UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാതിലടച്ച് വസ്ത്രം മാറരുത്; രവി പിള്ളയുടെ കോളേജിലും വിദ്യാര്‍ത്ഥി പീഡനം

പ്രിന്‍സിപ്പല്‍ എംപി ജെസിക്കുട്ടിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍

പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ഉപാസന കോളേജ് ഓഫ് നഴ്‌സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെതിരെ പ്രക്ഷോഭത്തില്‍. പ്രിന്‍സിപ്പല്‍ എംപി ജെസിക്കുട്ടിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

ഫെബ്രുവരി ആദ്യവാരം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാം പരിഹരിക്കുമെന്ന് പ്രിന്‍സിപ്പലും മാനേജ്‌മെന്റും ഉറപ്പു പറഞ്ഞെങ്കിലും ഒന്നും നിറവേറ്റിയില്ല. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ വിചിത്രമായ നിയമങ്ങളാണ് വിദ്യാര്‍ത്ഥികളെ പ്രകോപിതരാക്കിയത്. വാതില്‍ ലോക്ക് ചെയ്ത് വസ്ത്രം മാറരുതെന്നാണ് ഇവിടുത്തെ നിര്‍ദ്ദേശം രണ്ട് കട്ടില്‍ അടുപ്പിച്ചിട്ടാല്‍ ലെസ്ബിയന്‍ എന്ന് ആക്ഷേപിക്കും. അര്‍ദ്ധരാത്രി ഒരു മണിക്കോ രണ്ട് മണിക്കോ വാര്‍ഡന്‍ വന്ന് വാതിലില്‍ മുട്ടിയാലും വാതില്‍ തുറക്കണമെന്നതാണ് ഇവിടുത്തെ മറ്റൊരു നിയമം.

കോളേജില്‍ തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ തിരുവന്തപുരത്തെ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് മോണിറ്ററിംഗ് സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. കോളേജ് പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. ലോ അക്കാദമിയ്ക്ക് സമാനമായി വിദ്യാര്‍ത്ഥികളുടെ പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ടോയ്‌ലറ്റുകളെ വരെ കേന്ദ്രീകരിച്ചാണ് ക്യാമറകള്‍ വച്ചിരിക്കുന്നത്. സ്വതന്ത്രമായി വീട്ടുകാരെ ബന്ധപ്പെടാന്‍ അനുവാദമില്ല. ആയിരം രൂപയായിരുന്ന ഹോസ്റ്റല്‍ ഫീസ് 1250 ആക്കി ഉയര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

ഈ പ്രിന്‍സിപ്പല്‍ തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥി പീഡനം തുടരുകയേയുള്ളൂവെന്നും അതിനാല്‍ പ്രിന്‍സിപ്പലിനെതിരെ അന്വേഷണം നടത്തി തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്നും വിദ്യാര്‍ത്ഥികള്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് മോണിറ്ററിംഗ് സെല്ലിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍