UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാണക്കേടോടെ പറയട്ടെ; ആ പെണ്‍കുട്ടിയുടെ കരണത്തടിച്ചത് നാമോരോരുത്തരുമാണ്

Avatar

ടീം അഴിമുഖം/ എഡിറ്റോറിയല്‍

ബഹുമാനപ്പെട്ട മാഡം,

നിങ്ങള്‍ ആരാണ് എന്നു ഞങ്ങള്‍ക്ക് അറിയില്ല. അല്ലെങ്കില്‍, നിങ്ങളോട് മാത്രമല്ല, ഈ സമൂഹത്തോട് മുഴുവനായി തന്നെ പറയുന്ന കാര്യമാണിത്. ആ വീഡിയോവില്‍ കണ്ടത് ഞെട്ടിക്കുന്നതാണ് എന്നു പറയാതെ വയ്യ. ഒരു പ്രചാരണ ഫ്ലാഷ് മോബില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ആ പെണ്‍കുട്ടിയെ നിങ്ങള്‍ മുഖത്തടിച്ചത്. ആ സമയത്ത് നിങ്ങള്‍ അത്യന്തം ക്ഷുഭിതയായി കാണപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന ചിലരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് പിന്നീട് ഞങ്ങള്‍ക്ക് മനസിലായ കാര്യം നിങ്ങള്‍ ആ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞു എന്നും അതുകൊണ്ട് കേസ് കൊടുക്കേണ്ടതില്ല എന്ന്‍ ആ പെണ്‍കുട്ടി തീരുമാനിച്ചു എന്നുമാണ്. നിങ്ങള്‍ വ്യക്തിപരമായ ചില കാര്യങ്ങള്‍ കൊണ്ട് ആ സമയത്ത് അസ്വസ്ഥയായിരുന്നു എന്നും അതാണ് പ്രകോപനപരമായ ഇത്തരമൊരു കാര്യത്തിലേക്ക് നയിച്ചതെന്നുമാണ് നിങ്ങള്‍ പറഞ്ഞതായി ഞങ്ങള്‍ മനസിലാക്കുന്നത്. പക്ഷേ അതെന്തായാലും ഒരു പെണ്‍കുട്ടിയുടെ മുഖത്തടിക്കാന്‍ മാത്രമുള്ള നിലയിലേക്ക് നമ്മുടെ മാനസികാവസ്ഥ എങ്ങനെ മാറുന്നു എന്നതാണ് ഇവിടെ പ്രശ്നം; ഒപ്പം എന്തുകൊണ്ട് അതൊരു പെണ്‍കുട്ടിയായി, എന്തുകൊണ്ട് ആണ്‍കുട്ടിയായില്ല എന്നതും.

ഇത് നമ്മള്‍ കേരളീയര്‍ക്ക് പതിവ് കാഴ്ചയാണ്. നമ്മളെ ബന്ദികളാക്കി ആളുകള്‍ പ്രകടനങ്ങള്‍ നടത്താറുണ്ട്. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന മിന്നല്‍ ബന്ദുകളോ അല്ലെങ്കില്‍ മുന്‍കൂട്ടി തീരുമാനിച്ച ഹര്‍ത്താലുകളോ ആവാം. എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും നേതൃത്വത്തിലുള്ള മതഘോഷയാത്രകള്‍ ആകാം. പലപ്പോഴും നമ്മള്‍ പാതയോരങ്ങളില്‍ അകപ്പെട്ടു പോകുന്നു. കൃത്യസമയത്ത് എത്താന്‍ സാധിക്കാതെ പോകുന്നു. നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്നവര്‍ മാത്രമാകുന്നു. എന്നിട്ടും നമ്മള്‍ എല്ലാം സഹിക്കുന്നു. ആ സംഘടിത ഗുണ്ടകള്‍ക്ക് നമ്മുടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ തടയാം. കാരണം ഇത്തരം സംഘടിതരായ ആളുകളുടെ വിദ്വേഷം നേരിടാനുള്ള ധൈര്യം നമുക്കില്ല. അത് മതങ്ങളായാലും രാഷ്ട്രീയ പാര്‍ട്ടികളായാലും. എന്നിട്ടും പാട്ടും നൃത്തവും കൊണ്ട് ആളുകളെ വിനോദിപ്പിച്ച, അതും ഒരു അവബോധപരിപാടി എന്ന നിലയില്‍, ആ പെണ്‍കുട്ടി എന്തുകൊണ്ടാണ് മര്‍ദ്ദിക്കപ്പെട്ടത്?

നമ്മള്‍ അരാജകത്വത്തില്‍ വിശ്വസിക്കുന്നില്ല.  ക്രമസമാധാനത്തില്‍ വിശ്വസിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തില്‍ വിശ്വസിക്കുന്നു. ഒപ്പം രാഷ്ട്രീയ അവകാശങ്ങളില്‍ വിശ്വസിക്കുന്നു. പക്ഷേ എന്തുകൊണ്ടാണ് കുറച്ചു കുട്ടികള്‍ നടത്തുന്ന പ്രചാരണ പരിപാടിക്ക് നേരെ ഇങ്ങനെ ഒരു അക്രമം സംഭവിച്ചു? നമുക്ക് ആ വീഡിയോയില്‍ പോലീസുകാരെ കാണാം. അത് സൂചിപ്പിക്കുന്നത് പോലീസിന്റെ അനുവാദത്തോടെ തന്നെയാണ് കുട്ടികള്‍ ഈ പരിപാടി നടത്തിയത് എന്നതാണ്.

എന്നാല്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ മുഖത്തടിക്കുന്നതില്‍ കാണിച്ച ‘ധൈര്യം’, അതോ ഭീരുത്വമോ, അറിയില്ല, തികച്ചും അപലപനീയമാണത്. അതോടൊപ്പം ഇത് നമ്മുടെ സമൂഹത്തെ കുറിച്ചു ചിലത് നമ്മളോട് പറയുന്നുണ്ട്. ഹര്‍ത്താലിനും ബന്ദിനും പേര് കേട്ട ഒരു നാട്ടില്‍ ഒരു ബസ് വൈകിച്ചതിന് കുട്ടികളെ അടിക്കാം. എന്നാല്‍ കൂടുതല്‍ സംഘടിതമായി നമ്മുടെ സ്വതന്ത്ര സഞ്ചാരത്തെ തടസപ്പെടുത്തുന്നവരെ നേരിടാനുള്ള ധൈര്യം നമുക്കില്ലാതെ പോകുന്നു. 

ഇത് തീര്‍ത്തും ദുഃഖകരമാണ്. പരസ്യമായി കാണിച്ച ക്ഷോഭ പ്രകടനത്തിന് നിങ്ങള്‍ ആ പെണ്‍കുട്ടിയോട് മാപ്പ് ചോദിച്ചെങ്കില്‍, നല്ല കാര്യം. പക്ഷേ, പൊതുനിരത്തില്‍ ഒരു പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്കൊപ്പം കാണുന്നതും അവള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും യാത്ര ചെയ്യുന്നതും സമൂഹമധ്യത്തിലേക്ക് ഇറങ്ങുന്നതും സമരം ചെയ്യുന്നതും ഒക്കെ അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ ഉള്ള ഒരു മാനസികാവസ്ഥ ഇന്നും, പുരോഗമന സമൂഹമെന്ന് നടിക്കുമ്പോഴും, നമുക്കുണ്ടായിട്ടില്ലല്ലോ എന്നതാണ് അതിലേറെ ഖേദകരം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍