ഉണ്ണികൃഷ്ണന്‍ വി
തിരുവനന്തപുരത്തെ പേയാടുള്ള ചന്തമുക്കിലേക്ക് മുടവന്‍മുകളിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്ന് ഏഴ് കിലോമീറ്ററും രഞ്ജിനി ഹരിദാസിന് കൊച്ചിയില്‍ നിന്ന് 216 കിലോമീറ്ററും മാത്രം. രഞ്ജിനിക്ക് കൊച്ചിയില്‍ നിന്ന് എസി കാറിലോ വിമാനത്തിലോ വരാം. മോഹന്‍ലാലിന് സൈക്കിളില്‍ വേണമെങ്കിലും വരാവുന്ന ദൂരമേയുള്ളൂ. അവിടെ സാറാമ്മ എന്നൊരു സ്ത്രീയുണ്ട്. നിങ്ങള്‍ തീര്‍ച്ചയായും പരിചയപ്പെടണം ഇവരെ. അവരുടെ ലോകം കാണണം. അവരുടെ ജീവിതം കേള്‍ക്കണം.
പേയാട് ചന്തമുക്കില്‍ നിന്നും ബിപി നഗറിലേക്കുള്ള വഴിയില്‍ ഏകദേശം 400 മീറ്റര്‍ പിന്നിട്ടു കഴിയുമ്പോള്‍ ഇടതു വശത്തായി അഭയാര്‍ത്ഥി ക്യാമ്പ് പോലെ അവിടവിടെയായി സാരിയും ടാര്‍പ്പാളിനും കൊണ്ട് കെട്ടിയ ചെറിയ ടെന്‍റുകളും തടിമില്ലില്‍ നിന്നും മിച്ചം വരുന്ന കഷ്ണങ്ങള്‍ കൂട്ടിക്കെട്ടിയത് പോലെയുള്ള കൂടുകളും പണി തീരാത്ത ഒരു വീടും കാണാം. കൂടെ പലയിടത്തായി ചാരി വച്ചിരിക്കുന്ന ടിന്‍ ഷീറ്റുകളും പലകകളും. ഇതിന്റെയൊക്കെ ഇടയില്‍ കുറച്ചു ജീവനുകളുണ്ട്.
96 തെരുവുനായകള്‍, ഇരുപതില്‍പ്പരം പൂച്ചകള്‍, മൂന്ന് ആടുകള്‍, ഇരുപതോളം കോഴികള്‍, താറാവുകള്‍, ഒരു കൃഷ്ണപ്പരുന്ത്, രണ്ടു തത്തകള്‍, പത്തോളം ലവ് ബേര്‍ഡ്സ്, രണ്ട് ആമ പിന്നെ സാറാമ്മയും. കോഴി എന്ന് പറഞ്ഞാല്‍ താറാവുകള്‍ക്ക് രോഗം പടര്‍ന്ന സമയത്ത് ആലപ്പുഴയില്‍ കൊല്ലാന്‍ തുടങ്ങിയ കോഴികളില്‍ ബാക്കിയുള്ളത് ഉടമ സാറാമ്മയെ ഏല്പ്പിച്ചതാണ്. ഇതെല്ലാം കേട്ടിട്ട് അതൊരു ഫാം ആണെന്ന് തെറ്റിദ്ധരിക്കരുത്. അവിടെയുള്ള മിക്ക അന്തേവാസികളും മനുഷ്യന്‍റെ ക്രൂരതയുടെ ആഴം അറിഞ്ഞവരാണ്.
“സാറാമ്മയ്ക്ക് വേറെ പണിയില്ലേ, ഇവറ്റകളെ എവിടെങ്കിലും കൊണ്ടു കളഞ്ഞിട്ട് മനുഷ്യന്മാരെ പോലെ ജീവിച്ചൂടെ ?”
ഈ ചോദ്യമാണ് വര്‍ഷങ്ങളായി സാറാമ്മയോട് നാട്ടുകാരും വീട്ടുകാരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുത്തരമായി അവരെത്തന്നെ സ്നേഹത്തോടെ നോക്കി നില്‍ക്കുന്ന 150 ജോഡി കണ്ണുകള്‍ സാറാമ്മ ചൂണ്ടിക്കാട്ടും. ദൂരെനിന്നും അവരെ കാണുമ്പോള്‍ അമ്മയെ കാണാതെ കരയുന്ന കുട്ടികളെപ്പോലെ ശബ്ദമുണ്ടാക്കുന്ന, നാട്ടുകാര്‍ ശല്യമെന്ന് മുദ്രകുത്തിയ ഈ മിണ്ടാപ്രാണികളാണ് അതിനു കാരണം എന്ന് അവര്‍ വിളിച്ചു പറയും.
“കുഞ്ഞായിരുന്നപ്പോള്‍ തന്നെ തുടങ്ങിയതാണ് എനിക്കീ ശീലങ്ങള്‍. ഞാന്‍ ചോറുണ്ണണമെങ്കില്‍ പൂച്ചയെ കാണിച്ചു തരണമായിരുന്നു എന്ന് അമ്മ പറയുമായിരുന്നു. ഒന്‍പതു വയസ്സൊക്കെ ഉള്ളപ്പോ സ്കൂളില്‍ കൊണ്ടുപോകുന്ന ചോറൊക്കെ വഴിയില്‍ കാണുന്ന പൂച്ചയ്ക്കും പട്ടിക്കും കൊടുക്കും. ചിലപ്പോ വീട്ടുകാര്‍ അറിയാതെയും എടുത്തു കൊണ്ടുകൊടുക്കും. അന്നതിനു കുറേ തല്ലൊക്കെ കിട്ടിയിട്ടുണ്ട്. പക്ഷേ തല്ലൊന്നും നമുക്ക് പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല. വളര്‍ന്നപ്പോഴും അതൊക്കെ ഒരു മാറ്റവുമില്ലാതെ തുടര്‍ന്നു, പൂര്‍വ്വാധികം ശക്തിയോടെ.” കസേരയുടെ താഴെ നിന്നുകൊണ്ട് മുന്‍കാലുകള്‍ മടിയിലേക്ക് എടുത്തു വച്ച മങ്കീസ് എന്ന നായക്കുട്ടിയെ മടിയില്‍ ഇരുത്തിക്കൊണ്ട് സാറാമ്മ പറഞ്ഞു.
“മങ്കീസിനെ എനിക്ക് കിട്ടിയത് കാട്ടാക്കട ബസ്സ്റ്റാന്‍ഡില്‍ നിന്നാണ്. സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ അവിടെ ഒരു മൂലയ്ക്ക് ഇരിക്കുന്ന ചാക്ക് അനങ്ങുന്നുണ്ടായിരുന്നു. അടുക്കാന്‍ പറ്റാത്ത ദുര്‍ഗന്ധവും. അടുത്ത് ചെന്നപ്പോള്‍ അവിടെ നിന്ന പെണ്ണുങ്ങള്‍ പറഞ്ഞു പുഴുത്ത പട്ടിയാണ്, നിങ്ങള്‍ക്ക് വല്ല അസുഖവും വരും എന്ന്. അവളെ എടുത്തു വീട്ടില്‍ കൊണ്ടുവന്നു. കുളിപ്പിച്ചു, മരുന്ന് കൊടുത്തു. ഇപ്പൊ അവളെ നോക്കിയേ… സുന്ദരിക്കുട്ടിയല്ലേ. ഇവളുണ്ടല്ലോ അരിക്ക് വെള്ളം വെച്ചാലുടന്‍ ചീവീട് കരയുന്ന പോലെ ശബ്ദം ഉണ്ടാക്കും. ആദ്യം ചോറ് കൊണ്ടുവന്ന് മുന്നില്‍ വയ്ക്കുന്നതുവരെ ആ ശബ്ദം തുടരും. ഇങ്ങനെ ഇവിടെയുള്ള ഈ മക്കളെയെല്ലാം പലയിടങ്ങളില്‍ നിന്നും കിട്ടിയതാണ്.”
ചിപ്പി, പക്രു, ഗിഫ്ടി, ബ്യൂട്ടി, പ്യാരി, സീബ്ര എന്നിങ്ങനെ പേരുകള്‍ നീളുന്നു. സാറാമ്മയൊന്ന് പേര് നീട്ടി വിളിക്കുമ്പോള്‍ എല്ലാവരും ഓടിയടുത്തെത്തും.
സാറാമ്മ പേയാട് എത്തിയിട്ട് ഇപ്പൊ 25 വര്‍ഷമായി. സര്‍ക്കാര്‍ ജോലിയായിരുന്നു. ഭൂതകാലം ചികയാന്‍ അവര്‍ക്ക് തീരെ താല്‍പ്പര്യമില്ല. താന്‍ ആരായിരുന്നു എന്നല്ല, താന്‍ ഇപ്പൊ ആരാണ് എന്നത് മാത്രമേ അവര്‍ ആരോടും പറയാറുള്ളൂ. നിര്‍ബന്ധിച്ചപ്പോള്‍ കുറച്ചു കൂടി കാര്യങ്ങള്‍ അവര്‍ പറഞ്ഞു .
“സര്‍ക്കാര്‍ ജോലിയിലായിരുന്നു. സര്‍വീസില്‍ ഇരിക്കുമ്പോഴാണ് വിവാഹം കഴിയുന്നത്. ഏതു വകുപ്പിലായിരുന്നു എന്നൊന്നും ചോദിക്കരുത്. അതൊന്നും ഇപ്പൊ ഓര്‍മ്മിക്കാന്‍ തീരെ താല്‍പ്പര്യമില്ല. അതുകൊണ്ടാണ് സര്‍വ്വീസില്‍ നിന്ന് ഞാന്‍ വി ആര്‍ എസ് വാങ്ങിയത്. എന്‍റെ ഈ മക്കളെ നോക്കാന്‍ വേണ്ടി. ഭര്‍ത്താവ് മരിച്ചു പോയി. ഇപ്പോള്‍ മകള്‍ മാത്രമേ ഉള്ളൂ. എന്‍റെ മൃഗസ്നേഹം കാരണം കുടുംബം നശിച്ചു എന്നും പറഞ്ഞു അവള്‍ പോയി. അല്ലെങ്കിലും കഷ്ടപ്പാടുകള്‍ അനുഭവിക്കാന്‍ കൂടെ ആളുണ്ടാവില്ലല്ലോ. കഷ്ടപ്പാട് എന്ന് ഞാന്‍ ഉദ്ദേശിച്ചത് ഇവരെ പോറ്റുന്നതല്ല, എനിക്ക് ജീവനുള്ളിടത്തോളം കാലം ഞാനത് ചെയ്യും”.
മങ്കീസിനെപ്പോലെ പല അസുഖങ്ങളും അംഗഭംഗവും വന്ന ഈ നായകള്‍ക്ക് സാറാമ്മ അമ്മയാണ്. തെരുവിലെ ശല്യക്കാരെന്ന് സമൂഹം എഴുതിത്തള്ളിയവര്‍ അവരുടെ ഒരു തലോടലിനും അവര്‍ നല്‍കുന്ന സ്നേഹത്തിന്റെയും മുന്നില്‍ മക്കളാവും. അവരില്‍ മുന്തിയ ഇനം നായ്ക്കളുമുണ്ട്. ഒരു കണ്ണിനു കാഴ്ച നഷ്ടപ്പെട്ട വെള്ള ലാബ്രഡോര്‍ ക്രോസ് വരെ അക്കൂട്ടത്തിലുണ്ട്.
15 സെന്റു സ്ഥലത്താണ് സാറാമ്മയും മക്കളും താമസിക്കുന്നത്. ഒരിക്കല്‍ ആ സ്ഥലം അവരുടെ സ്വന്തമായിരുന്നു. ഒരു ഫോര്‍ വീലറും ഇരുനിലയുള്ള ഒരു വീടും അവര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് സ്വന്തം എന്ന് പറയാന്‍ മക്കളേ എന്നവര്‍ വിളിക്കുന്ന മിണ്ടാപ്രാണികള്‍ മാത്രം. പതിനഞ്ചു സെന്റ് അവരുടെ സഹോദരിയുടെ പേരിലാണ്. പറമ്പ് മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന മക്കളെ പോറ്റാന്‍ അവര്‍ അവസാനമായി തന്റെ പേരിലുണ്ടായിരുന്ന വസ്തുവും വില്‍ക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ആ പണി തീരാത്ത വീട്ടിന്‍റെ ഒരു മൂലയ്ക്കാണ് അവരുടെ താമസവും.
“ഒരു ദിവസം ഇവര്‍ക്കെല്ലാവര്‍ക്കും ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കണമെങ്കില്‍ 15 കിലോ അരി വേണം. കിളികള്‍ക്ക് ഉള്ളത് വേറെ. വരുമാനം ഒന്നും ഇല്ലല്ലോ ഇപ്പോള്‍. പണ്ട് ജോലിക്ക് ആളെ വച്ച് നോക്കുമായിരുന്നു. ജോലിക്ക് നിന്നവര്‍ നല്ല ഉത്തരവാദിത്വം ഉള്ളവര്‍ ആയിരുന്നതുകൊണ്ട് അവരെ പറഞ്ഞു വിട്ട് എനിക്ക് തന്നെ നില്‍ക്കേണ്ടി വന്നു. ഉണ്ടായിരുന്ന ഒരു തുണിക്കടയും രണ്ടു വര്‍ഷം മുന്‍പ് നിര്‍ത്തി. മിണ്ടാപ്രാണികള്‍ അല്ലേ, ജോലിക്കാര്‍ ഭക്ഷണം കൊടുത്തില്ലെങ്കില്‍ കൂടി അവര്‍ക്ക് വാ തുറന്നു പറയാന്‍ പറ്റില്ലല്ലോ. ഇപ്പോഴത്തെ അവസ്ഥ അതല്ല. ഇവര്‍ക്ക് മുഴുവന്‍ കൊടുക്കാന്‍ ഇന്ന് ഇവിടെ ഈ ഒരു ചക്ക മാത്രമേ ഉള്ളൂ”
നിലത്തു കിടന്ന ചക്ക ചൂണ്ടിക്കാട്ടി സാറാമ്മ തുടര്‍ന്നു.
“അഞ്ചു ചുള വച്ച് കൊടുത്താല്‍ പോലും തികയില്ല. അവര്‍ക്ക് കൊടുക്കാതെ ഞാനും കഴിക്കില്ല. പല ദിവസവും ഇതൊക്കെ തന്നെയാവും അവസ്ഥ. കഴിക്കാന്‍ ഇല്ലെന്നുള്ളതാണ് സത്യം. 2001-ല്‍ പരിചയമുള്ളവരുടെ നിര്‍ബന്ധം കാരണം ആക്ഷന്‍ ഫോര്‍ ഡിസ്ട്രസ്സ്ഡ് അനിമല്‍സ് എന്ന പേരില്‍ ഒരു സംഘടനയായി രജിസ്റ്റര്‍ ചെയ്തു. വര്‍ഷാവര്‍ഷം അതിന്റെ പേരില്‍ സര്‍ക്കാരിനു കണക്കു കൊടുക്കാന്‍ വേണം 1000 രൂപ. അല്ലാതെ അതുകൊണ്ട് ഗുണം ഒന്നും ഉണ്ടായിട്ടില്ല. വീട്ടിനു തൊട്ടടുത്ത് ഉണ്ടായിരുന്ന ടാപ്പ് വരെ ഇപ്പൊ ലോക്ക് ചെയ്തിരിക്കയാണ്. അതെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്‍റെ പിള്ളേര്‍ക്ക് കുടിക്കാന്‍ വെള്ളം എങ്കിലും കൊടുക്കാമായിരുന്നു. ഇതുവരെ പഞ്ചായത്ത് ഇവിടെ വൈദ്യുതി തന്നിട്ടില്ല, വാട്ടര്‍ കണക്ഷനും. ഇവര്‍ക്ക് കുടിക്കാനും കുളിപ്പിക്കാനും ഞാന്‍ കിണറില്‍ നിന്നും വെള്ളം കോരിയാണ് എടുക്കുന്നത്. എത്രയോ ആള്‍ക്കാര്‍ക്ക് സര്‍ക്കാര്‍ വീട് കൊടുക്കുന്നു, സ്വന്തമായി സ്ഥലം പതിച്ചു കൊടുക്കുന്നു; എവിടെയെങ്കിലും ഞങ്ങള്‍ക്ക് ഇത്തിരി സ്ഥലം തന്നിരുന്നെങ്കിലോ.
മടിയില്‍ കിടന്ന മങ്കീസ് ഇടക്കിടെ പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു സാറാമ്മയുടെ മുഖത്തേക്ക്. എനിക്കൊന്നും തരുന്നില്ലേ എന്ന് പറയാതെ പറയുന്ന നോട്ടം .
മങ്കീസിനെ തിരിച്ചു കിടത്തി സാറാമ്മ അവളോട് പറഞ്ഞു, “ചേട്ടന് നിന്‍റെ വയര്‍ കാണിച്ചു കൊടുക്ക്. വയറ്റില്‍ ഒന്നുമില്ലെന്ന് ചേട്ടനും കാണട്ടെ.”
“സായിബാബാക്കാര് ശനിയാഴ്ചയോ ഞായറാഴ്ചയോ രാവിലെ ഇഡ്ഡലി കൊണ്ടുത്തരും. എന്തെങ്കിലും വിശേഷമുള്ള ദിവസമാണെങ്കില്‍ മിച്ചം വരുന്ന ഭക്ഷണം അവര് വണ്ടി പിടിച്ചു കൊണ്ടുവരും. അക്കൂട്ടത്തിലുള്ള ഒരു സാര്‍ എല്ലാ ആഴ്ചയിലും അഞ്ചു കിലോ അരി കൊണ്ടുവരും. അല്ലാതെ വേറെ സഹായങ്ങള്‍ ആരും അങ്ങനെ ചെയ്യാറില്ല. ഒരു മഴ പെയ്താല്‍ ഇവരുടെ കാര്യം എല്ലാം വെള്ളത്തിലാവും. എന്താ ഇനി ചെയ്യേണ്ടത് എന്ന്‍ എനിക്കും അറിയില്ല.
മുഖ്യമന്ത്രിയെ ജനസമ്പര്‍ക്ക പരിപാടിയില്‍ പോയിക്കണ്ടിരുന്നു, എന്തെങ്കിലും സഹായം ചെയ്യുമോ എന്നറിയാന്‍. ഉടനെ ശരിയാക്കി തരാം എന്ന് പറഞ്ഞു. ഇതുവരെ ഒരു അറിവുമില്ല.
ഇടയ്ക്ക് മേനക ഗാന്ധിക്ക് ഒരു കത്ത് അയച്ചിരുന്നു. അവരുടെ സംഘടന കേരളത്തിലും ഉണ്ടല്ലൊ, അവര്‍ മറുപടി അയച്ചു. കേരളത്തിലെ ചുമതല ലീലാ ലത്തീഫ് എന്ന ആളിനാണ്, അവരെ പോയി കണ്ടാല്‍ മതി എന്ന് പറഞ്ഞു. ഞാന്‍ അവരെ ചെന്ന് കണ്ടപ്പോ അവരു പറഞ്ഞത് ഇതാ, “സാറാമ്മയ്ക്ക് തരാന്‍ എന്റെ കൈയ്യില്‍ വല്ലോം തന്നിട്ടുണ്ടോ എന്ന് സാറാമ്മ, മനേകാ ഗാന്ധിയോട് തന്നെ ചോദിക്ക് ”
അങ്ങനെ പറ്റിപ്പുകള്‍ ഒരുപാടു പറ്റിയിട്ടുണ്ട് സാറാമ്മയ്ക്ക്.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പ്രതിനിധികള്‍ ഒരിക്കല്‍ ഇവിടെ വന്നു. ഇത്രയധികം മൃഗങ്ങള്‍ ഉള്ളതു കൊണ്ട് ഏഴ് തസ്തികകളില്‍ നിയമനം നടത്തണം എന്നാണ് അവരുടെ കണ്ടെത്തല്‍. “സ്റ്റാഫിന് ശമ്പളം കൊടുക്കാന്‍ കാശുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇവര്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കാന്‍ നോക്കിയേനെ.”
“ഇവിടെ കൊണ്ടുവന്ന മിണ്ടാപ്രാണികളുടെ എല്ലാം വിവരങ്ങള്‍ എഴുതി വയ്ക്കുന്ന ശീലമുണ്ടായിരുന്നു എനിക്ക്. അങ്ങനെ രണ്ടു ബുക്ക് നിറച്ചും എഴുതി വച്ചിട്ടുണ്ടായിരുന്നു . പ്രസ്സ് ക്ലബ്ബില്‍ നിന്നും വന്നതാണെന്നും പറഞ്ഞു കൊണ്ട് കുറച്ചു പെണ്‍പിള്ളേരും ആണ്‍പിള്ളേരും കൂടി വന്നു ഇവിടെ. ഈ ബുക്ക് കണ്ടപ്പോ ഞങ്ങള്‍ കൊണ്ടുപോയി കമ്പ്യൂട്ടറില്‍ ആക്കിത്തരാം, ഷൂട്ടു ചെയ്യാം എന്നൊക്കെപ്പറഞ്ഞു കൊണ്ട് അവരതു കൊണ്ടുപോയി. പിന്നെ ഒരു വിവരവുമില്ല. പ്രസ്സ് ക്ലബ്ബില്‍ ചോദിച്ചപ്പോള്‍ അവിടാര്‍ക്കും അറിയില്ല. അവിടെ ഒരുപാടു പേര്‍ വരുന്നതല്ലേ.”
“പിന്നെ പണി തന്നത് പിടിപി നഗറിലുള്ള ഒരു കോളേജ് ലക്ചറര്‍ ആണ്. എന്റെം പിള്ളേരുടേം ഫോട്ടോ ഒക്കെ എടുത്തോണ്ട് പോയി കോളേജ് പിള്ളേരുടെ കൈയ്യീന്നും മറ്റു സാറന്മാരുടെ കൈയ്യിന്നും കാശ് പിരിച്ചു. അവരു പുതിയ വീട് വച്ചതിന്‍റെ കടം കുറച്ചു തീര്‍ത്തു. എന്നിട്ട് അതിന്നു കുറച്ചു കാശും കൊണ്ട് ഇവിടെ വന്നു ഞാന്‍ വാങ്ങിയില്ല. മിണ്ടാപ്രാണികളുടെ പേരില്‍ വാങ്ങിയതല്ലേ മുഴുവനും അനുഭവിച്ചോട്ടെ .”
സര്‍വ്വീസില്‍ ഉള്ള സമയത്ത് സാറാമ്മ ഒരു റിബലായിരുന്നു.
“നേരില്‍ കാണുമ്പോ നായയെ കല്ലെറിയുന്ന ചിലര്‍ വാഹനത്തില്‍ നായ ബൊമ്മ വെച്ചിരിക്കുന്നത് കാണുമ്പോ ദേഷ്യം വരും. വണ്ടിയുള്ള സമയത്ത് അതില്‍ ഇപ്പോഴും മിനിമം അമ്പതു പ്രിന്റൌട്ട് കാണുമായിരുന്നു, അവര്‍ക്കെതിരെ. അങ്ങനെയുള്ള വിരോധികളുടെ വാഹനത്തില്‍ കൊണ്ടുപോയി ഒട്ടിക്കും അല്ലെങ്കില്‍ കീഹോളില്‍ തിരുകി വയ്ക്കും. ചിലപ്പോ കൂലിക്ക് ആളെ നിര്‍ത്തി നോട്ടീസ് കൊടുക്കുമായിരു ന്നു. രണ്ടര വര്‍ഷം ആകാശവാണിയില്‍ വയലും വീടും എന്ന സെക്ഷനില്‍ “കൊല്ലരുതേ, അയ്യോ പാപം ചെയ്യരുതേ” എന്നൊരു പ്രോഗ്രാമും ഞാന്‍ അവതരിപ്പിച്ചിരുന്നു.”
വേദനിപ്പിക്കുന്നതാണെങ്കിലും തികട്ടി വരുന്ന ചില ഓര്‍മ്മകള്‍ അവര്‍ പങ്കു വച്ചു.
ഇടയ്ക്ക് സാറാമ്മയുടെ ഫോണ്‍ ശബ്ദിച്ചു. ഒരു ചാനലില്‍ നിന്നാണ്. തെരുവുനായ ശല്യത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍. പല ചാനലുകളില്‍ നിന്നും ചര്‍ച്ചയ്ക്കു വിളിക്കാറുണ്ട് സാറാമ്മയെ. വരുന്ന പലര്‍ക്കും 10000 രൂപ വരെ കൊടുക്കാറുമുണ്ട്. പക്ഷേ സാറാമ്മയ്ക്ക് അതൊക്കെ കിടുന്നത് വിരളമാണ്. വണ്ടിക്കൂലിക്കു പോലും കാശില്ലാതെ പറഞ്ഞു വിട്ടിട്ടുള്ള സംഭവം ഉണ്ടായിട്ടുണ്ട് എന്ന് അവര്‍ പറയുന്നു.
മനുഷ്യപുത്രന്മാരെ നിങ്ങള്‍
ജനിച്ചതടിമകള്‍ ആകാനോ
രാവും പകലും കണ്ണീര്‍ ചൊരിയും
തെരുവ് മൃഗങ്ങള്‍ ആകാനോ-
പഴയൊരു സിനിമാ ഗാനത്തിന്റെ വരികള്‍ മൂളിയതിനു ശേഷം അവര്‍ തുടര്‍ന്നു .
“ചര്‍ച്ചയ്ക്ക് ചെന്നിരിക്കുമ്പോ തെരുവുനായ എന്ന് പറയുന്നത് കേള്‍ക്കാം. തെരുവുനായ അങ്ങനെ ആകാന്‍ കാരണം ആരാണ്? ഒന്നുകില്‍ പ്രായമാവുമ്പോള്‍ അല്ലെങ്കില്‍ അസുഖങ്ങള്‍ വരുമ്പോ ഈ പറയുന്ന ആളുകള്‍ തന്നെ അല്ല ഇവയെക്കൊണ്ട് തെരുവില്‍ തള്ളുന്നത്? എന്നിട്ട് മുക്കിനു മുക്കിനു ഇറച്ചിയും മറ്റുമുള്ള വേസ്റ്റും കൊണ്ട് ഇടും. ഭക്ഷണം കിട്ടുന്ന സ്ഥലത്തല്ലേ അവ നില്‍ക്കൂ. അല്ലാതെ തെരുവുനായ എന്ന് പറയുന്നത് ഒരു പ്രത്യേക ജന്തുവിഭാഗം വല്ലതും ആണോ? കൊല്ലണമെന്നും വന്ധ്യംകരണം നടത്തണം എന്നും പറയുന്നു. അമ്മത്തൊട്ടില്‍ ഉള്ളത് പോലെ പഞ്ചായത്ത് തോറും ഇവര്‍ക്കൊരു ഷെല്‍ട്ടര്‍ ഉണ്ടാക്കിക്കൂടെ. താല്പ്പര്യമുള്ളവര്‍ ഏറ്റെടുത്തു നടത്തട്ടെ. അല്ലാതെ വന്ധ്യംകരണം ചെയ്താലും ഇവയെ തെരുവിലോട്ടു തന്നെയല്ലേ ഇറക്കി വിടുന്നത്. നാട്ടുകാരുടെ തല്ലും ഏറും കൊണ്ടാവും പിന്നെയും ഇവയുടെ അവസാനം. പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും ഇമ്മാതിരി പരിപാടികള്‍ക്ക് കൂട്ട് നില്‍ക്കാത്തതുകൊണ്ടാണ് അവര്‍ എനിക്ക് സഹായം നല്‍കാത്തത്.”
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവര്‍ തുടര്‍ന്നു.
“എനിക്ക് വേറെയൊന്നും വേണ്ട, മഴയും വെയിലും കൊള്ളാതെ ഇവര്‍ക്ക് കിടക്കാന്‍ ഒരു സ്ഥലം വേണം, ഒരു നേരമെങ്കിലും വയറു നിറച്ച് ആഹാരം കൊടുക്കണം. അത്ര മാത്രമേയുള്ളൂ. അതിന് ആരെങ്കിലുമൊക്കെ സഹായിച്ചാലേ പറ്റൂ.”
“അമേരിക്കയിലെ ഒരു മ്യൂസിയത്തിനെക്കുറിച്ച് ആരോ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട് . ഓര്‍മ്മ ശരിയാണെങ്കില്‍ അതിന്‍റെ പടിയില്‍ “ഇന്നുവരെ ജനിച്ചതില്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ഉപദ്രവകാരിയായ ഒരു ജീവിയെ കാണാന്‍ അകത്തേക്ക് വരിക. അകത്തു ചെല്ലുമ്പോള്‍ അവിടെ എഴുതിയിട്ടുണ്ട്.മനുഷ്യാ അത് നീ തന്നെയാണ്.” എന്നെഴുതി വച്ചിട്ടുണ്ട്. എത്ര സത്യമാ അല്ലേ?”
സാറാമ്മ പറഞ്ഞു നിര്‍ത്തി.
അപ്പോഴേക്കും അവുടെ മക്കള്‍ വിളി തുടങ്ങിയിരുന്നു. കത്തിയുമെടുത്തു സാറാമ്മ ചക്ക വെട്ടാനായി തിരിഞ്ഞു. സാറാമ്മയുടെ മക്കള്‍ക്കുള്ള ഇന്നത്തെ പെഡിഗ്രി.
N.Saramma
Action for Distressed Animals
Shyni Nivas
B P Nagar
Pinarkonam, Peyad PO
Account No.-20223293936
IFSC Code-N0000941
Bank: SBI Trivandrum Branch
(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക