UPDATES

ട്രെന്‍ഡിങ്ങ്

കോളേജിലും ഹോസ്റ്റലിലും ജീവിതം ജയില്‍ സമാനം, ഒപ്പം പീഡനങ്ങളും; കേള്‍ക്കുന്നുണ്ടോ നിങ്ങളുടെ കുട്ടികള്‍ പറയുന്നത്?

പാമ്പാടി നെഹ്‌റു കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ മാത്രമല്ല, ഓരോ രക്ഷകര്‍ത്താവും ഈ പെണ്‍കുട്ടികള്‍ പറയുന്നതു കേള്‍ക്കണം.

നിങ്ങളുടെ പെണ്‍മക്കള്‍ വിദ്യാലയങ്ങളില്‍ സുരക്ഷിതരാണോ? ഈയൊരു ചോദ്യം കേരളത്തിലെ മാതാപിതാക്കളോടാണ്. ഇതൊരു സാങ്കല്‍പ്പിക ചോദ്യമല്ല. സ്വാശ്രയ കോളേജുകളിലേക്ക് മക്കളെ പഠിപ്പിക്കാന്‍ അയയ്ക്കുന്ന ഓരോ മാതാപിതാക്കളും ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ലക്ഷങ്ങള്‍ മുടക്കിയാണ് നിന്നെയൊക്കെ പഠിക്കാന്‍ വിടുന്നത്, മര്യാദയ്ക്ക് പഠിച്ചാല്‍ മതിയയെന്നു കുട്ടികളോട് പറയുന്ന മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളുടെ ദുരനഭുവങ്ങളെ അവണിക്കുകയാണ്. വീട്ടില്‍ പോലും മനസ് തുറക്കാന്‍ കഴിയാതെ വരുമ്പോള്‍ ഈ കുട്ടികള്‍ എല്ലാ സഹനത്തിന്റെയും ഒടുവില്‍ മരണത്തെ തെരഞ്ഞെടുത്താല്‍ അപ്പോള്‍ ആരും അവര്‍ക്കു വേണ്ടി കരയരുത്. കാരണം അതിനുള്ള അര്‍ഹത ആര്‍ക്കുമില്ല, നിങ്ങള്‍ കേള്‍ക്കാതെ പോയ, ചോദിച്ചറിയാതെ പോയ അവരുടെ വിഷമങ്ങളും ദുരിതങ്ങളുമാണ് ഓരോ കുട്ടിയേയും പാതിവഴിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.

ജിഷ്ണുവിന്റെ മരണം ഒരര്‍ത്ഥത്തില്‍ രക്തസാക്ഷിത്വമാണ്. കാരണം ആ പതിനെട്ടുകാരന്‍ സ്വന്തം ജീവിതം കൊണ്ട് പകര്‍ന്നത് പലതും ഉള്ളിലടക്കി പിടിച്ചിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നു പറച്ചിലിനുള്ള ധൈര്യമാണ്.

പാമ്പാടി നെഹ്‌റു കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ മാത്രമല്ല, ഓരോ രക്ഷകര്‍ത്താവും ഈ പെണ്‍കുട്ടികള്‍ പറയുന്നതു കേള്‍ക്കണം.

പാമ്പാടി നെഹ്‌റു കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്ന പെണ്‍കുട്ടികളാണ് ഹോസ്റ്റല്‍ ജീവിതത്തില്‍ മാനേജ്‌മെന്റ് സ്റ്റാഫുകളില്‍ നിന്നും തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുര്യോഗങ്ങള്‍ പങ്കുവയ്ക്കുന്നത്. എന്തുകൊണ്ട് ഇപ്പോള്‍ ഇതൊക്കെ പറയുന്നു എന്നൊരു ചോദ്യം ഉണ്ടായേക്കാം. അന്നവര്‍ ഭയന്നിരുന്നു. എവിടെയാണു പരാതിപ്പെടുക? കോളേജിലോ? മാനേജ്‌മെന്റിന്റെ ജീവനക്കാര്‍ തന്നെ കാണിക്കുന്ന ‘സൂക്കേടുകള്‍’ക്ക് ആരെ ശിക്ഷിക്കാനാണ്? പിന്നെയുള്ള വഴി മാതാപിതാക്കളാണ്. എത്ര മാതാപിതാക്കള്‍ കുട്ടികളുടെ വിഷമങ്ങള്‍ കേള്‍ക്കാന്‍ ഇരുന്നു കൊടുക്കാറുണ്ട്?

അതുകൊണ്ട് അവര്‍ക്കിപ്പോഴെങ്കിലും തങ്ങളുടെ കൂട്ടത്തില്‍ ഒരുവന്റെ മരണം കൊണ്ടാണെങ്കിലും ചില കാര്യങ്ങളെങ്കിലും പറയാന്‍ ധൈര്യം വന്നെങ്കില്‍ അവര്‍ പറയുന്നതു കേള്‍ക്കാനെങ്കിലും നമുക്ക് തയ്യാറാകാം.

ആണ്‍ സുഹൃത്തിനൊപ്പം വരാന്തയില്‍ സംസാരിച്ചു നിന്നെന്ന കുറ്റത്തിന് ഒരു വിദ്യാര്‍ത്ഥിനിയെ പരസ്യമായി മുഖത്തടിക്കുകയും ‘അവന്‍ ചതിച്ചിട്ടു പോയാല്‍ മോങ്ങിക്കൊണ്ട് വന്നേക്കരുതെന്നു’ താക്കീതും ചെയ്ത അധ്യാപികമാര്‍ പഠിപ്പിക്കുന്ന നെഹ്‌റു കോളേജിന്റെ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ മുറികളുടെ വതിലില്‍ ഓരോ ചെറിയ ദ്വാരമുണ്ട്. എന്തിനാണ്? മുറിയില്‍ അടച്ചിട്ടിരുന്ന് പെണ്‍കുട്ടി എന്തു ചെയ്യുകയാണെന്നു ശ്രദ്ധിക്കാന്‍! പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് എന്നു ന്യായീകരണം. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്ക് കണ്ണുപായിച്ചാണോ അവര്‍ക്കു സുരക്ഷ ഒരുക്കുന്നത്? ഒന്നും രണ്ടും പേരായി വന്നു ജനാലയില്‍ വന്നു മുട്ടുന്നതാണ് ഹോസ്റ്റലിലെ സുരക്ഷാജീവനക്കാരുടെ മറ്റൊരു പ്രധാന വിനോദം. വാതില്‍ തുറന്നില്ലെങ്കില്‍ ചാത്തനേറു തുടങ്ങും. അഴയില്‍ ഇട്ടിരിക്കുന്ന തോര്‍ത്തോ കൈയില്‍ കിട്ടുന്ന മറ്റെന്തെങ്കിലും സാധനങ്ങളോ എടുത്തായിരിക്കും അകത്തേക്ക് എറിയുന്നത്. റൂമിലേക്ക് ടോര്‍ച്ച് അടിക്കുന്നത് മറ്റൊരു വിനോദം. ഇതിനെല്ലാം പുറമെയാണ് ‘ഷോമാന്റെ’ ഉപദ്രവം.

ഇരുട്ട് വീണാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ പേടിസ്വപ്‌നമാണ് ഈ ഷോമാന്‍. ഹോസ്റ്റലിനു പിന്‍ഭാഗത്തായി പൂര്‍ണനഗ്നായി വന്നു നില്‍ക്കുന്നൊരാള്‍. മുഖം തോര്‍ത്തുകൊണ്ട് മറച്ചു കെട്ടും. അശ്ലീലപ്രദര്‍ശനമാണ് പിന്നീട് നടക്കുന്നത്. കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാനായി ഓരോ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇതിനെതിരേ പലതവണ മാനേജ്‌മെന്റില്‍ കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. കാര്യമായ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നു മാത്രമല്ല കുറ്റം തങ്ങളുടെ മേല്‍ വയ്ക്കാനാണ് മാനേജ്‌മെന്റ് തയ്യാറായതെന്നും ഈ പെണ്‍കുട്ടികള്‍ പറയുന്നു. ഇങ്ങനെയൊരു ശല്യം ഉണ്ടെന്നു പറഞ്ഞപ്പോള്‍ സഹപാഠികളായ ആണ്‍കുട്ടികള്‍ പോലും വിശ്വസിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഷോമാന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തി തെളിവു നല്‍കിയപ്പോഴാണ് ഓരോ പെണ്‍കുട്ടിയും ആ ഹോസ്റ്റല്‍ മുറികളില്‍ എന്തൊക്കെ സഹിച്ചാണ് കഴിയുന്നതെന്ന്‍ മറ്റു സുഹൃത്തുക്കള്‍ക്ക് മനസിലായത്. എന്നാല്‍ അപ്പോഴും മാനേജ്‌മെന്റ് അനങ്ങാന്‍ തയ്യാറായില്ല.

ഇനിയും ഉണ്ട് ഈ സ്വാശ്രയ കോളേജിനെ കുറിച്ച് പറയാന്‍ ഇവിടെയുള്ള കുട്ടികള്‍ക്ക്. ഓര്‍ക്കുക, ഇതെല്ലാം ഒരു കോളേജില്‍ മാത്രം നടക്കുന്ന കാര്യങ്ങളായി നിസാരവത്കരിക്കേണ്ടതില്ല.

വിദ്യാഭ്യാസത്തിനൊപ്പം അച്ചടക്കവും പഠിപ്പിക്കുന്ന ഇടമാണ് വിദ്യാലയങ്ങള്‍. എന്നാല്‍ ഈ അച്ചടക്കം പഠിപ്പിക്കല്‍ എങ്ങനെയൊക്കെയാണു നടക്കുന്നതെന്ന് മാത്രം ആരും തിരക്കുന്നില്ല. അതുകൊണ്ടാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെ വിളിച്ചു പറയേണ്ടി വരുന്നത്- ഡിസിപ്ലിന്‍ എന്ന വ്യാജേന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയുള്ള ക്രൂരതയാണ് നടക്കുന്നത്. ഇനിയത് അനുവദിക്കരുത്. പ്രതികാരണശേഷി, സര്‍ഗാത്മകത, അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവ നഷ്ട്ടപ്പെട്ട ഒരു യുവതലമുറ രാജ്യത്തിന് ശാപമാണ്. ഈ കോളേജ് മാനേജ്‌മെന്റുകള്‍ ചെയ്യുന്നത് രാജ്യദ്രോഹമാണ്. വ്യക്തിത്വ വികാസം നടത്തണ്ട കലാലയങ്ങളില്‍ നടത്തുന്നത് വ്യക്തിഹത്യകളാണ്.

ഏതൊരു കോളേജിലും വിദ്യാര്‍ത്ഥി ആവശ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റസ് യൂണിയന്‍ വേണ്ടത് അനിവാര്യമാണ്. വ്യക്തി സ്വാതന്ത്ര്യത്തിനെതിരെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. മുടി വളര്‍ത്തുക, താടി വളര്‍ത്തുക, ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നീ അടിസ്ഥാന പൗരവകാശങ്ങളില്‍ കൈകടത്താതിരിക്കുക. താടി വളര്‍ത്തുന്നത് ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്. അത് ചോദ്യം ചെയ്യാന്‍ കോളേജ് മാനേജ്‌മെന്റിന്റെ കൂലിക്കാര്‍ക്ക് എന്താണവകാശം. ഒരു ചെറു രോമം കാണുമ്പോഴേക്കും ഫൈന്‍ ആയി… സസ്‌പെന്‍ഷനാആയി… പട്ടാള ക്യാമ്പുകള്‍ പോലും തോറ്റുപോകുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

നെഹ്‌റു കോളേജിലെ ഫൈന്‍ സമ്പ്രദായം 
താടി ഫൈന്‍ (200 രൂപ)
ചെരുപ്പ് ഫൈന്‍ (100 രൂപ)
കളര്‍ ഷൂ ഫൈന്‍ (100 രൂപ)
ഹെയര്‍ കട്ട് ഫൈന്‍ (100 രൂപ)
ടാഗ് മറന്ന ഫൈന്‍ (500 രൂപ)
ലേറ്റ് ആയി വന്ന ഫൈന്‍ (200 രൂപ)
കോമണ്‍ ഫൈന്‍ (5000 /ക്ലാസ്)
ബര്ത്‌ഡേ കേക്ക് മുറിച്ചാല്‍ ഫൈന്‍ (1000)
മലയാളം സംസാരിച്ച ഫൈന്‍ (100)
കൂട്ടുകാരിയോട് സംസാരിച്ച ഫൈന്‍ (100)
പെനാല്‍റ്റി ഫൈന്‍ (2×ഫൈന്‍)

അറ്റന്‍ഡന്‍സിന്റെ പേരില്‍ നടക്കുന്ന ക്രൂരത
90 ശതമാനം അറ്റന്‍ഡ്‌സ് ഇല്ലെങ്കില്‍ പരീക്ഷയെഴുതിക്കില്ല എന്നതാണ് നെഹ്‌റു കോളേജിലെ നിയമം. വിദ്യാര്‍ത്ഥികളെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള മനേജ്‌മെന്റിന്റെ ഏറ്റവും വലിയ ആയുധം. യൂണിവേഴ്‌സിറ്റി ഉത്തരവ് പ്രകാരം 75 ശതമാനം അറ്റന്‍റന്‍സ് മതി എക്‌സാം എഴുതാന്‍. പക്ഷെ ഇവിടെ 90 ശതമാനത്തില്‍ താഴെയാണ് അറ്റന്‍ഡന്‍സ് എങ്കില്‍ പറയുന്ന പണം ഫൈന്‍ കെട്ടിയാലേ ഹാള്‍ ടിക്കറ്റ് വിട്ടുതരികയുള്ളൂ. സ്വന്തം സബ്‌ജെക്ടില്‍ Ph.D ഇല്ലെങ്കിലും വിദ്യാര്‍ത്ഥികളുടെ അറ്റന്‍ഡന്‍സ് കട്ട് ചെയ്യുന്ന കാര്യത്തില്‍ ഡബിള്‍ Ph.D എടുത്തവരാണ് ഞങ്ങളുടെ സാറുമ്മാര്‍ എഎന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്തിനാണ് തങ്ങളുടെ അറ്റന്‍ഡന്‍സ് കട്ട് ചെയ്തത് എന്നു പോലും വിദ്യാര്‍ത്ഥികള്‍ അറിയാറില്ല.

ഒരു പീരീഡ് ക്ലാസില്‍ ഇല്ലെങ്കില്‍ ഫുള്‍ ഡേ അറ്റന്‍ഡ്‌സ് നഷ്ടപെടും. ഫസ്റ്റ് പീരീഡ് ക്ലാസില്‍ എത്താന്‍ താമസിച്ചാല്‍ പോലും അന്നത്തെ ദിവസം അറ്റന്‍ഡന്‍സ് കിട്ടില്ല. പിന്നെ ഫൈന്‍ അടയ്ക്കണം. ഇന്റേണല്‍ മാര്‍ക് സെല്ലും കോളേജില്‍ ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.ഇന്റേണല്‍ മാര്‍ക്‌സും അറ്റന്‍ഡന്‍സും സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാര്‍ത്ഥി പ്രതിനിധിയും അധ്യാപകരും ചേര്‍ന്നുള്ള സ്‌പെഷ്യല്‍ സെല്‍ രൂപീകരീക്കണമെന്നും ഇവര്‍ പറയുന്നു. അതേപോലെ എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചുകൊണ്ടുള്ള ഭീഷണിയും മാനേജ്‌മെന്റ് അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

സ്വാതന്ത്ര്യത്തിന്റെ വാതില്‍ തുറക്കുക
ഒരു ജയില്‍ തന്നെയാണ് ഈ കോളേജ് എന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു ജയിലനകത്ത് കുറ്റവാളികളെ എങ്ങനെയാണോ ഇട്ടിരിക്കുന്നത് അതുപോലെയാണ് ഇവിടെയുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥയും. രാവിലെ 9 മണിക്കും വൈകിട്ട് 4 മണിക്കുമാണ് ഗേറ്റ് തുറക്കുക. ഇതിനിടയില്‍ എത്ര അത്യാവശ്യം ഉണ്ടെങ്കിലും കോളേജിനു പുറത്ത് പോവാന്‍ പറ്റില്ല. ‘വാഹനങ്ങള്‍’ അകത്തേക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ പുറത്ത് നിര്‍ത്തിയിട്ട് അര കിലോമീറ്റര്‍ നടക്കണം.

ഫെസ്റ്റുകളുടെ പേരിലെ  പകല്‍ കൊള്ളകള്‍ അവസാനിപ്പിക്കുക
Bloom-1400രൂപ, Nsite-1200രൂപ, Motoexpo-1000രൂപ – മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന ഓരോ ഫെസ്റ്റിവലുകള്‍ക്കും നല്‍കേണ്ട തുകയാണിത്. കോളേജിന്റെ പബ്ലിസിറ്റിക്കു വേണ്ടി നടത്തുന്ന ഇത്തരം ഫെസ്റ്റിവല്‍ കുംഭകോണം നിര്‍ത്തലാക്കണമെന്നാണു വിദ്യാര്‍ത്ഥികളുടെ മറ്റൊരാവശ്യം. ഫെസ്റ്റിവല്‍ നടത്തിപ്പ്, പണമിടപാട് സംബന്ധിച്ച കാര്യങ്ങളില്‍ സുതാര്യത വരുത്തണം. സ്റ്റുഡന്റസിനെ പാടെ അവഗണിച്ചാണ് മേല്‍ പറഞ്ഞ ഫെസ്റ്റുകള്‍ നടത്തുന്നത്. പകല്‍കൊള്ള എന്നല്ലാതെ എന്തു പറയണമെന്നാണു വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്.

ഡിസിപ്ലിന്‍ കമ്മിറ്റി എന്ന ഗുണ്ടാ സംഘം
നെഹ്‌റു കോളേജിലെ ഇടിമുറി ഇതിനകം കുപ്രസിദ്ധി നേടിക്കഴിഞ്ഞു. മാനേജ്‌മെന്റ് ക്രൂരതക്ക് എതിരെ വാ തുറക്കുന്നവരെ മൂന്നാംമുറ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്‍ (മുന്‍ കോണ്‍ഗ്രസ് മന്ത്രി കെ പി വിശ്വനാഥന്റെ മകന്‍) കാണിക്കുന്നത് തനി ഗുണ്ടായിസമാണെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഡിസിപ്ലിന്‍ കമ്മിറ്റി എന്ന ഗുണ്ടാ സംഘത്തിന്റെ (ഗോവിന്ദന്‍കുട്ടി, രാംദാസ്, അംബികദാസ്) അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്നാണ് സര്‍വകലാശാലയോട് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

ഇനി ഈ കോളേജ് ജയിലാകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. മറ്റൊരു ജിഷ്ണുവിനെ കൂടെ ഇനി നഷ്ടപ്പെട്ടുകൂടാ എന്ന് ഈ കുട്ടികള്‍ വിളിച്ചു പറയുമ്പോള്‍, ആ മനസുകള്‍ കാണാന്‍ ഇവരുടെയൊക്കെ മാതാപിതാക്കള്‍ക്ക് എങ്കിലും കഴിയണം… അല്ലെങ്കില്‍ ആ കുട്ടികള്‍ ഇനിയും തോറ്റുപോകും…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍