UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവര്‍ പട്ടികളല്ല, മരിക്കുംവരെ ജീവിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന മനുഷ്യരാണ്

Avatar

രാകേഷ് നായര്‍  

ഉറങ്ങാത്തവരുടെ നഗരമായി ലോകം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും ഒന്നുറങ്ങാന്‍ വഴിയോരങ്ങളും കടത്തിണ്ണകളും തേടിനടക്കുന്നവരും ഇവിടെയുണ്ടെന്നോര്‍ക്കണം. വീടെന്ന സുരക്ഷിതത്വത്തിന്റെ ചുമരുകള്‍ സ്വന്തമല്ലാത്തവര്‍, ജീവിതംപോലും സ്വന്തമല്ലാത്തവര്‍. അവര്‍ തെരുവില്‍ ജീവിക്കുന്നു, തെരുവില്‍ മരിക്കുന്നു. നമ്മളില്‍ പലര്‍ക്കും ഇവരെ പരിചയം കവിതകളിലും കഥകളിലും മാത്രം. ഒരു തെരുവു ജീവിതത്തെയും നമുക്കടുത്തറിയില്ല, കാരണം, അവര്‍ പരിഷ്‌കൃതസമൂഹത്തിന്റെ അവകാശികളല്ല.

നഗരം അപ്പോഴും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല, തിരക്കുകള്‍ അവസാനിക്കാത്തവരുടെ യാത്രകള്‍ തുടരുകയാണ്. ഫ്ലൂറസന്റ് വെളിച്ചത്തില്‍ മങ്ങിയൊരു നിഴല്‍പ്പാടുപോലെ രാത്രി. പകലില്‍ കുതിച്ചൊഴുകുന്നൊരു പുഴപോലെ തോന്നിക്കുന്നൊരിടമാണ് തിരുവനന്തപുരത്ത് പാളയം. ഇപ്പോള്‍ സമയം രാത്രി 11 മണി. ഏകദേശം ആ പുഴ ശാന്തമാണ്. അടഞ്ഞു കിടക്കുന്ന കടകള്‍, നീണ്ടൊരു നെടുവീര്‍പ്പുപോലെ റോഡ്.

പാളയം സെന്‍റ് ജോസഫ് മെട്രോപൊളിറ്റന്‍ പള്ളിയുടെ സമീപത്തെ റോഡരികിലെ ഒരു കടത്തിണ്ണയില്‍ കിടക്കുകയാണ് നടേശന്‍.തണുപ്പു കിനിയുന്ന ടൈല്‍സ് തറയില്‍ മുഷിഞ്ഞു കീറിയൊരു തുണിവിരിപ്പില്‍ മനുഷ്യനായി ജനിച്ചുപോയതിന്റെ കുറ്റമേറ്റ്. താര രാജാവിന്റെ അനുയായി അധിക്ഷേപിച്ച അതേ ശല്യക്കാരുടെ പ്രതിനിധി. വാഹനങ്ങള്‍ക്കും നായ്ക്കള്‍ക്കും മാത്രം സ്വന്തമായ പാതകളിലെ അനധികൃത കുടിയേറ്റക്കാന്‍. ഏതുനിമിഷവും തന്റെമേല്‍ പാഞ്ഞുകയറാവുന്ന അഹങ്കാരത്തിന്റെ കറുത്തചക്രങ്ങളെ പ്രതിരോധിക്കാന്‍ ത്രാണിയില്ലാത്ത ദുര്‍ബലന്‍.

പക്ഷേ, നടേശനോ അയാളെപ്പോലുള്ള ലക്ഷങ്ങളോ ഇത്തരമൊരു ജീവിതത്തിന്റെ ആസ്വാദകരല്ല, അവര്‍ അങ്ങനെയായിപ്പോയതാണ്, അല്ലെങ്കില്‍ ആരെല്ലാമോ അങ്ങനെ ആക്കിയതാണ്.

തറയിലെ വിരിപ്പും ശോഷിച്ച ശരീരത്തെ മൂടുന്നൊരു പുതപ്പും എരിയുന്ന കൊതുകുതിരിയും ആകെയുള്ള താങ്ങായി ജീവിതത്തത്തില്‍ ഒപ്പമുള്ള ക്രച്ചസും; ഈ സമ്പാദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടേശനൊപ്പം സംസാരിക്കാനിരുന്നത്.

പൂന്തുറയിലെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലായിരുന്നു നടേശന്‍ ജനിച്ചത്. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു. അമ്മയും അനിയത്തിമാരുമായിരുന്നു ഒരുകാലത്ത് ജീവിതത്തിലെ സ്വന്തക്കാര്‍. കടലായിരുന്നു നടേശന്റെ ഏകവിദ്യാലായം. തനിക്കൊരിക്കലും വിജയിക്കാനാകാത്തൊരു പരീക്ഷയാണ് ജീവിതമെന്ന് ബാല്യത്തില്‍ തന്നെ നടേശന് മനസ്സിലായി. ഒറ്റപ്പെടലിന്റെ കടല്‍തുരുത്തിലേക്ക് നടേശന്‍ മാറ്റിനിര്‍ത്തപ്പെടുന്നത് എപ്പഴോ പിടികൂടിയ രോഗം കുഷ്ഠം ആണെന്നു തിരിച്ചറിഞ്ഞതോടെയാണ്. സ്വന്തം വീട്ടുകാര്‍ക്കുപോലും വേണ്ടാതെ അയാള്‍ മാറിയത് പെട്ടെന്നായിരുന്നു. ഒരു കുഷ്ഠരോഗിയുടെ സാമിപ്യം വീട്ടുകാരും നാട്ടുകാരും വെറുത്തു. ആള്‍ക്കൂട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് അയാള്‍ ആട്ടിമാറ്റപ്പെട്ടു. നടേശന്റെ ജീവിതത്തില്‍ നിന്ന് സന്തോഷങ്ങളും സ്വപ്‌നങ്ങളുടെയും തിരകള്‍ തിരിച്ചിറങ്ങിപ്പോയി, തിരിച്ചുവരാത്തവിധം. 

ജീവിതത്തില്‍ വസന്തങ്ങള്‍ വിരിയുന്ന മുപ്പതുകളില്‍ ആ ചെറുപ്പക്കാരന്‍ ശൂരനാട്ടെ ലെപ്രസി സെന്ററിലെ ഇരുമ്പു കട്ടിലില്‍ മരവിച്ചു വീണു. ഏഴു വര്‍ഷം… ഒടുവില്‍ അവിടെ നിന്ന് ലോകത്തിന്റെ വഴിവക്കിലേക്ക് നടേശന്‍ ഇറങ്ങി നടക്കുമ്പോള്‍ വിധിയൊരുക്കിയ കടല്‍ച്ചുഴിയില്‍പ്പെട്ട് അയാള്‍ക്ക് അയാളെ എന്നന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.

പിന്നീട് രണ്ടര വര്‍ഷം പൂവ്വാറിലെ അഗതി മന്ദിരത്തിലായി താമസം. തെരുവാണ് കൂടുതല്‍ മെച്ചമെന്നു തോന്നിയൊരു ദിനം അവിടെ നിന്നും ഇറങ്ങി.

മരിക്കുന്നുവരെ ജീവിക്കാന്‍ മാത്രമായിരുന്നു പിന്നീട് നടേശന്‍ ഉദ്ദേശിച്ചത്. അയാള്‍ സ്വപ്‌നങ്ങള്‍ കൂട്ടിവച്ചില്ല, ലക്ഷ്യങ്ങള്‍ കണ്ടുവച്ചില്ല. വിശപ്പുമാത്രമായിരുന്നു ഏക പ്രതിസന്ധി. മറ്റുള്ളവന്റെ കനിവിനുമാത്രമെ തന്റെ വയറു നിറയ്ക്കാന്‍ പറ്റൂ എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയപ്പോള്‍ പിന്നെ കൈനീട്ടാതെ മാര്‍ഗ്ഗമില്ലായിരുന്നു. കരുണവറ്റാത്തവരുടെതുകൂടിയാണ് ഈ ലോകമെന്ന് നടേശന് മനസിലികുന്നതും തെരുവില്‍ നിന്നാണ്. സ്വന്തമെന്ന് കരുതിയവര്‍പോലും അന്യനായി കണ്ടപ്പോള്‍, ആദ്യമായി കണ്ടുമുട്ടിയവര്‍ നടേശന്റെ വിശപ്പകറ്റി, മരുന്നിന് പണം നല്‍കി, ഒപ്പമിരുന്ന് ആശ്വസിപ്പിച്ചു. അവര്‍ക്കും ദൈവത്തിനും നന്ദി പറഞ്ഞുകൊണ്ട് നടേശന്‍ തന്റെ പകലുകള്‍ അവസാനിപ്പിച്ചു.

രാത്രി; നടേശനെപ്പോലുള്ളവരുടെ അനാഥത്വം വ്യക്തമാക്കപ്പെടുന്നതപ്പോഴാണ്. എവിടെയൊന്നു തലചായ്ക്കുമെന്ന് അറിയാതെ അലയേണ്ടി വരുന്നു. ചിലര്‍ക്ക് ഇവര്‍ ‘ഭീഷണി’യാണ്, ചിലര്‍ക്ക് ‘ശല്യം’. 

പലപ്പോഴും പൊലീസുകാര്‍ വന്ന് എഴുന്നേല്‍പ്പിച്ചു വിടും. നമ്മുടെ അവസ്ഥ പറയുമ്പോള്‍ ചിലര്‍ക്ക് മനസലിയും. ഒരിടത്തു നിന്നോടിച്ചാല്‍ മറ്റൊരിടത്തുപോയി കിടക്കും; തന്റെ ദുര്‍വിധിയുടെ ചിഹ്നങ്ങളായി രോഗം മുക്കാലും കാര്‍ന്നെടുത്ത ഇടതു കൈപ്പത്തിയും ഇടതു കാല്‍പാദവും മറച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ട് നടേശന്‍ പറഞ്ഞു. പോകാന്‍ സ്വന്തമായൊരിടമില്ലാത്തവന് കാറ്റില്‍ പറക്കുന്നൊരു കരിയിലയാകാനല്ലേ കഴിയൂ.


ചിലപ്പോള്‍ തീരെ വയ്യാതെ വരും. അപ്പോഴാണ് വീട്ടിലേക്ക് പോകുന്നത്. വീട്ടില്‍ കയറ്റില്ലെങ്കില്‍ പുറത്ത് കടപ്പുറത്ത് എവിടെയെങ്കിലും കിടക്കും, അവിടുന്നാരും എഴുന്നേല്‍പ്പിച്ചു വിടില്ലല്ലോ..; പുറത്തുവരുന്നതില്‍ ഭാഗികമായി പരാജയപ്പെട്ടൊരു ചിരിയോടെ നടേശന്‍ പറഞ്ഞു. ദൈവത്തോട് മാത്രമെ ഞാന്‍ സങ്കടങ്ങള്‍ പറയാറുള്ളൂ. എപ്പോഴും ദൈവത്തെ വിളിക്കും. ഇങ്ങനെയെങ്കിലും ജീവിക്കാന്‍ കഴിയുന്നത് ദൈവത്തിന്റെ സഹായം കൊണ്ടല്ലേ; തൊണ്ടക്കുഴിയിലെ വിയര്‍പ്പു തുള്ളികള്‍ വലതു കൈകൊണ്ട് തുടച്ച് നടേശന്‍ ഒന്നു നെടുവീര്‍പ്പിട്ടു.

ജീവിതത്തെ കുറിച്ച് ഇനി പ്രതീക്ഷകളൊന്നുമില്ല. ജനനമുണ്ടെങ്കില്‍ മരണവുമുണ്ട്, അതുവരെ ജീവിക്കുക- ജീവിതത്തിന്റെ തത്വം ഏറ്റവും ലളിതമായി പറഞ്ഞു നടേശന്‍.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തരം നടേശന്മാര്‍ നിരവധിയുണ്ട് നമ്മുടെ വഴിയരികുകളില്‍. അവര്‍ക്കുറങ്ങാന്‍ ഇടങ്ങളില്ലാതായത് അവരുടെ കുറ്റം കൊണ്ടല്ല, നായ്ക്കളെക്കാള്‍ വലിയ ശല്യക്കാരായി മാറിയതും അവര്‍ ചെയ്ത തെറ്റല്ല. പുറമ്പോക്കിലെ ഈ വിലയില്ലാ ജീവിതങ്ങളുടെ സൃഷ്ടികള്‍ ഞാനും നിങ്ങളും പിന്നെയിവിടുത്തെ ഭരണകൂടങ്ങളുമാണ്. സല്‍മാന്‍ ഖാനെ കുറിച്ചും അയാള്‍ക്ക് നീതി കിട്ടേണ്ടുന്നതിനെയും അയാള്‍ ജയിലില്‍ പോയാല്‍ ഉണ്ടാവുന്ന കോടികളുടെ നഷ്ടക്കണക്കുകളെക്കുറിച്ചുമെല്ലാം വാചാലരാകുന്ന സമൂഹത്തിന് നടേശനെപ്പോലുള്ളവരെ കുറിച്ച് അന്വേഷിക്കാന്‍ സമയം ഉണ്ടാവുന്നില്ല.

ഇത്തരം അരികു ജീവിതങ്ങള്‍ക്ക് താരരാജക്കന്മാര്‍ക്കുള്ളതുപോലെ അനുയായികളോ ആരാധകരോ ഇല്ല. ഇവര്‍ക്ക് മേല്‍ വീഴുന്ന അധിക്ഷേപ വാക്കുകളെ ചോദ്യം ചെയ്യാനും ആരുമില്ല. ആരുമില്ലാത്തവനായതുകൊണ്ടാണല്ലോ അവന് തെരുവില്‍ ഉറങ്ങേണ്ടി വരുന്നത്. അവിടെ നിന്നും അവനെ ആട്ടിയോടിക്കരുത്, അവര്‍ക്ക് പോകാന്‍ മറ്റൊരിടമില്ല…മരിക്കുംവരെ അവരും ജീവിച്ചോട്ടെ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍