UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിച്ച, കനയ്യ: സ്വാതന്ത്ര്യത്തിന്‍റെ രണ്ടു പ്രതീകങ്ങള്‍

Avatar

ടീം അഴിമുഖം

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബി ജെ പി വളര്‍ത്തിയെടുക്കുന്ന സംഘര്‍ഷം നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിക്ക് ഒട്ടും നല്ലതല്ല. പൂനെയിലെ FTII, മദ്രാസിലെ IIT, ഹൈദരാബാദ്, ജെ എന്‍ യു, ഇപ്പോഴിതാ ഭരണകക്ഷിയുടെ അടുത്ത ലക്ഷ്യം അലഹാബാദ് സര്‍വകലാശാലയാണ്. വിദ്യാര്‍ത്ഥി യൂണിയന്‍ റിച്ച സിങിനെ നീക്കാനും പകരം ഒരു എ ബി വി പി പ്രവര്‍ത്തകനെ കയറ്റാനും ഗൂഢാലോചന നടക്കുന്നു എന്നുതന്നെ കരുതാം.

അലഹാബാദ് സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി യൂണിയന്റെ ആദ്യത്തെ വനിതാ അദ്ധ്യക്ഷയായ റിച്ച സിങ് 2013-14-ലാണ് ആഗോളീകരണ,വികസന പഠന കേന്ദ്രത്തില്‍ ഗവേഷകയായി( Ph.D.) ചേര്‍ന്നത്. ഒരു കേന്ദ്ര സര്‍വകലാശാലയായ അലഹാബാദ് സര്‍വകലാശാലയ്ക്ക്, അവര്‍ പഠനം തുടങ്ങി രണ്ടു വര്‍ഷത്തിനുശേഷം പൊടുന്നനെ ചില സാങ്കേതിക പ്രശ്നങ്ങളില്‍ ഇത്രയും ശ്രദ്ധയും വേഗവും കൈവന്നത് സംശയാസ്പദമാണ്.

സ്ത്രീകളുടെ സുരക്ഷ, ലിംഗനീതി,  തുടങ്ങി നിരവധി വിഷയങ്ങള്‍ സര്‍വകലാശാലയില്‍ ഉന്നയിച്ച റിച്ച, വൈസ് ചാന്‍സലരുടെ OSD (Officer on Special Duty) ആയി ലൈംഗിക പീഡന ആരോപണ വിധേയനായ ഒരാളെ നിയമിക്കാനുള്ള നീക്കത്തെ എതിര്‍ക്കുകയും ചെയ്തു.

മാത്രവുമല്ല, യൂണിയനിലെ 4 എ ബി വി പി അംഗങ്ങള്‍, വര്‍ഗീയവിഷം തുപ്പുന്ന വിദ്വേഷപ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഗോരഖ്പൂര്‍ എം പി യോഗി ആദിത്യനാഥിനെ സര്‍വകലാശാലയിലേക്ക് ക്ഷണിച്ചതിനെ റിച്ച എതിര്‍ത്തിരുന്നു. ഒരു സ്ത്രീ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് ഒട്ടും ദഹിക്കാത്ത എ ബി വി പി അവര്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യദിവസം മുതലേ അവര്‍ക്കെതിരെ കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. അസഭ്യവും അധിക്ഷേപങ്ങളും ചൊരിഞ്ഞു. എ ബി വി പി ഗുണ്ടകള്‍ മാത്രമല്ല അവരെ ആക്രമിച്ചതും പീഡിപ്പിച്ചതും, ഒന്നിന്നുപിറകെ ഒന്നായി നോട്ടീസുകള്‍ നല്‍കിക്കൊണ്ട് സര്‍വകലാശാല അധികൃതരും റിച്ചയെ വേട്ടയാടി.

നിര്‍ഭാഗ്യവശാല്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. അഭിപ്രായ  സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനും ചോദ്യങ്ങളുയര്‍ത്തുന്ന ബുദ്ധിജീവികളുടെ ജനാധിപത്യാവകാശങ്ങളുടെ കഴുത്ത് ഞെരിക്കുന്നതിനുമുള്ള ഒരു വ്യക്തമായ പദ്ധതിയാണിത്. ഹൈദരാബാദില്‍ രോഹിത് വെമൂലയുടെയും ജെ എന്‍ യുവില്‍ കനയ്യ കുമാരടക്കമുള്ളവരുടേയും സംഭവങ്ങളെല്ലാം കാണിക്കുന്നത് വൃത്തികെട്ട ഒരു രാഷ്ട്രീയ അജണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു എന്നുതന്നെയാണ്. ഇത് അപലപനീയമാണ്. അതേസമയം ബി ജെ പിയും സംഘപരിവാറും ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കനയ്യ കുമാറിനെതിരെ ഭീഷണമായ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നു. അവരില്‍ ചില കേന്ദ്ര മന്ത്രിമാരും എം പിമാരും അടക്കമുള്ളവര്‍ എല്ലാ പരിധികളും ലംഘിച്ചാണ് ഈ ചെറുപ്പക്കാരനായ വിദ്യാര്‍ത്ഥിക്ക് നേരെ തീര്‍ത്തും നെറികെട്ട തരത്തില്‍ സംസാരിക്കുന്നത്. മരിച്ചുപോയ രോഹിത് വെമൂലയെ വരെ അവര്‍ വെറുതെ വിടുന്നില്ല.

ഇതൊന്നും പോരാഞ്ഞു ഒരു ആര്‍ എസ് എസ് അനുകൂല സംഘടന കനയ്യയെ കൊല്ലുന്നവര്‍ക്കും അല്ലെങ്കില്‍ അയാളുടെ നാവരിയുന്നവര്‍ക്കും സമ്മാനത്തുക വാഗ്ദാനം ചെയ്തിരിക്കുന്നു. ഇവരെ ഉടനെ പിടികൂടി നിയമനടപടികള്‍ക്ക് വിധേയരാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

ബി ജെ പിയുടെ രാഷ്ട്രീയ എതിരാളികളെ ബലം പ്രയോഗിച്ച് നിശബ്ദരാക്കാനുള്ള ശ്രമത്തില്‍ പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളും അനുബന്ധ സംഘടനകളും ദിനംപ്രതി നടത്തുന്ന അപലപനീയമായ പ്രസ്താവനകളുടെയും വിദ്വേഷ പ്രചാരണത്തിന്റെയും ഫലമാണ് രാഷ്ട്രീയ എതിരാളികളെ കൊല്ലുന്നതിന് സമ്മാനം വാഗ്ദാനം ചെയ്യുന്നതിലേക്കെത്തുന്നത്. തങ്ങളുടെ വിഭാഗീയ സിദ്ധാന്തത്തെ എതിര്‍ക്കുന്ന ആരെയും ഇല്ലാതാക്കാന്‍ ബി ജെ പി ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് ജെ എന്‍ യുവിനെതിരായി യോഗി ആദിത്യനാഥ് നടത്തിയ പുതിയ ആരോപണം. ഒരുപടികൂടി മുന്നില്‍ക്കടന്ന് വിവാദങ്ങള്‍ ഒട്ടും അപരിചിതമല്ലാത്ത വിദേശകാര്യ സഹമന്ത്രി വി കെ സിങ് കനയ്യ കുമാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നികൃഷ്ടമായ ഒരു മാര്‍ഗത്തില്‍ മരിച്ചുപോയ രോഹിത് വെമൂലയെ വരെ ആക്രമിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍