UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരുവുനായ ശല്യം; കപട ശുചിത്വ ബോധത്തെക്കുറിച്ച് ആരും മിണ്ടാത്തതെന്താണ്?

Avatar

ജിഷ ജോര്‍ജ്

‘വീട്ടില്‍ ശൗചാലയം നിര്‍മിക്കൂ, അത് ഉപയോഗിക്കു’ എന്ന പരസ്യം കാണുമ്പോള്‍ മിക്ക മലയാളികളുടെയും മുഖത്തു തെളിയുന്നതു പരിഹാസ ചിരിയാണ്. ‘ഇതൊക്കെ അങ്ങ് ഉത്തരേന്ത്യയിലെ വല്ല പട്ടിണി ഗ്രാമങ്ങളിലും കാണിക്കു, ഞങ്ങളൊക്കെ ഈ കാര്യത്തില്‍ വളരെ പുരോഗമിച്ച ജനവിഭാഗമാണെന്നാണു വയ്പ്. അന്യസംസ്ഥാന തൊഴിലാളിയെ കാണുമ്പോള്‍ മൂക്കു ചുളിക്കുന്ന മലയാളി ദിവസം രണ്ടു നേരം കുളിക്കുന്നതിന്റെ മേനി പറയും. എന്നാല്‍ മലയാളിയുടേതു വെറും കപടശുതചിത്വമാണ്. ‘എന്റെ വീടും എന്റെ മുറ്റവും മാത്രം വൃത്തിയായിരിക്കട്ടെ എന്നു ചിന്തിക്കുന്ന അല്‍പ്പന്മാരാണ് കേരളത്തിലേറെയും.

തെരുവുനാശ ശല്യത്തെക്കുറിച്ച് അലമുറയിടുന്നവര്‍ എന്തുകൊണ്ട് ശുചിത്വത്തിലെ മലയാളിയുടെ കപടതയെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകുന്നില്ല? കേരളത്തിലെ പരാജയപെട്ട മാലിന്യ സംസ്‌കരണത്തിന്റെയും പ്രതിരോധസംവിധാനങ്ങളുടെയും അനന്തരഫലംകൂടിയാണു പെരുകുന്ന നായ ശല്യമെന്നോര്‍ക്കാത്തതെന്താണ്? ഒരുകാര്യമെങ്കിലും സമ്മതിക്കണം; തെരുവുനായ്ക്കള്‍ മലയാളിക്കെതിരെ ആസൂത്രിതമായ ആക്രമണമൊന്നും നടത്തുന്നില്ല.

കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ ഏതാണ്ട് ഇരുപത്തഞ്ച് ലക്ഷം തെരുവുനായ്ക്കളുണ്ട്. ഇവയില്‍ നിന്നും വര്‍ഷം 80000 മുതല്‍ ഒരു ലക്ഷം ആളുകള്‍ക്ക് കടിയേല്‍ക്കുന്നു. 2015 ല്‍ 1.22 ലക്ഷം ആളുകള്‍ ആക്രമിക്കപെട്ടു. ഇതില്‍ പത്തുപേര്‍ മരിച്ചു. ഈ വര്‍ഷം ഏതാണ്ട് മുപ്പതിനായിരത്തില്‍ അധികം ആളുകള്‍ക്ക് കടിയേറ്റു. പുല്ലുവിളയില്‍ സംഭവിച്ചതുപോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ ഉണര്‍ന്നെണീക്കും. നായ്ക്കളെ ‘കൊല്ലണം’ ‘കൊല്ലാന്‍ പറ്റില്ല’ എന്നീ വിഷയങ്ങളില്‍ ഊന്നി ചര്‍ച്ച നടത്തും. ഒരിടത്തുമെത്താതെയതൊടുങ്ങും.

നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ആക്രമണകാരികളായ നായകളെ മാനദണ്ഡങ്ങള്‍ പാലിച്ച് കൊല്ലാവുന്നതാണ്. തെരുവുനായ്ക്കളുടെ ശാസ്ത്രീയമായ വന്ധ്യംകരണവും നിയമം അനുവദിച്ചു തരുന്നുണ്ട്. ഇതിനുവേണ്ട ധനസഹായം കേന്ദ്ര ഗവണ്മെന്റില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭിക്കും. അതിനുമപ്പുറം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്നത് അപ്രായോഗികമാണ്. നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി ആവേശത്തോടെ വാദിക്കുന്നവര്‍ അടിസ്ഥാന പ്രശ്‌നങ്ങളെ ശ്രദ്ധിക്കാതെ പോവുന്നതെന്തെ. ഈ ഉത്തരവാദിത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ തദ്ദേശഭരണകൂടങ്ങളും സംസ്ഥാന ഗവണ്മെന്റും പരസ്പരം പഴിചാരി രക്ഷപെടുന്നു. ഇടയ്ക്ക് ഉയര്‍ന്നുവരുന്ന ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ചെയ്തു എന്നു വരുത്തി തീര്‍ത്ത് അധികാരികള്‍ കൈ കഴുകുന്നു.

തെരുവുനായകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിന്റെ ഒരു കാരണം നമ്മുടെ ഭക്ഷണ ശീലത്തില്‍ വന്ന മാറ്റമാണെന്നാണ് വെറ്റിനറി ഡോക്ടര്‍ ആയ പ്രിയന്‍ അലക്‌സിന്റെ അഭിപ്രായം. ‘തട്ടുകടകളിലും തെരുവോര ഭക്ഷണ ശാലകളിലും ആളുകള്‍ കഴിച്ചു ബാക്കിയായ ഭക്ഷണ വസ്തുക്കള്‍ നായ്ക്കള്‍ക്ക് സുലഭമായി ലഭിക്കുന്നു. ആഹാര ശൃംഖലയില്‍ ഒരു ഭക്ഷണവും പാഴാക്കപ്പെടുന്നില്ല. ഏതെങ്കിലും ജീവികള്‍ അത് ആഹാരമാക്കി പെറ്റു പെരുകും, ഇവിടെ അത് നായ്ക്കളിലാണ് സംഭവിച്ചത്. ആവശ്യമില്ലാത്തതെല്ലാം വഴിയില്‍ ഉപേക്ഷിക്കുന്ന നമ്മുടെ ആളുകളുടെ സ്വഭാവം നായ്ക്കളുടെ കാര്യത്തിലും കാണാം. വീട്ടില്‍ അധികമായി ഉണ്ടാവുന്ന നായ് കുഞ്ഞുങ്ങളെയും അസുഖം ബാധിച്ച നായകളെയും ആളുകള്‍ തെരുവില്‍ ഉപേക്ഷിക്കും. അവിടെ സുലഭമായി കിട്ടുന്ന ഭക്ഷണം കഴിച്ച് അവ പെറ്റു പെരുകും. 

നായ്ക്കളുടെ ആക്രമണത്തിന് കൂടുതലും ഇരകളാകുന്നത് തങ്ങള്‍ക്ക് എളുപ്പം കീഴടക്കാന്‍ കഴിയുന്ന വൃദ്ധരെയും കുട്ടികളെയുമാണ.് ഈ വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെങ്കില്‍ ഒരു പ്രദേശത്തെ തെരുവ് നായ്ക്കളുടെ എണ്ണം കൃത്യമായി തിട്ടപെടുത്തണം, അതിനനുസരിച് വേണം അവയുടെ നിയന്ത്രണത്തിനുള്ള പരിപാടികള്‍ നടപ്പിലാക്കാന്‍. ഇത് അധികാരികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണെങ്കില്‍ ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം പരിസര ശുചീകരണത്തില്‍ ജാഗ്രത പുലര്‍ത്തുകയെന്നതാണ്. മാംസാവശിഷ്ടങ്ങളും ഭക്ഷണ സാധനങ്ങളും വലിച്ചെറിയാതിരിക്കന്‍ ശ്രദ്ധിക്കണം’; ഡോ. പ്രിയന്‍ ചൂണ്ടിക്കാണിക്കുന്നു.

മാലിന്യ സംസ്‌കരണ കാര്യത്തില്‍ നമ്മുടെ സംവിധാനങ്ങള്‍ ഏതാണ്ട് പൂര്‍ണ പരാജയം തന്നെയാണ്. അതില്‍ തന്നെ ഇപ്പോള്‍ ഏറ്റവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് അറവു ശാലകളിലെയും മറ്റും മാംസാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ കൊണ്ട് തള്ളുന്നത്. അത് പുഴയിലാവാം, വഴിയിലാവാം. മുന്‍പ് ആളുകള്‍ സ്വച്ഛമായി നീന്തിക്കുളിച്ചിരുന്ന പല പുഴക്കടവുകളിലും ഇപ്പോള്‍ നീര്‍ നായ്ക്കളെ പേടിച്ച് ഇറങ്ങാന്‍ വയ്യത്ത അവസ്ഥയാണ്. പുഴയോരങ്ങളില്‍ കൊണ്ടുവന്ന തള്ളുന്ന മാംസാവശിഷ്ടങ്ങള്‍ തിന്നു ജീവിക്കുന്ന ഇവ വേഗത്തില്‍ പെറ്റു പെരുകുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്നു. ഇത് ചിലര്‍ക്കൊക്കെ നിസ്സാരമെന്ന് തോന്നുമെങ്കിലും ഇത്തരത്തില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിന്റെ ഫലം തന്നെയാണ് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ കേരളത്തെയാകെ ഞെട്ടിച്ച പുല്ലുവിളയില്‍ ശീലുവമ്മയുടെ മരണത്തിലേക്ക് നയിച്ച തെരുവുനായ ആക്രമണവും.

പുല്ലുവിളയിലെ പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നതും അധികൃതര്‍ അവഗണിക്കുന്ന ഈ കാര്യങ്ങള്‍ തന്നെയാണ്. കോഴിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കടപ്പുറത്തു കൊണ്ട് വന്നു തള്ളുന്നതും പ്രാദേശികമായി മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങള്‍ ഇല്ലാത്തതും ഇവിടുത്തെ ജനങ്ങളെ ദുരിതത്തിലാക്കുന്നു.

കാര്‍ണിവോറസ് വിഭാഗത്തില്‍ പെടുന്ന നായകള്‍ പച്ചമാംസത്തോട് പ്രത്യേക പ്രതിപത്തികാണിക്കുന്നവയാണ്. ഇവയുടെ വിഭാഗത്തിലുള്ള ചെന്നായ്, കുറുക്കന്‍ എന്നീ മൃഗങ്ങളെപ്പൊലെ മാംസത്തിനുവേണ്ടി ചെറു ജീവികളെ തുടങ്ങി മനുഷ്യനെ വരെ കൂട്ടത്തോടെ ആക്രമിക്കുന്നു. പ്ലാസന്റയും മറ്റ് ശസ്ത്രക്രിയ മാലിന്യങ്ങളും ശരിയായി മറവു ചെയ്യാതിരുന്ന ആശുപത്രികളില്‍ നായകളും പൂച്ചകളും പെറ്റു പെരുകി ശിശുക്കളെയും മറ്റ് മനുഷ്യരെയും ആക്രമിച്ച സംഭവങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് നമ്മുടെ സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തകളിലേക്കു തന്നെയാണ്.

ശരാശരി മാംസ ഉപയോഗത്തില്‍ ദേശിയ തലത്തില്‍ തന്നെ ഏറെ മുന്നില്‍ നില്‍കുന്ന കേരളത്തില്‍ എന്തുകൊണ്ട് വൃത്തിയുള്ള ആധുനിക സൗകര്യങ്ങളും മാലിന്യ സംസ്‌കരണ ശേഷിയുമുള്ള അറവു ശാലകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ മുന്‍ കൈ എടുക്കുന്നില്ല? അത്തരം അറവുശാലകളുടെ പ്രവര്‍ത്തനം ഉദ്ഘാടനദിനത്തില്‍ തന്നെ അവസാനിപ്പിക്കാതെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോവാന്‍ നടപടികള്‍ വേണം.

ശൗചാലയത്തിന്റെ പരസ്യം കണ്ട് ചിരിച്ചവര്‍ക്ക് ഇവിടെയും ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകള്‍ ഉണ്ടെന്നും മലമൂത്ര വിസര്‍ജ്ജനത്തിന് ആളുകള്‍ വെളിമ്പ്രദേശങ്ങളെ ആശ്രയിക്കുന്നുണ്ടെന്നും മനസ്സിലാക്കാന്‍ തെരുവുനായ ആക്രമണം തന്നെ വേണ്ടി വന്നു. എങ്കില്‍ ഇതു കൂടി കേള്‍ക്കണം; കേരളത്തിലെ പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് തീരമേഖലകളിലെ കിണറുകളിലും മറ്റു ജല സ്രോതസ്സുകളിലും ഇക്കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം വളരെ കൂടിയ അളവില്‍ കണ്ടെത്തിയിട്ടുണ്ട്. തുറസ്സായ സ്ഥലത്തെ മനുഷ്യ വിസര്‍ജ്യങ്ങള്‍ വെള്ളത്തില്‍ കലര്‍ന്ന് എത്തുമ്പോഴാണ് ഈ ബാക്ടീരിയ പെരുകുന്നത്.

ഇവയൊക്കെ വിരല്‍ ചൂണ്ടുന്നത് നാം പുറമെ നടിക്കുന്ന മേനികള്‍ക്കും കപട ശുചിത്വ ബോധത്തിനുമപ്പുറമുള്ള വൃത്തികേടുകളിലെക്ക് തന്നെയാണ്.

നമ്മുടെ ചുറ്റുപാടുകള്‍ വൃത്തിയാക്കാനുള്ള സംവിധാനങ്ങള്‍ നടപ്പാക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞേക്കാം. പക്ഷെ വൃത്തികേടാക്കാതിരിക്കാന്‍ ഓരോ പൗരനും മനസുവയ്ക്കണം. ശുചിത്വ ബോധം എന്നതു സ്വന്തം മതിലിനു പുറത്തേക്കുകൂടി വളര്‍ത്താന്‍ ഇനിയെങ്കിലും മലയാളി ശീലിക്കണം. അതില്ലാതെയുണ്ടാവുന്ന ദുരന്തങ്ങള്‍ക്ക് നായയല്ല മനുഷ്യന്‍ തന്നെയാണ് ഉത്തരവാദി.

( സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍