UPDATES

വിദേശം

ഫിലിപ്പൈന്‍സ് പ്രസിഡന്‍റ്; കൂട്ടക്കൊലയുടെ ‘വ്യാജ പ്രവാചകന്‍’

നിഷ്‌ക്കളങ്കരെ തിന്മ വേട്ടയാടുന്ന ഒരു ലോകത്തില്‍ 7,000 പേരെയെങ്കിലും കൊന്ന ഹിംസാത്മകമായ ഒരു ഉച്ചാടനക്രിയയാണ് ഫിലിപ്പൈന്‍ പ്രസിഡന്‍റ് ഡ്യൂട്ടെര്‍റ്റെ നടപ്പാക്കിയത്

ഫാനന്‍ ഡൂം

പാപത്തിന്റെ ലോകം. പൊരുതിത്തളര്‍ന്ന രക്ഷകന്‍. ഫിലിപ്പിനോകള്‍ക്ക് അക്കഥ നന്നായറിയാം.

കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നത് മുതല്‍, കൂട്ടക്കൊലകള്‍ക്ക് വേണ്ടിയുള്ള തന്റെ വാദം സാധൂകരിക്കാന്‍ പ്രസിഡണ്ട് റോഡ്രീഗോ ഡ്യൂട്ടെര്‍റ്റെ, ബൈബിള്‍ ഭാഷ ധാരാളമായി ഉപയോഗിക്കുന്നു. രാജ്യത്തെ, കുറ്റകൃത്യങ്ങളില്‍ നിന്നും വിമുക്തമാക്കാന്‍ തന്നെയും വേണമെങ്കില്‍ തന്റെ മകനെയും ബലിയര്‍പ്പിക്കുമെന്നും. നിഷ്‌ക്കളങ്കരെ തിന്മ വേട്ടയാടുന്ന ഒരു ലോകത്തില്‍ 7,000 പേരെയെങ്കിലും കൊന്ന ഹിംസാത്മകമായ ഒരു ഉച്ചാടനക്രിയയാണ് ഡ്യൂട്ടെര്‍റ്റെ നടപ്പാക്കിയത്. അയാളുടെ വിമര്‍ശകര്‍ ശപിക്കപ്പെട്ട് അവഹേളിതരായി. അയാളുടെ ജനപ്രിയത കുതിച്ചുയര്‍ന്നു. റോമന്‍ കാത്തലിക് സഭ അടക്കമുള്ള സ്ഥാപനങ്ങള്‍ നിശബ്ദത പാലിച്ചു.

പക്ഷേ ഇപ്പോള്‍ ഡ്യൂട്ടെര്‍റ്റെയുടെ ഭരണം 7 മാസം പിന്നിടുമ്പോള്‍ മരണസംഖ്യ ഓരോ രാത്രിയും ഉയരുമ്പോള്‍ രാജ്യത്തെ കത്തോലിക്ക സഭ ശബ്ദിക്കാന്‍ തുടങ്ങുന്നു. ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു ഇടയലേഖനത്തില്‍ ഡ്യൂട്ടെര്‍റ്റെയുടെ നീക്കം പാവപ്പെട്ടവര്‍ക്കെതിരായ ‘ഭീകര വാഴ്ച’യാണെന്ന് പള്ളി മേധാവികള്‍ കുറ്റപ്പെടുത്തി.

ബിഷപ്പിന്റെ നിലപാടില്‍ നിന്നും ധൈര്യം കിട്ടിയ പുരോഹിതന്മാരും കന്യാസ്ത്രീകളും മതപ്രചാരകരും ഭയപ്പെട്ട സാക്ഷികള്‍ക്ക് അഭയകേന്ദ്രമൊരുക്കിയും ശവമടക്കിന് പണം നല്‍കിയും ജാഥകള്‍ സംഘടിപ്പിച്ചും രംഗത്തിറങ്ങി. ഒരിക്കല്‍ പ്രസിഡണ്ടിനെ പിന്തുണച്ചിരുന്ന മതനേതാക്കള്‍ ഇപ്പോള്‍ എതിരായത് അയാളുടെ രാഷ്ട്രീയ സ്വാധീനം കുറച്ചേക്കും. ഒരിക്കല്‍ ഫിലിപ്പീന്‍ ജീവിതത്തിന്റെ കേന്ദ്രമായിരുന്ന ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യതയും ആയിരക്കണക്കിന് ജീവിതങ്ങളുമാണ് സന്ദിഗ്ദ്ധാവസ്ഥയിലായിരിക്കുന്നത്. പാരിസ്ഥിതിക, പൗരാവകാശ മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച് ഏകാധിപതി ഫെര്‍ഡിനാന്റ് മാര്‍ക്കോസിനെ 1986ല്‍ പുറത്താക്കാന്‍ സഹായിച്ചത് മതനേതാക്കളാണ്.

ഡ്യൂട്ടെര്‍റ്റെയുടെ മയക്കുമരുന്നു മാഫിയ വേട്ടയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മനിലയിലെ ബക്ലാരന്‍ പള്ളിയില്‍ നിന്നു പ്രാര്‍ഥന കഴിഞ്ഞു ഇറങ്ങിവരുന്നു

എന്നാല്‍ പലരും പറയുന്നത് കത്തോലിക്ക സഭയുടെ സ്വാധീനം കുറഞ്ഞുവരുന്നു എന്നാണ്. ഡ്യൂട്ടെര്‍റ്റെ അടക്കമുള്ള വിമര്‍ശകര്‍ സഭയില്‍ അഴിമതി ആരോപിക്കുന്നു. ദേശീയ അഭിപ്രായ സമന്വയത്തിന്റെ വക്താക്കളായിരുന്ന ബിഷപ്പുമാര്‍ ചില ഭരണവര്‍ഗ വിഭാഗങ്ങളുടെ കൂടെച്ചേര്‍ന്നു എന്നും ആരോപണമുണ്ട്. ഡ്യൂട്ടെര്‍റ്റെയുടെ ജന്മനഗരത്തിലെ സര്‍വകലാശാലയുടെ തലവന്‍ ഹോയാല്‍ റ്റബോറയെ പോലുള്ള പല പുരോഹിതന്മാരും ആദ്യം പ്രസിഡന്റിനെ പിന്തുണച്ചിരുന്നു. കുറ്റകൃത്യങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് അധികാരം സാധാരണ ഫിലിപ്പിനോകള്‍ക്ക് നല്‍കുമെന്ന വാഗ്ദാനമായിരുന്നു ഡ്യൂട്ടെര്‍റ്റെ മുന്നോട്ട് വച്ചത്.

കഴിഞ്ഞ മാസം, പൊലീസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡണ്ടിനെ അപലപിച്ചുകൊണ്ട് റ്റബോറ എഴുതി, ‘റോഡ്രീഗോ ഡ്യൂട്ടെര്‍റ്റെക്ക് ഞാന്‍ നല്‍കിയ വോട്ട് ഫിലിപ്പൈന്‍സിന്റെ പ്രസിഡണ്ട് ആയിട്ടാണ്. അയാളെ ദൈവമാക്കിയിട്ടല്ല. അത് അയാളെ തിന്മയുടെ രൂപവുമാക്കിയിട്ടില്ല.’

പക്ഷേ ഡ്യൂട്ടെര്‍റ്റെ, സാത്താനോടൊപ്പം നൃത്തം ചെയ്യുന്നതില്‍ ആനന്ദിക്കുന്നു. ബിഷപ്പുമാര്‍ കൊലപാതക പരമ്പരകളെ കുറ്റപ്പെടുത്തിയപ്പോള്‍, താന്‍ പശ്ചാത്തപിക്കുന്നില്ലെന്ന് അയാള്‍ പറഞ്ഞു. ‘ഞാന്‍ നരകത്തില്‍ പൊയ്‌ക്കൊളാം,’ അയാള്‍ ജനങ്ങളോട് പറഞ്ഞു, ‘എന്റെ കൂടെ വരൂ.’ പോപ്പിനെക്കാള്‍ വലിയ കത്തോലിക്കരാണ് തങ്ങളെന്ന് ഫിലിപ്പിനോകള്‍ തമാശ പറയാറുണ്ട്. ഗര്‍ഭഛിദ്രം മാത്രമല്ല, വിവാഹമോചനവും രാജ്യത്ത് നിരോധിച്ചിരിക്കുന്നു. ചില പുരോഹിതര്‍ ‘ജീവന്റെ സംസ്‌കാരത്തിന്’ അനുയോജ്യമല്ല എന്നുപറഞ്ഞ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം പോലും തടയുന്നു. അതുകൊണ്ടാണ് ഡ്യൂട്ടെര്‍റ്റെയുടെ ഉയര്‍ച്ച ശ്രദ്ധ നേടുന്നത്.

ഡ്യൂട്ടെര്‍റ്റെയുടെ മയക്കുമരുന്നു മാഫിയവേട്ടയുടെ പേരില്‍ ആളുകളെ വെടിവെച്ചു കൊല്ലുന്നതിനെ എതിര്‍ക്കുന്ന പള്ളികളില്‍ ഒന്നാണ് ബക്ലാരന്‍

സഭയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫിലിപ്പീന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. രാജ്യത്തെ 80 ശതമാനത്തോളം ജനങ്ങളും കത്തോലിക്കരാണ്. ഇത് വിശ്വാസികളെ ഒരു ശക്തമായ രാഷ്ട്രീയ വിഭാഗമാക്കുന്നു. ദീര്‍ഘകാലം തെക്കന്‍ നഗരമായ ദവായുടെ മേയറായിരുന്ന ഡ്യൂട്ടെര്‍റ്റെ ദേശീയ രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ അയാള്‍ പുരോഹിതരെ പ്രീണിപ്പിച്ചില്ല. പകരം അവരെ എതിര്‍ത്തു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഒരു പുരോഹിതന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു. സഭ മുഴുവന്‍ കപടന്‍മാരാണെന്ന് അയാള്‍ പറയുന്നു. ഡ്യൂട്ടെര്‍റ്റെ ഫിലിപ്പിനോകള്‍ക്ക് ഒരു ബദല്‍ മോക്ഷം വാഗ്ദാനം ചെയ്യുന്നു. താന്‍ പ്രസിഡണ്ടാകാന്‍ ആഗ്രഹിച്ചിരുന്നില്ല പക്ഷേ ജനങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടായിരുന്നു.

അവര്‍ക്കാവശ്യമുണ്ടെങ്കില്‍ ആറുമാസം കൊണ്ട് രാജ്യത്തെ കുറ്റവാളികളെ താന്‍ കൊല്ലും; മീനുകള്‍ തടിച്ചുചീര്‍ക്കും വരെ ശവങ്ങള്‍ തള്ളും. രക്തച്ചൊരിച്ചിലിന്റെ വാഗ്ദാനം അയാള്‍ നിറവേറ്റി. പ്രത്യാഘാതങ്ങള്‍ക്ക് താന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് പറഞ്ഞ് പൊലീസിനെ ഉത്തേജിപ്പിച്ചു.

ദവാവോയിലെ ‘മരണ സംഘത്തിന്റെ’ മേയറായിരുന്ന കാലം മുതല്‍ ഡ്യൂട്ടെര്‍റ്റെയെ നിരീക്ഷിക്കുന്ന അമാദോ പിക്കാര്‍ഡല്‍ എന്ന പുരോഹിതന്‍ വര്‍ഷങ്ങളായി ചിന്തിക്കുന്നത് ആളുകള്‍ എന്തുകൊണ്ട് ഈ ‘വ്യാജ പ്രവാചകന്’ പിന്നാലെ പോകുന്നു എന്നാണ്.

പോലീസിനെ ഭയന്ന് ബക്ലാരന്‍ പള്ളിയില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഒരു കുടുംബം

‘താന്‍ തിന്മയെ ഇല്ലാതാക്കുന്നതിനാല്‍ താന്‍ ചെയ്യുന്നത് ശരിയാണെന്ന് ഡ്യൂട്ടെര്‍റ്റെ പറയുന്നു.’ പിക്കാര്‍ഡല്‍ പറഞ്ഞു. ‘ഇതൊരു തരം രക്ഷക വികാരമാണ്. ഇത് പൂര്‍ണമായ നിയന്ത്രണത്തിന്റെയും അധികാരത്തിന്റെയും ആശയമാണ്. അയാള്‍ ദൈവമാണ്. അയാളാണ് നിയമം.’ അഴിമതിയും കുറ്റകൃത്യങ്ങളും കൊണ്ട് വലഞ്ഞ ഫിലിപ്പിനോകള്‍ക്ക് ഡ്യൂട്ടെര്‍റ്റെയുടെ വാഗ്ദാനങ്ങള്‍ ആകര്‍ഷകമായിരുന്നു. ഒരു മുന്‍ മയക്കുമരുന്ന് ഇടപാടുകാരനായിരുന്ന ബോബി ഡെല ക്രൂസ് പറയുന്നത് പോലെ പ്രശ്‌നം പുനരധിവാസത്തിനും മാപ്പിനുമുള്ള ഒരു വകുപ്പും ഇല്ലെന്നാണ്.

ഡ്യൂട്ടെര്‍റ്റെയുടെ ‘മയക്കുമരുന്ന് പട്ടികയില്‍’ ഉള്ളവര്‍ തങ്ങളുടെ ഭാഗം ശരിയാക്കാനുള്ള ഒരവസരം പോലുമില്ലാതെ കൊല്ലപ്പെടുന്നു. അവര്‍ക്ക് കോടതിയില്‍ ഒരു ദിവസം പോലും കിട്ടുന്നില്ല. ‘ദൈവം ദയാപരനാണ്,’ ഡെല ക്രൂസ് പറയുന്നു. ‘എന്നാല്‍ ഡ്യൂട്ടെര്‍റ്റെ അങ്ങനെയല്ല.’ഡ്യൂട്ടെര്‍റ്റെയുടെ തിരിച്ചടി ഭയന്നാണ് സഭ ഇത്രയും കാലം മിണ്ടാതിരുന്നതെന്ന് പല പുരോഹിതരും പറയുന്നു. ചിലരൊക്കെ മയക്കുമരുന്ന് വേട്ടയുടെ ഇരകളെ രഹസ്യമായി സഹായിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ബിഷപ്പുമാരും ഒപ്പം വന്നതോടെ അവരില്‍ പലരും തങ്ങളുടെ പ്രവൃത്തികള്‍ പരസ്യമാക്കിത്തുടങ്ങി. മനിലയില്‍ ബക്ലാരന്‍ പള്ളി അതിന്റെ വാതിലുകള്‍ ജീവഭയമുള്ള സാക്ഷികള്‍ക്കായി തുറന്നിട്ടിരിക്കുന്നു.

കൊല്ലപ്പെട്ട ഇരയുടെ കുടുംബം

ഫെബ്രുവരിയില്‍ പള്ളി, പൊലീസുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ വീട്ടില്‍ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയ മൂന്നാംലിംഗത്തില്‍ പെട്ട ഹാര്‍ട് എന്ന സ്ത്രീയുടെ ബന്ധുക്കളെയും തന്റെ 3 കൌമാരക്കാരായ സുഹൃത്തുക്കളെയടക്കം 7 പേരെ വെടിവെച്ച് കൊന്നതിന് സാക്ഷിയായ 18കാരനായ ജുന്‍ സാന്റിയാഗോയെയും സ്വീകരിച്ചു. ഭരണകൂട കൊലപാതകങ്ങള്‍ മാനസികമായി തളര്‍ത്തിയ ആളുകളെ സഹായിക്കാന്‍ വഴിയില്ലാതെ കുഴങ്ങുകയാണ് നഗരത്തിലെ ദരിദ്രമായ പള്ളികള്‍. ബന്ധുക്കളെ വെടിവെച്ചുകൊല്ലുന്നത് കാണുകയും മൃതദേഹങ്ങളിലേക്ക് വീഴുകയും ചെയ്തവരാണ് അവരില്‍ പലരുമെന്ന് യുഎസില്‍ നിന്നും മനഃശാസ്ത്ര പഠനം കഴിഞ്ഞ് വന്ന ജോണ്‍ എറ പറയുന്നു. മനഃശാസ്ത്ര ഉപദേശം ഈ ദരിദ്ര സമൂഹത്തിനു താങ്ങാനാകാത്ത ചെലവാണ്.

ദരിദ്രരെയും ന്യൂനപക്ഷങ്ങളേയും സഹായിക്കാന്‍ കത്തോലിക്കര്‍ക്ക് ബാധ്യതയുണ്ടെന്ന് ഒരിക്കല്‍ ഡ്യൂട്ടെര്‍റ്റെയെ പിന്തുണച്ച പുരോഹിതന്‍ ഗില്‍ബെര്‍ട് ബിലെന്ന പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരിലുള്ള കൊലപാതകങ്ങള്‍ ക്രൂരവും തിരിച്ചടിക്കുന്നതുമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുക എന്നതാണ് വലിയ വെല്ലുവിളി എന്നും അദ്ദേഹം പറയുന്നു. കുറ്റകൃത്യം തടയുന്നതിനെക്കാളേറെ അത് ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘7000 പേര്‍ മരിക്കുമ്പോള്‍ ഒരു ജനത എന്ന നിലയില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു. ‘ദരിദ്രര്‍ക്കും ജനങ്ങള്‍ക്കും മാറ്റമാണ് ഡ്യൂട്ടെര്‍റ്റെ വാഗ്ദാനം ചെയ്തത്. നിങ്ങളെ ഒറ്റയടിക്ക് വെടിവെച്ച് കൊല്ലുമ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?’ ദൈവത്തെയും മറ്റാരെയും ഭയമില്ലാത്ത പ്രസിഡണ്ടിനെ വെല്ലുവിളിക്കാന്‍ സ്വാധീനശക്തിയുള്ളവര്‍ തയ്യാറാകണമെന്ന് ബിലെന്ന ആവശ്യപ്പെടുന്നു. കൂടുതല്‍ ആളുകള്‍ അങ്ങനെ ചെയ്യുമെന്നും. ഇപ്പോള്‍ ബക്ലാരനില്‍ അവര്‍ ബിഷപ്പിന്റെ അഭ്യര്‍ത്ഥന ആവര്‍ത്തിക്കുന്നു, ‘മേരി, നിത്യസഹായ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍