UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യന്‍ മാറിയതിനൊപ്പമാണോ നായ്ക്കളുടെ സ്വഭാവവും മാറിയത്?

Avatar

കെ എ ആന്റണി

ദൈവത്തിന്റെ നാടെന്നു കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ നാട് ആര് ഭരിച്ചാലും എന്നും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന ചിലതുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍, ഗുണ്ടാ വിളയാട്ടം, അഴിമതി ആരോപണങ്ങള്‍, ബാലാത്സംഗങ്ങള്‍ എന്നിങ്ങനെ നീളുന്നു അവ. അടുത്തകാലത്തായി ഇവക്കൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു തെരുവ് നായകള്‍. തെരുവ് നായകളുടെ ആക്രണമണത്തില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. നമ്മുടെ രാഷ്ട്രീയ കൊലപാതക സംഘങ്ങളുടെയും ഗുണ്ടാ സംഘങ്ങളുടേയുമൊക്കെ പണി ഈ ശുനകന്മാര്‍ ഏറ്റെടുത്ത മട്ടുണ്ട്. 

ഇക്കഴിഞ്ഞ ബുധനാഴ്ചയും ഒരു വൃദ്ധന്‍ നായ്ക്കൂട്ടത്തിന്റെ കടിയേറ്റു മരിച്ചു. കോഴികോട്ട് ഒരു ബാലികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധിപ്പേര്‍ ആക്രമിക്കപ്പെട്ടു. അത്യന്തം ഭീതിജനകമായ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നമ്മുടെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ജനം ഭീതിയില്‍ ആയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ഇതിനടിയില്‍ ചില നുണ വീരന്മാര്‍ പടച്ചു വിടുന്ന കഥകള്‍ കൂടിയാകുമ്പോള്‍ തെരുവില്‍ കാണപ്പെടുന്ന എല്ലാ ശുനകന്മാരും മനുഷ്യ ശത്രുക്കളായി ചിത്രീകരിക്കപ്പെടുന്നതു തികച്ചും സ്വാഭാവികം മാത്രം.

തെരുവില്‍ കാണപ്പെടുന്ന ശുനകരെല്ലാം ശത്രുക്കളായി മുദ്ര കുത്തപ്പെട്ടതോടുകൂടി അവയെ ഉന്മൂലനം ചെയ്യാനായി ചിലരും രംഗത്ത് വന്നിട്ടുണ്ട്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ജോസ് മാവേലി, ഉമാ പ്രേമന്‍ എന്നിങ്ങനെ ഏറെ പ്രസ്തരായ വ്യക്തികളായാണ് ശുനക സംഹാരത്തിനായി അരയും തലയും മുറുക്കി രംഗത്ത് വന്നിട്ടുള്ളത്. ശുനക വിളയാട്ടത്തില്‍ സ്വൈര്യം കെട്ട നാട്ടുകാര്‍ ഇവര്‍ക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാകയാല്‍ മുന്നോട്ടു വച്ച കാല്‍ അവര്‍ പിന്‍വലിക്കാന്‍ ഇടയില്ല. ഇവരുടെ പദ്ധതി വിജയം കാണുന്ന പക്ഷം കേരളത്തിലെ തെരുവുകള്‍ അധികം വൈകാതെ തന്നെ നായ വിമുക്തമായേക്കും എന്ന പ്രതീക്ഷ ജനത്തിനും ഉണ്ട്.

എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടയിലാണ് മൃഗസ്‌നേഹിയായ നമ്മുടെ മനേകാ മാഡം കടുത്ത ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. തെരുവ് നായകളെ കൊല്ലുന്നവര്‍ ക്രിമിനല്‍ മനസ്സുള്ളവരാണ് എന്നാണ് മാഡം പറയുന്നത്. പബ്ലിസിറ്റി മാനിയ പിടിപെട്ട ചില വ്യവസായികളാണ് ഈ ശുനക നായാട്ടിനു പിന്നിലെന്നും അവര്‍ അര്‍ത്ഥശങ്കയ്ക്ക് ഇടം നല്‍കാത്ത വിധം പ്രസ്താവിച്ചു. ഇത്തരക്കാര്‍ക്കെതിരെ കാപ്പ ചുമത്തണം എന്നാണ് മനേകാ ആവശ്യപ്പെടുന്നത്.

മനേകാ മാഡത്തിന്റെ വാദം കൊള്ളാം. ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തെ അതിപ്രാകൃതമായ രീതിയില്‍ നേരിടുന്നതില്‍ അവര്‍ക്കുള്ള ഉത്കണ്ഠ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ വന്ധ്യംകരണം എന്ന ശാസ്ത്രീയ പരിഹാരത്തിനായി കാത്തിരുന്നാല്‍ നായകള്‍ കടിച്ചു കീറുന്നവരുടെ എണ്ണം ഇനിയും ക്രമാതീതമായി ഉയരുകയേ ഉള്ളു എന്ന മറു വാദത്തെ അങ്ങനെയങ്ങു തള്ളിക്കളയാന്‍ കഴിയുമോ? നായകളെ കൊല്ലുന്നവര്‍ക്ക് മാത്രം കാപ്പ ചുമത്തിയാല്‍ മതിയോ മനുഷ്യനെ കൊള്ളുന്ന നായകള്‍ക്കും ഇത് ബാധകമാക്കേണ്ടതല്ലേ എന്ന ചോദ്യവും പ്രസക്തമാണ്. എന്തായാലും ഇക്കാര്യങ്ങളൊക്കെ മൃഗ സ്‌നേഹികളും സര്‍ക്കാരും മൃഗ ഡോക്ടര്‍മാരുമൊക്കെ ചര്‍ച്ചചെയ്ത് ഒരു തീരുമാനത്തില്‍ എത്തട്ടെ.

നായകള്‍ എന്തുകൊണ്ട് അക്രമാസക്തരാവുന്നു എന്നത് സംബന്ധിച്ചു പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ ഇക്കഴിഞ്ഞ ദിവസം നടത്തിയ ഒരു നിരിക്ഷണത്തിലേക്കു മാന്യ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. മനുഷ്യനില്‍ വന്ന മാറ്റം നായകളിലും സംഭവിച്ചിരിക്കുന്നു. ഇന്ന് സ്‌നേഹിക്കുന്നവരെപ്പോലും നായകള്‍ ചാടിക്കടിക്കുന്നു. മനുഷ്യന്‍ മാറുന്നതിനാലാണ് നായകളും മാറുന്നത്. പഴയ കാലത്ത് നമ്മുടെ ഇടവഴികളിലൂടെ പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയം നടന്നു പോകാന്‍ കഴിയുമായിരുന്നു. അന്നു പട്ടികള്‍ നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുമായിരുന്നു. ഇന്ന് ഗതി മാറി. പെണ്‍കുട്ടികള്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത അവസ്ഥ മനുഷ്യന്‍ സൃഷ്ടിച്ചിരിക്കുന്നു. നമ്മെ സംരക്ഷിച്ചിരുന്ന പട്ടികള്‍ ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. ഇതൊരു പ്രതീകാത്മക മാറ്റമാണ് .

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍