UPDATES

വിദേശം

മുവമ്മര്‍ ഗദ്ദാഫിയുടെ ജന്മനാട് ഇന്നൊരു പ്രേതനഗരമാണ്

Avatar

സുദര്‍ശന്‍ രാഘവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു ഇരുനില വീടിന് മുകളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കറുത്ത പതാക പാറുന്നു. അതൊരു വെടിവെപ്പുകാരന്റെ താവളമാണ്. ആളൊഴിഞ്ഞ തെരുവ് അവരുടെ നിയന്ത്രണത്തിലാണ്. അടുത്തുള്ള എല്ലാ കെട്ടിടങ്ങളും. ആ പതാകയും ഇടക്കൊക്കെ ചീറിപ്പായുന്ന ചില വെടിയുണ്ടകളുമാണ് ഈ ഉച്ചതിരിഞ്ഞ നേരത്ത് തീവ്രവാദികളുടെ ഏക സൂചന.

രണ്ടു ബ്ലോക്കുകള്‍ക്കപ്പുറത്ത്, ഒരു പന്തുകളി മൈതാനത്തെക്കാളും കുറഞ്ഞ അകലത്തില്‍ ലിബിയന്‍ സൈനികര്‍ കയ്യിലേന്തുന്ന റോക്കറ്റ് വിക്ഷേപണിയും വലിയ യന്ത്രത്തോക്കുകള്‍ കയറ്റിയ വണ്ടികളുമായി ഒത്തുകൂടിയിരിക്കുന്നു. തിങ്കളാഴ്ച്ച മുതല്‍ ഈ തകര്‍ന്ന നഗരത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് വ്യോമാക്രമണമാണ്. എന്നാലും സര്‍ക്കാരനുകൂല സേനകള്‍ മുന്‍നിര കടന്നുപോയിട്ടില്ല.

“ഞങ്ങള്‍ മുന്നോട്ട് നീങ്ങിയാല്‍ ആ ഒളിച്ചിരിക്കുന്ന വെടിക്കാര്‍ ഞങ്ങളെ നരകത്തിലെപ്പോലെ വെടിവെക്കും,”സര്‍ക്കാരനുകൂല പോരാളിയായ സുലൈമാന്‍ ഷരീഫ് പറഞ്ഞു.

അമേരിക്കന്‍ വ്യോമാക്രമണം സര്‍ക്കാരനുകൂല സേനയ്ക്ക് ആവശ്യമായ മുന്‍തൂക്കം ഇതാദ്യമായി നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ തിങ്ങിനിറഞ്ഞ നഗരാന്തരീക്ഷത്തില്‍ ഓരോ തെരുവും ഓരോ വീടും കൈവശപ്രദേശമായി മാറ്റുമ്പോള്‍ സിര്‍ത്ത് നഗരത്തില്‍ നിന്നും തീവ്രവാദികളെ പുറത്താക്കുക ഒട്ടും എളുപ്പമല്ല.

സിര്‍ത്തില്‍ തോറ്റാല്‍ അത് ഇസ്ലാമിക് സ്റ്റേറ്റിനേല്‍ക്കുന്ന വലിയ തിരിച്ചടിയായിരിക്കും. പക്ഷേ സിര്‍ത്ത് മോചിപ്പിക്കാനുള്ള സൈനിക നീക്കം മെയ് മാസത്തില്‍ തുടങ്ങിയതു മുതല്‍ സിര്‍ത്തിലെ നഗരകേന്ദ്രത്തിന്റെ നിയന്ത്രണം നിലനിര്‍ത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസൂത്രിത തന്ത്രത്തില്‍ തട്ടിനില്‍ക്കുകയാണ് സര്‍ക്കാര്‍ അനുകൂല സൈന്യം. കുഴി ബോംബുകള്‍, സ്ഫോടകവസ്തുക്കള്‍ കെടിയിട്ട വീട്ടുവാതിലുകള്‍, ചാവേറുകള്‍, ഒളിവെടിക്കാര്‍ ഇങ്ങനെയുള്ള [പ്രതിബന്ധങ്ങളില്‍പ്പെട്ട് നൂറുകണക്കിനു സര്‍ക്കാരനുകൂല സൈനികരാണ് കൊല്ലപ്പെട്ടത്. ഏതാണ്ട് 4 മൈല്‍ നീളുന്ന നഗരകേന്ദ്രത്തിന്റെ 70 ശതമാനത്തോളം ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലാണ്.

ആദ്യ ആഴ്ചയിലെ ആക്രമണത്തില്‍ യു.എസ് പോര്‍വിമാനങ്ങള്‍ ഐ എസ് ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, സഞ്ചരിക്കുന്ന ആയുധ ശേഖരങ്ങള്‍, റോക്കറ്റ് വിക്ഷേപണികള്‍ എന്നിവയെയാണ് ലക്ഷ്യമിട്ടത്. ഇപ്പോള്‍ ഐ എസ് പ്രതിരോധതന്ത്രം മാറ്റി. സൈനിക വാഹനങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നു, കേന്ദ്രങ്ങള്‍ മാറുന്നു, പകല്‍ പുറത്തധികം വരാതിരിക്കുന്നു എന്നിങ്ങനെയാണെന്ന് സര്‍ക്കാര്‍ സേനകള്‍ പറയുന്നു.

“കവചിത വാഹനങ്ങള്‍, ടാങ്കുകള്‍ എന്നിവയല്ല അവരുടെ ഏറ്റവും ശക്തമായ ആയുധങ്ങള്‍,”നഗരത്തിലെ മുന്നണിയിലുള്ള ഏറ്റവും വലിയ സായുധ വിഭാഗത്തിന്റെ തലവന്‍ മൊഹമ്മദ് ദറാത്ത് പറഞ്ഞു. “കുഴിബോംബുകളും, കെണി ബോംബുകളും, ഒളിവെടിക്കാരുമാണ് അവരുടെ പ്രധാന ആയുധങ്ങള്‍. ഇതാണ് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.”

എങ്കിലും നഗരത്തില്‍ തുടക്കത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് ഐ എസ് പോരാളികളില്‍ മിക്കവരും ഓടിപ്പോവുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഏതാണ്ട് 500–1000 പേര്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. അവരെയും സര്‍ക്കാര്‍ സേന വളഞ്ഞിരിക്കുന്നു. കടലിലും റോന്തുചുറ്റുന്നുണ്ട്. യു എസ് വ്യോമാക്രമണം കൂടിയാകുമ്പോള്‍ സിര്‍ത്തിന്റെ നിയന്ത്രണം തുടരുക ഐ എസിന് ദുര്‍ഘടമാണ്.

പല ലിബിയക്കാരും ചോദിക്കുന്ന ചോദ്യമിതാണ്; എന്നാണ് നഗരം കീഴ്പ്പെടുത്താനാവുക? എത്ര പേരുടെ ജീവനാണ് അതിനു വില കൊടുക്കേണ്ട വരിക?

2015 ആദ്യകാലത്താണ് ലിബിയയുടെ എണ്ണസ്രോതസുകളുടെ ഭൂരിഭാഗവും ഉള്ള ഈ നഗരം ഐ എസ് പിടിച്ചെടുത്തത്. കൊല്ലപ്പെട്ട ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയുടെ ജന്മനാടാണ് ഇവിടം. അയാള്‍ അധികാര ഭ്രഷ്ടനാക്കപ്പെട്ട അഞ്ചുകൊല്ലം മുമ്പുള്ള പോരാട്ടനാളുകളില്‍ അവസാനം വരെ ഗദ്ദാഫി അനുകൂലികള്‍ ചെറുത്തുനിന്ന നഗരമായിരുന്നു. ഒക്ടോബര്‍ 2011-നു ഇവിടെവെച്ചാണ് ഗദ്ദാഫിയെ വിമത പോരാളികള്‍ വധിച്ചത്.

മറ്റ് സ്ഥലങ്ങളിലെ എണ്ണ കേന്ദ്രങ്ങളുടെ നേരെ ആക്രമണം നടത്താനുള്ള ഒരു താവളമായി ഐ എസ് സിര്‍ത്തിനെ വളരെ വേഗം മാറ്റി. സിറിയയിലും ഇറാഖിലും യു.എസ് വ്യോമാക്രമണവും ഇറാഖി സേനയുടെ ആക്രമണവും ഐ എസ് ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയപ്പോള്‍ സിര്‍ത്തായിരുന്നു അവരുടെ ഖിലാഫത്തിന്റെ ഭാവി തലസ്ഥാനമായി കണ്ടുവെച്ചത്.

ആ മോഹങ്ങളാണ് ഇപ്പോഴത്തെ പോരാട്ടത്തിന്റെ കാരണം. ഐ എസ് തീവ്രവാദികള്‍ മെയ് മാസത്തില്‍ പടിഞ്ഞാറന്‍ തീരത്തേക്ക് മുന്നേറിയപ്പോള്‍ അടുത്ത നഗരമായ മിസുറാറ്റയിലെ സേനകള്‍ പ്രത്യാക്രമണം നടത്തി. ദിവസങ്ങള്‍ക്കകം അവര്‍ ഐ എസിനെ സിര്‍ത്തിലേക്ക് തള്ളിനീക്കി. നഗരത്തിന്റെ പുറംഭാഗങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചു പോരാട്ടം നഗരകേന്ദ്രത്തിലേക്കാക്കി.

അതിനുശേഷം അവരുടെ മുന്നേറ്റം മന്ദഗതിയിലായി.

വിദേശികളും ലിബിയക്കാരുമായ പോരാളികള്‍ അടങ്ങിയ ഐ എസ് സേന ടാങ്കുകളും വലിയ വെടിവെപ്പും നടത്തി സര്‍ക്കാര്‍ അനുകൂല സേനകളെ തടഞ്ഞുനിര്‍ത്തി. തെരുവുകളില്‍, ആശുപത്രികളില്‍, സര്‍വകലാശാലകളില്‍, മറ്റ് വലിയ കെട്ടിട സമുച്ചയങ്ങളില്‍ എല്ലാം കുഴിബോംബുകളും കെണിബോംബുകളും പിടിപ്പിച്ചു. ആയുധങ്ങളും ഭക്ഷണവും വെള്ളവും അവര്‍ പ്രദേശത്തിന്റെ പല ഭാഗങ്ങളിലും ശേഖരിച്ചു.

ആളുകളെ കൊല്ലാന്‍ ഐ എസ് പല നൂതന വഴികളും ഉപയോഗിക്കുന്നു. വീടുപരിശോധനക്കിടെ ഫ്രിഡ്ജുകള്‍ പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ വെക്കുന്നു. ബ്രെഡ് പൊതികളില്‍ ബോംബ് വെച്ച് ശത്രുക്കള്‍ എടുക്കാന്‍ പാകത്തില്‍ ഇടുന്നു.

“നീചവും മനുഷ്യത്വരഹിതവുമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ ഞങ്ങളുടെ പോരാളികളെ കൊല്ലുന്നത്,” ദറാത് പറഞ്ഞു.

കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ 400 സര്‍ക്കാര്‍ അനുകൂല സൈനികര്‍ കൊല്ലപ്പെട്ടു. 2000 പേര്‍ക്കു പരിക്കേറ്റു. യു.എസും പടിഞ്ഞാറന്‍ രാജ്യങ്ങളും തങ്ങളെ കൈവിട്ടതായി ഈ സൈനികര്‍ക്കിടയില്‍ പരാതിയും അമര്‍ഷവുമുണ്ട്.

നഗരത്തിലെ പ്രതിസന്ധിയും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതും യു.എസ് വ്യോമാക്രമണത്തിനായി കഴിഞ്ഞയാഴ്ച ആവശ്യപ്പെടാന്‍ പടിഞ്ഞാറന്‍ പിന്തുണയുള്ള ലിബിയയിലെ ഐക്യ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു.

എന്നാല്‍ മുന്നണിയില്‍ യു.എസ് ഇടപെടല്‍ സ്വാഗതം ചെയ്യുന്നെങ്കിലും അത്ര സുഖകരമല്ല.

“അത് വല്ലാതെ വൈകിയാണ് വന്നത്,”  ദറാത് പറയുന്നു. “തുടക്കം തൊട്ടേ അമേരിക്കക്കാര്‍ ഞങ്ങളെ പിന്തുണച്ചിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ സംരക്ഷിക്കാമായിരുന്നു.”

ഇന്ന്, സിര്‍ത്ത് ഒരു പ്രേതനഗരമാണ്.

നഗരത്തിലെ 80,000 വരുന്ന ജനത ഏതാണ്ട് മുഴുവനായും പലായനംചെയ്തു. കെട്ടിടങ്ങള്‍ നിറയെ മുന്തിരിക്കുലകള്‍ പോലെ വെടിയുണ്ട തുളച്ച പാടുകള്‍. വീടുകള്‍ വെടിവെപ്പില്‍ തകര്‍ന്നിരിക്കുന്നു. അടച്ചു പൂട്ടിയ കടകളുടെ മുന്നില്‍ അറബിയിലും ഇംഗ്ലീഷിലും കറുത്ത മുദ്രകളില്‍ എഴുതിയിരിക്കുന്നു;“പൊതു സേവന കാര്യാലയം.”

അത് ഇസ്ലാമിക് സ്റ്റേറ്റിന്റെ നികുതിപിരിവ് കേന്ദ്രമാണ്.

തൊട്ടടുത്തുള്ള ഒരു സ്ഥലത്തു സര്‍ക്കാര്‍ അനുകൂല സേന, ഒരു കുരിശ് തകര്‍ത്തു. ഐ എസ് ആളുകളെ വധിക്കാനും കുരിശില്‍ തറയ്ക്കാനും ഉപയോഗിച്ചിരുന്ന ചത്വരമായിരുന്നു അത്. മറ്റൊരു കേന്ദ്രത്തില്‍ ഐ എസിന്റെ തടവറയായിരുന്നു. ആളുകളെ പീഡിപ്പിച്ച് കൊന്നു കുഴിച്ചുമൂടിയ സ്ഥലത്തുനിന്നും 9 മൃതദേഹങ്ങളും കണ്ടെത്തി.

ഐ എസ് തീവ്രവാദികള്‍ ഇപ്പോള്‍ വലിയ നഗര കേന്ദ്രത്തിന്റെ പല ഭാഗങ്ങളിലായി തമ്പടിച്ചിരിക്കുന്നു. ഗദ്ദാഫി ആഫ്രിക്കന്‍ യൂണിയന്‍ സമ്മേളനങ്ങളും മറ്റ് അന്താരാഷ്ട്ര സമ്മേളനങ്ങളും നടത്തിയിരുന്ന സമ്മേളന കേന്ദ്രത്തിലും ഐ എസ് താവളമാണ്.

ധനികരുടെ താമസസ്ഥലമായിരുന്ന  വലിയ മാളികകള്‍ നിറഞ്ഞ അതുകൊണ്ടുതന്നെ അല്‍-ഡോളര്‍ എന്ന പേരുവീണ പ്രദേശം ഐ എസിന്റെ പ്രധാന മുന്‍നിരയാണ്. സര്‍ക്കാര്‍ അനുകൂല സേനകള്‍ ഒഴിഞ്ഞ വീടുകളില്‍ കയറി കിടക്കകളും മറ്റ് ആവശ്യവസ്തുക്കളുമായി ചെറുതാവളമാക്കിയിട്ടുണ്ട്. പുരപ്പുറത്തുനിന്നും ആക്രമണത്തിന് തയ്യാറെടുക്കുകയാണവര്‍.

ഇരുവിഭാഗങ്ങളുടെയും അതിരുകളില്‍ വലിയ ചരക്ക് പത്തായങ്ങള്‍ കൂട്ടിയിട്ടുണ്ട്. പലതിലും എഴുതിയിട്ടുണ്ട്,“അപകടം. ഒളിവെടിക്കാരുണ്ട്.” യു.എസ് വ്യോമാക്രമണത്തിന് രണ്ടുദിവസം മുമ്പ് ഒരു ചാവേര്‍ ദറാത്തിന്റെ കേന്ദ്രത്തിന് തോട്ടപ്പുറത്തുള്ള ഒരു വീടിന് മുകളില്‍ പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച്ചയും ചാവേറിന്റെ ശരീരാവശിഷ്ടങ്ങള്‍ അവിടെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

യു.എസ് വ്യോമാക്രമണം ദറാത്തിന്റെ ആളുകലെ അല്പം സഹായിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച് മിസുറാറ്റ സൈനിക ദൌത്യവുമായി ഏകോപിപിച്ച് ഐ എസ് ഒളിവെടിക്കാരുള്ള വീടിനുനേരെ യു.എസ് വ്യോമാക്രമണം നടത്താനായി എന്നയാള്‍ പറഞ്ഞു. ബുധനാഴ്ച്ച ഐ എസിന്റെ ടാങ്ക് വേധ  തോക്കിന് നേരെ ആക്രമണവും തങ്ങള്‍ പറഞ്ഞപ്പോള്‍  യു.എസ് സുഹൃത്തുക്കള്‍ നടത്തിയെന്ന് ദറാത്ത് പറഞ്ഞു.

എന്നിട്ടും വ്യാഴാഴ്ച്ച ഒരു ഐ എസ് ഒളിവെടിക്കാരന്‍ ഒരു സായുധ സൈനികനെ കൊന്നു. വെള്ളിയാഴ്ച്ചയും ഏറ്റുമുട്ടലുണ്ടായി.

തന്റെ കേന്ദ്രത്തിന് 200 മീറ്ററില്‍ കുറവ് ദൂരത്തുള്ള പ്രധാന പാത മുറിച്ചുകടക്കാനും ഐ എസിനെ വീണ്ടും പിറകോട്ടു തള്ളാനുമാണ് ദറാത് ആഗ്രഹിക്കുന്നത്. പാതയുടെ മറുവശത്തു ഐ എസ് ഒരു ആശുപത്രി സമുച്ചയവും മുമ്പ് ഗദ്ദാഫി വിശിഷ്ടാതിഥികളെ സ്വീകരിച്ചിരുന്ന ഒരു കേന്ദ്രവും കയ്യടക്കി വെച്ചിരിക്കുന്നു.

പക്ഷേ ഈ പ്രദേശം മുഴുവന്‍ കുഴി ബോംബുകളും കെണി ബോംബുകളുമാണ്.

ദറാത്തിനിപ്പോള്‍ കുഴി ബോംബുകള്‍ നീക്കം ചെയ്യാനുള്ള വിദഗ്ദ്ധരുടെ കുറവുണ്ട്. അയാളുടെ ഏറ്റവും വിദഗ്ദ്ധനായ എഞ്ചിനീയര്‍ അടുത്തിടെ ഒരു മൃതദേഹം നീക്കം ചെയ്യുമ്പോള്‍ കൊല്ലപ്പെട്ടു. മൃതദേഹത്തില്‍ ഐ എസ് കെണിബോംബ് വെച്ചിരുന്നു. അവശേഷിക്കുന്ന കുഴിബോംബ് വിദഗ്ധര്‍ പലരും ഐ എസ് പ്രദേശത്തേക്ക് കടക്കാന്‍ മടിക്കുന്നു.

ഈയിടെ പാതയിലെ കുഴിബോംബുകള്‍ പൊട്ടിത്തെറിപ്പിച്ച് ഇല്ലാതാക്കാന്‍ 1000 ആടുകളെ അഴിച്ചുവിടാന്‍ ദറാത്ത് ആലോചിച്ചിരുന്നു. പക്ഷേ അതേറെ ക്രൂരമാകും എന്നു കരുതി താനത് വേണ്ടെന്നുവെച്ചു എന്ന് ദറാത് പറഞ്ഞു.

യു.എസ് വ്യോമാക്രമണം രൂക്ഷമാകവേ, ഇപ്പോള്‍ രാത്രിയിലാണ്  ഐ എസ് പോരാളികളുടെ നീക്കമെന്ന് ദറാത്തിന്റെ രഹസ്യാന്വേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഇത് പാത മുറിച്ചുകടക്കാനുള്ള തങ്ങളുടെ ലക്ഷ്യം വീണ്ടും ദുഷ്കരമാക്കുമെന്നാണ് ദറാത്തിന്റെ ഭയം.

“ഇനിയിപ്പോള്‍ വലിയ ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചാല്‍ അമേരിക്കന്‍ ആക്രമണം ഒഴിവാക്കാനാകില്ലെന്ന് ഐ എസിനറിയാം,” ദറാത് പറഞ്ഞു. “അവര്‍ വീണ്ടും കുഴിബോംബുകള്‍ വെക്കും. അവരുടെ വഴികള്‍ അടയുകയാണ്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍