UPDATES

ട്രെന്‍ഡിങ്ങ്

കൃഷ്ണദാസ് ജനനേന്ദ്രിയത്തില്‍ ചവിട്ടിയെന്ന പരാതിയുമായി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി

ലക്കിടി നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി യായിരുന്ന ഷഹീര്‍ ഷൗക്കത്തലിയാണ് പരാതി നല്‍കിയിരിക്കുന്നത്‌

കോളേജ് മാനേജ്‌മെന്റിന്റെ അനധികൃത പിരിവിനെക്കുറിച്ച് പരാതിപ്പെട്ട വിദ്യാര്‍ത്ഥിയെ പാമ്പാടി നെഹ്രു കോളേജിലെ ഇടിമുറിയില്‍ വിളിച്ചുവരുത്തി കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ് മര്‍ദ്ദിച്ചതായും ഭീഷണിപ്പെടുത്തിയതായും പോലീസിന് പരാതി ലഭിച്ചു. പാലക്കാട് ചെര്‍പ്പുളശേരി ദേശത്ത് പി വി ഹൗസില്‍ ഷൗക്കത്തലിയുടെ മകന്‍ ഷഹീര്‍ ഷൗക്കത്തലിയ്ക്കാണ് മര്‍ദ്ദനമേറ്റത്.

ലക്കിടി നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഷഹീര്‍. കോളേജില്‍ ബില്ല് നല്‍കാതെയുള്ള അനധികൃത പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരെ സംബന്ധിച്ചും ഇദ്ദേഹം സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് അയച്ച പരാതിയാണ് ചെയര്‍മാന്റെയും പിആര്‍ഒ സഞ്ജിത്തിന്റെയും ക്രൂരമര്‍ദ്ദനം ഏറ്റവും വാങ്ങാന്‍ കാരണമായത്. 2016 ഒക്ടോബര്‍ രണ്ടിനാണ് ഇയാള്‍ പരാതി അയച്ചത്. പരാതിയെക്കുറിച്ച് അറിഞ്ഞ് നെഹ്രു കോളേജ് പിആര്‍ഒ സഞ്ജിത്തിന്റെ ഓഫീസില്‍ എത്തിച്ചേരാന്‍ ഇയാളോട് ഫോണില്‍ ആവശ്യപ്പെടുകയായിരുന്നു.

ജനുവരി മൂന്നിന് രാവിലെ 8.50ഓടെ ലക്കിടിയിലെ കാളേജിലെത്തിയ ഷഹീറിനെ ആദ്യം പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിക്കുകയും അവിടെ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒരു ഓട്ടോയില്‍ പാമ്പാടി നെഹ്രു കോളേജില്‍ എത്തിച്ചെന്നും പരാതിയില്‍ പറയുന്നു. പാമ്പാടി നെഹ്രു കോളേജില്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുറിയില്‍ ചെയര്‍മാനെക്കൂടാതെ പിആര്‍ഒ സഞ്ജിത്തും ഉണ്ടായിരുന്നു.

തനിക്കെതിരെ നല്‍കിയ പരാതിയെക്കുറിച്ച് ക്രുദ്ധനായി സംസാരിച്ച കൃഷ്ണദാസ് സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയത് താനാണെന്നും അതുപോലെ തന്റെ എംഎല്‍എ ശശിയും എംപി രാജേഷും ഉറ്റസുഹൃത്തുക്കളാണെന്നും ഭീഷണിപ്പെടുത്തി. കൂടാതെ താന്‍ ഇനി ഈ കോളേജില്‍ പഠിക്കുകയില്ലെന്നും ഇവിടെ നിന്നും പുറത്തുപോകില്ലെന്നും താന്‍ അഞ്ച് റാഗിംഗ് കേസിലെ പ്രതിയാണെന്നും 14 ദിവസം റിമാന്‍ഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ബോര്‍ഡ് റൂമിലേക്ക് കൊണ്ടുപോയ ഇയാളില്‍ നിന്നും പരാതികള്‍ പിന്‍വലിച്ചതായി എഴുതിവാങ്ങണമെന്ന് ലീഗല്‍ അഡൈ്വസര്‍ സുചിത്രയും ശ്രീനിവാസനും ഉപദേശിച്ചു. ഇതേതുടര്‍ന്ന് താന്‍ പേടിച്ച് എല്ലാം എഴുതി നല്‍കിയതായും ഇയാളുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുറത്തുപോയ ഇവരില്‍ കൃഷ്ണദാസ് മാത്രം തിരികെ വന്ന് ‘ഇനി നീ ജീവിച്ചിരിക്കുന്നത് എന്തിനാണ്? വീട്ടുകാര്‍ക്കും ഈ ഭൂമിയ്ക്കും ഭാരമായി നീ ഇനി ജീവിച്ചിരിക്കേണ്ട. നാണമുണ്ടെങ്കില്‍ നീ ട്രെയിനിന് തലവച്ചു എന്നാണ് ഞാന്‍ കേള്‍ക്കുക’ എന്ന് പറഞ്ഞതായും പരാതിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് അഞ്ചില്‍ അധികം പേരെ റാഗ് ചെയ്തുവെന്ന് എഴുതി ഒപ്പിട്ട് നല്‍കാന്‍ ഇവര്‍ നിര്‍ബന്ധിച്ചതായും തയ്യാറാകാതിരുന്നപ്പോള്‍ കൃഷ്ണദാസ് വലതുകൈകൊണ്ട് ഇടിക്കുകയും തോളില്‍ പിടിച്ചു നിര്‍ത്തി കാല്‍മുട്ടുകൊണ്ട് ജനനേന്ദ്രിയത്തില്‍ ഇടിക്കുകയും ചെയ്‌തെന്നും ഇയാള്‍ പറയുന്നു. വേദന സഹിക്കാനാകാതെ വന്നപ്പോള്‍ അവര്‍ പറഞ്ഞ പ്രകാരമെല്ലാം എഴുതി നല്‍കി. വീട്ടില്‍ കയറി വെട്ടുമെന്നും പത്ത് മിനിറ്റുകൊണ്ട് വീടുവളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്നും ബോര്‍ഡ് റൂമില്‍ തന്നെ നിര്‍ത്തിയ തന്നെ വൈകിട്ട് അഞ്ചരയോടെയാണ് വിട്ടയച്ചതെന്നും ഷഹീര്‍ ഷൗക്കത്തലിയുടെ പരാതിയില്‍ പറയുന്നു.

പഴയന്നൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇയാള്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പഴയന്നൂര്‍ എസ്‌ഐ സി ജ്ഞാനശേഖരന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പേടിമൂലമാണ് താന്‍ ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും അവിടുത്തെ പഠനം അവസാനിപ്പിച്ച താന്‍ ഇപ്പോള്‍ കുളപ്പുള്ളി അല്‍അമീന്‍ ലോ കോളേജിലാണ് പഠിക്കുന്നതെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജനുവരി ആറിന് മൂന്ന് ദിവസം മുമ്പാണ് പരാതിയില്‍ പറഞ്ഞിരിക്കുന്ന സംഭവമുണ്ടായത്. ജിഷ്ണുവിന്റെ മരണത്തോടെ കോളേജ് മാനേജ്‌മെന്റിനും ചെയര്‍മാനും പിആര്‍ഒയ്ക്കുമെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുകയും ചെയ്തു. ജിഷ്ണുവിനെയും ഇടിമുറിയിലെത്തിച്ച് ക്രൂരമായി മര്‍ദ്ദച്ചതായാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍