UPDATES

തെരുവുനായ; എന്തു ചെയ്യണമെന്ന് അറിയാതെ സര്‍ക്കാര്‍

സംസ്ഥാനത്ത് തെരുവുനായ പ്രതിരോധ നടപടികള്‍ വട്ടപൂജ്യം

Avatar

സമീര്‍

കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് തെരുവുനായ്ക്കളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. ഡല്‍ഹിയില്‍ മൃഗസ്‌നേഹിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ തെരുവുനായ കടിച്ചതോടെയാണ് വീണ്ടും തെരുവുനായ്ക്കളെ കുറിച്ചുള്ള ചര്‍ച്ച  കൊഴുത്തത്. തെരുവുനായ്ക്കളുടെ കടിയേറ്റ് ഇയടുത്ത കാലത്ത് രണ്ട് പേരുടെ ജീവന്‍ നഷ്ടമായിരുന്നു. അതിനെ തുടര്‍ന്ന് വന്‍പ്രഖ്യാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങളുമായാണ് സര്‍ക്കാര്‍ രംഗത്ത് ഇറങ്ങിയത്. എന്നാല്‍ ഇതേവരെ സംസ്ഥാനത്ത് തെരുവുനായ പ്രതിരോധ നടപടികള്‍ വട്ടപൂജ്യമാണെന്ന് പറഞ്ഞാല്‍ അതിശോക്തിയാകില്ല.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‌റെ കാലത്ത് മുതല്‍ തന്നെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എ.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം) നടപ്പാക്കുന്നുണ്ട്. എന്നാല്‍ അത് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നത് പാലക്കാട് ജില്ലയില്‍ മാത്രമാണ്. ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും  പ്രതിരോധ നടപടകിള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ മറ്റു ജില്ലകളുടെ കാര്യം കഷ്ടമാണ്. തെരുവുനായ പ്രതിരോധത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെല്ലാം വെള്ളത്തില്‍ വരച്ചവരയായി. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടയുള്ളവര്‍ക്കു തെരുവുനായ്ക്കളുടെ ആക്രണത്തില്‍ മാരകമായി പരിക്കേറ്റ സംഭവങ്ങള്‍ സംസ്ഥാനത്ത് നിത്യസംഭവമാണ്. ഇതിന് മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ ഉപായം വന്ധ്യംകരണ പദ്ധതിയായിരുന്നു. സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തില്‍ വന്ധ്യംകരണ പദ്ധതി ഊര്‍ജിതമായി ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒന്നും നടന്നില്ല. ചിലസ്ഥലങ്ങളില്‍ പേരിന് മാത്രം ചില തട്ടിക്കൂട്ട് പരിപാടികള്‍ നടന്നു. ജില്ലകളില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിട ഭൂമിയില്‍ തെരുവുനായ്ക്കളെ എത്തിച്ച് വന്ധ്യംകരിക്കുവാനായിരുന്നു ഉദ്ദേശം. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ വീണ്ടും തെരുവില്‍ കൊണ്ട് വിടുന്നതിനാണ് തീരുമാനിച്ചത്. എന്നാല്‍  ഇങ്ങനെയൊരു പ്രവര്‍ത്തിക്കായി സ്ഥലം വിട്ടുകൊടുക്കുന്ന കാര്യം കൃഷിവകുപ്പിന് പോലും അറിയില്ല. സംസ്ഥാനത്ത് ഒരിടത്തും തന്നെ നായ്ക്കളെ വന്ധ്യം കരിക്കുന്നതിനായി കൃഷി വകുപ്പിന്റെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നു മൃഗസംരക്ഷണ വകുപ്പും പറയുന്നു. കൃഷിത്തോട്ടത്തിന്റെ സ്ഥലത്ത് നായ്ക്കള്‍ക്കായി പാര്‍പ്പിടമൊരുക്കണമെന്നും സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിനോട് പറഞ്ഞിരുന്നു എന്നാല്‍ അതും നടപ്പായില്ല. വിവിധ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുമന്നൊണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ക്യാമ്പ് നടത്തുന്നതിന് വേണ്ടുന്ന ഡോക്ടര്‍മാരെ നിയമിച്ചില്ല. വകുപ്പില്‍  ജോലിചെയ്യുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് ജോലി ഭാരമാണെന്നാണ് പറയുന്നത്. അതിനാല്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിച്ച് വന്ധ്യംകരണം നടത്താമെന്ന് മൃഗസംരക്ഷണ വകുപ്പ് പറഞ്ഞതാണ്. എന്നാല്‍ കാര്യമായി ഡോക്ടര്‍മാരെ നിയമിച്ചട്ടില്ല.

നായപിടുത്തക്കാരെ കിട്ടാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് മൃഗസംരക്ഷണവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പറയുന്നത്. എത്രപണം നല്‍കാമെന്ന് പറഞ്ഞിട്ടും നായപിടുത്തത്തിന് ആളെ കിട്ടാത്ത അവസ്ഥയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പറയുന്നു. അന്യസംസ്ഥാനക്കാരെ ഇതിനായി സമീപിച്ചെങ്കിലും അവര്‍ക്കും താല്‍പര്യമില്ല. അതിനാല്‍ കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് രംഗത്തിറങ്ങിയിരിക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.

dog

ജില്ല കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജനകീയസമിതിക്കാണ് ഓരോ ജില്ലകളുടെയും തെരുവുനായപ്രതിരോധത്തിന്റെ ഉത്തരവാദിത്വം. എന്നാല്‍ സംസ്ഥാനത്ത് ഇത്തരത്തിലുള്ള യോഗങ്ങള്‍ ചേരാറുകൂടിയില്ല. തെരുവുനായ്ക്കളുടെ ആക്രമങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് സിരിജഗന്‍ റിപ്പോര്‍ട്ടില്‍ വ്യത്യസ്തമായ കാര്യങ്ങളാണ് പരമാര്‍ശിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ പാടേ തള്ളികൊണ്ടാണ് സിരിജഗന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നാലു വര്‍ഷത്തിലേറെ സമയം ഉണ്ടെങ്കിലേ സര്‍ക്കാരിന് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാന്‍ സാധിക്കു. അതിനാല്‍ തന്നെ യുദ്ധകലാടിസ്ഥാനത്തിലുള്ള നടപടികളാണു വേണ്ടത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2.90 ലക്ഷം തെരുവുനായ്ക്കളാണ് ഉള്ളത്. ഇതില്‍ എഴുപത് ശതമാനത്തിലേറെ നായ്ക്കളെ വന്ധ്യംകരിച്ചാല്‍ മാത്രമേ തെരുവുനായ്ക്കള്‍ പെരുകുന്നതിന് തടയാന്‍ സാധിക്കൂ.
എന്നാല്‍ ചിലതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംഘടനകളും തെരുവുനായ്ക്കളെ കൊല്ലുവാന്‍ രംഗത്തിറങ്ങി. അവര്‍ക്കെതിരെ നിയമനടപികളും സ്വീകരിക്കുകയുണ്ടായി. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കര്‍ശനനപടിയെടുക്കുമെന്ന് മേനാകഗാന്ധിയും വ്യക്തിയുടെ പരാമര്‍ശനവും വലിയ ഒച്ചപാടുകള്‍ക്ക് വഴിതെളിച്ചു. തെരുവുനായ്ക്കളെ കൊല്ലുകയല്ല വന്ധ്യംകരിക്കുകയാണ് കേരളം പോലൊരു സംസ്ഥാനത്ത് വേണ്ടതെന്ന ആഭിപ്രായമാണ് അവര്‍ ഉന്നയിച്ചത്.

തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് പേവിഷപ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്നില്ല എന്നതും പ്രശ്‌നത്തിന് വഴിവെക്കുന്നു. സര്‍ക്കാര്‍ ആസ്പത്രികളിലൊന്നും ആവശ്യത്തിന് പേവിഷപ്രതിരോധ മരുന്ന് ലഭിക്കാത്തത് നിരന്തരസംഘര്‍ഷത്തിന് വഴിതെളിക്കുന്നുണ്ട്. എ.ബി.സി പദ്ധതി അനുസരിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും കാര്യമായി ഒരിടത്തും തെരുവുനായ്ക്കളെ വന്ധ്യംകരിച്ചട്ടില്ല. ഇപ്പോഴും വളര്‍ത്തുനായ്ക്കള്‍ക്കുള്ള പേവിഷപ്രതിരോധ കുത്തിവയ്പ് നല്‍കുന്നത് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൂര്‍ത്തിയാക്കിയട്ടില്ല. കുടുംബശ്രീയെ പേവിഷപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷണിച്ചുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ നാമമാത്രമയ പ്രവര്‍ത്തമാണ് ഇവര്‍ കാഴ്ചവക്കുന്നത്. ഇവര്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വന്‍തുകയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ പൂര്‍ണമായും ഒരു സ്ഥലത്തും പദ്ധതി ആരംഭിക്കുവാന്‍ ഒരു സംഘടനക്കും ഏജന്‍സിക്കും സാധിച്ചട്ടില്ല. അതിനാല്‍ തന്നെ തെരുവുനായ ആക്രമണം നിത്യവാര്‍ത്തകളില്‍ ഇനിയും ഇടംപിടിക്കും.

മാധ്യമപ്രവര്‍ത്തകനാണ് സമീര്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍