UPDATES

ഹോസ്റ്റല്‍ സൗകര്യം നല്‍കാതെ അധികൃതര്‍; കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

പുതിയ അധ്യായന വര്‍ഷത്തില്‍ പ്രവേശനം കിട്ടിയ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളോടാണ് അധികൃതരുടെ അവഗണന

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍(സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള) വിദ്യാര്‍ത്ഥി പ്രതിഷേധം. ഹോസ്റ്റല്‍ സൗകര്യം അനുവദിക്കാത്ത സര്‍വകലാശാല അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ അടക്കം രംഗത്തു വന്നത്. തങ്ങളുടെ നിരന്തരമായ പരാതികള്‍ അവഗണിക്കുന്ന അധികൃതരെ വെല്ലുവിളിച്ച് സര്‍വകലാശാല ലൈബ്രറിയില്‍ വിദ്യാര്‍ത്ഥിനികള്‍ ഒത്തുകൂടിയിരിക്കുകയാണ്. താമസസൗകര്യം ലഭ്യമാക്കുന്നതുവരെ ഇവിടെ തങ്ങള്‍ താമസിക്കുമെന്ന അറിയിപ്പോടെ കിടക്കയും മറ്റുമായാണ് വിദ്യാര്‍ത്ഥിനികള്‍ ലൈബ്രററിയില്‍ പ്രവേശിച്ചിരിക്കുന്നത്.

2017-18 അധ്യായന വര്‍ഷത്തില്‍ പ്രവേശം ലഭിച്ച ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെയാണു ഹോസ്റ്റല്‍ സൗകര്യം ഒരുക്കാതെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. പ്രവേശന സമയത്ത് നല്‍കുന്ന ഉറപ്പാണ് ഇതിലൂടെ അധികൃതര്‍ ലംഘിക്കുന്നത്. എസ്എസി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്കടക്കം ഹോസ്റ്റല്‍ സൗകര്യം നല്‍കാത്ത നിലപാടാണ് അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. പുതിയതായി പ്രവേശനം കിട്ടിയ വിദ്യാര്‍ത്ഥികളില്‍ 66 ശതമാനം പേര്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്ത അവസ്ഥയാണ്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ ഒരു നിലപാട്. എന്നാല്‍ കണ്ണൂര്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പോയി വരുന്നത് തങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഭക്ഷണം പോലും കൃത്യമായി കഴിക്കാന്‍ കഴിയാതെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരുമെന്നും അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകള്‍ അതിലേറെ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

കാസര്‍ഗോഡ് പെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വകലശാലയില്‍ അതേ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുപോലും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാകേണ്ട സ്ഥിതിയാണുള്ളത്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൃത്യസമയത്ത് സര്‍വകലാശലയില്‍ എത്താന്‍ പലവിധ ബുദ്ധിമുട്ടുകള്‍ നിലനല്‍ക്കുന്നുണ്ട്. എന്നാല്‍ ഈ പരാതികളൊന്നും തന്നെ കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണു വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

"</p

പുറത്ത് എവിടെയെങ്കിലും സ്റ്റേ ചെയ്ത് പഠിക്കാനാണ് അധികൃതരുടെ ഭാഗത്തു നിന്നുളള ഉപദേശം. പെരിയ പോലൊരു സ്ഥലത്ത് ഹോം സ്‌റ്റേകളോ സ്വകാര്യ ഹോസ്റ്റലുകളെ കിട്ടുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല, ഹോസ്റ്റല്‍ ഫീസിന്റെ പതിന്മടങ്ങ് ചെലവാണ് പുറത്ത് താമസിക്കുമ്പോള്‍ ഉണ്ടാവുന്നത്. ഭൂരിഭാഗവും സാധാരണ കുടുംബത്തില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ചെലവ് താങ്ങാന്‍ കഴിയില്ല. പോയി വരേണ്ട സാഹചര്യം കൊണ്ട് ലൈബ്രറി, കാമ്പസിനുള്ളിലെ വൈ ഫൈ സൗകര്യം എ്ന്നിങ്ങനെ സര്‍വകലാശാല നല്‍കുന്ന പല സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായി ഉപയോഗിക്കാനും കഴിയാതെ പോവുകയാണ്; വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ചില വിദ്യാര്‍ത്ഥികളോട് അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്ത് ഇപ്പോള്‍ നിലവിലുള്ള സൗകര്യത്തില്‍ കഴിയാനാണു പറയുന്നത്. അതായത് നിലവില്‍ രണ്ടുപേര്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറികളില്‍ ഒരാള്‍ കൂടി ചേരുക. അങ്ങനെ വരുമ്പോള്‍ തന്നെ ആവശ്യമായ ഒരു സൗകര്യവും ഞങ്ങള്‍ക്കായി നല്‍കുന്നില്ല. നിലത്ത് കിടന്നുറങ്ങേണ്ട അവസ്ഥ. പക്ഷേ ഈ സൗകര്യംപോലും എത്ര ദിവസം കിട്ടുമെന്നറിയില്ല; അഴിമുഖത്തോട് സംസാരിച്ച വിദ്യാര്‍ത്ഥികള്‍ പറയുന്നു. അധികൃതരുടെ ഈ നിലപാട് കാരണം പഠനം ഉപേക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരുമുണ്ട്; വിദ്യാര്‍ത്ഥികള്‍ പറയുന്നു.

"</p

വ്യക്തമായ മുന്നൊരുക്കങ്ങളില്ലാതെ നടപ്പിലാക്കിയ പിജി സീറ്റ് വര്‍ദ്ധനവു മൂലമാണ് നിലവിലെ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. ആവശ്യമായ ഹോസ്റ്റല്‍ സൗകര്യങ്ങളില്ല എന്നറിഞ്ഞിട്ടും ഇങ്ങനെയൊരു തീരുമാനമെടുത്ത സര്‍വകലാശാല ഭരണസമിതിക്ക്, എന്തുകൊണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഒരുക്കിക്കൊടുക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം ഉണ്ടെന്നു വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

താരതമ്യേന സാമൂഹ്യ-സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഈ പ്രശ്‌നം ഗുരുതരമായി ബാധിക്കുന്നത്. ഹോസ്റ്റല്‍ ലഭിച്ചില്ലയെങ്കില്‍ വന്‍തുക മുടക്കി സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. ഇതുമൂലം ഉന്നതവിദ്യാഭ്യാസം തടസ്സപ്പെട്ട് ടിസി വാങ്ങിപ്പോകേണ്ട സ്ഥിതി പോലും വിദ്യാര്‍ത്ഥികള്‍ക്ക് വന്നുപെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒപ്പ് ശേഖരണം നടത്തി വൈസ് ചാന്‍സലറെ പ്രതിഷേധം അറിയിച്ചെങ്കിലും നിരാശജനകമായ പ്രതികരണമാണ് ഉണ്ടായതെന്നും ഈയൊരു സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തങ്ങള്‍ തയ്യാറായതെന്നും കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ അഴിമുഖത്തോടു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍