UPDATES

അന്നു ശീലുവമ്മ, ഇന്നു ജോസ്‌ക്ലിന്‍; പുല്ലുവിളക്കാരുടെ ഭീതി കൂടുകയാണ്

പത്തുമാസങ്ങള്‍ക്കിടയില്‍ രണ്ടു മരണം; പുല്ലുവിളക്കാരെ തെരുവുപട്ടികളില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും എന്തെങ്കിലും ചെയ്യുമോ?

2016 ഓഗസ്റ്റ് 20; തിരുവനന്തപുരം വിഴിഞ്ഞത്ത് പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ഒരു വൃദ്ധയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത് കേരളം ഞെട്ടലോടെയാണു കേട്ടത്. ഒരു വര്‍ഷംപോലും തികയും മുന്നേ അതേ സ്ഥലത്ത് അതേ വിധിയാല്‍ തന്നെ മറ്റൊരു ജീവന്‍ കൂടി കടിച്ചുകീറി ഇല്ലാതാക്കിയിരിക്കുന്നു. മലയാളിക്ക് ഇത്തവണ ഭയത്തേക്കാള്‍ ലജ്ജയാണ് തോന്നിയിട്ടുണ്ടാവുക.

മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിനെയാണു നായ്ക്കൂട്ടം കടിച്ചു കൊന്നത്. ഇന്നലെ രാത്രി പത്തരയ്ക്കു ശേഷമായിരുന്നു നാല്‍പ്പത്തിയഞ്ചുകാരനായ ജോസ്‌ക്ലിനെ നായ്കള്‍ ആക്രമിച്ചത്. രക്ഷപെടാന്‍ കടലില്‍ ചാടിയ ജോസ്‌ക്ലിനെ ഗുരുതര പരുക്കുകളോടെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പുലര്‍ച്ചെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുല്ലുവിളക്കാരെ തെരുവുനായ്ക്കള്‍ ഭയപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ പത്തുമാസങ്ങള്‍ക്കിടയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ എണ്ണം 450-ല്‍ ഏറെ വരുമെന്ന വിവരം തന്നെ ഈ പ്രദേശത്ത് സാഹചര്യങ്ങള്‍ എത്രഗൗരവമേറിയതാണെന്നു വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ പുല്ലുവിള ചെമ്പകന്‍രാമന്‍ തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയ്ക്കു ദുരന്തം സംഭവിക്കുന്നതും രാത്രിയില്‍ ആയിരുന്നു. നടക്കാന്‍ ഇറങ്ങിയ ശീലുവമ്മയെ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. ശിലുവമ്മയ്ക്ക് നേരെ മൂന്ന് തവണ തെരുവ് നായകളുടെ ആക്രമണം ഉണ്ടായിട്ടുള്ളതായിരുന്നു. ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയ ശിലുവമ്മയുടെ മരണത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി നടത്തിയ പ്രസ്താവന വലിയ വിവാദവുമായിരുന്നു. കൈയില്‍ മാംസ കഷ്ണവുമായി നടന്നതുകൊണ്ടാണ് വൃദ്ധ ആക്രമിക്കപ്പെട്ടതെന്നായിരുന്നു മനേക ഗാന്ധി പറഞ്ഞത്.

പുല്ലുവിളയില്‍ ആവര്‍ത്തിച്ച ദുരന്തം സര്‍ക്കാരിന്റെയും തിരുവനന്തപുരം നഗരസഭയുടെയും വീഴ്ച്ചയാണെന്നാണു കോവളം എംഎല്‍എ എം വിന്‍സെന്റ് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞവര്‍ഷം ശീലുവമ്മ എന്ന സ്ത്രീ നായ്ക്കളുടെ ആക്രമത്തില്‍ മരണപ്പെട്ടിട്ടും സര്‍ക്കാരോ നഗരസഭ അധികൃതരോ ഇവിടുത്തെ നായ ശല്യം ഇല്ലാതാക്കാന്‍ യാതൊരു നടപടിയും എടുക്കാതിരുന്നതിന്റെ ഫലമാണ് ഈ ദാരുണ സംഭവം. പല തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഈ കാര്യങ്ങള്‍ കൊണ്ടുവന്നിട്ടുള്ളതാണ്. അവര്‍ ആരും തന്നെ ഇതിനെ ഗൗരവമായിട്ട് എടുത്തിട്ടില്ല. പ്രദേശത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും നായ ശല്യം രൂക്ഷമാകുന്നതിന് കാരണമാണ്. ഇതിനായി കൃത്യമായ മാലിന്യ നിര്‍മാജ്ജന പദ്ധതികള്‍ നടപ്പാക്കണമെന്നു നഗരസഭയോട് പല തവണ ആവിശ്യപ്പെട്ടതാണ്. പക്ഷേ അവിടെ നിന്നെല്ലാം ഉണ്ടായ അനാസ്ഥ ഒരു ജീവന്‍ കൂടി നഷ്ടപ്പെടുന്നതിന് ഇടയാക്കിയിരിക്കുന്നു. ഇനിയെങ്കിലും ജനങ്ങളുടെ ജീവന് സുരക്ഷിതത്വം ഉണ്ടാക്കണം. എന്നിട്ടെ ഞങ്ങള്‍ പിന്മാറുകയുള്ളൂ; വിന്‍സന്റ് എം എഎല്‍എ അഴിമുഖത്തോട് പ്രതികരിച്ചു. പുല്ലുവിളയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഹര്‍ത്താലും റോഡ് ഉപരോധവും ആരംഭിച്ചിട്ടുണ്ട്( ഇതേ വിഷയത്തില്‍ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തുമായി അഴിമുഖം പ്രതിനിധി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല).

പുല്ലുവിളയിലെ തെരുവുനായ ശല്യം രൂക്ഷമായ ഒന്നാണെന്ന വിവരം ശിലുവമ്മയുടെ മരണത്തോടെയായിരുന്നു പുറംലോകത്ത് എത്തുന്നത്. പ്രദേശത്തെ ജനങ്ങള്‍ ഇരുട്ടു വീണു കഴിഞ്ഞു പുറത്തിറങ്ങിണമെങ്കില്‍ സ്വയരക്ഷയ്ക്ക് ഒരു തടിക്കഷ്ണമെങ്കിലും കൈയില്‍ കരുതും. എന്നിട്ടേ അവര്‍ വീട്ടുമുറ്റത്തേക്കുപോലും ഇറങ്ങൂ. സമീപപ്രദേശമായ വലിയ തുറയില്‍ കഴിഞ്ഞ ജൂണില്‍ ഒരു ബാലനെ വീട്ടുമുറ്റത്തിട്ട് തെരുവ് നായ കടിച്ചു കീറിയിരുന്നു. രാത്രിയില്‍ ഒന്ന് മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ. ഇറങ്ങിയാല്‍ തിരിച്ചു കയറാന്‍ പറ്റുമെന്ന ഒരു ഉറപ്പുമില്ല എന്നായിരുന്നു ശിലുവമ്മയെയും മകനെയും നായകള്‍ ആക്രമിക്കുന്നതിനു സാക്ഷിയായ സിസ്ലറ്റ് അന്ന് അഴിമുഖം പ്രതിനിധിയോട് പറഞ്ഞത്. ഇവരെയും നായകള്‍ വളഞ്ഞിരുന്നു. ഭര്‍ത്താവ് കൈയ്യില്‍ കിട്ടിയ കുപ്പിയും പലകയുമായി എത്തിയതോടെ നായകള്‍ പിന്മാറിയതും തനിക്ക് ജീവന്‍ തിരിച്ചു കിട്ടിയതെന്നും സിസ്ലറ്റ് പറഞ്ഞു.

ചെമ്പകരാമന്‍ തുറയിലെ ഡെയ്‌സി നായ്ക്കളുടെ ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കയാണ്. മരണപ്പെട്ട ശിലുവമ്മയുടെ വീട്ടില്‍ നിന്നും ഏതാണ്ട് ആറു വീട് ദൂരം അപ്പുറം താമസിക്കുന്ന രാജുവും തെരുവു നായ ആക്രമണത്തിന്റെ ഇരയാണ്. വൈകിട്ട് കാറ്റ് കൊള്ളാന്‍ കടല്‍ തീരത്തെത്തിയപ്പോള്‍ പത്തു മുപ്പത് പട്ടികള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണണു രാജു ഭയത്തോടെ ഓര്‍ത്തു പറയുന്നത്. എവിടെ നിന്നോ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി കൈയില്‍ ഉണ്ടായിരുന്ന തടിക്കഷ്ണം കൊണ്ട് നായ്ക്കളെ ഓടിച്ചുവിട്ടില്ലായിരുന്നുവെങ്കില്‍ താനിന്നു ജീവനോടെ ഉണ്ടാകില്ലെന്നും രാജു വിശ്വസിക്കുന്നു. ഡെയ്‌സി, രാജു, ആല്‍ബര്‍ട്ട്, ജോസഫ് എന്നിങ്ങനെ തെരുവുനായകള്‍ കാരണം ഗുരുതരമായ പരിക്കേറ്റവരുടെ എണ്ണം പുല്ലുവിളയില്‍ ഒരുപാടുണ്ട്. ഒടുവില്‍ തെരുവു പട്ടികളില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി പുല്ലുവിള നിവാസികള്‍ അധികൃതരുടെ ശ്രദ്ധക്ഷണിച്ചു. പക്ഷെ അധികൃതര്‍ അനങ്ങിയില്ല, അതിന്റെ ഫലമാണ് തങ്ങള്‍ക്ക് ഒരു ജീവന്‍കൂടി നഷ്ടമായതെന്നും ഇവിടുത്തുകാര്‍ ആരോപിക്കുന്നു.

രണ്ടു കാരണങ്ങളാണ് പ്രധാനമായും പുല്ലുവിളയില്‍ തെരുവുനായ ശല്യം കൂടാന്‍ കാരണങ്ങളെന്നു പ്രദേശവാസികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഒന്ന്, തീരത്ത് കോഴി ഇറച്ചിക്കടകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കൊണ്ടുവന്നു തള്ളുന്നത്. രണ്ട് പ്രദേശവാസികള്‍ക്ക് ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന സമ്പ്രദായമില്ലാത്തത്. കോഴി വേസ്റ്റ് തീരത്ത് നിക്ഷേപിക്കുന്നതാണ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതെന്ന് ഇവര്‍ പറയുന്നു. കാഞ്ഞിരം പാറ, പൂവാര്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റു സമീപ പ്രദേശങ്ങളില്‍ നിന്നും കോഴിവേസ്റ്റ് ഇവിടെ കൊണ്ടുവന്നു നിക്ഷേപിക്കുന്നുണ്ട് പലരും. ഇത് കൂടുതലായി കിട്ടാന്‍ തുടങ്ങിയതോടെ തുറയില്‍ നായകളുടെ എണ്ണവും കൂടി. ഇത് തിന്ന് ഇറച്ചിയുടെ രുചി പിടിച്ചതോടെ ഇവറ്റകളുടെ ആക്രമണം കൂടുകയും ചെയ്തു; പുല്ലുവിളക്കാര്‍ പറയുന്നു.

വ്യക്തമായ ഒരു മാലിന്യ നിര്‍മാര്‍ജ്ജന രീതി ഇല്ലാത്തതിനാല്‍ പ്രദേശവാസികളില്‍ മിക്കവരും തീരത്തേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കാറുണ്ട്. വേസ്റ്റ് കൊണ്ടിടുന്നതിന് മറ്റു മാര്‍ഗ്ഗമില്ല. ഇവിടെയുള്ള മിക്കവര്‍ക്കും ഒരു സെന്റ് ഭൂമിയാണ് സ്വന്തമായുള്ളത്. അതിനകത്ത് വീടുകൂടി വന്നാല്‍ മാലിന്യം കളയാന്‍ വേറെ സ്ഥലം എവിടെ? അതുകൊണ്ട് മാലിന്യം കടല്‍തീരത്ത് കളയാനെ മാര്‍ഗമുള്ളൂ; പ്രദേശവാസികള്‍ പറയുന്നു. നായശല്യത്തിന് ഒരു കാരണം മാലിന്യങ്ങളാണെന്നു മനസ്സിലാക്കിയ പ്രദേശവാസികളായ ചിലര്‍ സര്‍ക്കാരിനോടും മറ്റു ഭരണാധികാരികളോടും ഇവിടെ മാലിന്യനിര്‍മാര്‍ജ്ജന സംവിധാനം ഉണ്ടാക്കണം എന്ന് അപേക്ഷിച്ചിരുന്നു. ഇതില്‍ അനുകൂലമായ ഒരു നടപടിയും ഉത്തരവാദിത്വപ്പെട്ടവര്‍ ചെയ്തിട്ടില്ല.

ശീലുവമ്മയുടെ ദാരുണമായ മരണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി കൂട്ടായി ആലോചിച്ച് തെരുവുനായ വിഷയത്തില്‍ വളരെ ഗൗരവതരമായി നടപടിയെടുമെന്നുമൊക്കെയുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ അവരുടെ വാക്ക് പ്രാവര്‍ത്തികമായിരുന്നെങ്കില്‍ പുല്ലുവിളയിലെ കടലോരത്ത് ഒരു മനുഷ്യജീവി കൂടി കടിച്ചുകീറപ്പെടില്ലായിരുന്നു.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍