UPDATES

കലാലയങ്ങളില്‍ ആത്മഹത്യകള്‍ പെരുകുമ്പോള്‍; കടുത്ത ചൂഷണമെന്ന് റിപ്പോര്‍ട്ട്

Avatar

ഉണ്ണികൃഷ്ണന്‍ വി

കേരളത്തിലെ കോളേജുകളിലും സര്‍വകലാശാലകളിലും ഇന്റേണല്‍ അസ്സെസ്മെന്‍റ്റുകളുടെ പേരില്‍ വിദ്യാര്‍ഥികള്‍ മാനസികവും ശാരീരികവുമായ ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ വിദഗ്ദ്ധയും ഡല്‍ഹി ശ്രീറാം കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ മീനാക്ഷി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് പഠനം നടത്തിയത്. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം എന്നീ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിന്‍റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാ കൌണ്‍സിലുമായി ചേര്‍ന്നായിരുന്നു പഠനം. 

ഗവേഷകവിദ്യാര്‍ഥികള്‍ ഗൈഡുകളില്‍ നിന്നും മറ്റു ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം. കൂടാതെ ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലും സൈബര്‍ സ്പേസ് വഴി നടക്കുന്ന പീഡനങ്ങള്‍ക്കും തടയിടണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്നിന് പുറത്തു വന്ന റിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ ഒട്ടും പുതിയതല്ല. കാലാകാലങ്ങളായി ഇത് ശരിയാണെന്ന് തെളിയിക്കുന്ന ഉദാഹരണങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതിനു തുടര്‍ച്ചയെന്നോണം റിപ്പോര്‍ട്ട് പുറത്തെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തികച്ചും യാദൃശ്ചികമായി ഒരു ആത്മഹത്യ കൂടി നടന്നിരിക്കുന്നു.

എറണാകുളം ലിസി ആശുപത്രിയുടെ നഴ്‌സിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി തൃക്കാക്കര സ്വദേശിനിയായ ധന്യ ഡേവിസ് ആണ് ഏറ്റവും പുതിയ ഇര. കോളേജിലെ പ്രൊജക്റ്റ് സമര്‍പ്പിക്കുന്നതില്‍ നേരിട്ട പ്രശ്‌നങ്ങള്‍ മൂലമാണ് ധന്യ കോളേജ് ഹോസ്റ്റലിലെ എഴാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ധന്യയുടെ കൈയില്‍ മാതാപിതാക്കളോടുള്ള ക്ഷമാപണവും രണ്ടാഴ്ച്ചയ്ക്കകം പരീഷ നടക്കാനിരിക്കുന്ന വിഷയവും പ്രോജക്റ്റ് സമര്‍പ്പിക്കാന്‍ പറ്റാത്ത കാര്യവും എഴുതിയിട്ടുണ്ടായിരുന്നു. യുനൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറയുന്നത് ഈ ആശുപത്രിയില്‍ ഇന്‍റേണല്‍ അസ്സെസ്മെന്റിന്‍റെ പേരില്‍ ഇതിനു മുന്‍പും കുട്ടികളെ മാനസികമായി തകര്‍ക്കുന്ന രീതിയിലുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ട് എന്നാണ്. എന്തുകൊണ്ട് ധന്യ എന്ന പെണ്‍കുട്ടിക്ക് ഇത്തരമൊരു വിധി തെരഞ്ഞെടുക്കേണ്ടി വന്നു? ഏതു സാഹചര്യമാണ് അവളെ ഇങ്ങനെയൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്? മാനസിക സമ്മര്‍ദ്ധങ്ങളും പീഢനങ്ങളും സഹിക്കാനാവാതെയാണ് നമ്മുടെ വിദ്യാര്‍ത്ഥികളില്‍ അധികവും ജീവനൊടുക്കുന്നുവെന്നത് ധന്യയുടെ കാര്യത്തിലും ശരിയാവുകയാണോ? ധന്യയുടേത് നീളുന്ന പട്ടികയിലെ പുതിയ പേരു മാത്രമാവണം.

കഴിഞ്ഞ നവംബറില്‍ കിംസ് ആശുപത്രിയില്‍ വച്ചു ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ട റോജി റോയിയും ഇതിന്റെ ഇരയാണ്. ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിംഗ് ചെയ്തു എന്ന ആരോപണം ചുമത്തിയ കിംസ് മാനേജ്മെന്റ് മരണശേഷവും റോജിയെ വെറുതേ വിട്ടിട്ടില്ല. നടന്ന സംഭവത്തിനു കിംസിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സാക്ഷികള്‍ ആയിരുന്നുവെങ്കിലും ആരും തങ്ങളുടെ പഠനത്തില്‍ മാനേജ്മെന്‍റ് നടത്തിയേക്കാവുന്ന ഇടപെടലുകള്‍ ഭയന്ന്  മുന്നോട്ടു വന്നില്ല എന്നുള്ളത് ഇത്തരത്തില്‍ നടക്കുന്ന ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും ഭീകരത വര്‍ദ്ധിപ്പിക്കുന്നു. റോജി റോയിയുടെ കേസില്‍ കോടതി സിബിഐ അന്വേഷണം വേണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ വിദ്യാര്‍ഥികളിലൂടെയാണ് ഇവിടത്തെ പല പീഡനങ്ങളുടെയും വിവരങ്ങള്‍ പുറം ലോകമറിഞ്ഞത്.

സര്‍വകലാശാലകളില്‍ ഗൈഡുകളാലും കോളേജുകളില്‍ അധ്യാപകരാലും കേരളത്തിലെ വിദ്യാര്‍ഥികള്‍ വന്‍ ചൂഷണത്തിനിരയാവുന്നുണ്ട് എന്നത് ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ തന്നെ നമ്മള്‍ മനസ്സിലാക്കിയ കാര്യങ്ങളാണ്. എല്‍കെജി കുട്ടികള്‍ മുതല്‍ ഗവേഷണ വിദ്യാര്‍ഥികള്‍ വരെ ഇവിടെ ഇരകളാകുന്നുണ്ടെന്നതാണ് സത്യം. കോച്ചിംഗ് സെന്റ റുകള്‍ പോലും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.

സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും കേരളാ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള വുമന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് ഇതെപ്പറ്റി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നാണ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് പറയുന്നത്, നാല്‍പ്പതോളം കോളേജുകളില്‍ വുമണ്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടങ്ങളില്‍ നിന്നൊന്നും ഇത്തരം ചൂഷണത്തിന്റെ പേരിലുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല എന്നും ശ്രീജിത്ത് പറയുന്നു. 

എന്നാല്‍ മേല്‍പ്പറയുന്ന വനിതാ സെല്ലുകളില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവ വുമന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളവയായിട്ടാണ് പ്രവര്‍ത്തി ക്കുന്നത് എന്നാണ് കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ റിസര്‍ച്ച് ഓഫീസറായ ഡോക്ടര്‍ ജയശ്രീ പറയുന്നത്. കേരളത്തിലെ 90 ശതമാനം കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഇതിന്റെ പേരില്‍ നടക്കുന്നത് അനാവശ്യമായ സദാചാരപോലീസ് ചമയലാണെന്നും വിദഗ്ദസമിതി അംഗം കൂടിയായ ഡോക്ടര്‍ ജയശ്രീ പറയുന്നു. 

എന്നാല്‍ അടുത്ത കാലങ്ങളില്‍ കേരളത്തിലെ കലാലയങ്ങളില്‍ നടന്ന ചൂഷണങ്ങള്‍ക്കിരയായ പലര്‍ക്കും ഇപ്പോഴും നീതി ലഭ്യമായിട്ടില്ല എന്നുള്ളതാണ് പരിതാപകരമായ അവസ്ഥ. 


എം ജി സര്‍വകലാശാലയില്‍ വിവേചനത്തിനിരയായ ദീപ

എംജി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന ദീപയുടെ അനുഭവം അതിനൊരുത്തമ ദൃഷ്ടാന്തമാണ്. 2011 ല്‍ എംഫില്‍ ചെയ്യാന്‍ പ്രസ്തുത സര്‍വകലാശാലയിലെത്തിയ അവര്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനങ്ങളായിരുന്നു.

ദളിത് പെണ്‍കുട്ടിക്ക് ഫേവര്‍ ചെയ്താല്‍ കാമ്പസിന്റെ നിലവാരം തകരും എന്ന് ജോയിന്റ് ഡയറക്ടര്‍ തുറന്നടിക്കുന്നത് വരെ ദീപയക്ക് കേള്‍ക്കേണ്ടി വന്നു. ജോയിന്റ് ഡയറക്ടര്‍ പല പ്രാവശ്യം ലാബുകളില്‍ പൂട്ടിയിട്ടു. സമാനമായ പല തരംതാഴ്ത്തലുകളും നേരിട്ടു. അതൊക്കെ സഹിച്ചാണ് ദീപ എംഫില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. പക്ഷേ അവിടം കൊണ്ടും തീരാതെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞു വച്ചായിരുന്നു മാനസിക പീഡനത്തിന്റെ അടുത്ത മുറ സര്‍വകലാശാല അധികൃതര്‍ നടപ്പിലാക്കിയത്. അവസാനം ഗേറ്റ് പരീക്ഷയെഴുതിയാണ് അവര്‍ പിഎച്ച്ഡിക്കായി രജിസ്റ്റര്‍ ചെയ്തത്.

തീസിസ് സമര്‍പ്പിക്കല്‍ എന്ന കടമ്പ വളരെ പ്രയസപ്പെട്ടാണ് താന്‍ കടന്നത് എന്ന് ദീപ പറയുന്നു. “പലരും ഇടപെട്ടതോടെയാണ് അത് സബ്മിറ്റ് ചെയ്യാന്‍ കഴിഞ്ഞത്. പി.എച്ച്.ഡിക്ക് ചെന്നപ്പോള്‍ മറ്റുള്ളവര്‍ക്കൊല്ലാം സ്വന്തമായി ചെയറും ടേബിളും നല്‍കി. തനിക്ക് അതെല്ലാം നിഷേധിച്ചു. പലപ്പോഴും ക്ലാസിനു പുറത്താണ് ഇരുന്നത്. ഒടുവില്‍ അതിനും അനുമതി ലഭിക്കാതായതോടെ യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ ലൈബ്രറിയിലാണ് ഇരിപ്പിടം കണ്ടെത്തിയത്. സര്‍വകലാശാലയിലെ പല വിദ്യാര്‍ത്ഥി കള്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടര്‍ന്നു പലരും പി.എച്ച്.ഡി പഠനം അവസാനിപ്പിക്കുകയാണ് ചെയ്തത്”, ദീപ പറയുന്നു.

പീഢനത്തില്‍ ഇരകളാകുന്നകാര്യത്തില്‍ ആണ്‍-പെണ്‍വ്യത്യാസമില്ലെന്നതാണ് മറ്റൊരു കാര്യം. എംജി സര്‍വ്വകലാശാലയിലെ തന്നെ ഗവേഷക വിദ്യാര്‍ത്ഥി മനുവിനുണ്ടായ (യഥാര്‍ത്ഥ പേരല്ല) അനുഭവം അതു പറയുന്നുണ്ട്. മനുവിനോട് തന്റെ മുറിയില്‍ താമസിക്കാനാണ് അയാളുടെ അധ്യാപകന്‍ ആവശ്യപ്പെട്ടത്. അധ്യാപകന് തന്നോടുള്ള വാത്സല്യം ആയിരിക്കും അതിനു പിന്നിലെന്നാണ് മനു കരുതിയത്. എന്നാല്‍ ഈ അധ്യാപകന് ചില ‘അസുഖ’ങ്ങളുണ്ടെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് മനു അറിഞ്ഞത്. അതോടെ മനു പുറത്തെ ഹോസ്റ്റലിലേക്ക് മാറി. അതുവഴി ആ അധ്യാപകന്റെ ശത്രുതയാണ് മനു സ്വന്തമാക്കിയത്. പിന്നെ പല തരത്തിലുള്ള പകപോക്കല്‍ ആയിരുന്നു. അവസാനം ആ വിദ്യാര്‍ത്ഥിക്ക് മാതാപിതാക്കളെയും കൂട്ടി വന്ന് വിസിയ്ക്ക് പരാതി നല്‍കേണ്ടി വന്നു. പരാതിയില്‍ ഒരു നടപടി ഉണ്ടായതുമില്ല, മനുവിന്റെ പഠനവും നിന്നു.

ചിലരെ പൂവിട്ടു പൂജിക്കാന്‍ തോന്നും അത്ര സഹകരണം നമുക്ക് കിട്ടാറുണ്ട് അത്തരക്കാരുടെ ഭാഗത്ത് നിന്നും. പക്ഷേ ചില ഗൈഡകള്‍ വിദ്യാര്‍ഥി കളെക്കൊണ്ട് ചെയ്യിക്കുന്നത് വീട്ടുജോലികള്‍ വരെയാണ്. എല്‍ഐസി പോളിസി പിടിപ്പിക്കുക, ബാങ്കില്‍ പോകുക, വീട്ടിലുള്ള മറ്റു ജോലികള്‍ ചെയ്യിക്കുക. ഇതിന്റെയൊക്കെ അവസാനമുള്ള സമയമാണ് പഠനത്തിന്റെ ഭാഗമായി വിനിയോഗിക്കാന്‍ കഴിയുക; ദീപ പറയുന്നു.

രാജീവ് ഫ്രാന്‍സിസ് എന്ന എംജി സര്‍വ്വകലാശാലയിലെ മറ്റൊരു പ്രൊഫസറുടെ കീഴില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്ന സുഹൃത്തുക്കള്‍ക്കു നേരിട്ടതും വേറെ ചില അനുഭവങ്ങളായിരുന്നു. ആവശ്യത്തിനെടുക്കാവുന്ന ലീവുകള്‍ പോലും അവര്‍ക്ക് കിട്ടുമായിരുന്നില്ല. പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി ഒരാഴ്ച് അവധി ചോദിക്കാനെത്തിയവരെ രൂക്ഷമായ ഭാഷയില്‍ ഗൈഡ് ശകാരിച്ചു. പുറത്തെവിടെ വച്ച് കണ്ടാലും സമാനമായ പ്രതികരണമാണ്. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ലീവെടുത്ത അവര്‍ക്ക് അദ്ദേഹം നല്‍കിയത് പിരിച്ചുവിടല്‍ നോട്ടീസ് ആണ്. സാധാരണ ഗതിയില്‍ വിസി യ്ക്ക് മാത്രമേ അങ്ങനെയൊരു തീരുമാനം എടുക്കാന്‍ സാധിക്കൂ. പക്ഷേ പേടി കാരണം വിദ്യാര്‍ത്ഥികള്‍ അവരുടെ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചു പോയതായും ദീപ പറയുന്നു.

വനിത കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ എന്നിങ്ങനെ നിരവധിയിടങ്ങളില്‍ ഞാന്‍ പരാതികള്‍ നല്‍കുകയുണ്ടായി. എന്നാല്‍ ഇതുവരെ കാര്യമായ ഒരു നടപടികളും എന്നെ ദ്രോഹിച്ച അധ്യാപകനെതിരെ  ഉണ്ടായിട്ടില്ല. വനിതാ കമ്മിഷന്റെ മൂന്നു സിറ്റിംഗിലും ഞാന്‍ ഹാജരായിരുന്നു, പക്ഷേ അയാള്‍ ഇതുവരെ ഒരിക്കല്‍ പോലും വന്നിട്ടില്ല. സാധാരണഗതിയില്‍ രണ്ടാമത്തെ സിറ്റിംഗിന് ഹാജരായില്ലെങ്കില്‍ സമന്‍സും മൂന്നാമത്തേതിനു ഹാജരായില്ലെങ്കില്‍ വാറണ്ടുമാണ് വരിക. ഇതൊന്നും എതിര്‍ കക്ഷിക്ക് കിട്ടിയിട്ടില്ല. സ്വാധീനം ഉണ്ടെങ്കില്‍ എന്തുമാവാമല്ലോ.’ ദീപ പറയുന്നു. 

ദീപയെ മാവോയിസ്റ്റ് ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വരെ കാമ്പസില്‍ നടന്നു. ദീപയ്ക്ക് അനുഭവിക്കേണ്ടി വന്നത് ഒരു ദദളിത് പെണ്‍കുട്ടിക്ക് നേരെയുള്ള മാനസിക പീഢനമായിരുന്നെങ്കില്‍ മറ്റിടങ്ങളില്‍ അത് ലൈംഗികമായ ചൂഷണത്തിലേക്കാവും നീളുക.


തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നു ആത്മഹത്യ ചെയ്ത റോജി റോയ്

കോഴിക്കോട് ജില്ലാ ജാഗ്രതാ സമിതിയുടെ റിസോഴ്‌സ് പേഴ്‌സണായിരുന്ന അധ്യാപികയുടെ അനുഭവം ഗൌരവമായി പരിഗണിക്കേണ്ട ഒന്നാണ്.  വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന 3000-ല്‍ അധികം ലൈംഗിക ചൂഷണ കേസുകളാണ് അവര്‍ കൈകാര്യം ചെയ്തത്. 

കോട്ടയം ജില്ലയിലെ ഒരു പ്രമുഖ നെറ്റ് എക്‌സാം കോച്ചിംഗ് സെന്ററില്‍ നടന്ന സംഭവം വെളിവാക്കുനത് ഈ പ്രശ്നത്തിന്റെ ഭീകരതയാണ്. കോച്ചിംഗിനായി എത്തിയ വിദ്യാര്‍ത്ഥിനി്ക്ക് അവിടുത്തെ പ്രധാന ഗൈഡ് ആയ അധ്യാപകന്‍റെ ഫ്രണ്ട്‌സ് റിക്വസ്റ്റ് ഫേസ്ബുക്കില്‍ വന്നതായിരുന്നു തുടക്കം. പഠനസംബന്ധിയായ ഏതുകാര്യത്തിനും സമീപിക്കുന്നതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഫോണ്‍ നമ്പര്‍ ഇയാളുടെ പക്കലുണ്ടായിരുന്നു. അങ്ങനെ സംസാരിക്കുന്നതിനിടയില്‍ ഒരിക്കല്‍ അയാള്‍ ആവശ്യപ്പെട്ടത് ഒരു ദിവസം തന്‍റെ കൂടെ ചെലവഴിക്കണം എന്നായിരുന്നു. കുട്ടി അതില്‍ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും ഫോണ്‍ വഴിയും ഫേസ്ബുക്ക് വഴിയും അധ്യാപകന്‍ വിടാതെ പിന്തുടര്‍ന്നു. ഇയാളെ കുടുക്കാന്‍ സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ച് തിരിച്ചു വിളിച്ച പെണ്‍കുട്ടി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോവുകയായിരുന്നു. ഒടുവില്‍ അദ്ധ്യാപകനില്‍ നിന്ന് രക്ഷപ്പെടാന്‍ വീട്ടുകാരോടു എല്ലാം പറഞ്ഞ പെണ്‍കുട്ടി പക്ഷേ കോളേജ് അധികൃതരുടെ മുന്നില്‍ തെറ്റുകാരിയായി. തുടര്‍ന്ന് പഠനം നിര്‍ത്തേണ്ടിയും വന്നു.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. സമാനമായ പല സംഭവങ്ങളും കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നുണ്ട് എന്ന് അടിവരയിടുകയാണ് ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പുതിയ പഠനം.  ചൂഷകരുടെ എണ്ണം കൂടുകയാണ്, അതുപോലെ തന്നെ ചൂഷണം ചെയ്യപ്പെടുന്നവരുടെയും. 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആണ് ഉണ്ണികൃഷ്ണന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍