UPDATES

തെരുവു നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമെന്നു മേനക ഗാന്ധി

അഴിമുഖം പ്രതിനിധി

തെരുവുനായ ശല്യം രൂക്ഷമായ കേരളത്തില്‍ പട്ടികളെ കൊല്ലുന്നതുകൊണ്ടുമാത്രം പരിഹാരം കാണാന്‍ കഴിയില്ലെന്നു കേന്ദ്ര മന്ത്രി മേനക ഗാന്ധി. 60 വര്‍ഷമായി കേരളത്തില്‍ പട്ടികളെ കൊന്നൊടുക്കുകയാണെന്നും ഇതിലൂടെ സംസ്ഥാനം എന്തുനേടിയെന്നുമാണ് അവര്‍ ദി വീക്കിനു നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നത്.

കേരളമല്ലാതെ ഇത്തരത്തില്‍ പട്ടികളെ ദയയില്ലാതെ കൂട്ടക്കൊല ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്.

തിരുവനന്തപുരത്ത് നായ്ക്കളുടെ കടിയേറ്റ് സ്ത്രീ മരിച്ചത് ദുഖകരമാണ്. അതിന്റെ പേരില്‍ നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമാണ്. പുല്ലുവിളയിലെ നായ്ക്കളെ വന്ധ്യം കരിച്ചിരുന്നില്ല. കടല്‍തീരത്തേക്കു പോയ സത്രീയുടെ കൈവശം എന്തോ മാംസഭാഗം ഉണ്ടായിരുന്നിരിക്കണം. വെറുതെ നായ്ക്കള്‍ ആക്രമിക്കില്ലെന്നും മേനക ഗാന്ധി പറയുന്നു. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായണെന്നും വേണ്ടിവന്നാല്‍ ഇടപെടുമെന്നും മന്ത്രി പറയുന്നു.

മേനക ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്‌നം മനസിലാകില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. തിരുവനന്തപുരത്ത് നായ്ക്കളുടെ കടിയേറ്റ് കൊല്ലപ്പെട്ട ശിലുവമ്മയുടെ കുടുംബത്തിനു പത്തുലക്ഷം രൂപ നല്‍കണമെന്നും സൗജന്യമായി വീടുവച്ചു നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം തെരുവുനായ്ക്കളുടെ അക്രമം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുകതന്നെ ചെയ്യും. ഇതു സംബന്ധിച്ച നടപടികള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മൃഗസ്‌നേഹികളെന്നും പ്രകൃതി സ്‌നേഹികളെന്നും അവകാശപ്പെട്ട് ഇറങ്ങുന്നവര്‍ യഥാര്‍ഥ മൃഗസ്‌നേഹികള്‍ അല്ല. മൃഗസ്‌നേഹികളെന്ന് അവകാശപ്പെടുന്നവരുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയുമല്ലെന്ന് അവര്‍ നടത്തുന്ന പ്രസ്താവനകളില്‍നിന്ന് വ്യക്തമാണെന്ന് മന്ത്രി ആരോപിച്ചു.

മനുഷ്യരുടെ ജീവനാണ് ഏറ്റവും പ്രധാനം. അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും യാതൊരു വിട്ടുവീഴ്ചയും വരുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍