UPDATES

തെരുവുനായകളെ ഭയന്ന് കേരളം

Avatar

അര്‍ശാദ് തിരുവള്ളൂര്‍ 

കേരളത്തില്‍ അടുത്തിടെയായി നടക്കുന്ന തെരുവുനായ ആക്രമണ പ്രതിരോധചര്‍ച്ചകള്‍ ആഗോളതലത്തില്‍ വരെ പ്രതിധ്വനികള്‍ ഉണ്ടാക്കിയിരിക്കുകയാണ്. തെരുവുനായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതോടെ, പൊതുജനസുരക്ഷയെപ്രതി പേപ്പട്ടികളെ കൊല്ലാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നു തന്നെ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മൃഗസ്‌നേഹികളുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളടക്കം പലഭാഗത്തുനിന്നുമുള്ള പ്രതിഷേധം മൂലം താമസിയാതെ ഈ തീരുമാനം പിന്‍വലിക്കേണ്ടി വന്നു. തെരുവുനായകളെ കൊല്ലുന്നതിന് പകരം കുത്തിവെയ്പ്പടക്കമുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തില്‍ നിന്ന് ‘മൃഗസ്‌നേഹം’ സംരക്ഷിച്ച് മനുഷ്യനെ കുരുതിക്ക് കൊടുക്കുകയാണോയെന്ന മറുചോദ്യവും ഉയര്‍ന്നതോടെ തെരുവുനായ വിഷയം വിപുലമായ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു.

200 മില്യണിലധികം തെരുവുനായ്ക്കള്‍ ലോകത്തുണ്ട് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഓരോ വര്‍ഷവും 55,000 പേര്‍ പേവിഷബാധമൂലം മരണമടയുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ 95% പേപ്പട്ടി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഏഷ്യ-ആഫ്രിക്ക രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ ഒരുവര്‍ഷം രണ്ടരക്കോടി പേര്‍ക്കാണ് നായയുടെ കടിയേല്‍ക്കുന്നത്. മറ്റൊരു പ്രധാനസംഗതി തെരുവുനായ ആക്രമണത്തിനിരയാകുന്നവരില്‍ കാല്‍ഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ് എന്നതാണ്. തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ സ്ത്രീ ഇന്ന് മരണപ്പെടുകയും ഉണ്ടായി. ഈ വര്‍ഷം ഈ തരത്തിലുള്ള രണ്ടാമതതെ മരണമാണ് ഇത്.  മുന്‍ വര്‍ഷങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. 2013-ല്‍ 1.3 ലക്ഷം പേര്‍ക്കും 2014-ല്‍ 1.9 ലക്ഷം പേര്‍ക്കും നായയുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയിട്ടുണ്ട്. 2013-ല്‍ 11 പേര്‍ മരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തെരുവുനായ ആക്രമണം കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ പറയുന്നത്. പൊതുയിടങ്ങളില്‍ നിന്നു മാത്രമല്ല വീടുകളില്‍ പോലും തെരുവുനായ ആക്രമണത്തിന് മലയാളികള്‍ വിധേയരാവുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെരുവുനായ ആക്രമണത്തിന് ഇരയാവുന്നത് പതിനഞ്ച് വയസ്സില്‍ താഴെയുള്ളവരാണ് എന്നതാണ് ഇതില്‍ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. കഴിഞ്ഞ ഞായറാഴ്ച കോതമംഗലത്ത് ദേവനന്ദന്‍ എന്ന മൂന്നു വയസ്സുകാരന് നായയുടെ കടിയേറ്റത് വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്. നായ വരാന്തയില്‍ നിന്ന് കുട്ടിയെ കടിച്ചുവലിച്ച് മുറ്റത്തേക്കിട്ട് വീണ്ടും കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവനന്ദന്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്നെ തൊട്ടടുത്ത ദിവസം മൂവാറ്റുപുഴയില്‍ കാലാമ്പൂരില്‍ അംഗനവാടിയില്‍ കയറിയ നായ രണ്ടു കുഞ്ഞുങ്ങളെ കടിച്ചുകീറി. ഈ കുട്ടികളും ഇപ്പോള്‍ ആശുപത്രിയിലാണ്.

കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. കേരളം ഇന്ന് തെരുവുനായകള്‍ കയ്യടക്കിയിരിക്കുകയാണ്. തെരുവുകള്‍, പാര്‍ക്കുകള്‍, ആശുപത്രി മുറ്റങ്ങള്‍, വിദ്യാലയ പരിസരങ്ങള്‍ തുടങ്ങി ജനങ്ങളുടെ സ്വൈരവിഹാരത്തിന് തടസ്സമാവുകയും പലപ്പോഴും ജീവനുതന്നെ ഭീഷണിയാവുയും ചെയ്യുന്ന തരത്തില്‍ തെരുവുനായ ശല്യം സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്നതായാണ് ഉയരുന്ന പരാതി. കഴിഞ്ഞ ഏഴുമാസത്തില്‍ സംസ്ഥാനത്ത് തെരുവുനായകളുടെ കടിയേറ്റവരുടെ എണ്ണം അരലക്ഷം കവിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുമ്പോള്‍ തന്നെ ഇതിലെ ഭീകരത ഊഹിക്കാം.

തെരുവുനായകള്‍ വര്‍ദ്ധിക്കുന്നതിന് നമ്മളും കുറ്റക്കാരാണ്
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തെരുവുനായകളുടെ വ്യാപനത്തിന്റെ പിന്നില്‍ കേരളത്തിലെ സാമൂഹിക ചുറ്റുപാടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളാണ് മുഖ്യകാരണമായി പറയുന്നത്. മാംസ മാലിന്യങ്ങള്‍ ഭക്ഷിക്കുന്നത് നായകളുടെ വിപുലമായ വര്‍ദ്ധനവിനു കാരണമായി ശാസ്ത്രീയമായി അംഗീകരിക്കുന്നുണ്ട്. അശാസ്ത്രീയമായ തരത്തില്‍ ഒഴിവാക്കപ്പെടുന്ന മംസാവശിഷ്ടങ്ങള്‍ തെരുവുകളില്‍ നിക്ഷേപിക്കുകയും അത് നായകള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. കേരളത്തിലെ മിക്ക മാംസശാലകള്‍ക്കും ലൈസന്‍സുകളില്ല. സര്‍ക്കാര്‍ സര്‍വെ പ്രകാരം നിലവില്‍ 75.30 ശതമാനം അറവുശാലകളും ലൈസന്‍സ് എടുത്തിട്ടില്ല. 5000 കടകള്‍ക്ക് ആരോഗ്യകരമായ മാംസാവശിഷ്ട സംസ്‌കരണ ഇടങ്ങളില്ല.

ഭൂരിഭാഗം ഗ്രാമങ്ങളുള്ള കേരളത്തില്‍ ഗൃഹ, വ്യവസായശാലകളിലെ ജൈവിക അജൈവിക മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച നായകളുടെ വ്യാപനത്തിന് ഹേതുവാണ്. മാലിന്യങ്ങള്‍ തെരുവില്‍ തള്ളുന്നത് തെരുവുനായകള്‍ ഭക്ഷണമാക്കുന്നു. മാലിന്യവിനിയോഗത്തിലെ ഈ അശാസ്ത്രീയ സമീപനത്തിന് മലയാളികള്‍ മാറ്റം വരുത്തിയാല്‍ ഒരു പരിധിവരെ നായവ്യാപനം തടയാനാവും.

മൃഗസ്‌നേഹികളുടെ ന്യായം
തെരുവുനായകളെ കൊലചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പ്രധാന വിഘാതമായിരുന്നത് മൃഗസ്‌നേഹികളായിരുന്നു. മീഡിയകള്‍ ഒറ്റപ്പെട്ട നായ ആക്രമണങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണെന്നും പൈശാചികമായി ഇവകളെ കൊലചെയ്യുന്നതിന് പകരം വന്ധീകരണം അടക്കമുള്ള വഴികളാണ് തേടേണ്ടതെന്നുമാണ് നായപ്രേമികള്‍ ആവശ്യപ്പെട്ടത്.

വെറ്റിനറി ഡോക്ടറും മൃഗസംരക്ഷകനുമായ ഡോ: അന്‍വര്‍ കോഴിക്കോട് പറയുന്നു: ‘കേരളത്തില്‍ തെരുവുനായ ആക്രമണങ്ങള്‍ വിലയിരുത്തുന്നതില്‍ വ്യക്തമായ പരാജയം പലഭാഗത്തും സംഭവിച്ചിട്ടുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന നായകളില്‍ നിന്നാണ് തെരുവുനായകളേക്കാള്‍ അക്രമം റിപ്പോര്‍ട്ട് ചെയ്തത്. കൊച്ചി ജനറല്‍ ആശുപത്രി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 1074 നായ അക്രമണങ്ങളില്‍ 75.60 ശതമാനം വളര്‍ത്തു നായകളില്‍ നിന്നാണ്. തെരുവുനായകളില്‍ നിന്ന് 24 ശതമാനം മാത്രം. തെരുവുനായകളെക്കാള്‍ ശ്രദ്ധയോടെ സമീപിക്കേണ്ടത് വളര്‍ത്തു നായയോടാണ്. ഉടമസ്ഥര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കി കൃത്യമായ കുത്തിവെപ്പുകള്‍ നടത്തണം. തെരുവുനായകളെ ക്രൂരമായി കൊല്ലുന്നതിന് പകരം കുത്തിവെപ്പുകള്‍ നടത്തിയാല്‍ ശാശ്വതമായി ഈ പ്രശ്‌നം പരിഹരിക്കാനാവും

കേന്ദ്രം എല്ലാവിധ സഹായങ്ങളും നല്‍കാന്‍ തയ്യാറാണ്. നായകളെ കൊല്ലുന്നത് നിലവിലുള്ള അക്രമങ്ങള്‍ക്ക് പരിഹാരമല്ല. കേരളം അറുപത് വര്‍ഷത്തോളമായി നായകളെ കൊല്ലുന്നു. എന്ത് സംഭവിച്ചു? കേരളം എത്രയും പെട്ടെന്ന് എന്‍.ജി.ഒ കളുടെ സഹായം തേടണം. സര്‍ക്കാര്‍ സഹായത്തോടെ പതിനാല് ജില്ലകളിലേക്കും തെരുവുനായ വന്ധീകരണം വ്യാപകമാക്കണം. രണ്ടരലക്ഷം തെരുവുനായകളാണ് കേരളത്തില്‍ നിലവിലുള്ളത്. ഓരോ ജില്ലകളിലും 18000 വീതം. ഓരോ ദിവസവും 20 നായകളെ വന്ധീകരണത്തിന് വിധേയമാക്കിയാല്‍ രണ്ടുവര്‍ഷം കൊണ്ട് നായകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാം‘- കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി കേരളത്തിലെ തെരുവുനായ അക്രമ പശ്ചാത്തലത്തില്‍ ‘ദ വീക്ക്’ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണിത്.

തെരുവുനായ പ്രശ്‌നങ്ങള്‍ക്കുളള്ള ശാശ്വത പരിഹാരത്തിനുള്ള അനുകരണീയ മോഡലാണ് ജെയ്പൂര്‍ സിറ്റി. ABC (Animal Birth Cotnrolling) നേതൃത്വത്തില്‍ 1994-ല്‍ ആരംഭിച്ച വന്ധീകരണ പ്രവര്‍ത്തനങ്ങള്‍ 2002 അവസാനിപ്പിക്കുമ്പോള്‍ പൂജ്യം ശതമാനമായിരുന്നു തെരുവുനായ അക്രമങ്ങള്‍. പ്രത്യേക പരിശീലനം ലഭിച്ചവര്‍ മുഖേന ഓരോ പ്രദേശങ്ങളിലെ നായകളെ പിടികൂടി സജ്ജമാക്കിയ ആശുപത്രികളിലെത്തിച്ച് വെറ്റിനറി സര്‍ജന്മാരുടെ നേതൃത്വത്തില്‍ കുത്തിവെപ്പുകള്‍ നടത്തുന്നു. ചികിത്സകള്‍ കഴിഞ്ഞ ശേഷം ആ പ്രദേശത്തേക്ക് തിരിച്ച് കൊണ്ടുപോകുന്ന രീതിയാണ് വിജയകരമായി ജെയ്പൂരില്‍ നടത്തിയതെന്നും മൃഗസ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരവാദികള്‍ ആര്? 
നിരവധി മാസങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന തെരുവുനായ ചര്‍ച്ചകള്‍ അപരിഹാര്യമായി തുടര്‍ന്നുകൊണ്ടിരിക്കുന്നെങ്കില്‍ ഉത്തരവാദികളാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താതെ ഏതെങ്കിലും പ്രദേശത്ത് നായ കടിയേല്‍ക്കുമ്പോള്‍ ചര്‍ച്ച ചെയ്ത് മറവിയിലേക്ക് തളളിവിടുന്നതിനാല്‍ തെരുവുനായ ഭീഷണി നിത്യപ്രതിസന്ധിയായി നമുക്ക് മുന്നിലുണ്ടാവും.

രണ്ട് അങ്കണവാടി വിദ്യാര്‍ത്ഥികളെ തെരുവ് നായ അക്രമിച്ച കോലാമ്പൂരില്‍ തെരുവുനായ ആക്രമണത്തെ പ്രതിരോധിക്കാനായി എന്ത് നടപടികളെടുത്തുവെന്ന് അന്വേഷിച്ചാല്‍ മതി എത്ര അനാസ്ഥമാണ് നമ്മുടെ പ്രദേശങ്ങളെന്ന് തിരിച്ചറിയാന്‍. കോലാമ്പൂര്‍ സ്ഥിതിചെയ്യുന്ന ആയവന പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോര്‍ജ് പറയുന്നു: ‘ആ ദാരുണമായ ആക്രമണത്തിന് ശേഷം സര്‍വകക്ഷി യോഗം ചേര്‍ന്ന് ദ്രുതകര്‍മ്മസേന രൂപീകരിച്ചു. അക്രമ സ്വഭാവമുള്ള നായകളെ കൊല്ലല്‍ അടക്കമുള്ള നടപടികളെടുക്കാന്‍ മൃഗസ്‌നേഹികളും നിയമവും അനുവദിക്കുന്നില്ല. പകരമായി സമര്‍പ്പിക്കുന്നത് വാക്‌സിനേഷനാണ്. പക്ഷെ, രണ്ട് ലക്ഷം രൂപ ഇതിന്നായി കെട്ടിവയ്‌ക്കേണ്ടതിനാല്‍ ഇതുവരെ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല’. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത ഒരു നായ ആക്രമണം സംഭവിച്ച ഒരു ദേശത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റുപ്രദേശങ്ങളിലെ കാര്യങ്ങള്‍ ഏതുവിധമായിരിക്കും. 

കോഴിക്കോട്ടെ തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പറയുന്നത് ശ്രദ്ധിക്കുക; ‘കരുണ പദ്ധതി ജില്ലയില്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കില്‍പ്പോലും ഇതിന്റെ പ്രായോഗികതയില്‍ സമ്പൂര്‍ണ്ണത സംശയമാണ് ഇപ്പോഴും. ശ്വാശത പരിഹാരമെന്നത്‌ തെരുവുനായകളെ കൊല്ലുകയെന്നുള്ളതാണ്. പക്ഷെ, മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘മൃഗസ്‌നേഹികളുടെ’ സമ്മര്‍ദം മൂലം നിലവിലെ നിയമങ്ങള്‍ മാറ്റാത്തത് പ്രധാന തടസ്സമാണ്’.

ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്തുകളാണ് തെരുവുനായ വിഷയത്തില്‍ ഉചിതമായ നടപടികള്‍ എടുക്കേണ്ടത്. ചുരുങ്ങിയ ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഭൂരിഭാഗവും ആവശ്യമായ ഒന്നും ചെയ്യാറില്ല. കോഴിക്കോട് ജില്ലയിലെ പ്രതിരോധ പദ്ധതിയായ ‘കരുണ’യുടെ ഡയറക്ടര്‍ ഡോ. കരുണാകരന്‍ ഇതേ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്; ‘കേരളത്തില്‍ തെരുവുനായ അക്രമങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എല്ലാ ജില്ലയിലും ഒരു കേന്ദ്രം നിര്‍മിച്ച് ഓരോ പഞ്ചായത്തുകളില്‍ നിന്നും നായകളെ അവിടേക്ക് എത്തിച്ച് കുത്തിവയ്പ്പ് എടുപ്പിക്കുകയെന്നത്. എന്നാല്‍ ഓരോ പഞ്ചായത്തുകളില്‍ നിന്നും നായകളെ ഇവിടെ എത്തുക്കുകയെന്നത് പ്രായോഗികമല്ല. കരുണയ്ക്ക് ഓരോ പഞ്ചായത്തുകളിലും എത്താന്‍ കഴിയുന്ന തരത്തില്‍, എല്ലാ സജ്ജീകരണങ്ങളുമുള്ള വാഹനങ്ങളുണ്ട്. ഓരോ പ്രദേശങ്ങളും സന്ദര്‍ശിച്ച് കുത്തിവെപ്പ് അവിടങ്ങളില്‍ നിര്‍വഹിക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഓരോ പഞ്ചായത്തുകളും രണ്ടുലക്ഷം രൂപ നല്‍കി ഈ പദ്ധതിയില്‍ അംഗങ്ങളാവണം. എന്നാല്‍ 70 പഞ്ചായത്തുകളില്‍ നിന്ന് നാല്‍പ്പതില്‍ താഴെ മാത്രമാണ് ഇതില്‍ ചേര്‍ന്നിരിക്കുന്നത്. തെരുവുനായക്കളുടെ എണ്ണം കുറയ്ക്കാന്‍ മാത്രം കഴിയുന്ന ഒരു പദ്ധതിയാണിത്. പേപ്പട്ടികളെ കൊല്ലല്‍ മാത്രമാണ് ഈ വിഷയത്തിലുള്ള പരിഹാരം’.

എന്നാല്‍ ഈ ‘കൊല്ലല്‍’ അത്ര എളുപ്പമായ കാര്യമല്ലെന്നും കരുണാകരന്‍ തന്നെ പറയുന്നുണ്ട്. ‘നായകളെ കൊല്ലാനുള്ള അധികാരം ഏതവസരത്തിലും പൊതുജനങ്ങള്‍ക്കോ നായപിടുത്തക്കാര്‍ക്കോ നല്‍കുന്നില്ല. നിയമം അനുശാസിക്കുന്നത് രണ്ട് വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഇഞ്ചക്ഷന്‍ വഴി മാത്രമേ കൊല്ലാന്‍ പാടുള്ളൂവെന്നാണ്. അതും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍. ഒരുമിച്ച് റിപ്പോര്‍ട്ട് എഴുതാന്‍ പാടില്ല. ഓരോന്നിനെയും വേര്‍തിരിച്ച് പരിശോധിക്കണം. കൂട്ടമായി കൊല്ലാന്‍ അനുവദിക്കുന്നില്ലെ’ന്നും കരുണാകരന്‍ പറയുന്നു.

 

വില്ലനാകുന്ന നിയമങ്ങള്‍
തെരുവുനായ വിഷയത്തില്‍ ഇത്രയും കാലം പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയത് പഞ്ചായത്തിലടക്കമുള്ള അധികാരികള്‍ക്കെതിരാണെങ്കില്‍ യഥാര്‍ത്ഥ തടസ്സം നിയമങ്ങളാണെതാണ് വാസ്തവം; മേനകാ ഗാന്ധിയടക്കമുള്ളവരുടെ കടുംപിടുത്തങ്ങള്‍ ഈ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് തന്നെ തെരുവുനായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനു മുമ്പ് നിയമങ്ങളുടെ ഭേഗഗതി വേണ്ടതുണ്ടെന്ന പ്രഖ്യാപനങ്ങളും ഉയര്‍ന്നുവരികയാണ്. 

ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വക്കറ്റ് നസീര്‍ ചാലിയം തെരുവുനായകളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് പറയുന്നതിപ്രകാരമാണ്; ‘നിലവില്‍ തെരുവുനായകള്‍ ഇത്ര രൂക്ഷമാവാന്‍ കാരണം നിയമങ്ങളിലുണ്ടായ ഭേദഗതികളും പ്രത്യേക ഉത്തരവുകളുമാണ്. ആദ്യമായി മൃഗങ്ങളോടുള്ള പെരുമാറ്റ നിയമം ഭരണഘടനയില്‍ വരുന്നത് 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലൂടെയാണ്. ഈ നിയമം ഭേദഗതി ചെയ്താണ് നായകളുടെ ഹൃദയത്തില്‍ സ്റ്റിച്ചിനൈന്‍ കുത്തിവെച്ചോ മറ്റു അനാവശ്യമായ ക്രൂര രീതിയിലോ ഇവയെ കൊല്ലാന്‍ പാടില്ലെന്ന വകുപ്പ് 1982ല്‍ ചേര്‍ത്ത (ഖണ്ഡിക 11ല്‍ h1). ഇതിന് ശേഷവും നായ്ക്കളുടെ ശല്യം കുറക്കാന്‍ ഉന്മൂലന ശ്രമങ്ങള്‍ നടന്നിരുന്നു. പിന്നീട് നിയമത്തിലോ ചട്ടങ്ങളിലോ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് ചില ഉത്തരവുകളിലൂടെയും കത്തിലൂടെയും മേനകാ ഗാന്ധി നമ്മുടെ നാട്ടുമ്പുറങ്ങളില്‍ തെരുവുനായകള്‍ പെരുകാന്‍ സൗകര്യം ഒരുക്കിയത്. കേരളാ പോലീസ് മേധാവിക്ക് കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് മേനകാ ഗാന്ധി തെരുവുനായകളെ സംരക്ഷിക്കാനായി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് തെരുവുനായ മനുഷ്യന് വലിയ ഭീഷണിയായിരിക്കുന്നു. ഭരണഘടന നല്‍കുന്ന സുപ്രധാനമായ ജീവിക്കാനുള്ള അവകാശത്തിന്റെ (ആര്‍ട്ടിക്കിള്‍ 21) ലംഘനമാണിത്’.

തെരുവുനായ അക്രമങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനങ്ങള്‍ വളരെ വിചിത്രമായിരുന്നു. ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത് ഇവിടെയും ആവര്‍ത്തിച്ചു. നായശല്യം നേരിടുന്നതിന്ന് സേഫ് കേരള പദ്ധതി, നായ കടിയേറ്റവര്‍ക്ക് സൗജന്യ ചികിത്സ, നായകളെ പിടികൂടി വന്ധ്യംകരണത്തിനായി ജില്ല മൃഗാശുപത്രിയിലേക്കെത്തിച്ച് തിരിച്ച് കൊണ്ട് പോകുന്നവര്‍ക്ക് 250 രൂപ സര്‍ക്കാരിന്റെ വക. ഈ പണം വാങ്ങാന്‍ മലയാളികളാരും പോകില്ലെന്ന് ഏത് സാധാരണക്കാരനും ഊഹിക്കാം. ഇത്തരം തീരുമാനങ്ങളെടുക്കുന്നതിലൂടെ തെരുവുനായകളുടെ പെരുകലിന് സര്‍ക്കാര്‍ സപ്പോര്‍ട്ട് ചെയ്യുകയാണെന്ന വിമര്‍ശനത്തിന് സര്‍ക്കാരിന് ഒരു മറുപടിയും ഉണ്ടാവുകയുമില്ല.

(കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് അര്‍ശാദ്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍