UPDATES

ഒരുമിച്ചിരിക്കരുത്, സംസാരിക്കരുത്; കൊല്ലം ഫാത്തിമ മാതയില്‍ സഭാ മാനേജ്മെന്റിന്റെ സദാചാര പോലീസിംഗ്

വിദ്യാര്‍ത്ഥി സമരം ശക്തമാകുന്നു; സമരം പൊളിക്കാന്‍ മാനേജ്മെന്റിന്റെ അവധി പ്രഖ്യാപനം

വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക അവകാശങ്ങള്‍ നിഷേധിക്കുകയും സദാചാരത്തിന്റെ പേരില്‍ ആണ്‍-പെണ്‍ വേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റ് നടപടികള്‍ക്കെതിരേ കൊല്ലം ഫാത്തിമ മാത നാഷണല്‍ കോളേജില്‍ വിദ്യാര്‍ത്ഥി സമരം. ഇന്നലെയാണു സമരം ആരംഭിച്ചത്. സമരം പൊളിക്കണം എന്ന തന്ത്രത്തോടെ ഇന്നു കോളേജിന് അവധി പ്രഖ്യാപിച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ പൂര്‍ണ പിന്തുണയോടെ ശക്തമായ പ്രതിഷേധം ഇന്നും കാമ്പസില്‍ നടക്കുന്നുണ്ടെന്നു സമരരംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ അഴിമുഖത്തോട് പറഞ്ഞു.

യുജിസി നിര്‍ദേശങ്ങള്‍ അവഗണിച്ചും വിദ്യാര്‍ത്ഥികളോട് ലിംഗവ്യത്യാസം മുന്‍നിര്‍ത്തി നിബന്ധനകളും നിയന്ത്രണങ്ങളും വയ്ക്കുന്നതും, അടച്ചിട്ട കൂട്ടിലെന്നപോലെ ഞങ്ങളുടെ അവകാശങ്ങള്‍ തടഞ്ഞുവയ്ക്കുകയും ചെയ്യുന്ന നടപടിയെയാണു ചോദ്യം ചെയ്യുന്നത്. കേരളത്തിലെ വിദ്യാഭാസ രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള, പാരമ്പര്യവും മികവും സ്വന്തമായിട്ടുള്ള ഒരു കലായത്തില്‍ ഇപ്പോള്‍ നടക്കുന്ന നിക്ഷിപ്തതാത്പര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണു തങ്ങള്‍ സമരരംഗത്തിറങ്ങിയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കോളേജില്‍ പെണ്‍കുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന നിലപാടുകളാണ് സദാചാരപ്രശ്‌നം മുന്‍നിര്‍ത്തി പ്രിന്‍സിപ്പള്‍ സ്വീകരിക്കുന്നതെന്നാണു വിദ്യാര്‍ത്ഥികളുടെ പ്രധാന ആരോപണം. ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ ഇവിടെ അനുവദിക്കുന്നില്ല. ഒരുമിച്ചിരുന്നാലോ, സംസാരിച്ചാലോ ഗുരുതരമായെന്തോ തെറ്റ് ചെയ്യാന്‍ പോകുന്നു എന്നാണു മനേജ്‌മെന്റിന്റെ ഭാവം. സമൂഹത്തില്‍ സദാചാര പൊലീസിംഗ്, അതിനേക്കാള്‍ തീവ്രവമായി കേരളത്തിലെ കലാലയങ്ങളില്‍ നടക്കുന്നുണ്ടെന്നതിന്റെ മറ്റൊരു ഉദ്ദാഹരണമായി ഫാത്തിമ മാത കോളേജും മാറി. പെണ്‍കുട്ടികളാണ് ഇവിടെ ഭൂരിഭാഗമെങ്കിലും അവര്‍ക്കു കാമ്പസില്‍ ഉള്ള സ്വാതന്ത്ര്യം പരിമിതമാണ്. തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ സൂക്ഷിക്കേണ്ടത് പെണ്‍കുട്ടികളാണ് എന്ന പൊതുതത്വം ഫാത്തിമ മാതയിലെ പ്രിന്‍സിപ്പലും മാറ്റാന്‍ തയ്യാറല്ലെന്നും സമരരംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കോളേജില്‍ ഒരുക്കിയിരിക്കുന്ന quadrangle  സംവിധാനം ആദ്യകാലത്ത് എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാനുള്ള ഒരു വേദിയായി കണ്ടു സ്വീകരിച്ചെങ്കിലും ഇപ്പോഴത് പെണ്‍കുട്ടികളുടെ ജയില്‍ ആയി മാറിയിരിക്കുകയാണ്. ഫ്രീ പിരീഡ് കിട്ടിയാല്‍ ക്ലാസ് റൂമില്‍ ഇരിക്കാനോ കാന്റീനില്‍ പോകാനോ അനുവാദമില്ല, quadrangle ല്‍ വന്നിരിക്കണം. ഒഴിവു സമയത്ത് ക്ലാസ് റൂമില്‍ ഒരാണു പെണ്ണും ഒരുമിച്ചിരിക്കുന്നതു കണ്ടാല്‍ കേട്ടാലറയക്കുന്ന ഭാഷയില്‍ അവരെ ശകാരിക്കാന്‍ കാത്തോലിക്ക സഭയുടെ കീഴിലുള്ള ഈ കോളേജിലെ പ്രിന്‍സിപ്പലിന് യാതൊരു സങ്കോചവുമില്ല. വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റവും ഭാഷയും പുറത്തു പറയാന്‍ പോലും പറ്റാത്തതാണ്.

ഓട്ടോണമസ് പദവി ലഭിച്ചിട്ടുള്ള കോളേജാണു ഫാത്തിമ മാത. ഈ പദവി മാനേജ്‌മെന്റിനു വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താനുള്ള ആയുധമാണ്. എന്തു ചെയ്താലും ആരും ചോദിക്കാനില്ലെന്നപോലെ; വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്നു.
ശരിക്കും ഇതിപ്പോള്‍ ഒരു കൂടുപോലെയാണ്. ഞങ്ങളെ ഇതിനുള്ളില്‍ അടച്ചിട്ടിരിക്കുകയാണ്, ക്ലാസ് ആരംഭിച്ചു കഴിഞ്ഞാല്‍ കോളേജ് ഗേറ്റ് അടയ്ക്കും. പിന്നീട് ഉള്ളിലേക്ക് കയറാനോ പുറത്തിറങ്ങാനോ അനുവാദമില്ല. പുറത്തു പോകണമെങ്കില്‍ ഔട്ട്പാസ് വാങ്ങണം. ഐഡന്ററി കാര്‍ഡ് ഉണ്ടെങ്കിലും വൈകിവന്നാല്‍ കോളേജില്‍ കയറാന്‍ കഴിയില്ല. ഒരു പിരീഡ് ക്ലാസില്‍ കയറിയില്ലെങ്കിലും അരദിവസത്തെ അറ്റന്‍ഡന്‍സ് നഷ്ടമാകും. കമ്പ്യൂട്ടറൈസ്ഡ് അറ്റന്‍ഡന്‍സ് സംവിധാനമാണ് കോളേജില്‍. ഒരു പിരീഡ് ക്ലാസില്‍ ഇല്ലെങ്കിലും മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് മെസേജ് അയക്കും.

ഇപ്പോള്‍ എല്ലാ കോളേജുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെവിടെയൊക്കെ വയ്ക്കണം എന്നതില്‍ യൂണിവേഴ്‌സിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ ഫാത്തിമ മാതയില്‍ ആണ്‍കുട്ടികളുടെ ടോയ്‌ലെറ്റില്‍ വരെയാണു സിസിടിവി. പ്രിന്‍സിപ്പളിന് മുറിയില്‍ ഇരുന്ന് എല്ലാം കാണാം. വിദ്യാര്‍ത്ഥികള്‍ കൂടിനിന്നാല്‍ ഉടന്‍ പ്രിന്‍സിപ്പള്‍ ആളെ വിടും. സംഘടന പ്രവര്‍ത്തനം പൂര്‍ണമായി വിലക്കിയിട്ടില്ലെങ്കിലും യാതൊരുവിധ പിന്തുണയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ഒരു മുറിപോലും അനുവദിച്ചിട്ടില്ല.
ഇങ്ങനെയെല്ലാം ഞങ്ങളുടെ കൈകള്‍ ബന്ധിച്ചും ശബ്ദം ഇല്ലാതാക്കിയും അവര്‍ മുന്നോട്ടു പോകുമ്പോഴും ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞു വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിച്ചെടുക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കോളേജില്‍ കെട്ടിടം പണിയാനെന്ന പേരില്‍ അഡ്മിഷന്‍ സമയത്ത് അയ്യായിരവും മറ്റുമൊക്കെയാണു വാങ്ങുന്നത്. യുജിസി ഗ്രാന്റില്‍ കെട്ടിടം പണിയാനുള്ള തുകയും വകയിരുത്തിയിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിക്കുന്നത് അവസാനിപ്പിക്കുന്നില്ല.

യൂണിവേഴ്‌സിറ്റി നിര്‍ദേശങ്ങളല്ല പലതും ഇവിടെ നടത്തുന്നത്. അഞ്ചാം മാസത്തിലോ ആറാം മാസത്തിലോ സെമസ്റ്റര്‍ പരീക്ഷ നടത്തണമെന്നു യൂണിവേഴ്‌സിറ്റി പറയുമ്പോള്‍ ഇവിടെ നാലാം മാസത്തിലാണു പരീക്ഷ.

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണ്. കോളേജിന്റെ പേര് മോശമാക്കാനല്ല, ഉണ്ടായിരുന്ന നല്ലപേര് സംരക്ഷിക്കാനാണു ഞങ്ങളുടെ ശ്രമം. മാനേജ്‌മെന്റിന്റെ നയങ്ങളണു മാറേണ്ടത്. ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ക്കു തിരിച്ചു തരിക. അടഞ്ഞ കണ്ണുകളോടെ ഞങ്ങളെ നോക്കരുത്, ഇരുട്ട് നിങ്ങള്‍ക്കു മുന്നിലാണ്, ഞങ്ങള്‍ക്കു ചുറ്റുമല്ല. ആണും പെണ്ണും ഒരുമിച്ചിരുന്നലോ, നടന്നാലോ ഒരു മാറ്റവും സംഭവിക്കില്ല. മുന്‍ധാരണകള്‍ തിരുത്തണം. അിനുവേണ്ടിയാണ് ഈ സമരം.

അപ്പോഴും വിദ്യാര്‍ത്ഥികളെ തെറ്റായി കാണിക്കാനും ഞങ്ങള്‍ നടത്തുന്ന പോരാട്ടം വളഞ്ഞ വഴിയില്‍ തകര്‍ക്കാനുമാണ് പ്രിന്‍സിപ്പള്‍ ശ്രമിക്കുന്നത്. മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തകള്‍ വരുന്നത് ലെഗ്ഗിന്‍സ് ധരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയതിനു പേരിലുള്ള സമരമാണ് ഫാത്തിമ മാതയില്‍ നടക്കുന്നതെന്നാണ്. ചില അധ്യാപകര്‍ ചേര്‍ന്നു പ്രചരിപ്പിക്കുന്ന വാര്‍ത്തയാണിത്. യഥാര്‍ത്ഥ വസ്തുതകള്‍ ചര്‍ച്ച ചെയ്യാതെ പോവുകയും സമരത്തിന്റെ ഗൗരവം കുറയ്ക്കാനുമാണ് ഇത്തരം വാര്‍ത്തകള്‍ കാരണമാവുക. വസ്ത്രത്തിന്റെ പേരില്‍ മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ മൊത്തത്തില്‍ നിഷേധിക്കുന്നതിനെതിരെയാണ് ഈ പ്രതിഷേധം. സമൂഹം ആ അര്‍ത്ഥത്തില്‍ വേണം ഈ സമരം കാണാന്‍.

ബിഷപ്പ് സ്ഥലത്തില്ലെന്നും പതിനാറാം തീയതിയേ വരൂ എന്നും അന്ന് ചര്‍ച്ച നടത്താമെന്നുമാണ് ഇപ്പോള്‍ പ്രിന്‍സിപ്പള്‍ അറിയിച്ചിരിക്കുന്നത്. ഈ സമരത്തിനു ന്യായമായ തീരുമാനം ഉണ്ടാകണം. അതുവരെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകും;വിദ്യാര്‍ത്ഥികള്‍ പറയുന്നു

ഫാത്തിമ മാത കോളേജ് പ്രിന്‍സിപ്പല്‍ വിന്‍സന്റ് നെറ്റോയ്‌ക്കെതിരേ അധ്യാപകരില്‍ ചിലരും പരാതി ഉന്നയിച്ചിട്ടുണ്ട്. അധ്യാപകനായ മനോജ് ശ്രീനിവാസന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തനിക്കെതിരേ പ്രിന്‍സിപ്പല്‍ നടത്തുന്ന മാനസിക പീഡനങ്ങളെ കുറിച്ച് പറയുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷമായി തനിത് അനുഭവിക്കുകയാണെന്നു മനോജ് പറയുന്നു. കോളേജിലെ എന്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഈ അധ്യാപകനെ എന്‍എസ്എസ് റൂം ഉപയോഗിക്കാന്‍ പോലും പ്രിന്‍സിപ്പല്‍ തടയുന്നതായി പറയുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കാമ്പസ് ശുചീകരണത്തിന് നാഷണല്‍ സര്‍വീസ് സ്‌കീമിലേയും എന്‍സിസിയിലേയും കുട്ടികളെ നിയോഗിച്ചിരുന്നു. എന്നാല്‍ കൈകളില്‍ ഇടാന്‍ ഗ്ലൗസ് പോലും നല്‍കിയില്ല. ഈ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പരസ്യമായി തന്നെ അധിക്ഷേപിക്കാനാണു പ്രിന്‍സിപ്പല്‍ തയ്യാറായതെന്നും മനോജ് പറയുന്നു. അപമര്യാദയോടെയും ധിക്കാരത്തോടെയും ഞാന്‍ പെരുമാറുന്നു എന്നാണു പ്രിന്‍സിപ്പള്‍ പറയുന്നത്. ഇടതു അധ്യാപക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരിലാണ് എന്നെയും മറ്റു ചില അധ്യാപകരെയും പ്രിന്‍സിപ്പല്‍ ഈവിധം മാനസികമായി പീഡിപ്പിക്കുന്നത്. ഞങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനും ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനുമാണു പ്രിന്‍സിപ്പള്‍ ശ്രമിക്കുന്നതെന്നും മാര്‍ച്ച് പത്താംതീയതി ഇട്ട പോസ്റ്റില്‍ മനോജ് ശ്രീനിവാസന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം കോളേജില്‍ കാലങ്ങളായി തുടര്‍ന്നു വന്നുകൊണ്ടിരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും മാത്രമെ ഇപ്പോഴും തുടരുന്നുള്ളൂവെന്നാണു പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറയുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍