UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടികളുണ്ടാവുന്നത് അത്ര സന്തോഷകരമായ കാര്യമല്ലെന്ന് പഠനം

Avatar

അരിയന ഊന്‍ജുങ് ചാ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജീവിതം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതാണെങ്കിലും മാതാപിതാക്കളായ് മാറുന്നത് ഏറ്റവും ആനന്ദമേറിയ അനുഭവമായിട്ടാണ് നാം കരുതുന്നത്. ഈ വിശ്വാസം തന്നെയാണ് സിനിമകളും പരസ്യങ്ങളും നമ്മില്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നതും. 

പക്ഷെ, ഡെമോഗ്രാഫി എന്ന ആനുകാലിക പ്രസിദ്ധീകരണത്തിലൂടെ അടുത്തിടെ വെളിച്ചം കണ്ട പഠനം തെളിയിക്കുന്നത് ഒരു കുട്ടി ജനിക്കുന്നത് സന്തോഷത്തെക്കാള്‍ മോശമായ രീതിയില്‍ അവന്റെ മാതാപിതാക്കളെ ബാധിക്കുന്നുണ്ടെന്നാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ആദ്യത്തെ കുട്ടി വിവാഹ മോചനത്തേക്കാളും തൊഴിലില്ലായ്മയേക്കാളും എല്ലാത്തിനുമുപരി പങ്കാളിയുടെ മരണത്തേക്കാളും ഭയാനകമായ ഫലമാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്. 

കുട്ടികളുണ്ടായതിനു ശേഷം വ്യക്തികളിലുണ്ടാവുന്ന മാനസിക മാറ്റം തിരിച്ചറിയാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ച് ഗവേഷകരായ റേച്ചല്‍ മാര്‍ഗൊലിസും മിക്കോ മിര്‍സ്‌കൈലയും ആദ്യത്തെ കുട്ടിയെ പ്രതീക്ഷിക്കുന്ന 2016 ജര്‍മന്‍കാരിലാണ് രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന പഠനം നടത്തിയത്. തന്റെ കുട്ടിയെക്കുറിച്ച് മാതാപിതാക്കള്‍ മോശം പറയില്ലെന്നുള്ളതുകൊണ്ടു തന്നെ പരോക്ഷമായ മാര്‍ഗങ്ങളാണ് പഠനത്തിനായ് ഉപയോഗിച്ചത്. 

വികസിത രാജ്യങ്ങളിലെ പൗരന്മാര്‍ വേണമെന്നാഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണവും യഥാര്‍ത്ഥത്തില്‍ അവര്‍ക്കുള്ള കുട്ടികളും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ ഉത്തരം കണ്ടെത്തുകയെന്നതായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യം. ജര്‍മനിയിലെ ദമ്പതികള്‍ രണ്ടു കുട്ടികളെ വേണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും കഴിഞ്ഞ നാല്‍പതു വര്‍ഷമായ് ഒരു സ്ത്രീക്ക് ഒരു കുട്ടിയെന്നതാണ് യാഥാര്‍ത്ഥ്യം. 

പഠനത്തിന്റെ ഭാഗമായ ദമ്പതികള്‍ തുടക്കത്തിലും കുട്ടിയുണ്ടാവുന്നതിനു മുമ്പും വളരെ സന്തോഷവാന്മാരായിരുന്നുവെങ്കിലും കുട്ടി ജനിച്ചതോടെ അനുഭവങ്ങള്‍ കൈപ്പേറിയതായ് മാറുകയാണുണ്ടായതെന്നാണ് വെസ്‌റ്റേണ്‍ ഓന്റ്റാരിയോ സര്‍വകലാശാലയിലെ സാമൂഹ്യ ശാസ്ത്ര ഗവേഷകയായ മാര്‍ഗോലിസും ജനസംഖ്യാശാസ്ത്രത്തിനു വേണ്ടിയുള്ള മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ടിലെ മേധാവിയായ മിര്‍സ്‌കൈലയും കണ്ടെത്തിയത്. 

30 ശതമാനത്തോളം പേര്‍ക്ക് മുമ്പുണ്ടായ അതേ സന്തോഷം നിലനിര്‍ത്താനോ കൂടുതല്‍ സന്തോഷവാന്മാരാവാനോ സാധിച്ചെങ്കിലും ബാക്കിയുള്ളവരുടെ മാനസികനില തകിടം മറിയുകയായിരുന്നു. 

വിവാഹ മോചനം 0.6 യൂണിറ്റും (ഹാപ്പിനെസ്സ് യൂണിറ്റ് ), തൊഴിലില്ലാഴ്മയും പങ്കാളിയുടെ മരണവും ഒരു യൂണിറ്റും കുറവുണ്ടാക്കിയപ്പോള്‍ ആദ്യത്തെ കുട്ടി 1.4 യൂണിറ്റ് കുറവാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുത്തിയത്. മിക്ക ദമ്പതികളും ഒരു കുട്ടിയില്‍ പ്രത്യുല്പാദനം നിര്‍ത്തിയതിന്റെ കാരണമായി നമുക്കിതിനെ കാണാന്‍ സാധിക്കും. 

30 വയസ്സില്‍ താഴെയുള്ള വിദ്യാസമ്പന്നരായ മാതാപിതാക്കളില്‍ സന്തോഷം അന്യമാവുകയും ജീവിതം തന്നെ തകിടം മറിയുന്ന അവസ്ഥയുമാണ് ഗവേഷകര്‍ക്ക് കാണാന്‍ സാധിച്ചത്. 

കുട്ടിയുണ്ടാവുന്നത് ജീവിതത്തെ പ്രയാസകരമാക്കുകയാണെങ്കില്‍ കുട്ടികേളെ വേണ്ടെന്നുവെയ്ക്കാനുള്ള സാംസ്‌കാരിക സാമ്പത്തിക സാഹചര്യവും വികസിത രാജ്യങ്ങളിലുണ്ട്. ഇനിയൊരു കുട്ടി വേണ്ടെന്ന തീരുമാനമെടുക്കാന്‍ ദമ്പതികളെ പ്രേരിപ്പിച്ചത് മൂന്ന് കാരണങ്ങളാണ്; 1, ജോലിക്ക് തടസ്സമാവുന്ന രീതിയിലുണ്ടാവുന്ന മനംപിരട്ടല്‍, വേദന. 2, തന്റെ പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള പുരുഷന്റെ ഉത്കണ്ഠ. 3, പ്രസവ സമയത്തുള്ള സങ്കീര്‍ണ്ണതകള്‍, പ്രസവിച്ച സ്ത്രീ അനുഭവിക്കുന്ന ഒറ്റപ്പെടലും, വിഷാദവും ഹോര്‍മോണുകളിലുണ്ടാവുന്ന മാറ്റവും, ഉറക്കമില്ലായ്മയും. 

കുറഞ്ഞു വരുന്ന ജനന നിരക്കുകള്‍ വികസിത രാജ്യങ്ങളിലെ ഭരണ കര്‍ത്താക്കളെ അലട്ടികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പുറത്തു വന്ന ഈ പഠന ഫലം ആദ്യത്തെ കുട്ടിയെ പ്രതീക്ഷിക്കുന്ന ദമ്പതിമാര്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍