UPDATES

സയന്‍സ്/ടെക്നോളജി

ചൊവ്വയിലെ ജീവന്‍ ഇല്ലാതാക്കിയത് സൗരവാതങ്ങള്‍ ആകാമെന്ന് നാസ

അഴിമുഖം പ്രതിനിധി

ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ അന്തരീക്ഷത്തെ ഇല്ലാതാക്കിയത് സൗരവാതങ്ങള്‍ ആകാമെന്ന് നാസ. നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ മാവെന്‍ ശേഖരിച്ച വിവരങ്ങളെ അപഗ്രഥിച്ചാണ് നാസ പുതിയ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഓരോ സെക്കന്റിലും ചൊവ്വയിലെ അന്തരീക്ഷത്തിലെ വാതകങ്ങളില്‍ നിന്ന് നൂറ് ഗ്രാം വീതം സൂര്യനില്‍ നിന്നുള്ള ചൂടു കാറ്റ് നശിപ്പിക്കുന്നുണ്ടെന്ന് മാവെന്‍ കണ്ടെത്തി.

ഒരു പണപ്പെട്ടിയില്‍ നിന്ന് കുറച്ച് പണം ദിവസം തോറും എടുത്തു മാറ്റുന്നത് പോലെയാണിത്. കാലങ്ങള്‍ കടന്നു പോകുമ്പോള്‍ നഷ്ടം വലിയൊരു തുകയായി മാറും. ഇതാണ് ചൊവ്വയിലും സംഭവിച്ചത്. ദശലക്ഷ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യന്‍ ചെറുപ്പവും കൂടുതല്‍ പ്രവര്‍ത്തനക്ഷമവും ആയിരുന്ന കാലത്ത് ചൊവ്വയില്‍ നിന്നും ഇപ്പോള്‍ നഷ്ടമാകുന്ന വാതകത്തേക്കാള്‍ കൂടുതല്‍ നഷ്ടപ്പെട്ടിരുന്നു.

2015 മാര്‍ച്ചില്‍ ചൊവ്വയില്‍ പ്രചണ്ഡമായ സൗര വാതങ്ങള്‍ വീശിയിരുന്നു. ഈ സമയത്ത് വാതക നഷ്ടം വര്‍ദ്ധിച്ചിരുന്നുവെന്നും മാവെന്‍ കണ്ടെത്തിയിട്ടുണ്ട്. സൂര്യനില്‍ നിന്നുമുള്ള പ്രോട്ടോണ്‍, ഇലക്ട്രോണ്‍ തുടങ്ങിയ കണികകളുടെ പ്രവാഹമാണ് സൗര വാതങ്ങള്‍. മണിക്കൂറില്‍ പത്ത് ലക്ഷം മൈല്‍ വേഗതയിലാണ് സൗര വാതങ്ങള്‍ വീശുന്നത്.

പണ്ട് ധാരാളം സൗര വാതങ്ങള്‍ വീശിയിരുന്നതും ചൊവ്വയിലെ അന്തരീക്ഷത്തില്‍ നിന്ന് വന്‍തോതില്‍ വാതകങ്ങള്‍ നഷ്ടമായിരുന്നതും ചേര്‍ന്നാണ് ചുവന്ന ഗ്രഹത്തിന്റെ കാലാവസ്ഥയില്‍ മാറ്റം വരുത്തിയത്.

ഒരുകാലത്ത് ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ അന്തരീക്ഷം ഉണ്ടായിരുന്നു. ഊഷ്മളമായതും നനവാര്‍ന്നതുമായ ആ അന്തരീക്ഷം ഇപ്പോള്‍ തണുപ്പും വരണ്ടതുമായി. ഇതിന് പിന്നില്‍ സൗരവാതങ്ങളുടെ പ്രവര്‍ത്തനമാകും എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ദ്രാവക ജലത്തിന് നിലനില്‍ക്കാന്‍ സഹായിക്കുന്ന കട്ടിയേറിയ അന്തരീക്ഷം ചൊവ്വയില്‍ ഉണ്ടായിരുന്നിരിക്കാമെന്ന് നാസയിലെ ശാസ്ത്രജ്ഞനായ ജോണ്‍ ഗ്രണ്‍സ്‌ഫെല്‍ഡ് അഭിപ്രായപ്പെടുന്നു.

സൗര വാതത്തിലെ കാന്തിക വലയം ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വൈദ്യുത വലയം സൃഷ്ടിക്കുന്നുണ്ട്. ഇത് ഭൂമിയില്‍ ഒരു ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് പോലെയാണ്. ഈ വൈദ്യുത വലയം ചൊവ്വയിലെ അന്തരീക്ഷത്തിലെ വാതകങ്ങളിലെ ആറ്റങ്ങളെ അയോണുകളാക്കി മാറ്റുകയും ആ അയോണുകള്‍ ചൊവ്വയിലെ അന്തരീക്ഷോപരിതലത്തില്‍ നിന്ന് ബഹിരാകാശത്തിലേക്ക് ലയിച്ചു പോകുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചുവന്ന ഗ്രഹത്തിലെ അന്തരീക്ഷത്തില്‍ നിന്ന് വാതകങ്ങള്‍ ചോരുന്നത്.

ചൊവ്വയുടെ വാലറ്റത്ത് നിന്നാണ് 75 ശതമാനം വാതകവും ചോര്‍ന്നിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ചൊവ്വയുടെ പ്രതലത്തില്‍ ജലം ഒഴുകിയിരുന്നത് തുല്യമായ പാടുകള്‍ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ദശലക്ഷ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രഹത്തില്‍ നിലനിന്നിരുന്ന കട്ടിയേറിയ അന്തരീക്ഷം ഭൂമിയിലേത് പോലെ ദ്രാവക ജലത്തെ നദികളിലും തടാകങ്ങളിലും ശേഖരിച്ച് നിര്‍ത്താന്‍ സഹായിച്ചിരുന്നു. സമുദ്രം പോലും ഉണ്ടായിരുന്നിരിക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

ചൊവ്വയുടെ പ്രതലത്തില്‍ ജലാംശമുള്ള ലവണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് അടുത്ത കാലത്ത് മാര്‍സ് റക്കണെസ്സന്‍സ് ഓര്‍ബിറ്റര്‍ കണ്ടെത്തിയിരുന്നു. ഇത് ലവണ ജലത്തിന്റെ സാന്നിദ്ധ്യത്തെയാണ് സൂചിപ്പിക്കുന്നത്.

എങ്കിലും ഇപ്പോഴത്തെ ചൊവ്വയിലെ അന്തരീക്ഷം കഠിനമായി തണുപ്പേറിയതും ദീര്‍ഘകാലത്തേക്ക് ജലത്തെ നിലനിര്‍ത്താന്‍ സഹായകരമല്ലാത്ത വിധം ലോലവുമാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍