UPDATES

കേരളം

പക്ഷികൾ ഭൂമിയുടെ ജീവനാണ്; ബേഡേഴ്സ് വ്യത്യസ്തരാകുന്നത് ഇങ്ങനെ

സഹജീവികളെക്കുറിച്ചോര്‍ത്ത് ആവലാതിപ്പെടുന്ന കാസര്‍ഗോട്ടെ ബേഡേഴ്സ് എന്ന പ്രകൃതിസ്നേഹി കൂട്ടായ്മയെ കുറിച്ച്

കാടും, മരവും, തെളിനീര്‍ തടാകങ്ങളും, കൈത്തോടുകളുമെല്ലാം പതുക്കെ, പതുക്കെ പിന്നാമ്പുറക്കാഴ്ചകള്‍ മാത്രമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ആശ്വാസകരമായ വാര്‍ത്തയാണ് കാസര്‍ഗോഡു നിന്നുള്ളത്. മണ്ണിനേയും, മരങ്ങളേയും, പക്ഷികളേയും, ശലഭങ്ങളേയും കുറിച്ച് ഓര്‍ക്കാന്‍ ഇവിടെ ഒരു കൂട്ടം ആളുകള്‍ തയ്യാറായിരിക്കുന്നു. അവര്‍ ജോലി സമയത്തിന് ശേഷം സഹജീവികളെക്കുറിച്ചോര്‍ത്ത് ആവലാതിപ്പെടുകയും, അവയുടെ നിലനില്‍പ്പിന് അനിവാര്യമായ പരിപാടികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു; വെള്ളം കുടിക്കുമ്പോള്‍, അത് അവയ്ക്കും കിട്ടുന്നുവോ എന്ന് തിരക്കുന്നു. ഇല്ലെങ്കില്‍, അതിനാവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുന്നു.

പക്ഷികളെക്കുറിച്ച് പഠിക്കാനും ഗവേഷണങ്ങള്‍ നടത്താനും, അവയുടെ ജീവിത പ്രശ്‌നങ്ങള്‍ കണ്ടെത്താനും തയ്യാറായി വിവിധ ജോലികള്‍ ചെയ്യുന്ന പ്രകൃതി സ്‌നേഹികളായ അന്‍പതിലധികം പേര്‍ ചേര്‍ന്ന കൂട്ടമാണ് ഈ ദൗത്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പക്ഷികളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ കുറച്ച് അധികതാല്‍പര്യമുള്ളതിനാല്‍ ‘ബേഡേഴ്‌സ്’ എന്നാണ് ഈ സംഘം അറിയപ്പെടുന്നത്. കണ്ണൂരില്‍ മാര്‍ക്ക്, സീക്ക് എന്നീ സംഘടനകളും, കോഴിക്കോട് ജില്ലയില്‍ ഫ്രണ്ട്‌സ് ഓഫ് നേച്ചര്‍ എന്ന സംഘടനയും സമാന രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നവയാണ്.


കാസര്‍ഗോഡന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമായ തുരങ്കങ്ങള്‍ പോലെ, ഒരു കാലത്ത് നിറഞ്ഞൊഴുകിയിരുന്ന ശുദ്ധ ജല സ്രോതസ്സുകളായിരുന്നു, പള്ളങ്ങള്‍ (natural ponds). വിശാലമായ പറമ്പുകളുടേയും പാടങ്ങളുടേയും ഭാഗങ്ങളില്‍ പ്രകൃതി തന്നെ നിര്‍മ്മിച്ച ജല സംഭരണികള്‍ കാലാന്തരത്തില്‍ മരുപ്രദേശങ്ങള്‍ കണക്കെ രൂപം പ്രാപിച്ചു തുടങ്ങി. വേനല്‍, അതിന്റെ ശക്തി പ്രാപിച്ചു തുടങ്ങുമ്പോള്‍ തന്നെ നീരുറവകളെല്ലാം വറ്റിയുണങ്ങുന്ന സാഹചര്യത്തില്‍ പക്ഷി മൃഗാദികള്‍ എങ്ങനെ ഈ വേനലിനെ അതിജീവിക്കുമെന്ന ചിന്തയില്‍ നിന്നാണ് പള്ളങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്ന പദ്ധതിയുമായി ഇവര്‍ രംഗത്തെത്തിയത്.

കുമ്പള പഞ്ചായത്തിലെ ജാരയിലെ പള്ളിവക സ്ഥലമായിരുന്ന ഭൂമിയില്‍ പള്ളിക്കമ്മിറ്റിയുടേയും, നാട്ടുകാരുടേയും, വിദ്യാര്‍ത്ഥികളുടേയും സഹകരണത്തോടെ പള്ളങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കുകയായിരുന്നു. പള്ളങ്ങള്‍ക്കുമേല്‍ വന്നുമൂടിയ മണ്ണ് നീക്കാന്‍ ജെ.സി.ബി നല്‍കിയും, വെള്ളം നിറയ്ക്കാന്‍ മോട്ടോര്‍ പമ്പുകള്‍ അനുവദിച്ചും പരിപാടി ജനകീയമാക്കി. കുമ്പളയിലെ തന്നെ കിടൂര്‍ കുണ്ടങ്ങേറഡ്ക്കയിലും സമാനമായ രീതിയില്‍ പള്ളം പുനര്‍ജ്ജീവിപ്പിക്കുകയുണ്ടായി.

ഒന്നര വര്‍ഷം പ്രായമായ സംഘടന സ്‌കൂള്‍ കുട്ടികളേയും, പുത്തന്‍ തലമുറയിലെ യുവാക്കളേയും ലക്ഷ്യമിട്ട് നിരവധി ബോധവല്‍ക്കരണ പരിപാടികളും മറ്റും നടത്തിവരുന്നുണ്ട്. ജന്തു-പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠങ്ങളും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴ പിരിയാത്ത ബന്ധങ്ങളും കൃത്യമായി പരിചയപ്പെടുത്താനായി ക്യാമ്പുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തുന്നതിനാണ് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതെന്ന് ബേള കോണ്‍വെന്റ് സ്‌കൂളിലെ അധ്യാപകനും, ബേഡേഴ്‌സ് കൂട്ടായ്മയിലെ മെമ്പറുമായ രാജു കിടൂര്‍ പറയുന്നു. ‘പരിപാടികള്‍ക്ക് നല്ല പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ടങ്കിലും പല ഉദ്യോഗസ്ഥര്‍ക്കും ഇത്തരം പരിപാടികളോട് അനുകൂലമായ നിലപാടാണെന്ന് പറയാനാകില്ല. സ്‌കൂളുകളില്‍ ഇക്കോ ക്ലബ്ബ്, നേച്ചര്‍ ക്ലബ്ബ്, ഗ്രീന്‍ ക്ലബ്ബ്, എന്‍.എസ്.എസ് തുടങ്ങിയ നിരവധി കൂട്ടായ്മകളിലെ വളണ്ടിയര്‍മാര്‍ ഞങ്ങളുടെ കൂടെക്കൂടാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. അത് നാളെയുടെ വലിയ പ്രതീക്ഷയാണ്‘, രാജു മാസ്റ്റര്‍ പറയുന്നു.


പുതിയ തലമുറയിലെ യുവാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ച് വരുന്നുണ്ടെങ്കിലും, ആരും ഈ പരിപാടികളില്‍ സ്ഥിരം സാന്നിദ്ധ്യമായി മാറാറില്ല. കൂടെ വരുമ്പോഴും, പരിപാടികളില്‍ പങ്കു ചേരുമ്പോഴും ഉള്ള ഉത്സഹവും, ഒപ്പം നിന്നുള്ള സെല്‍ഫിക്കുമപ്പുറം എന്തുകൊണ്ടോ അവര്‍ അക്ടീവാകുന്നില്ലെന്നതാണ് സത്യമെന്ന് രാജു മാസ്റ്റര്‍ വിലയിരുത്തുന്നു. പ്രതീക്ഷയ്ക്ക് വക നല്‍കുന്ന പുത്തന്‍ പ്രവര്‍ത്തനനങ്ങളുമായി മുന്നോട്ട് കുതിക്കുന്ന ബേഡേഴ്‌സ് കൂട്ടായ്മ ജില്ലയില്‍ 46 സെല്ലുകള്‍ രൂപീകരിച്ചു കഴിഞ്ഞു. പക്ഷി നിരീക്ഷണവും പ്രകൃതി സൗഹൃദവുമായി മുന്നോട്ടു പോകുമ്പോള്‍ ജില്ലയിലെ ഫോറസ്റ്റ് ഓഫീസര്‍മാരും ബേഡേഴ്‌സിന് സഹയങ്ങള്‍ നല്‍കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ജന്തുക്കളുടെ ആവാസ വ്യവസ്തയെ എങ്ങനെയൊകക്കെ ബാധിക്കുന്നു, അതിന് പ്രതിവിധിയായി എന്തൊക്കെ ചെയ്യാനാകും തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച,യ്യൊനായി ബേഡേഴ്‌സ് കൂട്ടായ്മയ്ക്ക് റാണിപുരം യാത്ര സ്‌പോണ്‍സര്‍ ചെയ്തിരിക്കുകയാണ് ഫോറസ്റ്റ് ഓഫീസര്‍മാര്‍. പാക്കറ്റ് ഫുഡ് സംസ്‌ക്കാരവും, മൊബൈല്‍ ടവറുകളുടേയും അതിപ്രസരം ഭൂമുഖത്തു നിന്നും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന അങ്ങാടിക്കിളികളേയും, ചിതലക്കാടയേയും, പതുക്കെ വംശ നാശത്തിലേക്ക് നീങ്ങുന്ന മൂങ്ങകളേയും, ഒപ്പം മറ്റ് ജീവചാലങ്ങളും, മണ്ണും, മരവും, കാടും, കാട്ടാറും തനിമയോടെ തന്നെ നില നിര്‍ത്താനുള്ള ദൗത്യമേറ്റെടുത്തിരിക്കുകയാണിവര്‍.

ജില്ലയില്‍ വര്‍ധിച്ചുവരുന്ന മയിലുകളുടെ എണ്ണവും, നശിപ്പിക്കപ്പെടുന്ന കാടുകളുടെ അളവും ഏതാണ്ട് ഒരേ റേഷ്യോവിലാണെന്നും ഇത് പ്രകൃതിക്ക് തീര്‍ത്തും ആശാസ്യകരമല്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. വയനാട്ടില്‍ പോലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ നാം ഏറെ കരുതിയിരിക്കേണ്ടതുണ്ടെന്ന് ഉറക്കെ വിളിച്ചു പറയുന്നു.

(മാധ്യമ പ്രവര്‍ത്തകയാണ് ദില്‍ന)

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍