UPDATES

ഹോളി ഏയ്ഞ്ചല്‍സിന് സ്തുതിയായിരിക്കട്ടെ; കുട്ടികളെ മുദ്രാവാക്യങ്ങള്‍ പഠിപ്പിച്ചതിന്…

സ്‌കൂളിന് സമീപം മദ്യവില്‍പ്പനശാല; നിയമപരമായും ധാര്‍മ്മികമായും അത് തെറ്റ് തന്നെയാണ്

സ്‌കൂളിന് സമീപം ഒരു മദ്യവില്‍പ്പനശാല വരുന്നു. അതാര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. നിയമപരമായും ധാര്‍മ്മികമായും അത് തെറ്റ് തന്നെയാണ്. അത് എതിര്‍ക്കപ്പെടേണ്ടതാണ്. തിരുവനന്തപുരം നന്ദന്‍കോട്ട് സംഭവിച്ചതും അതാണ്. സ്‌കൂളുകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ യാതൊരു ലഹരി പദാര്‍ത്ഥങ്ങളും വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. ഇത് ലംഘിക്കപ്പെട്ടതായാണ് പരാതി. നന്ദന്‍കോട് ഹോളി ഏഞ്ചല്‍സ് ഗേള്‍സ് സ്‌കൂളിലെ കുട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബിവറേജസ് ഔട്ട്‌ലെറ്റ് ഇവിടെ നിന്ന് മാറ്റാന്‍ അധികാരികള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇവിടെ ബിവറേജസ് പ്രവര്‍ത്തിക്കില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കേരളത്തില്‍ പലയിടങ്ങളിലും ഇത്തരത്തില്‍ സ്വൈര ജീവിതത്തിന് തടസമാകും എന്ന് കരുതുന്ന ഇടങ്ങളിലെല്ലാം മദ്യവില്‍പ്പന ശാലകള്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. വിവിധ തൊഴില്‍ മേഖലകളില്‍ പെട്ടവരാണ് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയ്ക്ക് സമീപം ഇത്തരമൊരു പ്രതിഷേധം നടക്കുന്നുണ്ട്. ടെക്കികള്‍ തന്നെയാണ് സമരം നടത്തുന്നത്. കോഴിക്കോട് ബേപ്പൂരിലും പത്തനംതിട്ട റാന്നിയിലുമെല്ലാം മദ്യവില്‍പ്പനശാലകള്‍ പൂട്ടിക്കാനായി സമരങ്ങള്‍ നടക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നിരവധി സമരങ്ങള്‍ നടക്കുന്നു. ദേശീയപാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ച് പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ ഇത്തരം പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാവുന്നുണ്ട്.

സ്‌കൂളിന് സമീപമുള്ള മദ്യവില്‍പ്പന ശാല പൂട്ടിക്കാന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ കുട്ടികള്‍ കാണിച്ച ആര്‍ജ്ജവം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷെ ജനകീയ സമരങ്ങളെക്കുറിച്ച് പുച്ഛ മനോഭാവവും അവജ്ഞയും ഭീതിയും കുട്ടികള്‍ക്കിടയില്‍ പടര്‍ത്തുകയും സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം കുട്ടികളെ സമരത്തിലേയ്ക്ക് തള്ളിവിടുകയും ചെയ്യുന്ന സ്‌കൂള്‍ അധികൃതരും കുട്ടികളുടെ രക്ഷിതാക്കളും ഇക്കാര്യത്തില്‍ പ്രത്യേകിച്ച് അഭിനന്ദനമൊന്നും അര്‍ഹിക്കുന്നില്ല എന്ന് മാത്രമല്ല, വിമര്‍ശനം അര്‍ഹിക്കുകയും ചെയ്യുന്നു. സമരത്തിന് പ്രോത്സാഹനവുമായി എത്തിയ സ്‌കൂളിന്റെ പ്രധാന അദ്ധ്യാപികയായ സിസ്റ്റര്‍ സൂസി പറഞ്ഞത് ഞങ്ങളുടെ കുഞ്ഞുങ്ങളെ ഇതുവരെ മുദ്രാവാക്യം വിളിപ്പിക്കാന്‍ പഠിപ്പിച്ചിട്ടില്ലെന്നും ഇപ്പോള്‍ സ്വമേധയാ അവര്‍ രംഗത്തിറങ്ങിയപ്പോള്‍ അതിന് അനുവാദം നല്‍കേണ്ടി വന്നു എന്നുമായിരുന്നു. എന്തൊരു ദയനീയാവസ്ഥ. സഹതപിക്കുകയല്ലാതെ വേറെന്ത് ചെയ്യാന്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരങ്ങളില്‍ പ്രതിലോമ നിലപാടുകള്‍ മാത്രം വച്ച് പുലര്‍ത്തുന്നവരാണ് ഭൂരിപക്ഷം ക്രൈസ്തവ മാനേജ്‌മെന്റുകളും. വിദ്യാര്‍ത്ഥി സംഘടനകളോട് ഇവര്‍ പുലര്‍ത്തുന്ന സമീപനം എത്രമാത്രം ശത്രുതാപരമാണെന്നതിന് നിരവധി ഉദാഹരണങ്ങള്‍ എടുത്ത് കാട്ടാന്‍ കഴിയും. നന്ദന്‍കോട് ബിവറേജിനെതിരായ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയ സമീപത്തെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളുടേയും ഒരു മുസ്ലീം പള്ളിയുടേയും നിലപാടിനെയും പിന്തുണക്കാവുന്നതാണ്. പക്ഷെ അവര്‍ സമര രംഗത്ത് വന്നത് മദ്യപാനത്തോടുള്ള വെറുപ്പ് കൊണ്ടോ മതാഭിമാന ബോധം കൊണ്ടോ അല്ലെങ്കില്‍ മാത്രം.

പൊതുവില്‍ ജനകീയ സമരങ്ങളോട് അകല്‍ച്ച പാലിക്കുകയും അതിനെ അറപ്പോടെ കാണുകയും ചെയ്യുന്ന മദ്ധ്യവര്‍ഗത്തില്‍ പെട്ടവരാണ് ഇത്തരം സമരങ്ങള്‍ക്ക് പിന്നിലെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇത്തരത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സാമൂഹ്യബോധവും പ്രതിബദ്ധതയുമെല്ലാം നല്ലതാണ്. പക്ഷെ ഇതിന് മറ്റൊരു വശമുണ്ട്. ദളിത് പെണ്‍കുട്ടികള്‍ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ അതൊരു പ്രശ്‌നമായി തോന്നാത്തവര്‍ ഇന്ത്യാ ഗേറ്റിന് മുന്നില്‍ ബലാത്സംഗത്തിനെതിരെ മെഴുക് തിരി പ്രകടനം നടത്തിയതിലെ കാപട്യം ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ സമയത്ത് അരുന്ധതി റോയ് തുറന്ന് കാട്ടിയിരുന്നു. ഇത് തന്നെയാണ് കേരളത്തില്‍ മദ്ധ്യവര്‍ഗത്തില്‍ വലിയൊരു വിഭാഗത്തിന്റെയും മനോഭാവം. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ദേശീയപാതയോരത്തായിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ്, ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയുടെ സമീപത്തേയ്ക്ക് മാറ്റിയത്. നിരവധി വനിതാ ജീവനക്കാര്‍ താമസിക്കുന്ന ഈ മേഖലയിലെ ഇടുങ്ങിയ റോഡിന് സമീപം മദ്യവില്‍പ്പനശാല സ്ഥാപിക്കരുതെന്നാണ് ആവശ്യം. ഇതില്‍ ന്യായമുണ്ടാവാം. പക്ഷെ കേരളത്തില്‍ മദ്യനിരോധന സമിതികള്‍ നടത്തുന്ന എല്ലാ സമരങ്ങളേയും ഇത്തരം നിര്‍ദ്ദോഷകരവും യുക്തിസഹവുമായ പ്രതിഷേധങ്ങളുടെ കൂട്ടത്തില്‍ പെടുത്താനാവില്ല. വളരെ ഇടുങ്ങിയ സാമൂഹ്യബോധവും സങ്കുചിത ചിന്താഗതികളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദേശീയ പാതയോരത്തെ മദ്യവില്‍പ്പന ശാലകളെല്ലാം അടച്ചു പൂട്ടിയ കോടതി ഉത്തരവിനെ തുടര്‍ന്ന് ജനവാസ മേഖലകളിലേയ്ക്കാണ് പല ഔട്ട്‌ലെറ്റുകളും മാറ്റിയത്. മദ്യനിരോധനം ഒരു അജണ്ടയാക്കി നിലവിലെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതായി ഏതായാലും ഇതുവരെ വിവരമില്ല. അപ്പോള്‍ ഇക്കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഗൂഢാലോചനയ്ക്കുള്ള സാദ്ധ്യത കുറവാണ്. കേരളം പോലെ വലിയ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് ദേശീയപാതയോരത്തോ അല്ലെങ്കില്‍ നഗരഭാഗങ്ങളിലോ അല്ലാതെ ജനവാസ (റസിഡന്‍ഷ്യല്‍) ഇതര കേന്ദ്രങ്ങള്‍ കുറവായിരിക്കും. മദ്യനിരോധനം ഏര്‍പ്പെടുത്താത്ത കാലത്തോളം മദ്യം വില്‍ക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകള്‍ എവിടെയെങ്കിലും ഒക്കെ സ്ഥാപിക്കേണ്ടി വരും. ആകാശത്ത് കൊണ്ടുവയ്ക്കാന്‍ കഴിയില്ലല്ലോ. പിന്നെ ഈ മദ്യം വാങ്ങുന്നവരും കഴിക്കുന്നവരും എല്ലാം ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടേണ്ടവരാണ് എന്ന വികലമായ ബോധം എങ്ങനെയാണ് ഉണ്ടാകുന്നത്. മദ്യനിരോധനം എന്നത് പ്രായോഗികമായി നടപ്പാക്കാന്‍ കഴയുന്നതോ ധാര്‍മ്മികമായി ശരിയായതോ ആയ കാര്യമല്ല. മദ്യപിക്കാതിരിക്കാനുള്ള അവകാശം പോലെ തന്നെ മദ്യം സ്വകാര്യമായ ഇടങ്ങളില്‍ വച്ച് കഴിക്കാനും മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കാത്ത വിധം അത് ഉപയോഗിക്കാനുമുള്ള അവകാശം ഈ നാട്ടിലെ ഏത് പൗരനുമുണ്ട്. അതൊരു മൗലികാവകാശമായി പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും ഈ അവകാശത്തിലേയ്ക്കാണ് ചില കപടസദാചാര വാദികളും വ്യാജ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നവരും മദ്യഫോബിയക്കാരുമെല്ലാം കടന്നുകയറ്റം നടത്തുന്നത്. ഈ നാട്ടില്‍ മദ്യപിക്കാത്തവര്‍ ഉണ്ടാക്കുന്ന അത്രയും വയലന്‍സ് മാത്രമേ മദ്യപാനികളും ഉണ്ടാക്കുന്നുള്ളൂ. ബിവറേജസുകള്‍ പൂട്ടിച്ച് മദ്യനിരോധനം കൊണ്ടുവരാമെന്ന ആലോചന കേരളത്തില്‍ വ്യാജ മദ്യ ലോബിയേയും മദ്യക്കടത്തിനേയും ശക്തിപ്പെടുത്തുക എന്നതല്ലാതെ ആര്‍ക്കും പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യില്ല. കേരളത്തിലെ അവശേഷിക്കുന്ന അപൂര്‍വം മതേതര പൊതുഇടങ്ങളില്‍ ഒന്നായ ബിവറേജുകള്‍ കൂടി പൂട്ടിച്ച് സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരാനുള്ള നീക്കം തീര്‍ത്തും ജനാധിപത്യവിരുദ്ധവും വളരെ സങ്കുചിതമായ മാനസികാവസ്ഥയുടെ ഭാഗവുമാണ്.

മദ്യനിരോധനത്തെ കുറിച്ചുള്ള പ്രചാരണ കോലാഹലങ്ങളും വാചകമടികളും ബിവറേജുകള്‍ക്കെതിരായ സമരവും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് വിമോചന സമരം പ്രമേയമാക്കിയ ടിവി ചന്ദ്രന്റെ ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന സിനിമയിലെ രംഗങ്ങളാണ്. വിമോചന സമരകാലത്തെ ഒരു കള്ള് ഷാപ്പ് പിക്കറ്റിംഗാണ് ഒരു രംഗം. സ്വാതന്ത്ര്യ സമരത്തിന് ശേഷം പിന്നെ ഇത്തരത്തിലുള്ള വ്യാപകമായ പിക്കറ്റിംഗിന് ഒരു പക്ഷെ കേരളം സാക്ഷ്യം വഹിച്ചത് അക്കാലത്തായിരിക്കണം. ഗാന്ധി തൊപ്പി ധരിച്ച ഖദര്‍ ധാരികള്‍ ഷാപ്പിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ആ ഷാപ്പില്‍ നിന്ന് തന്നെ കള്ള് വരുത്തി കുടിക്കുകയാണ് പാര്‍ട്ടി നേതാവ്. കള്ളുകുപ്പികളെത്തുമ്പോള്‍ നേതാവ് വിജയകരമായ മദ്യ വിരുദ്ധ സമരത്തിന്റെ വാര്‍ത്ത പത്രത്തില്‍ വായിച്ച് ആhദം പ്രകടിപ്പിക്കുകയാണ്. മാത്രമല്ല പുരുഷമേധാവിത്തവും മതനേതൃത്വവുമെല്ലാം പൊതു ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന സ്ത്രീകളെയും കുട്ടികളേയും പലപ്പോഴും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം സമര രംഗത്തിറക്കാരുണ്ട്. ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ ഇത് പ്രതിഫലിപ്പിക്കുന്നു. മദ്യനിരോധനത്തെ കുറിച്ചും വര്‍ജ്ജനത്തെ കുറിച്ചും പ്രസംഗിച്ച ശേഷം മൂക്കറ്റം കുടിക്കുന്ന ചില ഗാന്ധിയന്മാര്‍ എന്ന് കേരളത്തിലെ ചില മദ്യനിരോധന സമരക്കാരെ കുറിച്ച് പണ്ട് ഇഎംഎസ് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള കാപട്യങ്ങളെല്ലാം വ്യക്തമാണ്. മദ്യനിരോധനം ആവശ്യപ്പെട്ട് വലിയ പ്രസംഗങ്ങള്‍ നടത്തുന്ന സഭാ നേതൃത്വങ്ങള്‍ ആദ്യം വൈന്‍ ലൈസന്‍സ് ഉപേക്ഷിക്കണം എന്ന് പറഞ്ഞ് പരിഹാസം കലര്‍ന്ന വിമര്‍ശനങ്ങളും തമാശകളും പലരും ഉയര്‍ത്തിയിരുന്നു. ഇതിനിടയിലാണ് മദ്യമെന്ന സാമൂഹ്യവിപത്തിനെ കുറിച്ചുള്ള ഇത്തരം രോദനങ്ങള്‍.

കേരളത്തില്‍ മദ്യത്തോടുള്ള അമിതാസക്തി ഒട്ടേറെ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മലയാളികളില്‍ വലിയൊരു വിഭാഗത്തിന്‍റെ മദ്യപാന ശൈലികളും രീതികളും വളരെ അപകടകരവുമാണ്. ആരോടോ ഉള്ള വാശി തീര്‍ക്കാന്‍ വേണ്ടി കുടിക്കുന്നവര്‍ എന്ന ചീത്തപ്പേര് നമുക്കുണ്ട്. പക്ഷെ മദ്യപിക്കുന്നവരെ മൊത്തം സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കാനും അതാണ് ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നമെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കുന്നവര്‍ മറുഭാഗത്ത് എല്ലാ തരത്തിലുള്ള മനുഷ്യത്വ വിരുദ്ധ പ്രവൃത്തികള്‍ക്കും പീഡനങ്ങള്‍ക്കും കുട പിടിക്കുന്നവരാണ് എന്നതാണ് ഇതിലെ പരിഹാസ്യമായ വൈരുദ്ധ്യം. ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തുകയും നിരന്തരം മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്ന ആളുകളാണ് മദ്യപിക്കുന്നവരെ സാമൂഹ്യവിരുദ്ധരായി ചിത്രീകരിച്ച് ഇപ്പോള്‍ രംഗത്ത് വരുന്നത്. പ്രതികരണ ശേഷിയും രാഷ്ട്രീയ ബോധവും ഇല്ലാത്തവരാക്കി അവരെ മാറ്റുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് ഇപ്പോള്‍ അവരെ സമര രംഗത്തേക്ക് തള്ളിവിടുന്നത്. നന്ദന്‍കോട്ട് ബിവറേജസ് വിരുദ്ധ സമരത്തിനിടെ പല ക്രിസ്ത്യന്‍ പുരോഹിതരും പറഞ്ഞത് മദ്യപാനികള്‍ നടത്തിയ സ്ത്രീ പീഡനങ്ങളെ കുറിച്ചാണ്. സ്ത്രീ പീഡനം എന്തായാലും മദ്യപാനം മൂലമുണ്ടാകുന്ന പ്രശ്‌നമല്ല എന്ന കാര്യം ഉറപ്പാണ്. ഏതായാലും ഒരു കാര്യത്തില്‍ ഹോളി ഏഞ്ചല്‍സിലെ അദ്ധ്യാപകരോടും ആക്ഷന്‍ കൗണ്‍സിലിനും നന്ദി പറയണം. കുട്ടികളെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചതിന്.

(അഴിമുഖം സബ് എഡിറ്ററാണ് ലേഖകന്‍) 

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍