കഴിഞ്ഞ ദിവസം വയസായ ഒരു സ്ത്രീ പട്ടികള്‍ കടിച്ചുകീറി തിന്നാന്‍ ശ്രമിക്കുന്നതിനിടെ മരണപ്പെടുകയുണ്ടായി. വിശന്ന പട്ടികളുടെ ഒരു നൈസര്‍ഗിക പ്രവണതയാണ് ഇതെന്നും ഇത് എതിര്‍ക്കുന്നത് പട്ടികളുടെ ന്യായമായ അവകാശലംഘനവും അവരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലും ആവുമെന്ന് ഉന്നതങ്ങളില്‍ നിന്ന് അരുളപ്പാടുകള്‍ വരികയും ഉണ്ടായി.
മരിച്ച സ്ത്രീ ഇറച്ചി കൈയില്‍ വച്ചിരുന്നിരിക്കാം എന്ന ഒരു അതിമനോഹര തിയറി ഉദയം ചെയ്തതും നാം മറക്കുന്നില്ല. പിന്നീട് നടന്ന അന്വേഷണത്തില്‍ അതുശരിയാണെന്ന് തെളിയുകയും ചെയ്തു. രാവിലെ ടോയ്‌ലറ്റില്‍ പോകാന്‍ ഇറങ്ങിയ സ്ത്രീയുടെ എല്ലുകളുടെ ഉള്ളില്‍ മജ്ജയും പുറത്ത് മാംസവും ഇടയില്‍ സിരകളില്‍ മനുഷ്യരക്തവും തലയോട്ടിക്കുള്ളില്‍ വികാരങ്ങളും വിചാരങ്ങളുമോടുന്ന ഒരു തലച്ചോറും ഉണ്ടായിരുന്നത്രേ. അപ്പോള്‍ പട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
വേറെ ചിലര്‍ ചോദിക്കുന്നത് നമ്മള്‍ കേരളീയര്‍ക്ക് മാത്രം എന്തിന്റെ കടി (!) ആണെന്നാണ്. എന്തിന് പട്ടികള്‍ മലയാളികളെ മാത്രം കടിക്കുന്നു? എന്തിന് നമ്മള്‍ മാത്രം ബഹളം വയ്ക്കുന്നു? എന്തിന് വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും മുന്നില്‍ നില്‍ക്കുന്ന നാം അതിനിഷ്ഠൂരമായി നായ്ക്കളെ കൊന്നൊടുക്കണം എന്നാവശ്യപ്പെടുന്നു? അറിയില്ല. ഞാന്‍ ബാംഗ്ലൂരില്‍ ഒരാസ്പത്രിയില്‍ ജോലി ചെയ്യുന്ന സമയത്ത് രാത്രി ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് പോകേണ്ടി വന്നാല്‍ വടിയും എടുത്തുകൊണ്ടാണ് പോകുന്നത്. തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിക്കും. വടിയുണ്ടെങ്കിലും ചിലപ്പോള്‍ രക്ഷയില്ല. അതിഭീകര അവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ അവസാനം അഞ്ഞൂറു മീറ്റര്‍ പോകാന്‍ കാറെടുക്കുകയാണ് പതിവ്. ഈ സംഭവത്തിനുശേഷം എന്റെ മൂന്നു കൂട്ടുകാര്‍ക്ക് ഇതേ അനുഭവം ബോംബെയിലും ലക്‌നൗവിലും മറ്റു പല സ്ഥലങ്ങളില്‍ വച്ചും ഉണ്ടായിട്ടുണ്ടത്രേ.
സംശയമില്ല മലയാളികളെയാണ് തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. ഇറച്ചി തീറ്റക്കാരും പട്ടിദ്രോഹികളുമായ കേരളീയര്‍ക്കെതിരെ ഒരന്താരാഷ്ട്ര ശുനക ഗൂഢാലോചന ഉണ്ട് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
ബാംഗ്ലൂരില്‍ ജോലി ചെയ്യുമ്പോഴാണ് നാലു വയസ്സുള്ള ഒരു പെണ്‍കുഞ്ഞിനെ നായ്ക്കള്‍ കടിച്ചു കൊന്ന് പാതി ഭക്ഷിച്ച നിലയില്‍ കൊണ്ടുവന്നത്. ആ കുഞ്ഞ് മലയാളിയൊന്നും ആയിരുന്നില്ല. അതൊന്നും പത്രത്തില്‍ വന്നതേയില്ല. അവിടെയൊക്കെ പട്ടികള്‍ക്കുള്ള അവകാശത്തെപ്പറ്റി എല്ലാവര്‍ക്കും ബോദ്ധ്യമുണ്ട്.
അതിനു മുന്നേ പോണ്ടിച്ചേരിയില്‍ വച്ചും ഒരു കുഞ്ഞിന്റെ പട്ടികള്‍ കടിച്ചു പറിച്ച മൃതദേഹം കാണേണ്ടി വന്നു. മുഖഭാഗങ്ങള്‍, ചെവി, വിരലുകള്‍ എണ്ണത്തിന് കണക്കൊന്നുമില്ല. കേരളത്തിനകത്തും പുറത്തും.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോഴാണ് പേവിഷബാധ വന്നുപെട്ട രോഗികളെ കാണുന്നത്. ഒരമ്പതുവയസ്സുകാരന്റെ സെല്ലില്‍ കിടുന്നുള്ള വെപ്രാളവും മസിലുകളുടെ കോച്ചിപ്പിടിയും വെള്ളം കുടിക്കാന്‍ പറ്റാതെയുള്ള മരണവും അയാളുടെ കുട്ടികളുടെ ദയനീയ കരച്ചിലുകളും ഞാന്‍ ഓര്‍ക്കുന്നു.
സത്യം പറയട്ടെ – എനിക്കു വലിയ മനസ്സാക്ഷി ഒന്നുമില്ല. ആന്റിബയോട്ടിക്കുകള്‍ കൊടുത്ത് കോടിക്കണക്കിന് അണുജീവികളെയാണ് ഞാനും ഞാനടങ്ങുന്ന വര്‍ഗ്ഗവും ഓരോ ദിവസവും കൊല്ലുന്നത്.
മലേറിയ, ഡെങ്കി, യെല്ലോഫിവര്‍ ഇതൊക്കെ പരത്തും എന്ന തൊടുന്യായം പറഞ്ഞ് എത്ര ലക്ഷം കൊതുകുകളേയാണ് ദിനംപ്രതി കൊന്നൊടുക്കുന്നത്? കൊതുക് എന്തു പിഴച്ചു, ഹേ? കൊതുക് മനഃപൂര്‍വ്വമല്ല അതൊക്കെ ചെയ്യുന്നത്.
പിന്നെ എന്റെ വീട്ടില്‍ വിരുന്നുകാരായി വരുന്ന പാറ്റകള്‍, പല്ലികള്‍, എലികള്‍ എന്നുവേണ്ട; സകലമാന ക്ഷുദ്രജീവികളേയും താപ്പു കിട്ടിയാല്‍ ഞാന്‍ കൊന്നൊടുക്കും. ഈച്ചകളേയും. മഹാപാതകം.
അനിയന്ത്രിതമായി പെറ്റുപെരുകുന്ന ബുദ്ധിശക്തി അധികമുള്ള ആനകള്‍ അടക്കമുള്ള വന്യജീവികളെ ആവശ്യം വന്നാല്‍ പല രാജ്യങ്ങളിലും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കൊല്ലാറുണ്ട്. പിന്നെ ലജ്ജയോടും ലേശം ഭയത്തോടും പറയട്ടേ – ഞാനൊരു വെജിറ്റേറിയനല്ല. പോര്‍ക്ക്, കോഴി, ആട്, മത്സ്യങ്ങള്‍ എന്നുവേണ്ട തരം കിട്ടിയാല്‍ ബീ…. അതും തിന്നും.
ചില സംഭവങ്ങള്‍ ഞാന്‍ തിന്നില്ല. നാലുകാലില്‍ ഉള്ളതില്‍ മേശ, മൂന്നു കാലുള്ള സ്റ്റൂള്, രണ്ടുകാലുള്ള ഏണി, ഇഴഞ്ഞു നടക്കുന്നതില്‍ കയറ്, പറക്കുന്ന സാധനങ്ങളില്‍ വിമാനം (ബഷീറിനോട് കടപ്പാട്) ഇത്രയും സാധനങ്ങള്‍ ഞാന്‍ തിന്നില്ല.
ഇത്രയും മന:സാക്ഷിയില്ലാത്ത ഞാന്‍ പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നറിയില്ല: തെരുവുനായ്ക്കളെ മനുഷ്യത്വപരമായി കൊല്ലണം. ഇല്ലെങ്കില്‍ എന്നേക്കാളും മനഃസാക്ഷിയില്ലാത്തവര്‍ക്ക് പച്ചക്ക് തല്ലിയും വിഷംകൊടുത്തും ചൂണ്ടക്കൊളുത്ത് തിന്നാന്‍ കൊടുത്തും ഒക്കെ കൊല്ലും. ദുഷ്ടമനുഷ്യര്‍ അങ്ങനെയാണ്; എന്താല്ലേ.
വന്ധ്യംകരിക്കാം – കരിച്ചോ. ഷെല്‍ട്ടറുകള്‍ പണിത് ലക്ഷം വരുന്ന പട്ടികളെ പാര്‍പ്പിക്കാം – പാര്‍പ്പിച്ചോ. പെട്ടന്ന് വേണട്ടോ. എന്നിട്ട് ശരിയായില്ലെങ്കില്‍ ഉടന്‍ ശാസ്ത്രീയമായി ഇല്ലായ്മ ചെയ്യാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം.
തെരുവുനായ്ക്കള്‍ക്ക് സവിശേഷ ബുദ്ധിയില്ലേ? മനുഷ്യരല്ലേ ഇതിനൊക്കെ കാരണം? കാട്ടില്‍ പണ്ടു നടന്ന ചെന്നായയെ പിടിച്ച് വളര്‍ത്തി ഉപയോഗിച്ച്, ഉപേക്ഷിച്ച് ഈ കോലമാക്കിയത് നാമല്ലേ? കഷ്ടമല്ലേ അതിനെ കൊല്ലുന്നത്? ശരിയാണ്. കഷ്ടംതന്നെയാണ്. പക്ഷേ മനുഷ്യജീവിതം വലുതാണെങ്കില്‍ പ്രായോഗികതയാണ് പ്രാധാന്യം.
നമ്മുടെ നാട്ടില്‍ മനുഷ്യന്മാര്‍ക്ക് സ്വൈര്യമായി ജീവിക്കാവുന്ന ഒരു സ്ഥിതിവിശേഷം ഉരുത്തിരിഞ്ഞു വരട്ടെ. എന്നിട്ടു നമുക്കു പറയാം:
”ഈ പട്ട്യോളും മനുഷമ്മാര് തന്നല്ലേ?
അവറ്റക്കും ജീവിക്കാന്‍ അവകാശമില്ലേ?”
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)