UPDATES

വിദേശം

പാക് സര്‍ക്കാര്‍-സൈന്യം ഭിന്നത; വാര്‍ത്ത പുറത്തുകൊണ്ടുവന്ന ലേഖകന് രാജ്യം വിടാന്‍ വിലക്ക്

Avatar

അഴിമുഖം പ്രതിനിധി

തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പാക്കിസ്ഥാന്‍ ഒറ്റപ്പെടുമെന്നും പാക് സര്‍ക്കാര്‍ സൈന്യത്തോട് നിര്‍ദ്ദേശിച്ച വാര്‍ത്ത പുറത്തുകൊണ്ടു വന്ന ജേര്‍ണലിസ്റ്റിനെ രാജ്യത്തിന് പുറത്തേക്ക് പോകുന്നതില്‍ നിന്ന് വിലക്കി പാക്കിസ്ഥാന്‍. ഡോണ്‍ ദിനപത്രത്തിന്റെ ലേഖകന്‍ സിറില്‍ അല്‍മീഡയെയാണ് രാജ്യത്തിന് പുറത്തു പോകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുന്ന എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. പാക്കിസ്ഥാന്‍ സര്‍ക്കാരും സൈന്യവുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ‘കെട്ടിച്ചമച്ച’ വാര്‍ത്തകള്‍ പുറത്തുവിട്ട ഡോണ്‍ പത്രത്തിനെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താന്‍ ദു:ഖിതനും നിരാശനുമാണെന്നും പാക്കിസ്ഥാനാണ് തന്റെ രാജ്യമെന്നും ഇവിടം വിട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിറില്‍ വ്യക്തമാക്കി. 

 

ഒറ്റപ്പെടുന്നു; തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ അനുവദിക്കൂ: സ്വന്തം സൈന്യത്തോട് പാക് സര്‍ക്കാര്‍ എന്നായിരുന്നു സിറിലിന്റെ റിപ്പോര്‍ട്ട്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ റിപ്പോര്‍ട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിലും കാര്യമായ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. നയതന്ത്ര തലത്തില്‍ ഇന്ത്യ നേടിയ വിജയത്തെ സാധൂകരിക്കുന്നതുമായിരുന്നു റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. 

 

എന്നല്‍ ‘ദേശീയ സുരക്ഷാ സമിയില്‍ നടന്ന ചര്‍ച്ചയെന്ന വിധത്തില്‍ ഡോണ്‍ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്ത രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആശങ്കപ്പെട്ട’തായി പാക്കിസ്ഥാന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാക്കിസ്ഥാനിലെ ഏറ്റവും പ്രചാരവും വിശ്വാസ്യതയുമുള്ള പത്രങ്ങളിലൊന്നായി കരുതപ്പെടുന്ന ഡോണില്‍ വന്ന വാര്‍ത്ത പാക്കിസ്ഥാന്‍ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നതുമായിരുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നുവെന്നും തീവ്രവാദികള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ഈ ഒറ്റപ്പെടല്‍ അതിജീവിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ സെക്രട്ടറി തന്നെ യോഗത്തില്‍ സര്‍ക്കാരിനേയും സൈനിക നേതൃത്വത്തേയും അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

 

 

ഇതിനു പുറമെ പഞ്ചാബ് മുഖ്യമന്ത്രി ഐ.എസ്.ഐ തലവനോട് രൂക്ഷമായി സംസാരിച്ചതും വാര്‍ത്തയായിരുന്നു. തീവ്രാവാദികള്‍ക്കെതിരെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാലും അവരെ രക്ഷപെടാന്‍ അനുവദിക്കുന്ന നടപടിയാണ് സൈന്യത്തിന്റേയും ഇന്റലീജന്‍സ് ഏജന്‍സിയുടേയും ഭാഗത്തു നിന്നുണ്ടാകുന്നത് എന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കുന്നതിന്റെ ഭാഗമായി ഐഎസ്‌ഐ മേധാവി വിവിധ പ്രവിശ്യകള്‍ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സൈന്യത്തിനും ഐഎസ്‌ഐയുടെ മേഖലാ കമാന്‍ഡര്‍മാര്‍ക്കും നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 

അതിനൊപ്പം പത്താന്‍കോട്ട് ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നവാസ് ഷെരീഫ് നിര്‍ദേശം നല്‍കിയെന്നും മൂംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ക്കെതിരെ നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്ന വിചാരണ പുനരാരംഭിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഡോണ്‍ റിപ്പോര്‍ട്ട് പുറത്തു വന്നത് പാക് സൈന്യവും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ മറനീക്കി പുറത്തുകൊണ്ടുവന്നുവെന്നും ഇത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയെന്നും സൂചനകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന നിലപാടുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

 

സിറിലിനെ രാജ്യത്ത് നിന്നു പുറത്തു പോകുന്നതു വിലക്കിയ നടപടിക്കെതിരെ പാക്കിസ്ഥാനിലെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ രംഗത്തെത്തി. സര്‍ക്കാരിന്റേത് ധൃതി പിടിച്ചുള്ളതും വിഡ്ഡിത്തം നിറഞ്ഞതുമായ നടപടിയാണെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. സന്ദേശവാഹകനെ തന്നെ കൊല്ലുന്നതിന്റെ ഉത്തമോദാഹരണമാണ് ഇപ്പോഴത്തേതെന്ന് മറ്റൊരു പത്രപ്രവര്‍ത്തകന്‍ പ്രതികരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍