UPDATES

പദ്ധതി തുടങ്ങിയിട്ട് 15 വര്‍ഷം; കേരളത്തിന്റെ തെരുവുകള്‍ ഇന്നും നായ്ക്കളുടെ പിടിയില്‍

അഴിമുഖം പ്രതിനിധി

തെരുവ് നായക്കളുടെ ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസം പ്രതി കൂടുകയാണ്. തിരുവനന്തപുരത്ത് 65വയസുകാരി തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, പിഞ്ചു കുഞ്ഞിനെ നായ്ക്കള്‍ കടിച്ചു കുടഞ്ഞു. ഇത്തരം സംഭവങ്ങള്‍ അപരിചിതമല്ലാത്തതായി മാറി. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് തെരുവ്നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള പദ്ധതികളാവിഷ്ക്കരിച്ചിരുന്നു. എന്നാല്‍ പദ്ധതികള്‍ പാതി വഴിയിലവസാനിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറി, അക്രമാസക്തരായ തെരുവ്നായ്ക്കളെ കൊല്ലണമെന്ന് മന്ത്രി പറഞ്ഞ് രണ്ടാം ദിവസമാണ് തിരുവനന്തപുരത്ത് വൃദ്ധ തെരുവ്നായ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുകളിലായി കേരളത്തില്‍ തെരുവുനായ പ്രശ്നം ആരംഭിച്ചിട്ട്. ഇപ്പോഴും ഫലപ്രദമായ ഒരു പ്രതിവിധി സര്‍ക്കാരുകള്‍ കണ്ടെത്തിയിട്ടില്ല.

തെരുവുനായ്ക്കളെ കൊല്ലാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുത്താല്‍ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കുമെന്നാണ് സുപ്രിംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. സംസ്ഥാന സര്‍ക്കാര്‍ വന്ധ്യംകരണത്തിനു പകരം ആക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ചാല്‍ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ തുറിപ്പു ചീട്ടും ഇതു തന്നെയാകും.

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി ആവിഷ്ക്കരിച്ച അനിമല്‍ ബര്‍ത്ത് കണ്ട്രോള്‍(എബിസി) പദ്ധതി പ്രകാരം വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ തിരികെ വിടണമെന്നാണ്. കഴിഞ്ഞ 15 വര്‍ഷമായി എബിസി പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമങ്ങളാരംഭിച്ചിട്ട്. പക്ഷെ രാഷ്ട്രീയവും ഭരണപരവുമായ പല കാരണങ്ങള്‍ കൊണ്ട് മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് എബിസി. ഇതാദ്യമായിട്ടല്ല തെരുവുനായ പ്രശ്നം ഇത്രയധികം രൂക്ഷമാകുന്നത്. സുപ്രിംകോടതി നിയോഗിച്ച പാനലിന്‍റെ കണക്കുപ്രകാരം 2015-16 കാലയളവില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്. തെരുവു നായ പ്രശ്നം പരിഹരിക്കാനുള്ള ഏക മാര്‍ഗം അവയെ കൊല്ലുകയാണെന്നാണ് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും വിചാരം. വന്ധ്യംകരണ പദ്ധതിയ അവരാരും തന്നെ അംഗീകരിക്കുന്നില്ല. ജോദ്പൂര്‍, ചെന്നൈ, സിക്കിം, ഊട്ടി എന്നിവിടങ്ങളില്‍ വന്ധ്യംകരണ പദ്ധതികള്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു.- അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍എം ഖാര്‍ബ് പറയുന്നു.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തും തെരുവുനായ്ക്കളെ കൊല്ലണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കേരളത്തിനു ബോയ്കോട്ട് വിളിച്ച സമരങ്ങളും അരങ്ങേറി ആവശ്യത്തിനെതിരെ. എന്നാല്‍ എബിസി പദ്ധതികള്‍ എത്രത്തോളം പ്രായോഗികമാണെന്നുള്ളതും ചര്‍ച്ചയാകുന്നു. വന്ധ്യംകരണം നടത്തിയ നായ്ക്കളെ അവയെ പിടിച്ചിടത്തു തന്നെ തിരിച്ചെത്തിക്കണമെന്നാണ് പദ്ധതി പറയുന്നത്. തിരിച്ചെത്തിച്ചാല്‍ ആ പ്രദേശത്ത് മറ്റു നായ്ക്കള്‍ കയ്യടക്കിയിട്ടുണ്ടെങ്കില്‍ വന്ധ്യംകരണം ചെയ്ത നായ്ക്കള്‍ ആക്രമിക്കപ്പെടാനും സാധ്യതയുണ്ട്. സംഘടിതമായ ശ്രമങ്ങളാണ് അതിനാവശ്യം. അനിമല്‍ വെല്‍ഫെര്‍ ഓഫീസര്‍ അഭിനവ് ശ്രീഹാന്‍ പറയുന്നു. കോര്‍പറേഷനുകള്‍ സംഘടിതമായി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയാല്‍ നഗരങ്ങളിലുള്ള 70ശതമാനത്തിലധികം നായ്ക്കളെയും ഫലപ്രദമായി വന്ധ്യംകരണത്തിന് വിധേയമാക്കാന്‍ കഴിയും. കേരളത്തില്‍ തെരുവുനായ്ക്കളുടെ എണ്ണം വളരെ കൂടുതലാണ്. ഹോട്ടലുകളില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ തെരുവുനായ്ക്കള്‍ പെരുകുന്നതിനുള്ള പ്രധാന കാരണമാണ്. മാലിന്യം എത്രത്തോളം കിട്ടുന്നുണ്ടെന്നതിനെ അപേക്ഷിച്ചാണ് തെരുവുനായ്ക്കളുടെ എണ്ണവും പെരുകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍