക്ഷെ കിട്ടുന്ന പണം ക്രിക്കറ്റിന്റെ ഉപകരണങ്ങള്‍ വാങ്ങിക്കാന്‍ മാത്രമേ തികയുമായിരുന്നുള്ളൂ.

 

ശനിയാഴ്ച ലേലത്തിനു വേണ്ടി നാഥു സിംഗ് എന്ന പേര് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചെഴ്സും മുന്നോട്ടു വന്നു. അടിസ്ഥാന വിലയായ 10 ലക്ഷത്തില്‍ നിന്നും നാതു സിംഗ് ഇന്റെ വില കോടികളിലേക്കുയര്‍ന്നപ്പോള്‍ കൊത്തിയെടുക്കാന്‍ മുംബൈ ഇന്ത്യന്‍സും വന്നു. ഒടുവില്‍ 3.2 കോടി രൂപയ്ക്കു ഇരുപതു വയസ്സുകാരന്‍ നാഥു മുംബൈക്ക് സ്വന്തമായി.

ലേലം നടക്കുമ്പോള്‍ അമ്മയുടെ സമ്മര്‍ദം കാണുന്നത് സഹിക്കാന്‍ ആവാതെ നാഥു അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു. “ആദ്യ ലേലം 10 ലക്ഷത്തിനു വിളിച്ചപ്പോള്‍ തന്നെ ഞാന്‍ സന്തോഷവാനായിരുന്നു. കാരണം, ആരെങ്കിലും വിളിച്ചല്ലോ എന്നായിരുന്നു സന്തോഷം. പിന്നീടു ലേലത്തുക 3.2 കോടി എത്തിയപ്പോഴും എന്റെ സന്തോഷം ആ ആദ്യം വിളിച്ച വിളിയിലായിരുന്നു. കാരണം കളിക്കുകയാനെന്റെ ലക്‌ഷ്യം”, നാഥു സിംഗ് പറയുന്നു. “ ഇപ്പോള്‍ ഈ തുകയുടെ പിന്നിലുള്ള ഗൌരവം ഞാന്‍ മനസ്സിലാകുന്നു, ഒപ്പം മാതാപിതാക്കളുടെ പങ്കും”, നാഥു കൂട്ടിച്ചേര്‍ത്തു.

നാഥുവിന്റെ രഞ്ജി ട്രോഫി അരങ്ങേറ്റവും സംഭവ ബഹുലമായിരുന്നു. അരങ്ങേറ്റ മത്സരത്തിലെ രണ്ടാം ഇന്നിങ്ങ്സില്‍ ഡല്‍ഹിക്കെതിരെ 7 വിക്കറ്റുകള്‍ നേടാന്‍ ഈ രാജസ്ഥാന്‍ താരത്തിനു കഴിഞ്ഞു. അതിലുമുപരി ഡല്‍ഹി നായകന്‍ ഗൌതം ഗംഭീറിന്റെ പ്രശംസയും ഈ യുവതാരം നേടി. മത്സരത്തില്‍ ഗംഭീറിന്റെ വിക്കറ്റും നാഥു നേടിയിരുന്നു. ആ ഒരു പ്രശംസ നാതുവിനെ ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള, ബോര്‍ഡ്‌ പ്രേസിഡന്റ്സ് ഇലവന്‍ ടീമില്‍ എത്തിച്ചു. വേഗതയും കണിശതയും നിറഞ്ഞ നാതുവിന്റെ പന്തുകളെ അവഗണിക്കാന്‍ സാധിക്കുന്നതല്ല എന്ന് ഈ സെലക്ഷന്‍ തെളിയിച്ചു. രാജസ്ഥാന്‍ ബോളിംഗ് കോച്ച് പി.കൃഷ്ണകുമാര്‍ പറയുന്നു, “ അദ്ദേഹത്തെ നിങ്ങള്‍ക്ക് മാറി നിര്‍ത്താന്‍ സാധിക്കില്ല. തുടര്‍ച്ചയായി 140 കിലോമീറ്റര്‍ വേഗത തൊടാന്‍ നാഥുവിനു സാധിക്കും”. മഹാന്‍മാരായ ബോളര്‍മാര്‍ പഠിച്ചു വളര്‍ന്ന എം.ആര്‍.എഫ്. പേസ് അക്കാദമിയിലെ ചെറിയ പഠന കാലയളവ്‌ നാഥുവിലെ ബോളറെ കൃത്യമായ ദിശയിലേക്കെത്തിച്ചു. സുരാന അക്കാദമിയിലെ കോച്ചും മുന്‍ രാജസ്ഥാന്‍ താരവുമായ അന്ശു ജെയിന്‍ പറയുന്നു, “നാഥുവില്‍ ഒരു ‘നാച്ചുറല്‍’ പേസ് ബോളര്‍ കിടപ്പുണ്ട്. അവന്റെ കുടംബ സാഹചര്യം മനസ്സിലാക്കിയ ഞങ്ങള്‍ നാമമാത്രമായ തുകയാണ് ഈടാക്കിയിരുന്നത്.”

എന്തായാലും ഇനി ആ വീടിനും കുടുംബത്തിനും ആഘോഷത്തിന്റെ രാവുകളാണ് വാരാനിരിക്കുന്നത്. നാഥുവിനും വിശ്രമിക്കാന്‍ സമയം ആയിട്ടില്ല. കാരണം താന്‍ അനുഭവിച്ച യാതനകളും കഷ്ടപാടുകള്‍ക്കും ഒരു ആശ്വാസം വരണമെങ്കില്‍ ഇന്ത്യന്‍ കുപ്പായം ആ ദേഹത്ത് അണിയണം. രാജ്യത്തെ പ്രധിനിധീകരിച്ചു നാതു ഇറങ്ങുമ്പോള്‍ ഈ അസാധാരണ യുവാവിന്‍റെയും അവന്റെ കുടുംബത്തിന്‍റെയും കഥ ലോകം അറിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍