UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഹല്യയില്‍ സ്‌റ്റൈപന്‍ഡ് ചോദിച്ചാല്‍ വിദ്യാര്‍ത്ഥികളെ പെരുവഴിയിലിറക്കി വിടും, പട്ടിണിക്കിടും

Avatar

രാകേഷ് സനല്‍

പാലക്കാട് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം എന്തുകൊണ്ട് നാം കാണാതെ പോകുന്നു?

അങ്ങോട്ടു വിളിച്ച് അപേക്ഷിച്ചിട്ടും മുഖ്യധാര ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഈ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അരക്ഷിതാവാസ്ഥയെക്കുറിച്ച് അന്വേഷിക്കാന്‍ വിമുഖ കാണിക്കുന്നു?

പെണ്‍കുട്ടികളെയടക്കം ഹോസ്റ്റലില്‍ നിന്നും പുറത്താക്കി പെരുവഴിയില്‍ നിര്‍ത്തുന്ന മാനേജ്‌മെന്റ് ധാര്‍ഷ്ട്യം എന്തുകൊണ്ട് ഇനിയും ചോദ്യം ചെയ്യപ്പെടാതെ പോകുന്നു?

വേഗം തന്നെ ഇതിനെല്ലാം ഉത്തരം കാണേണ്ടതായുണ്ട്. കാരണം 365 ഓളം വരുന്ന ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അവരുടെ ഭാവിയും ജീവനും നേരിടുന്ന അപകടത്തെ എങ്ങനെ തടയുമെന്ന് അറിയാതെ കുഴയുകയാണ്.

അഹല്യയിലെ മാത്രം പ്രശ്‌നമല്ല ഇതെന്ന് മനസിലാക്കുക, കേരളത്തിലെ 12 സെല്‍ഫ് ഫിനാന്‍സിംഗ് ആയുര്‍വേദ കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ ഇതേ അവസ്ഥയില്‍ തന്നെയാണ്.

അവര്‍ക്ക് കിട്ടേണ്ടുന്ന ന്യായമായ അവകാശം ചോദിച്ചുവാങ്ങാനുള്ള സമരത്തിലാണ്. പക്ഷേ തങ്ങള്‍ക്കൊപ്പം ആരുമില്ലെന്ന സങ്കടമാണ് അവരെ ഇപ്പോള്‍ തളര്‍ത്തുന്നത്.

യൂണിവേഴ്‌സിറ്റി ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിച്ച് രജിസ്ട്രാര്‍ ഒപ്പിട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പറയുന്നത് ആയുര്‍വേദ കോളേജുകളിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപന്‍ഡിന് അര്‍ഹതയുണ്ടെന്നാണ്. ഗവണ്‍മെന്റ് കോളേജുകള്‍ക്കൊപ്പം സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികളും ഇതേ ആനുകൂല്യത്തിനു കീഴില്‍ വരുന്നുണ്ടെന്ന് പ്രസ്തുത സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ഒരൊറ്റ സ്വാശ്രയകോളേജ് സ്ഥാപനങ്ങളും ഇത് അംഗീകരിച്ചിട്ടില്ല. 

എന്തുകൊണ്ട്? എന്നു ചോദിക്കുന്ന വിദ്യാര്‍ത്ഥികളെ അവര്‍ ഭയപ്പെടുത്തുന്നു. അതു തന്നെയാണ് അഹല്യയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ നടന്നുവരുന്നത്.

സര്‍വകലാശാല അംഗീകരിച്ച നിയമാനുസൃതമായ സ്‌റ്റൈപന്‍ഡിനുവേണ്ടിയാണ് ഞങ്ങള്‍ വാദിക്കുന്നത്. എന്നാല്‍ മാനേജ്‌മെന്റ് അതു നല്‍കുന്നില്ല. മാസങ്ങള്‍ക്കു മുമ്പ് വന്ന സര്‍ക്കുലര്‍ പ്രകാരമുള്ള ഒരു നീക്കങ്ങളും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സമരത്തിന് ആഹ്വാനം ചെയ്തത്. മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥികളോടുള്ള അവഗണന നിറഞ്ഞ പെരുമാറ്റമാണ് സമരത്തിന് ഞങ്ങളെ തയ്യാറാക്കിയത്. ഞങ്ങള്‍ പ്രതിഷേധിക്കുന്നൂവെന്ന് കണ്ടതോടെ മാനേജ്‌മെന്റ് പ്രകോപിതരായി; അഹല്യയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നതാണിത്.

ഹോസ്റ്റലില്‍ നിന്നും പുറത്താക്കുന്നു, മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നു
സ്വന്തം വിദ്യാര്‍ത്ഥികള്‍ അവരുടെ അവകാശം ചോദിച്ച കുറ്റത്തിന് ശത്രുതാമനോഭാവത്തോടെയുള്ള പെരുമാറ്റമാണ് അഹല്യ മാനേജ്‌മെന്റില്‍ നിന്നും ഉണ്ടായത്. വിദ്യാര്‍ത്ഥികളെ പാഠം പഠിപ്പിക്കാന്‍ കോളേജും ഹോസ്റ്റലും അടച്ചു പൂട്ടാന്‍ ഉത്തരവിട്ടു. അസഭ്യവര്‍ഷത്തോടെയാണ് പ്രിന്‍സിപ്പളിന്റെ ഭാര്യ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ നിന്നും ഇറക്കി വിട്ടത്. ആണ്‍കുട്ടികളുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ഞങ്ങള്‍ക്കുള്ള ഭക്ഷണം അവര്‍ നിഷേധിച്ചു. മാനേജ്‌മെന്റിന് കീഴടങ്ങാന്‍ തയ്യാറല്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും പഠനം നിര്‍ത്തിക്കുമെന്നുള്ള ഭീഷണി ആദ്യംമുതല്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് വിളിച്ച് ഭീഷണി കലര്‍ന്ന മുന്നറിയിപ്പു നല്‍കാനും മാനേജ്‌മെന്റ് മറന്നില്ല. നിങ്ങളുടെ കുട്ടിയെ വന്നു വിളിച്ചുകൊണ്ടുപോയ്ക്കാളാനായിരുന്നു കല്‍പ്പന. സസ്‌പെന്‍ഷന്‍ അടക്കമുള്ള ഭയപ്പെടുത്തല്‍ മാതാപിതാക്കളോടും ഉണ്ടായി. പക്ഷേ ഈ കുട്ടികളുടെ ആകെയുള്ള പിന്തുണ അവരുടെ മാതാപിതാക്കള്‍ മാത്രമാണ്.

പൊലീസിന്റെ ഉപദേശവും  ഭീഷണിയും
തങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്ന മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കുകയും നിരാഹാരസമരത്തിലേക്ക് നീങ്ങുകയും ചെയ്തു. കോളേജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ ഇന്നലെ പാതിരാത്രിവരെ നിരാഹാരസമരത്തിലായിരുന്നു. സമരസ്ഥലത്തെത്തിയ പൊലീസിനാകട്ടെ മാനേജ്‌മെന്റിന് പക്ഷംപിടിക്കുന്ന സമീപനവുമായിരുന്നു. സമരം നിര്‍ത്തി പിരിഞ്ഞുപോകണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുമ്പോഴും അവരുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ തങ്ങള്‍ നിസ്സഹായരാണെന്നു കാണിച്ചു കൈ മലര്‍ത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്തിരിക്കുന്ന നടപടികള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ മാനേജ്‌മെന്റിനോട് സംസാരിക്കാമെന്നുപോലും അവര്‍ ഉറച്ചു പറയുന്നില്ല. പക്ഷേ പരോക്ഷമായ ഭീഷണി സമരത്തിനു നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തുന്നതില്‍ യാതൊരു സങ്കോചവുമുണ്ടായില്ല. കോളേജിനെതിരെ ആസൂത്രിതമായ അക്രമണം നടത്തുകയാണെന്നും അതിന്റെ ഭവിഷ്യത്ത് അതിഭയങ്കരമായിരിക്കുമെന്നാണ് പൊലീസ് ഉപദേശിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം എന്താണെന്ന് കേട്ടാല്‍ ന്യായം ആരുടെ പക്ഷത്താണെന്ന് വ്യക്തമാകുമെങ്കിലും അതിനൊന്നും മെനക്കെടാതെ, ആ കുട്ടികളുടെ പ്രതിഷേധത്തെ അക്രമമായി കാണാനും അവര്‍ നേരിടാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ ഓര്‍മ്മിപ്പിക്കാനുമൊക്കെ പൊലീസ് കാണിക്കുന്ന ശുഷ്‌കാന്തി അവരുടെ വിധേയത്വം ആരോടാണെന്നു വ്യക്തമാക്കുന്നുണ്ട്.

സമരം ചെയ്താല്‍ സെക്യൂരിറ്റി ഗാര്‍ഡുമാരെ ഉപയോഗിച്ചു മര്‍ദ്ദിക്കുമെന്നും കോളേജില്‍ നിന്നു പുറത്താക്കുമെന്നും തങ്ങളോടു പരസ്യമായി വെല്ലുവിളി നടത്തുകയും ഹോസ്റ്റലുകള്‍ പൂട്ടി, തങ്ങളെ പെരുവഴിയില്‍ നിര്‍ത്തുകയും ചെയ്ത മാനേജ്‌മെന്റിനെ ന്യായീകരിക്കുകയും നിയമപരമായി കിട്ടേണ്ട ആനുകൂല്യത്തിനായി ശബ്ദമുയര്‍ത്തുന്ന തങ്ങളെ അക്രമകാരികളായി കാണുകയും ചെയ്യുന്ന നീതിബോധം ഏതടിസ്ഥാനത്തിലുള്ളതാണെന്ന് ഈ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

നിരാഹര സമരം ഞങ്ങള്‍ ഇന്നലെ രാത്രിയോടെ പിന്‍വലിച്ചു. ആരെയും ഭയന്നിട്ടല്ലായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരും കൂടെയുണ്ടാകില്ലെന്ന ആശങ്ക വല്ലാതെ നൊമ്പരപ്പെടുത്തുന്നു. നാലു പെണ്‍കുട്ടികള്‍ സമരത്തിനിടയില്‍ തലചുറ്റി വീണു. അവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി ചികിത്സ കൊടുക്കാന്‍ ഞങ്ങള്‍ മാത്രമെയുണ്ടായിരുന്നുള്ളു. ഹോസ്റ്റലില്‍ നിന്നും കോളേജില്‍ നിന്നും ഞങ്ങളെ ആട്ടിയോടിച്ചിരിക്കുകയാണ്. പോകാന്‍പോലും ഒരിടമില്ല. ഞങ്ങളുടെ മാതാപിതാക്കള്‍ മാത്രമെ കൂടെയുള്ളൂ; ഒരു വിദ്യാര്‍ത്ഥി വളരെ വൈകാരികമായി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ആവശ്യം വലിച്ചുകീറി കളയുന്ന പ്രിന്‍സിപ്പല്‍
അഹല്യയില്‍ മാത്രമല്ല മാനേജ്‌മെന്റ് ക്രൂരത നടക്കുന്നതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. കേരളത്തിലെ ഒരൊറ്റ സ്വാശ്രയ ആയുര്‍വേദ കോളേജുകളിലും ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപന്‍ഡ് നല്‍കുന്നില്ല. കോഴിക്കോട് കെഎംസിടി ആയുര്‍വേദ കോളേജില്‍ ഈ ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ നോട്ടീസ് വലിച്ചു കീറി കളയുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തത്. നങ്ങേലി അയുര്‍വേദ കോളേജില്‍ സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റല്‍ അധികൃതര്‍ പൂട്ടിയിട്ടു. ഓരോയിടത്തു നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പറയാന്‍ ഇത്തരം ധിക്കാരപരമായ പ്രതികരണങ്ങളുടെ അനുഭവങ്ങളുണ്ട്.

ഒന്നിനും ഉറപ്പില്ല, വെറുതെയൊരു വാക്ക്
സര്‍വകലാശാല രജിസ്ട്രാര്‍ ഒപ്പിട്ട് ഇറക്കിയൊരു സര്‍ക്കുലറിന് യാതൊരു വിലയും മുതലാളിമാര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ഇല്ലെന്നല്ലേ അഹല്യയിലായാലും കെഎംസിടിയിലായാലുമൊക്കെ നടക്കുന്ന സംഭവങ്ങള്‍ കാണിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ നിയമപരമായൊരു ഉത്തരവ് നടപ്പിലാക്കാന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഈ മാനേജുമെന്റുകള്‍ തയ്യാറാകാത്തത് എന്തുകൊണ്ട്?

മാര്‍ച്ച് 17 ചേരുന്ന ജെയിംസ് കമ്മിറ്റിയില്‍ തങ്ങളുടെ അഭിപ്രായം പറയാമെന്നാണ് ഈ മാനേജ്‌മെന്റുകള്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അനുകൂലമായൊരു തീരുമാനമായിരിക്കുമോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് അവര്‍ക്ക് ഉത്തരവില്ല. ഒരു തരം ഒഴിഞ്ഞുമാറല്‍. രേഖാമൂലം തങ്ങള്‍ക്ക് ഉറപ്പു തന്നാല്‍ സമരത്തില്‍ നിന്നും പിന്മാറാമെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞാല്‍ അതിനോട് യോജിപ്പുമില്ല. ഇത് തെളിയിക്കുന്നത് ജെയിംസ് കമ്മിറ്റി ചേര്‍ന്നാലും അവരുടെ പിടിവാശിക്ക് അയവുണ്ടാവില്ല എന്നു തന്നെയാണ്.

അങ്ങനെയാണെങ്കില്‍ എന്നത്തെയും പോലെ മാനേജുമെന്റുകള്‍ തന്നെ ഇക്കാര്യത്തിലും വിജയിക്കുമോ??? 

ഈ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കാന്‍ പൊതുസമൂഹമവും ഭരണ-നിയമസംവിധാനങ്ങളുമുണ്ടെങ്കില്‍ ന്യായം തന്നെ ജയിക്കും…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍