UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേടുബാധിച്ച നമ്മുടെ സമൂഹത്തിനെ മാറ്റാന്‍ അധ്യാപകരും മാറേണ്ടതുണ്ട്

Avatar

ബി. ബാലചന്ദ്രന്‍

ടീച്ചര്‍ പരിണാമ സിദ്ധാന്തം മിഠായി പോലെ പഠിപ്പിക്കുകയാണ്. ‘അപ്പൂപ്പന്‍മാരുടെ വാലിന്റെ ബാക്കി ഒരല്‍പ്പം നമുക്കുമുണ്ട്. അതിന്റെ പേരാണ് ‘കോക് ലെയ്സ്.’ ചിലപ്പോള്‍ ഇക്കൂട്ടത്തിലാര്‍ക്കെങ്കിലും അപ്പൂപ്പന്‍മാരുടേതുപോലെ മുഴുത്ത ഒരു വാല് കാണും. ങ്ഹാ, തകാഫാഷി എന്തു പറയുന്നു. ഒരെണ്ണംണ്ടോ’?  ‘ഇല്ല, എനിക്ക് വാലില്ല’ തകാഹാഷി നിഷേധിച്ചുകൊണ്ട് സുദൃഡമായ ശബ്ദത്തില്‍ പറഞ്ഞു.

‘തകായോട് അവനൊരു വാലുണ്ടോയെന്ന് തിരക്കുക. ‘ഇത്ര വെളിവില്ലാത്ത ചോദ്യം നിങ്ങള്‍ക്കെങ്ങനെ അവനോട് ചോദിക്കാന്‍ തോന്നി.’ മാസ്റ്റര്‍ അരിശം പൂണ്ട് ചോദിക്കുകയാണ്.

‘ഞാനത് കളിയാക്കി പറഞ്ഞതാണ്. അവന്റെ ചുറുചുറുക്ക് കണ്ടപ്പോള്‍ പെട്ടെന്നൊരു തമാശ തോന്നി.’

‘പക്ഷേ നിങ്ങള്‍ക്കാ തമാശയുടെ ഗൗരവം മനസ്സിലാവുന്നില്ലേ? തകാഹാഷിയുടെ കാര്യത്തില്‍ ഞാന്‍ എന്തുമാത്രം കരുതലുകളാണ് എടുത്തിട്ടുള്ളതെന്നറിയാമോ? ഹോ! അതൊക്കെ നിങ്ങളെ മനസ്സിലാക്കിക്കാന്‍ ഞാനിനി എന്താ ചെയ്യണ്ടേ?’

‘വാലുണ്ടോ എന്ന ചോദ്യം തകാഹാഷിയെ വേദനിപ്പിച്ചേക്കുമെന്ന് നിങ്ങളെന്താ ആലോചിക്കാത്തത്?’

‘ഞാന്‍ ചെയ്തത് കടുത്ത തെറ്റായിപ്പോയി. തകാഹാഷിയോട് ഞാന്‍ മാപ്പുപറയട്ടെ മാസ്റ്റര്‍.’ ടീച്ചര്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു. ടോട്ടോച്ചാനിലെ ഒരു സന്ദര്‍ഭമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.

ഓരോ കുട്ടിയും കടന്നു വരുന്ന വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളും അവരുടെ ശാരീരികവും മാനസികവുമായ അവസ്ഥാഭേദങ്ങളും അധ്യാപിക/അധ്യാപകന്‍ അറിഞ്ഞിരിക്കണം. സ്‌നേഹശാസനകള്‍ ആകാം. പക്ഷേ, നേരായി അങ്ങനെ തന്നെ കുട്ടിക്ക് അനുഭവപ്പെടണം. ചുറ്റും നാം കാണുന്നത് അറിവിന്റെ അധികാരികളെയും ഉപദേശികളെയുമാണ്. അധ്യാപിക കുട്ടിയായിരിക്കണമെന്നും, പലതരത്തിലുള്ള തിരുത്തലുകളിലൂടെയാണ് അവള്‍ ഇന്നത്തെ ‘അധികാരി’യായതെന്ന തിരിച്ചറിവെങ്കിലും ഉണ്ടാകേണ്ടതുണ്ട്.

നമ്മുടെ ദേശത്ത് അറിവധികാരികളായ ഗുരുക്കന്‍മാരാണുള്ളത്. പുറംകാഴ്ചയില്‍ പുരോഗമനക്കാരായ മലയാളി സമൂഹത്തിന്റെ ഉള്ളില്‍ കുറുകുന്നത് തനി പിന്തിരിപ്പന്‍മാരായ തമ്പ്രാക്കളാണ്. ഗുരുവിനെ നിന്ദിച്ച സുകുമാര കവി ഉമിത്തീയില്‍ നീറിമരിച്ച ശിക്ഷാവിധിയാണ് നമ്മുടെ ഗൂഢാഭിലാഷം. ‘നിഷേധി’കളായ ശിഷ്യരുടെ സമൂഹത്തെ അസൈന്‍മെന്റുകളും പ്രോജക്ടുകളുമാകുന്ന വാളുകള്‍ കൊണ്ട് നേരിടുകയാണ്. അധ്യാപകവൃത്തി പരിശീലിപ്പിക്കുന്ന ഇടങ്ങളൊക്കെ (ഇപ്പോള്‍ കുട്ടികള്‍ കുറഞ്ഞതു കൊണ്ട് അല്‍പ്പസ്വല്പം മയം വന്നിട്ടുണ്ട്) പീഡനമുറികളായിരുന്നു. സ്ഥാപനങ്ങളില്‍ ശുചീകരണജോലി ചെയ്യുന്ന പ്രായമേറിയവരെ പ്രായം കുറഞ്ഞ അധികാരികള്‍ സംബോധന ചെയ്യുന്നതു പഠിച്ചാല്‍ മാത്രം മതി നമ്മുടെ സമൂഹത്തിന്റെ സൂക്കേടു പിടികിട്ടാന്‍. ആര്‍ഷ ഭാരത പാരമ്പര്യം പറയും, പ്രായമേറിയവര്‍ ഗുരുതുല്യരാണ് എന്നൊക്കെ. പക്ഷേ ‘തൂപ്പുകാരി ‘മാഡം’, ‘സാര്‍’ എന്നൊക്കെ വിളിക്കുമ്പോള്‍ തിരിച്ച് സംബോധന ചെയ്യുന്നത് അതിനനുസരിച്ചല്ലെന്ന് പറയേണ്ടതില്ലല്ലോ. അപ്പോള്‍ സമൂഹത്തിലെ ശ്രേണീ ബന്ധത്തില്‍ ഏണിയുടെ താഴെപ്പടിയില്‍ നില്‍ക്കുന്ന കുട്ടിക്ക് എന്തു പരിഗണനയാണ് ലഭിക്കുക.

ഒരു ടീച്ചര്‍ ബോധപൂര്‍വ്വം ചെയ്യുന്ന അപരാധം കൊണ്ടല്ല കുട്ടികള്‍ ശിക്ഷിക്കപ്പെടുന്നത്. കേടുബാധിച്ച സാമൂഹികയന്ത്രം പടച്ചുവിട്ട നിസ്സഹായായ ഇരയായതുകൊണ്ടാണ് ടീച്ചര്‍ അങ്ങനെയായിത്തീര്‍ന്നത്.

ഏറ്റവും മിടുക്കരും സാമൂഹിക കാര്യത്തില്‍ സജീവമായി ഇടപെടുന്നവരുമായ അധ്യാപകരെ സൃഷ്ടിക്കാനുള്ള പദ്ധതിയാണ് രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വികസന മന്ത്രമായിത്തീരേണ്ടത്. അധ്യാപകവൃത്തി ഏറ്റവും ആകര്‍ഷണമായിത്തീര്‍ക്കുന്നതിനുള്ള ആവിഷ്‌ക്കാരങ്ങളുണ്ടാകണം. മൈനസ് ഒന്ന് മുതല്‍  സെക്കണ്ടറി തലം വരെയുള്ള ഘട്ടമാണ് ഏറ്റവും പ്രധാനം.

ഈ തിരിച്ചറിവിനനുസരിച്ചുള്ള സമഗ്രമായ വിദ്യാഭ്യാസനയം രൂപീകരിച്ച് നടപ്പിലാക്കുംവരെ, നമ്മുടെ കുട്ടികള്‍, ആത്മഹത്യ ചെയ്തുകൊണ്ടേയിരിക്കുകയും പാവം ടീച്ചര്‍മാര്‍ ക്രൂശിതരായി കൊണ്ടേയിരിക്കുകയും ചെയ്യും. പഠനമുറികളായ അറവുശാലകളില്‍ നിന്ന് അഴിമതിക്കാരും കൊലപാതകികളും പരപീഡനക്കാരും ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

‘അകക്കണ്ണ് തുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണം’ എന്നത് ആശാന്‍ തന്നെ ബാല്യാവസ്ഥയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടേണ്ടതാണെന്നു മനസ്സിലാക്കണം.

(റിട്ടയേര്‍ഡ് അദ്ധ്യാപകനാണ് ലേഖകന്‍. തിരുവനന്തപുരം സ്വദേശി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍