UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ബംഗളൂരു എന്റെ വീടായിരുന്നു, ഇന്ന് എനിക്കതൊരു പേടിയാണ്‌

Avatar

അഴിമുഖം പ്രതിനിധി

ഞായറാഴ്ച്ച രാത്രി സാധാരണത്തേത് പോലെ ഒരു അത്താഴത്തിനായി തന്റെ ടാന്‍സാനിയക്കാരായ മൂന്നു സുഹൃത്തുക്കളുമൊത്ത് പുറത്തിറങ്ങിയതായിരുന്നു ജെസി (പേര് മാറ്റിയിരിക്കുന്നു). ടാന്‍സാനിയയിലെ ഡാര്‍-എസ്-സലാമില്‍ നിന്നുള്ള ഈ 25കാരി കഴിഞ്ഞ നാലു വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസം, നഗരത്തിന്റെ വഴികള്‍ ജെസിക്ക് ചിരപരിചിതം. അവര്‍ ഒരു ചുവന്ന വാഗണ്‍ ആര്‍ കാറിലാണ് പുറത്തുപോയത്. എന്നാല്‍ രണ്ടു മണിക്കൂറിനുശേഷം ആ രാത്രി നടന്ന സംഭവങ്ങള്‍ അവളുടെ ജീവിതത്തെത്തന്നെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. തന്റെ വീടുപോലെ കരുതിയ നഗരത്തോടുള്ള അവളുടെ സ്‌നേഹം തകര്‍ന്നുവീണു. 

 The NewsMinute നു നല്‍കിയ അഭിമുഖത്തില്‍ (‘Bengaluru was home to me, now I live in fear’: Tanzanian woman recounts night of horror ) ബാംഗളൂരുവില്‍ ആള്‍ക്കൂടത്തിന്റെ ആക്രമണത്തിനിരയായ ടാന്‍സാനിയന്‍ വനിത അന്നത്തെ രാത്രിയിലെ ഭീകരമായ സംഭവങ്ങള്‍ ഓര്‍ത്തെടുത്തു.

അത്താഴത്തിനായ് ഹെസാര്‍ഘട്ടയിലെ സപ്തഗിരിയില്‍ നിന്നും ആചാര്യ കോളേജ് പരിസരത്തേക്ക് പോവുകയായിരുന്നു തന്റെ മൂന്ന് ആണ്‍ സുഹൃത്തുക്കളോടൊപ്പം ജെസി. 

ജനക്കൂട്ടം ആഫ്രിക്കക്കാരനായ ഒരാളെ മര്‍ദ്ദിക്കുന്നതുകണ്ടാണ് അവര്‍ വണ്ടി നിര്‍ത്തി കാര്യമന്വേഷിക്കാന്‍ ഇറങ്ങിയത്. പക്ഷേ ആക്രമണോത്സുകരായ ആള്‍ക്കൂട്ടം അവര്‍ക്ക് നേരെ തിരിഞ്ഞു, രക്ഷപ്പെടാന്‍ ശ്രമിച്ച അവരെ വാഹനങ്ങളില്‍ പിന്തുടര്‍ന്നു. 

ആള്‍ക്കൂട്ടം വഴി തടഞ്ഞതോടെ ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വണ്ടിയില്‍ നിന്നും പുരത്തിറങ്ങേണ്ടിവന്നു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ജെസിയും സുഹൃത്ത് ഹഷീമും അവിടെ കുടുങ്ങിപ്പോയി. 

ഭയന്നുവിറച്ച ജെസി കാറിന് അരികില്‍ നില്‍ക്കവേ ആളുകള്‍ ഹഷീമിനെ മര്‍ദിച്ചു. ആരൊക്കൊയോ കാറിന് തീവെച്ചു. അടുത്തുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ ജെസിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തീ കെടുത്താന്‍ കുറച്ചു മണല്‍ കയ്യിലെടുത്ത് എറിഞ്ഞു. പക്ഷേ അതില്‍ക്കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ അയാള്‍ തയ്യാറായില്ല. 

സ്ഥലത്തെത്തിയ ജെസിയുടെ മറ്റൊരു സുഹൃത്തിനെയും ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. അതിനിടെ ആ വഴിക്കുവന്ന ഒരു ബസില്‍ കയറി രക്ഷപ്പെടാന്‍ ജെസിയും കൂട്ടുകാരനും ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം ബസിനുള്ളില്‍ കയറി അവരെ പുറത്തിറക്കി. 

ഈ ആക്രമണത്തിനിടയില്‍ അവളുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞു. ടി ഷര്‍ട് മുഴുവനായും കീറിപ്പോയി. അതിനിടെ ഒരു ഇന്ത്യാക്കാരന്‍ അവള്‍ക്ക് തന്റെ ഷര്‍ട്ട് നല്‍കി സ്ഥലത്തുനിന്നും മാറ്റി. അപ്പോഴേക്കും നാട്ടുകാരായ ചിലരൊക്കെ ടാന്‍സാനിയക്കാര്‍ക്കുവേണ്ടി സംസാരിക്കാന്‍ തുടങ്ങി. ഒടുവില്‍ ഒരു ഇറാന്‍കാരന്‍ അവരെ അവിടെനിന്നും മാറ്റിക്കൊണ്ടുപോവുകയായിരുന്നു. 

‘ബംഗളൂരു എന്റെ വീടായിരുന്നു. ഞാന്‍ സമാധാനപരമായി ജീവിക്കുകയും ഇന്ത്യയെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്റെ വാടക ഉടമസ്ഥന്‍ നല്ല ആളായിരുന്നു, അയല്‍ക്കാരും നല്ല മനുഷ്യര്‍. പക്ഷേ ഈ അനുഭവം എന്നെ ആകെ മാറ്റി. ജൂണില്‍ എന്റെ കോഴ്‌സ് കഴിയും വരെ ഞാനിവിടെ നില്‍ക്കും. അത് പൂര്‍ത്തിയാക്കി നാട്ടില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു,’ അവള്‍ പറഞ്ഞു.

The News Minute പത്രാധിപരുടെ കുറിപ്പ്: ഈ റിപ്പോര്‍ട്ടിന്റെ ആദ്യരൂപത്തില്‍ ഇരയുടെ വിശദമായ ഉദ്ധരണികളുണ്ടായിരുന്നു. എന്നാല്‍ അത്ര വിശദമായ ഒരഭിമുഖത്തില്‍ പിന്നീട് അവര്‍ക്ക് ബുദ്ധിമുട്ട് തോന്നി. അവരുടെ ആവശ്യത്തെ മാനിച്ച് മിക്ക ഉദ്ധരണികളും നീക്കം ചെയ്യുകയും, അവര്‍ വിശദീകരിച്ചതിന്റെ പ്രസക്തഭാഗം മാത്രം ചേര്‍ക്കുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍