കോളേജ് ക്യാന്റീനിലെ ഭക്ഷണത്തില്‍ പല്ലിയെയും ഫ്രിഡ്ജിന് മുകളില്‍ പൂച്ചക്കാഷ്ടവും കണ്ടതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് പരാതിപ്പെട്ടിരുന്നു
ആലപ്പുഴ കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനിയറിംഗിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രിന്‍സിപ്പലിന്റെയും കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് അടിച്ചു തകര്‍ത്തു.
വിദ്യാര്‍ത്ഥിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നും പ്രിന്‍സിപ്പല്‍ മാതാപിതാക്കളെ വിളിച്ച് പറഞ്ഞതാണ് കാരണമെന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം കോളേജ് ക്യാന്റീനിലെ ഭക്ഷണം മോശമായതിനെത്തുടര്‍ന്ന് പുറത്തുപോയി ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്താന്‍ വൈകിയതാണ് പ്രിന്‍സിപ്പലിനെ കുപിതനാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പുറത്തുപോയി ഭക്ഷണം കഴിച്ച എല്ലാ വിദ്യാര്‍ത്ഥികളുടെയും വീടുകളിലും പ്രിന്‍സിപ്പല്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു.
കോളേജ് ക്യാന്റീനിലെ ഭക്ഷണത്തില്‍ പല്ലിയെയും ഫ്രിഡ്ജിന് മുകളില്‍ പൂച്ചക്കാഷ്ടവും കണ്ടതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് പരാതിപ്പെട്ടിരുന്നു. സൗകര്യമുണ്ടെങ്കില്‍ കഴിച്ചാല്‍ മതിയെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആറ് ദിവസമായി പുറത്തു പോയാണ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ചിരുന്നത്. ഭക്ഷണം കഴിച്ച് വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മാനസികമായി തകര്‍ന്നിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്.
ഈ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വിളിച്ച് കുട്ടിയ്ക്ക് മദ്യപാനവും പുകവലിയുമുണ്ടെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. ഇത് പ്രിന്‍സിപ്പലിന്റെ ആരോപണം മാത്രമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.