UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ സമരം കാണാതിരുന്നുകൂടാ; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നടക്കുന്നത്

Avatar

രാജ്യത്തെ ഏറ്റവും കുത്തഴിഞ്ഞ സര്‍വകലാശാല എന്ന ബിരുദം നേടാനുള്ള കുതിപ്പിലാണ് പോണ്ടിച്ചേരി സര്‍വകലാശാല. ഏറെക്കാലമായി നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അച്ചടക്കനടപടികളുടെയും ഭീഷണികളുടെയും പേരില്‍ അടക്കി നിര്‍ത്തിയിരുന്ന വിദ്യാര്‍ഥിരോഷം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ അഞ്ജലി ഗംഗ എഴുതുന്നു

അഞ്ചു ദിവസമായി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നടന്നുവരുന്ന സമരത്തിനെക്കുറിച്ച് ദേശീയ മാധ്യമങ്ങളോ പ്രാദേശിക മാധ്യമങ്ങളോ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മൂവ്‌മെന്റ് (PUSM) എന്ന വിദ്യാര്‍ത്ഥി സംഘടന പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ടീച്ചേര്‍സ് അസോസിയേഷന്റെ (PUTA) പിന്തുണയോടെ നടത്തുന്ന ഈ സമരത്തിന്റെ കാതലായ പ്രശ്‌നങ്ങളെ കാണാന്‍ ശ്രമിക്കാത്തതുകൊണ്ടാകാം ഈ അവഗണന. എന്തുകൊണ്ട് ഇത്തരമൊരു സമരം? ജൂലൈ 27 നു തുടങ്ങിയ സമരത്തിന്റെ ചില പ്രധാന വിഷയങ്ങളിലേക്ക് കണ്ണോടിക്കാം. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി കേന്ദ്ര മാനവിക വികസന വകുപ്പ് മന്ത്രാലയതിന്റെ ഒരൊറ്റ പദ്ധതികള്‍ കൂടി പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിറവേറ്റിയതായി കാണുന്നില്ല. എന്നാല്‍ ഈ പണമത്രയും സര്‍വകലാശാലയുടെ മറ്റു ആവശ്യങ്ങള്‍ക്കായി മാറ്റി വെച്ചതായും അറിവില്ല.

നിലവിലെ വൈസ് ചാന്‍സിലര്‍ ചന്ദ്ര കൃഷ്ണമൂര്‍ത്തിയുടെ കരിക്കുലം വിറ്റ (CV) അധികാരത്തിനു വേണ്ടി തയ്യാറാക്കിയ വ്യാജമായ ഒന്നാണെന്ന് RTI വഴി കണ്ടെത്തുകയുണ്ടായി. സിവിയില്‍ ചന്ദ്ര കൃഷ്ണമൂര്‍ത്തിയുടെ PhD തീസിസ് വ്യാജമാണെന്നും അങ്ങിനെ ഒന്ന് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വ്യക്തമായി. യുജിസിയുടെ അംഗീകാരം പോലും ലഭിച്ചിട്ടില്ലാത്ത ശ്രീലങ്കയിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ കോംപ്ലിമെന്‍ട്രി മെഡിസിന്‍സ് എന്നയിടത്തില്‍ നിന്നാണ് വിസിയുടെ ഡി ലിറ്റ്. മൂന്ന് ബുക്കുകള്‍ എഴുതിയിട്ടുണ്ട് എന്നു അവകാശപെടുന്നു പക്ഷെ ഇതില്‍ ഒന്ന് മാത്രമാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ ബുക്ക് തന്നെ മറ്റൊന്നിന്റെ 98% പകര്‍പ്പാണ് എന്നുള്ളതുകൊണ്ട് ആ ബുക്ക് പ്രസിദ്ധീകരിച്ചതായി കണക്കാക്കുന്നില്ലെന്നു പ്രസാധകര്‍ പറഞ്ഞു. ഒമ്പത് PhD വിദ്യാര്‍ത്ഥികളെ ഗൈഡ് ചെയ്യുന്നു എന്നു അവകാശപ്പെടുന്നു ഇവര്‍. എന്നാല്‍ അതില്‍ ആകെ രണ്ടുപേരെ മാത്രമാണ് ചന്ദ്ര കൃഷ്ണമൂര്‍ത്തി ഗൈഡ് ചെയ്തത്, മാത്രമല്ല 25 പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അത് ലീഗല്‍ പ്രഗത്ഭന്‍മാരുടെ പേപ്പറുകളുടെ പകര്‍പ്പാണെന്നു കണ്ടെത്തി. 15 വര്‍ഷത്തെ അധ്യാപനപരിചയം വിസിയാകാന്‍ നിര്‍ബന്ധമാണ്, പക്ഷെ ചന്ദ്ര കൃഷ്ണമൂര്‍ത്തി അധ്യാപികയായി പ്രവര്‍ത്തിച്ചതിനു തെളിവില്ല.

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ ഉന്നയിച്ചു വിസിയുടെ നിയമനത്തെ ചോദ്യം ചെയ്ത രണ്ടു PhD വിദ്യാര്‍ഥികളെ ഇന്റര്‍വ്യൂ അഭിമുഖീകരിക്കാന്‍ അനുവദിക്കാതിരിക്കുകയും അവരെ യൂണിവേഴ്‌സിറ്റിയിലെ രണ്ടു അധ്യാപകര്‍ വീട്ടുതടങ്കല്‍ വെയ്ക്കുകയുമുണ്ടായി. എന്നാല്‍ മദ്രാസ് ഹൈ കോര്‍ട്ട് ഓര്‍ഡറിന്റെ സഹായത്തോടെ അവര്‍ ഇന്റര്‍വ്യൂ അഭിമുഖീകരിക്കയാണ് ഉണ്ടായത്.

24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ സര്‍വകലാശാല വായനശാലയുടെ ഉത്ഘാടനം രണ്ടു വര്‍ഷം മുമ്പ് കഴിഞ്ഞതാണെങ്കില്‍ കൂടി ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. നിയമവിദ്യാലയത്തിനായി അനുവദിച്ച തുക ഇതുവരെ ഉപയോഗപ്പെടുത്തുകയോ അതിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല.

2000 വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന ഹോസ്റ്റലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. പക്ഷെ ഈ തുക ചെലവഴിച്ചതായി കാണപ്പെടുന്നു. സര്‍വകലാശാലയില്‍ നേരത്തെ ഉണ്ടായിരുന്ന ബാറ്ററി കാറുകള്‍, സൈക്കിളുകള്‍ എല്ലാം പിന്‍വലിക്കുകയാണ് ഉണ്ടായത്. വൈഫൈ സംബന്ധമായ പരാതികള്‍ പരിഹരിക്കാതെ ഉപഭോഗം കുറയ്ക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്.

മറ്റ് കേന്ദ്രസര്‍വകലാശാലകളെ അപേക്ഷിച്ചത് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതാണിപ്പോള്‍ വിസിക്കെതിരെ ഉയര്‍ന്നിരിക്കുന്ന വലിയ ചോദ്യം. ലൈബ്രറിയിലേക്ക് ഒരു പുതിയ പുസ്തകം പോലും ഈ വി സിയുടെ കാലത്ത് ഇതുവരെയായിട്ടും വാങ്ങിയിട്ടില്ല. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ വന്‍വീഴ്ചയാണ് സര്‍വകലാശാലയുടെ ഭാഗത്ത് നിന്നു ഉണ്ടായിരിക്കുന്നത്. രാത്രിയില്‍ പുറത്തുനിന്നും ആളുകള്‍ മദ്യപിക്കാന്‍ അകത്തു കടക്കുകയും പെണ്‍കുട്ടികളെ കടന്നു പിടിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം വരെ ഇവിടെ ഉണ്ടായി.

എന്‍ട്രന്‍സ് എക്‌സാം തികച്ചും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കയാണ് ഉണ്ടായത്. യൂണിവേഴ്‌സിറ്റിയില്‍ നിന്നും സെന്ററുകളിലേക്ക് അധ്യാപകരെ അയയ്ക്കുകയും ചെയ്യുന്നില്ല. ഇത്രയും അഴിമതിയും അധികാരദുര്‍വിനിയോഗവും നടക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. 

വിദ്യാര്‍ത്ഥി സമരത്തിന്റെ ആദ്യദിവസം വിസിയുടെ അനുയായികളെ സര്‍വകലാശാലയുടെ ഉള്ളില്‍ കടക്കുന്നത് തടയുകയുണ്ടായി. സംഭവത്തില്‍ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ ചെറിയ രീതിയിലുള്ള സംഘര്‍ഷമുണ്ടാവുകയും യൂണിവേഴ്‌സിറ്റിയിലെ മുഴുവന്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തു. യുണിവേഴ്‌സിറ്റിയിലേക്കുള്ള രണ്ടു വഴികളും 1000ല്‍പ്പരം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്തംഭിപ്പിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി സമരത്തെ നേരിടാന്‍ രംഗത്തിറങ്ങിയതാകട്ടെ വിസിയുടെ ഗൂണ്ടകളും. കോളേജിലേക്കുള്ള ബസ്സ് ഈസിആര്‍ റോഡിനു മുമ്പായി തടഞ്ഞു വഴി തിരിച്ചു വിടുകയാണുണ്ടായത്.

രണ്ടാം ദിവസം മുന്‍ പ്രസിഡന്റ് എപിജെ അബ്ദുല്‍ കലാമിന്റെ വിയോഗത്തില്‍ അനുശോചിച്ചു നിശബ്ദസമരമായിരുന്നു.

മൂന്നാമത്തെ ദിവസം ബസ്സുകളെ അകത്തു കയറ്റുകയും ലൈബ്രറിയിലേക്ക് പോകുന്ന വഴിക്ക് തടയുകയും ക്ലാസ്സില്‍ പോകണ്ടവരെ പോകാന്‍ അനുവദിക്കുകയും ചെയ്തു. ബസ് തടയുന്നതുമായി ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നാലാം ദിവസം മുന്‍ പ്രസിഡന്റ് അബ്ദുല്‍കലാമിന്റെ മൃതദേഹം അടക്കംചെയ്യുന്നത് കൊണ്ട് വായനസമരമായാണ് വിദ്യാര്‍ഥികള്‍ ആചരിച്ചത്. എല്ലാ കുട്ടികളും അവര്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ വായിച്ചു സമരത്തില്‍ പങ്കാളികളായി.

അഞ്ചാം ദിവസം വിദ്യാര്‍ഥികള്‍ രണ്ടു ഗേറ്റുകള്‍ ഉപരോധിക്കുകയും വാഹനങ്ങളെ അകത്തു കയറ്റിവിടാതിരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പോലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും പെണ്‍കുട്ടികളെ തല്ലിച്ചതയ്കുകയും ചെയ്തു. ഇതേ സമയം സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും ചെയ്തു, പെണ്‍കുട്ടികള്‍ക്ക് നേരെ കടന്നുകയറ്റവും ഉണ്ടായി. വിസിയുടെ ഗുണ്ടകള്‍ സ്ഥിതി മോശമാക്കുകയും തുടര്‍ന്ന് പോലീസ് ഏകദേശം 50 ആളുകളെ (സര്‍വകലാശാല അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും) അറസ്റ്റ് ചെയ്തു നീക്കി. 20 പേര്‍ക്കോളം സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

ഹോസ്റ്റല്‍ സൗകര്യവും യൂണിയന്‍ തിരഞ്ഞെടുപ്പും മുഖ്യ അജണ്ടയാക്കിയാണ് വിദ്യാര്‍ത്ഥി സമരം എന്ന രീതിയിലാണ് ദേശീയ മാധ്യമങ്ങളടക്കം ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ മലയാളികളുടെ ആവശ്യങ്ങള്‍ക്കായി മാത്രമായി നടക്കുന്ന ഒരു സമരമായി ഇതിനെ ചിത്രീകരിക്കുന്നുണ്ട്. പക്ഷെ ഇത് പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ മുഴുവന്‍ ആവശ്യമാണ്.

41 ഇന കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയ അവകാശ പത്രികയുമായി ആണ് വിദ്യാര്‍ത്ഥികള്‍ സമരമുഖത്ത് എത്തിയത്. അവരുടെ ഏറ്റവും ആദ്യത്തെ ആവശ്യം വൈസ് ചാന്‍സിലറിനെ പുറത്താക്കുക എന്നത് തന്നെയാണ്. ഫീസ് വര്‍ദ്ധന നീക്കം ചെയ്യണമെന്നും, 25% സീറ്റുകള്‍ പോണ്ടിച്ചേരി നിവാസികള്‍ക്ക് കൊടുക്കണമെന്നും, ബാറ്ററികാറുകള്‍ തിരികെ കൊണ്ടുവരണമെന്നും, വൈഫൈ കൃത്യതയോട് കൂടി പ്രവര്‍ത്തിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. 2000 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തുന്ന ഹോസ്റ്റലിന്റെ നിര്‍മാണം എത്രയും വേഗം തുടങ്ങണമെന്നും, നിര്‍ത്തലാക്കിയ മുന്‍ സെന്ററുകള്‍ പുനരാരംഭിക്കണമെന്നും, എസ് ടി- എസ് സി വിഭാഗത്തിന് 50% ഫീസ് ഇളവ് നല്‍കണമെന്നും, എന്‍ട്രന്‍സ് പരീക്ഷകള്‍ സ്വകാര്യകോളേജുകളില്‍ നടത്താതിരിക്കുകയും, പുതിയതായി ആരംഭിച്ച ഡിപ്പാര്‍ട്ട്‌മെന്റ് തിരിച്ചുള്ള ഹോസ്റ്റല്‍ നിയമനത്തിന് പകരം ദൂരക്കൂടുതല്‍ ഉള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാകുക, PhD വിദ്യാര്‍ഥികള്‍ക്ക് എത്രയും വേഗം രജിസ്ട്രഷന്‍ നടപ്പിലാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

നേരെത്തെ യൂണിവേഴ്‌സിറ്റിയില്‍ വിസിക്കെതിരെ എസ്എഫ്‌ഐ നടത്തിയ സമരങ്ങളില്‍ നല്ല ഒരു പങ്കും മലയാളികള്‍ ആയിരുന്നു, ഇതിന്റെ പ്രതികാരമായി വിസി കേരളത്തിലെ പരീക്ഷകേന്ദ്രങ്ങള്‍ വെട്ടികുറയ്ക്കുകയാണ് ഉണ്ടായത്.

കഴിഞ്ഞ അഞ്ചു ദിവസമായി നടക്കുന്ന സമരത്തില്‍ 1000ല്‍പ്പരം വിദ്യാര്‍ഥികളും 100-ലേറെ അധ്യാപകരുമാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സമരത്തില്‍ പങ്കാളികളായത്. വൈസ് ചാന്‍സിലര്‍ ചന്ദ്ര കൃഷ്ണമൂര്‍ത്തി രാജിവെയ്ക്കുന്നത് വരെ സമരം തുടരുമെന്ന് PUTA യും PUSMയും തീരുമാനം എടുത്തിരിക്കുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍