UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രു കോളേജില്‍ സമരം അവസാനിച്ചു; വെള്ളിയാഴ്ച മുതല്‍ ക്ലാസ് തുടങ്ങും

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു

പാമ്പാടി നെഹ്രു കോളേജില്‍ ആഴ്ചകളായി തുടരുന്ന വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാന്‍ തീരുമാനമായി. വെള്ളിയാഴ്ച മുതല്‍ കോളേജില്‍ ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്.

അധ്യയനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചിരിക്കുകയാണ്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രതികളെയെല്ലം പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസും ഉറപ്പുനല്‍കി.

വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം. മാനേജ്‌മെന്റ് പ്രതിനിധികളും രക്ഷിതാക്കളുടെ പ്രതിനിധികളും വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളും ഒളിവില്‍ തുടരുകയാണ്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെങ്കിലും ഇവര്‍ ഒളിവിലായതാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് പോലീസ് അറിയിച്ചു.

ഇതിനിടെ നെഹ്രു കോളേജിലെ ടെന്നീസ് കോര്‍ട്ട് ഉള്‍പ്പെടെ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് കോടതിയെ സമീപിക്കും. കോളേജ് കൈവശം വച്ചിരിക്കുന്ന വനഭൂമി തിരിച്ചുപിടിക്കും. തൃശൂര്‍ ഡിഎഫ്ഒ സ്ഥലം സന്ദര്‍ശിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങളാണ് എസ്എഫ്‌ഐ, കെഎസ്‌യു, എഐഎസ്എഫ്, എബിവിപി, എംഎസ്എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നയിച്ചത്.

ചര്‍ച്ചയില്‍ അംഗീകരിച്ച കാര്യങ്ങള്‍

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കം ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ അഞ്ച് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യും.

കൃഷ്ണദാസിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കും. പകരം മാനേജ്‌മെന്റ് ട്രസ്റ്റിയായ കൃഷ്ണകുമാറിന് ചെയര്‍മാന്‍ സ്ഥാനം.

കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. യൂണിയന്‍ സ്ഥാപിതമാകും വരെ 15 അംഗ സ്റ്റുഡന്റ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കും.

സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടിയുണ്ടാകില്ല. നഷ്ടപ്പെട്ട അറ്റന്‍ഡന്‍സ് പുനസ്ഥാപിക്കും.

പിടിഎ രൂപീകരിക്കാന്‍ അടിയന്തിര നടപടി. സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

ചേലക്കര എംഎല്‍എയെ അധ്യക്ഷനാക്കി സമാധാന കമ്മിറ്റി രൂപീകരിക്കും. കോളേജില്‍ ഇനിയും പ്രശ്‌നങ്ങളുണ്ടായാല്‍ ഈ കമ്മിറ്റി ഇടപെട്ട് പരിഹരിക്കും.

തീരുമാനങ്ങള്‍ നടപ്പാകുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍