UPDATES

ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിച്ച തരുണ്‍ വിജയിയെ തടഞ്ഞു; പുതുച്ചേരി സര്‍വകലാശാലയില്‍ സംഘര്‍ഷം

സംയുക്ത വിദ്യാര്‍ത്ഥി സംഘടനകളാണ് തരുണ്‍ വിജയ് ക്യാമ്പസില്‍ പ്രവേശിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്‌

എബിവിപി സംഘടിപ്പിച്ച അംബേദ്കര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി മുന്‍ എംപി തരുണ്‍ വിജയിയെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞതിനെ തുടര്‍ന്ന് പുതുച്ചേരി സര്‍വകലാശാലയില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ അപ്രതീക്ഷിതമായി സംഘര്‍ഷം ഉടലെടുക്കുകയായിരുന്നുവെന്ന് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മേധ അറിയിച്ചു.

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് വലിച്ചിഴയ്ക്കുന്നതിന്റെ അഴിമുഖം വീഡിയോ

ക്യാമ്പസില്‍ പ്രവേശിച്ച പോലീസ് പതിനേഴ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് വലിച്ചിഴച്ചാണ് ക്യാമ്പസിന് പുറത്തേക്ക് കൊണ്ടുപോയത്. ക്യാമ്പസില്‍ ഇപ്പോഴും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണെന്നും വൈസ് ചാന്‍സിലര്‍ അനീസ ബഷീര്‍ ഖാന്റെ ഓഫീസ് ഉപരോധിക്കുകയാണെന്നും മേധ അഴിമുഖത്തോട് പറഞ്ഞു. തരുണ്‍ വിജയ്ക്ക് ക്യാമ്പസിനുള്ളില്‍ അനുമതി നല്‍കിയതിനെയാണ് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുന്നത്. വൈകിട്ട് നാല് മണിയോടെയാണ് എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കാന്‍ തരുണ്‍ വിജയ് എത്തിയത്. തുടര്‍ന്ന് സംയുക്ത വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥികള്‍ ഇയാള്‍ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ക്യാമ്പസില്‍ സുരക്ഷ ചുമതലയിലുണ്ടായിരുന്ന പോലീസ് വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുകയായിരുന്നു.

രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് എം രാമചന്ദ്രനാണ് തരുണ്‍ വിജയെ ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. ഇയാള്‍ ഇന്ന് ലീവില്‍ പോയിരിക്കുകയാണെന്നും മേധ അറിയിച്ചു. മുമ്പും രാമചന്ദ്രനെതിരെ സര്‍വകലാശാലയില്‍ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. ഏപ്രില്‍ ഏഴിന് നടത്തിയ വിവാദ പ്രസ്താവനയാണ് തരുണ്‍ വിജയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണം. ദക്ഷിണേന്ത്യക്കാരെക്കുറിച്ച് ഗുരുതരമായ വംശീയ പരാമര്‍ശമാണ് ഇദ്ദേഹം നടത്തിയത്. ഗ്രേറ്റര്‍ നോയ്ഡയില്‍ ആഫ്രിക്കന്‍ വംശജര്‍ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് അള്‍ജസീറ ചാനലിന്റെ ഓണ്‍ലൈന്‍ ഷോയില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു ഇത്.

‘ഞങ്ങള്‍ വംശീയവാദികളാണെങ്കില്‍ ദക്ഷിണേന്ത്യയിലെ കറുത്തവരായ തമിഴര്‍ക്കും കേരളീയര്‍ക്കും കര്‍ണാടകക്കാര്‍ക്കും ആന്ധ്രക്കാര്‍ക്കുമൊപ്പം തങ്ങള്‍ എങ്ങനെയാണ് ജീവിക്കുക. ഞങ്ങള്‍ക്ക് ചുറ്റും കറുത്ത ആളുകളുമുണ്ട്’. ആഫ്രിക്കന്‍ വംശജര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ക്കിരയാകുന്ന സാഹചര്യത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ആഫ്രിക്കന്‍ വംശജര്‍ ആരോപിച്ചിരുന്നു. എന്നാല്‍ അവരുടെ ആരോപണം ദൗര്‍ഭാഗ്യകരമാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞു.

പിന്നീട് ട്വിറ്ററിലൂടെ തരുണ്‍ വിജയ് തന്റെ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരം ഉയര്‍ത്തിക്കാട്ടാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും കറുത്ത ദൈവമായ കൃഷ്ണനെ തങ്ങള്‍ ആരാധിക്കുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘താന്‍ ഉദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായ കാര്യമാണ് താന്‍ പറഞ്ഞത്. ഞാന്‍ എല്ലാവരോടും മാപ്പ് പറയുന്നു’ അദ്ദേഹം ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍