UPDATES

സജിന്‍ പി.ജെ

കാഴ്ചപ്പാട്

സജിന്‍ പി.ജെ

ന്യൂസ് അപ്ഡേറ്റ്സ്

അമല: കാറ്റിന് പിന്നിലെ വീട്

‘അധികാരം പോലെ കാമോദ്ദീപകമാണ് യാത്രയും’ എന്നു പറഞ്ഞതു സാക്ഷാല്‍ ഗബ്രിയേല്‍ ഗാര്‍ഷിയ മാര്‍ക്കേസാണ്. ഏകാധിപതിയുടെ ചവിട്ടടിയില്‍ കാലം ചടഞ്ഞുകൂടി കിടക്കുന്ന ഒരു നായയെപ്പോലെ ആണെങ്കില്‍ യാത്രികന്റെ കാല്‍ച്ചുവട്ടില്‍ അത് സ്ഫടികസമാനമായ വ്യക്തതയോടെ മുന്നിലേക്കും പിന്നിലേക്കും പായുന്ന വഴികളാണ്. അവയിലൂടെ അയാള്‍ക്ക് സഞ്ചരിച്ചേ മതിയാവൂ. എങ്ങനെയൊക്കെ ഒഴിവാക്കാന്‍ നോക്കിയാലും പിന്നെയും പിന്നെയും തന്റെ വാഴ്‌വിന്റെ കരിമ്പനകളില്‍ അത് കാറ്റായി പടര്‍ന്നു പിടിക്കും. ഖസാക്കിലെ രവി ഒരു യാത്രികനാവുന്നത് അതുകൊണ്ടാണ്. ഒരാള്‍ യാത്രക്കാരനാവുന്നത് അയാള്‍ എത്തിച്ചേരുന്നിടം ഒരിക്കലും അയാള്‍ എത്തിച്ചേരേണ്ട അവസാനത്തെ ഇടമല്ലാതാവുമ്പോളാണ്. ആ അവസാനത്തെ ഇടം തേടിയുള്ള യാത്ര പദാര്‍ത്ഥത്തിന്റെ ഇതുവരെ കണ്ടെത്തപ്പെടാത്ത ഒരു അവസ്ഥയെത്തേടിയുള്ള ശാസ്ത്രജ്ഞന്റെ പരക്കംപാച്ചില്‍ പോലെയാണ്. മോക്ഷം തേടുന്ന സന്യാസിയുടെ യാത്രപോലെ അല്ലതന്നെ.

പണ്ട്, ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍, മുണ്ടക്കയത്തെ ഞങ്ങളുടെ വീട്ടിലേക്ക് വേനലാവുമ്പോള്‍ മലയിറങ്ങി കുറേ അലുമിനിയം കലങ്ങള്‍ വരുമായിരുന്നു. വക്കോളം തുളുമ്പിക്കൊണ്ട് കുറച്ചു കഴിയുമ്പോള്‍ അവ മലകയറി കോളനിയിലേയ്ക്കു പോകുകയും ചെയ്യും. ആ കലങ്ങളുടെ താഴെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ അമ്മമാരും അപ്പന്മാരും ആയിരുന്നു. അവരുടെ തലയിലേറി കുണുങ്ങി കുണുങ്ങി ആ കലങ്ങള്‍ പോവുന്നതു നോക്കി നിന്നപ്പോഴായിരുന്നിരിക്കണം എന്നിലെ യാത്രക്കാരന്‍ പിറവിയെടുത്തത്. വേനല്‍ കടുക്കുമ്പോള്‍ ഞങ്ങളുടെ കിണറ്റിലേയും വെള്ളം താഴും. പിന്നെ തൊട്ടിയിടുമ്പോള്‍ അടിയിലുള്ള ചേര്‍ ഇളകിപ്പൊങ്ങും. അന്നേരം എന്റെ വല്യപ്പന്‍, നാട്ടുകാരുടെ സ്വന്തം ചാക്കോച്ചേട്ടന്‍, ഒരു പ്രഖ്യാപനം നടത്തും; ‘നാളെ കിണറു തേകലാണ്!’ പിറ്റേന്ന് അതിരാവിലെ മുതല്‍ ആളുകള്‍ അവരവരുടെ വീടുകളിലുള്ള പാത്രങ്ങളായ പാത്രങ്ങളിലൊക്കെ വെള്ളം കോരി നിറയ്ക്കും. കിണറു തേകാറായി എന്ന വെളിപാട് വല്യപ്പന് കിട്ടുക ഒരു ശനിയാഴ്ച്ച ആയിരിക്കും എന്ന കാര്യം തീര്‍ച്ചയാണ്. പിറ്റേന്നു ഞായറാഴ്ച്ച. പള്ളിയില്‍ നിന്നും കുര്‍ബ്ബാനയും കഴിഞ്ഞ് വല്യപ്പന്‍ എത്തിയാല്‍ ഉടന്‍ അയല്‍പ്പക്കങ്ങളില്‍ നിന്നും ആ നേരം കൊണ്ട് അവിടെ എത്തി നില ഉറപ്പിച്ചിരിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും കിണറ്റുകരയിലേയ്ക്ക് നീങ്ങുകയായി. പിന്നെ മിന്നല്‍ വേഗത്തില്‍ തൊട്ടിയും കുട്ടയും കിണറ്റിലേയ്ക്ക്. ഉച്ചയാവുമ്പോളേയ്ക്കും കിണര്‍ അതിന്റെ ആഴത്തെ ഞങ്ങള്‍ കുട്ടികള്‍ക്ക് കാട്ടിത്തരും. അവിടെ നിന്നും കുട്ടയില്‍ കയറി മുകളിലെത്തുന്ന വെള്ളാരം കല്ലുകള്‍ക്ക് ഒരു തണുപ്പുണ്ട്, ഓര്‍മ്മകളുടെ തണുപ്പ്. ആ തണുപ്പാണ് എനിക്കു യാത്ര.

കിണറു കഴുകി വൃത്തിയാക്കി അയല്‍ക്കാര്‍ പോയിക്കഴിഞ്ഞാല്‍ ഞാനും ചേച്ചിയും കൂടി കിണറ്റുവക്കില്‍ പോയി ഇരിക്കും. അപ്പോള്‍ അങ്ങു താഴെ ഉറവക്കണ്ണുകളില്‍ നിന്നും വെള്ളം പൊടിച്ചു വരുന്നതു കാണാം. നോക്കി നില്‍ക്കെ കണ്ണീരുപോലെ കിണറ്റിലെ പാറകളെ ജലം വന്നു മൂടും. ശ്രദ്ധിച്ചു ചെവിയോര്‍ത്താല്‍ അപ്പോള്‍ ഒരു നേര്‍ത്ത ഒച്ച കേള്‍ക്കാം. അത് കിണര്‍ ചിരിക്കുന്നതാണെന്നാണ് ചേച്ചി പറഞ്ഞിരുന്നത്. അങ്ങനെ എങ്കില്‍ കിണറിന്റെ ആ ചിരിയാണ് ഓരോ യാത്രയും! വെള്ളം ആദ്യത്തെ അരഞ്ഞാണത്തെ തൊട്ടാല്‍ വല്യപ്പന്‍ വീണ്ടും പ്രത്യക്ഷപ്പെടും. ഇത്തവണ കയ്യില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന കുറെ ചിരട്ടകളുമുണ്ടാവും. കമ്പില്‍ തോണ്ടി അവ ഓരോന്നായി വല്യപ്പന്‍ കിണറ്റിലേയ്ക്കിടും. ആളിപ്പിടിച്ചുകൊണ്ട് ചിരട്ടകളോരോന്നും താഴേയ്ക്ക് പായുമ്പോള്‍ അവ പേടിപ്പെടുത്തും വിധം മുരളും. പിന്നെ താഴെ ജലോപരിതലത്തില്‍ തൊട്ട് എരിഞ്ഞു പൊട്ടും, കരിഞ്ഞു കെടും. അന്നേരം ചിരട്ടയിലെ എണ്ണമയം കണ്ണീരിനു മുകളില്‍ നേര്‍ത്ത പാട കെട്ടും. അപ്പോളേയ്ക്കും മുറ്റത്തെ നെല്ലിമരത്തിനു മുകളിലൂടെ ഞങ്ങളുടെ നാട്ടില്‍ സന്ധ്യ വരും. തിരിച്ചു വീടിനുള്ളിലേയ്ക്ക് ഞാനും ചേച്ചിയും പോരുകയും ചെയ്യും. പിറ്റേന്നു രാവിലെ ചെന്നു നോക്കുമ്പോള്‍ കിണര്‍ ചിരിച്ചു തുളുമ്പി നില്ക്കും. അതും ഒരു യാത്രയാണ്. ഒരു നിറവിനെ തേടിയുള്ള യാത്ര.

 

 

ഞാന്‍ കാടുകള്‍ തേടിപ്പോയിത്തുടങ്ങിയത് പക്ഷികളോടുള്ള ഇഷ്ടം കൊണ്ടാണ്. പ്രിയപ്പെട്ട അധ്യാപകനും കവിയുമായ വിനയചന്ദ്രന്‍ മാഷിനൊപ്പമാണ് എന്റെ ആദ്യത്തെ കാട് യാത്ര. കുമളിയ്ക്കടുത്ത് വള്ളക്കടവില്‍ വനംവകുപ്പിന്റെ ഡോര്‍മിറ്ററിയില്‍ തങ്ങിയുള്ള ഒരു പ്രകൃതിപഠന ക്യാമ്പായിരുന്നു അതിനു വഴിതെളിച്ചത്. അന്നു സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ മാഷിന്റെ വിധ്യാര്‍ത്ഥികളെല്ലാവരും തന്നെ ആ ക്യാമ്പില്‍ കൂടെയുണ്ടായിരുന്നു. രാവിലെ മഞ്ഞിലൂടെ നടന്ന് വെയില്‍ തെളിഞ്ഞപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനു മുകളിലെത്തി തിരിച്ചു പോന്നപ്പോള്‍ ആ യാത്ര അവസാനിച്ചു. പിന്നെയും രണ്ടു തവണകൂടി മാഷിനൊപ്പം കാട്ടിലേയ്ക്ക് പോയിട്ടുണ്ട്. മറ്റൊരു പ്രകൃതിപഠന ക്യാമ്പില്‍ വെച്ച് നിലയ്ക്കലില്‍ നിന്നും ശബരിമല പൂങ്കാവനത്തിലേയ്ക്ക് ഞങ്ങള്‍ യാത്ര പോയി. മകരവിളക്ക് കത്തിക്കുന്ന സിമന്റു തറയില്‍ നിന്ന് അങ്ങു താഴെ കാടിനു നടുവില്‍ ശബരിമല സന്നിധാനം നോക്കിക്കൊണ്ട് മാഷ് കുറെ നേരം മിണ്ടാതെ നിന്നത് ഓര്‍ക്കുന്നു. തിരിച്ചു വരുമ്പോള്‍ വഴി വിലങ്ങിയ കാട്ടുപോത്തിനെ വഴികാട്ടിയായിരുന്ന മണിയന്‍ എന്ന ആദിവാസി എന്തൊക്കെയോ സ്‌നേഹപൂര്‍വ്വം വര്‍ത്തമാനം പറഞ്ഞ് മാറ്റിവിട്ടതും ആ യാത്രകളുടെ ഓര്‍മ്മകളിലൊന്ന്. ഒരു കുപ്പി റാക്കിനു വേണ്ടി ആനക്കാട്ടിലൂടെ കൂട്ടുകാരുമൊത്ത് പോയതും, ആ രാത്രിയില്‍ മെഴുതിരിയുടെ മാത്രം വെട്ടത്തില്‍ ഏറ്റവും പുതിയ കവിത മാഷ് ചൊല്ലിക്കേള്‍പ്പിച്ചതും മറ്റൊരു ഓര്‍മ്മ. ഒരിക്കല്‍ അതിരപ്പള്ളിയിലേയ്ക്കു മാഷിനൊപ്പം പോയപ്പോള്‍ ‘പ്രണയമേ നീ വെള്ളച്ചാട്ടത്തിലേയ്ക്കു പോവുക, നിന്റെ പ്രണയത്തിന്റെ പാതി അവള്‍ക്കു നല്‍കുക’ എന്ന് ചൊല്ലിയിട്ട് ബാക്കി വരികള്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ടതുമോര്‍ക്കുന്നു. അന്നൊക്കെ പക്ഷെ കാട് തേടി പോവുകയായിരുന്നില്ല ഞാന്‍. വന്നുപെടുന്ന ചില അവസരങ്ങളില്‍ കാട് എന്നെ വന്നു കാണുകയായിരുനു. അതുകൊണ്ടു തന്നെ ഞാന്‍ കാട്ടില്‍ ഒന്നും കണ്ടില്ല.

പക്ഷെ പിന്നീട് തേടിച്ചെന്നപ്പോള്‍ കാട് എനിക്കു വെച്ചു നീട്ടിയത് പക്ഷികളുടെയും മൃഗങ്ങളുടെയും കാഴ്ചകള്‍ മാത്രമല്ല. കാടിനോരം പറ്റിയോ കാടിനകത്തോ ഉള്ളില്‍ കാറ്റും കാട്ടുചോലകളും കടല്‍പോല്‍ മലരികളായി ചൂഴുന്ന കുറെ പച്ച മനുഷ്യരെയും കൂടിയാണ്. അവരെക്കുറിച്ചാണ് ഞാന്‍ എഴുതാന്‍ പോവുന്നത്. മുഖ്യധാരാ സമൂഹത്തിന്റെ ഓരം പറ്റി ഒരു കാല്‍പ്പെരുമാറ്റം കൊണ്ടുപോലും അതിന്റെ സ്വസ്ഥതയെ തകര്‍ക്കാതെ കഴിഞ്ഞു പോന്നിരുന്ന അവരുടെ പുതിയ തലമുറ ഒഴിവാക്കലുകളുടെയും കബളിപ്പിക്കലുകളുടെയും ചരിത്രത്തെ തിരുത്തി എഴുതാനുള്ള പുറപ്പാടിലാണ്. ഇന്ത്യ തിളങ്ങുന്നെന്നും ഞങ്ങള്‍ തിളക്കുമെന്നുമെല്ലാം രാഷ്ട്രീയക്കാര്‍ തലങ്ങും വിലങ്ങും നടന്നു പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുന്ന അവര്‍ തങ്ങളുടെ ഇടം തേടിയുള്ള യാത്രയിലാണ്. മലയാളത്തിന്റെ വരേണ്യ യാത്രാ എഴുത്തുകളില്‍ ഒന്നും ദൃശ്യപ്പെടാതെ പോയ ഈ അരികുകളുടെ ജീവിതമാണ് എനിക്ക് എഴുതാനുള്ളത്. ഇതില്‍ ആദിവാസി കുടികളുണ്ട്, ദളിത് കോളനികളുണ്ട്, ഒരു ക്രിമിനല്‍ നിര്‍മ്മാണ യൂണിറ്റുപോലെ മലയാളികള്‍ കാണുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ഉണ്ട്. യാത്രയെന്നാല്‍ രാജ്യത്തിന്റെ ടൂറിസം വരുമാനത്തിലേക്കുള്ള മുതല്‍ക്കൂട്ടാണ് എന്നും, അത് സ്വകാര്യമായ (സ്വന്തം കുടുംബവും കൂട്ടുകാരും ഈ സ്വകാര്യതയുടെ ഉപോല്‍പ്പന്നങ്ങള്‍ മാത്രമാണ്) ഒരു ആനന്ദിക്കല്‍ മാത്രമാണെന്നും പഠിപ്പിക്കുന്ന യാത്രാപുസ്തകങ്ങളുടെയും വാരികകളുടെയും കാലമാണ് ഇത് എന്നു തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ഞാന്‍ ഈ പുതിയ വഴിയിലൂടെ പോവുന്നത്. ദേശത്തെ എഴുതുവാനും നേരത്തെ എഴുതിയവയെ വെട്ടി എഴുതുവാനും ഈ യാത്രകള്‍ എന്നെ സഹായിച്ചതുപോലെ വായനക്കാരനേയും സഹായിക്കുമെന്ന പ്രതീക്ഷയോടെ… ആദ്യ ലേഖനം താഴെ വായിക്കാം.

 

അമല: കാറ്റിന് പിന്നിലെ വീട്

 

ചിന്നാര്‍ ആലംപെട്ടി ആദിവാസി കുടിയിലെ സുധന്‍ പഴനിക്കും അമുദത്തിനും രണ്ടു മക്കളാണ്: അമലയും, സിബിരാജും. അമല കുടിയിലെ തന്നെ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഞങ്ങള്‍ ചെല്ലുന്നതിനു കുറച്ചു മാസങ്ങള്‍ക്കു മുന്നെ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ തേക്കുമരം ഒടിഞ്ഞു വീണു. അവധി ദിവസമായിരുന്നതിനാലാണ് അമലയും കൂട്ടുകാരും അപകടത്തില്‍ നിന്നും രക്ഷപെട്ടത്. നടന്ന് മലകയറി കുടിയിലെത്തുമ്പോള്‍ വൈകുന്നേരമായിരുന്നു. കുടിയിലെ അംഗനവാടിയിലാണ് ഞങ്ങള്‍ക്ക് താമസം തരപ്പെടുത്തിയിരിക്കുന്നത്. 

 

ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ചിത്രശലഭങ്ങളുടെ കണക്കെടുപ്പിന്റെ ഭാഗമായുള്ള യാത്രകളിലൊന്നിലാണ് ഞാന്‍ ആലംപെട്ടി കുടിയിലെത്തിയത്. പൂമ്പാറ്റകളുടെ പറുദീസയാണ് സഹ്യന്റെ കിഴക്കന്‍ ചരിവിലുള്ള മഴനിഴല്‍ പ്രദേശമായ ചിന്നാര്‍. നിലവില്‍ ചിന്നാറില്‍ 235-ലധികം ചിത്രശലഭങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടെത്താന്‍ ഇനിയും എത്രയോ ബാക്കി! ഇടയ്ക്കിടയ്ക്ക് ഒരു മുന്നറിയിപ്പുമില്ലാതെ പാഞ്ഞു വന്ന് അടിമുടി നനയ്ക്കുന്ന, ആര്‍ത്തു പെയ്യുന്ന മഴയില്‍ നിന്നും രക്ഷനേടാന്‍ പാറയിടുക്കില്‍ കയറിയിരുന്നും ആനപ്പിണ്ടത്തില്‍ ചവിട്ടി, മഴ മാറുന്ന ചെറിയ തെളിവുകളില്‍ വീണ്ടും പറപ്പകളെ തിരഞ്ഞും ഞങ്ങള്‍ മല കയറി ആലംപെട്ടിയിലെത്തി. അവിടെ നിന്നു നോക്കിയാല്‍ ദൂരെ തൂവാനം വെള്ളച്ചാട്ടം കാണാം. മലയടിവാരത്തുനിന്നും വീശിയടിക്കുന്ന കാറ്റ് കുടിയിലെ മരങ്ങളേയും ചെടികളേയും ഒന്നടങ്കം വേരോടെ പിഴുതെറിയുമെന്നു തോന്നി. അവയ്ക്കു പിന്നിലായിരുന്നു ഞങ്ങള്‍ക്ക് താമസ്സിക്കാനുള്ള അംഗനവാടി.

ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ഒരു ചെറിയ കെട്ടിടമായിരുന്നു അത്. അതിനു ഒരു ചെറിയ അടുക്കള കൂടിയുണ്ട്. അവിടെയാണ് കുട്ടികള്‍ക്ക് ഉപ്പുമാവ് വേവിക്കുന്നത്. ഞങ്ങളുടെ അത്താഴവും അവിടെ തന്നെ വേവിക്കണം. ഞങ്ങളുടെ വഴികാട്ടിയും കുടിയിലെ തന്നെ അംഗവുമായ മണികണ്ഠന്‍ ഭക്ഷണം പാകം ചെയ്യാന്‍ ആളെ അന്വേഷിച്ചു പുറത്തു പോയപ്പോള്‍ ഞാന്‍ വെളിയിലിറങ്ങി. പുറത്ത് ചുളുചുളാന്നു കുത്തുന്ന കാറ്റണ്. കാറ്റില്‍ തൂവാനം വെള്ളച്ചാട്ടത്തിന്റെ അലര്‍ച്ച വ്യക്തമായി കേള്‍ക്കാം. കുടിക്കു മുന്നിലൂടെ പോകുന്ന മണ്‍വഴിയിലൂടെ കുറച്ചു ദൂരം നടക്കാമെന്നു കരുതിയാണ് ഞാന്‍ വെളിയിലിറങ്ങിയത്. പെട്ടെന്ന് എവിടെ നിന്നോ തുള്ളല്‍ ശലഭത്തെപ്പോലെ ഒരു പെണ്‍കുട്ടി എന്നെ കടന്നു പോയി; അമലയായിരുന്നു അത്. ചുവന്ന ബ്ലൗസ്സും കാപ്പിപ്പൊടി നിറമുള്ള പാവാടയുമായിരുന്നു അവള്‍ ഇട്ടിരുന്നത്. കൈകളില്‍ നിറയെ നീലയും സ്വര്‍ണ്ണവും നിറങ്ങളുള്ള കുപ്പിവളകള്‍. അവയുടെ കിലുക്കം അമലയുടെ തുള്ളിച്ചാടിയുള്ള ഓട്ടത്തിന് കൂട്ടുപോയി. കുറച്ചുദൂരം പോയിട്ട് അവള്‍ അതുപോലെ തന്നെ തത്തിത്തത്തി തിരിച്ചുവന്നു. അപ്പോഴേയ്ക്കും ഞാന്‍ ക്യാമറ റെഡിയാക്കിയിരുന്നു. എന്നെ കടന്നു പോയ അവളെ ഞാന്‍ പുറകില്‍ നിന്നും വിളിച്ചു. ഞാന്‍ നിന്റെ ഒരു ഫോട്ടോ എടൂത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ കുഞ്ഞുങ്ങള്‍ക്കു മാത്രം സ്വന്തമായുള്ള നൈര്‍മല്യത്തോടെ അവള്‍ എനിക്കു മുന്നില്‍ പോസ് ചെയ്തു. ക്യാമറയിലൂടെ അവളുടെ മുഖത്തേയ്ക്ക് ഒഴുകിവരുന്ന നാണത്തെ ഞാന്‍ കണ്ടു.

 


അമുദം: അമലയുടെ അമ്മ 

ഫോട്ടോ എടുത്തിട്ട് ഞാന്‍ അവളെ വിളിച്ചു പടങ്ങള്‍ ഓരോന്നായി കാണിച്ചു കൊടുത്തു. തന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അമല നാണത്താല്‍ പൂത്തു. എവിടെയാണ് കുഞ്ഞുങ്ങള്‍ ഇത്രയും നാണം ഒളിപ്പിച്ചുവെച്ചിരിക്കുന്നത്! അവളുടെ ചിത്രങ്ങള്‍ക്കിടയില്‍ കുടിയില്‍നിന്നു തന്നെ ഞാന്‍ എടുത്ത നാട്ടുബുള്‍ബുളിന്റെ (Red-vented bulbul) ഒരു പടവുമുണ്ടായിരുന്നു. അതു കണ്ടപ്പോള്‍ ഇത് എന്റെ ‘കുയ്ക്കുരു’ അല്ലെ അണ്ണാ എന്ന് അമല പാതി തമിഴ് കലര്‍ന്ന മലയാളത്തില്‍ എന്നോടു ചോദിച്ചു. എനിക്കവള്‍ പറഞ്ഞത് മനസ്സിലായില്ല. ഞാനവള്‍ക്ക് നാട്ടുബുള്‍ബുള്‍ എന്ന മലയാളം പേരും അതിന്റെ ഇംഗ്ലീഷ് പേരും പറഞ്ഞുകൊടുത്തു. അപ്പോഴേയ്ക്കും അമല എന്റെ കൈ പിടിച്ചു വലിച്ചിട്ട് ഈ പക്ഷി അവളുടെ വീട്ടിലുണ്ട് എന്നു പറഞ്ഞു. കൂട്ടിലിട്ടു വളര്‍ത്തുന്ന ഒരു നാട്ടുബുള്‍ബുളിനെ കാണാനാണ് അമല എന്നെ വിളിക്കുന്നത്. എനിക്കതില്‍ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. പക്ഷെ അവള്‍ എന്നെ വിടുന്ന ലക്ഷണമില്ല. ഒടുവില്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ കൂടെ ചെന്നു.

കപ്പമരങ്ങള്‍ കാറ്റില്‍നിന്നും പൊതിഞ്ഞു പിടിച്ചിരുന്ന ഒരു കുഞ്ഞു വീടായിരുന്നു അത്. മണ്ണു മെഴുകിയ തറയും മണ്‍കട്ട കെട്ടിയ ചുവരുകളും മോഡേണ്‍ ഷീറ്റിട്ട മേല്‍ക്കൂരയും. ചെന്നപാടെ ഞാന്‍ അവളുടെ വീടിന്റെ ഇറയത്തും തിണ്ണയിലുമൊക്കെ കമ്പിവലകള്‍ കൊണ്ട് നെയ്ത ഒരു കിളിക്കൂട് തിരഞ്ഞു. പക്ഷെ അവിടെ അങ്ങനെ ഒരു കൂടേയുണ്ടായിരുന്നില്ല. അപ്പോള്‍ അടിച്ചു വാരിയതുപോലെ വൃത്തിയായി കിടന്നിരുന്ന അമലയുടെ വീടിന്റെ മുറ്റത്തിനോരം പറ്റി ഒരു ഇല്ലി നില്‍പ്പുണ്ടായിരുന്നു. അത്ര കലിതുള്ളി വീശുന്ന കാറ്റില്‍ പക്ഷെ അതിന്റെ ഒരില പോലും ആ മുറ്റത്തു പാറി വീണിട്ടുണ്ടായിരുന്നില്ല. അമലയുടെ അമ്മ അമുദം അവയെല്ലാം അപ്പപ്പോള്‍ തൂത്തു വാരുന്നതാണോ അതോ അവിടെ ഇലകള്‍ പൊഴിക്കരുത് എന്ന് കാറ്റിനെ അവര്‍ ചട്ടം കെട്ടിയതായിരിക്കുമോ? നാലുപാടും ആശ്ചര്യത്തോടെ നോക്കുന്ന എന്നെ കണ്ടിട്ട് അമല ചിരിച്ചു.

 

”അണ്ണന്‍ കുയ്ക്കുരുവിനെ നോക്കുവാണോ?” അവള്‍ ചോദിച്ചു.

”അതെ, എവിടെ നിന്റെ കൂട്ടുകാരി?” ഞാന്‍ ചോദിച്ചു.

 

അമല ഇല്ലിയുടെ അരികിലേയ്ക്ക് മാറി നിന്നിട്ട് പ്രത്യേക തരത്തില്‍ ഒരു ശബ്ദം പുറപ്പെടുവിച്ചു. അപ്പോള്‍ ഇല്ലിത്തണ്ടുകളെ വകഞ്ഞു മാറ്റിക്കൊണ്ട് കുയ്ക്കുരു പറന്നു വന്ന് അമലയുടെ തോളത്ത് ഇരുന്നു. എന്നിട്ട് ‘കുയ്ക്കുരു കുയ്ക്കുരു’ എന്നു ചിലച്ചുകൊണ്ട് അവളുടെ ഇടത്തേ കാതിലും മുഖത്തും ചുണ്ടുകള്‍ ഉരുമ്മി സ്‌നേഹം പ്രകടിപ്പിച്ചു. പണ്ടൊരിക്കല്‍ കാക്കയോ എറിയനോ മറ്റോ റാഞ്ചിക്കൊണ്ടു പോകുന്നതിനിടയില്‍ അബദ്ധത്തില്‍ പിടിവിട്ട് താഴേയ്ക്ക് വീണതാണ് കുയ്ക്കുരു. അര്‍ധപ്രാണയായി കുറ്റിക്കാടിനിടയില്‍ കിടന്ന അവളെ അമുദമാണ് കണ്ടത്. അവര്‍ അതിനെ എടുത്ത് വീട്ടില്‍ കൊണ്ടുവന്നു. പപ്പും പൂടയും പോലും ശരിക്കും വന്നിട്ടില്ലായിരുന്ന കുയ്ക്കുരു അന്നുമുതല്‍ അമലയുടെ വീട്ടിലെ ഒരു അംഗമാണ്. അവിടെ മാത്രമല്ല കുടിയിലെ എല്ലാ വീടുകളിലും അവള്‍ അരുമയാണ്. ആരെങ്കിലും പഴമോ മറ്റോ കൊടുത്താല്‍ സ്‌നേഹത്തോടെ വാങ്ങി തിന്നും. പക്ഷേ അങ്ങനെ തീറ്റ കൊടുക്കുന്നത് അവളുടെ സ്വാഭാവികമായി തീറ്റ തേടാനുള്ള കഴിവിനെ ഇല്ലാതാക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. ഞാനത് അമലയോട് പറയാന്‍ തുടങ്ങവെ കുയ്ക്കുരു എന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ടെന്നവണ്ണം വേഗം പറന്ന്‍ അടുത്തുള്ള ഒരു കാട്ടുപൊന്തയില്‍ ചെന്നു അതില്‍ പഴുത്തു നിന്നിരുന്ന കായ്കള്‍ കൊത്തി തിന്നുവാന്‍ തുടങ്ങി.

പിറ്റേന്ന് കുടിയില്‍ നിന്നും പോരുംമുന്നെ മറ്റാരും കാണാതെ അമല പാറയിടുക്കിലെ കുറ്റിക്കാട്ടിലുള്ള മറ്റൊരു ബുള്‍ബുളിന്റെ കൂട് എനിക്കു കാണിച്ചു തന്നു. ചെറിയ നാരുകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ ആ കൂട് കാണിച്ചു തന്നിട്ട് അമല വളരെ കാര്യമായി എന്നോട് ഒരു രഹസ്യം പറഞ്ഞു. ഇപ്പോള്‍ ആ പക്ഷിക്കൂട് അവിടെയുണ്ട് എന്ന് അറിയാവുന്ന രണ്ടേ രണ്ടു പേര്‍ ഞങ്ങളാണ്. അവളത് ആരോടും പറയില്ല, ഞാനും പറയാന്‍ പാടില്ല. എന്നെക്കൊണ്ടു തലയില്‍ തൊട്ടു സത്യം ചെയ്യിച്ചിട്ടേ അമല അടങ്ങിയുള്ളൂ. എന്തിനാണിത്ര വലിയ സത്യം ചെയ്യല്‍ എന്നു ഞാന്‍ അവളോടു തിരക്കി. അപ്പോളാണ് അമല ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞത്. ആ കുടിയിലെ ചില ചേട്ടന്മാര്‍ പക്ഷികളെ പിടിച്ചു തിന്നാറുണ്ട്! അവരറിഞ്ഞാല്‍ ഈ കൂടും മുട്ടയും ചിലപ്പോള്‍ നാളെ അവിടെ കാണില്ല. ഇനി അങ്ങനെ ആരെങ്കിലും പക്ഷികളെ ഉപദ്രവിച്ചാല്‍ ഫോറസ്റ്റുകാരോട് പറഞ്ഞാല്‍ മതിയെന്നു ഞാവളോടു പറഞ്ഞു. അമല ഒന്നു ചിരിച്ചു. എപ്പോഴും ആ കൂടിനരികില്‍ അങ്ങനെ ചെന്നാല്‍ വല്ല പട്ടിയോ പൂച്ചയോ അത് മനസ്സിലാക്കുമെന്നും കൂടു തകര്‍ക്കുമെന്നും ഞാന്‍ അവള്‍ക്ക് മുന്നറിയിപ്പു കൊടുത്തു. ഇനിമുതല്‍ അങ്ങനെ എപ്പോഴും അവിടെ പോകില്ല എന്ന് എനിക്ക് അമല അപ്പോള്‍ വാക്കു തന്നു.

സാധനങ്ങള്‍ എല്ലാം എടുത്തു തിരിച്ചു പോരാന്‍ നേരം അമല വീണ്ടും മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്റെ കൈ പിടിച്ചു വലിച്ചിട്ട് അതീവ രഹസ്യമായി അവള്‍ മറ്റൊരു കാര്യം കൂടി എന്നോടു പറഞ്ഞു. ആ രഹസ്യം അറിയാവുന്ന ഈ ഭൂലോകത്തിലെ രണ്ടേ രണ്ടു പേര്‍ ഞാനും അമലയും മാത്രമാണ്. അമലയുടെ അനുവാദമില്ലാതെ ഞാനത് നിങ്ങളോട് പറയാം.

ആ കൂട്ടില്‍, വിരിയാറായ മുട്ടകള്‍ക്കുള്ളില്‍ മൂന്നു കുയ്ക്കുരു കുഞ്ഞുങ്ങള്‍ ഉണ്ട്!

 

മലയിറങ്ങി തിരിച്ചു പോരുമ്പോള്‍ പാറയുടെ മുകളില്‍ നിന്ന് അമല എന്നെ നോക്കുന്നുണ്ടായിരുന്നു. താഴെ എത്തി തിരിഞ്ഞു നോക്കിയപ്പോഴും അവള്‍ അവിടെ തന്നെ നിന്നിരുന്നു. കാറ്റില്‍ അവളുടെ മുടിയിഴകള്‍ പാറി നിന്നത് ചിറകുകള്‍ പോലെ തോന്നിച്ചു. ഇനി നോക്കിയാല്‍ ചിലപ്പോള്‍ അവള്‍ പറന്നു പോയേക്കുമെന്ന് എനിക്കു തോന്നി. ഞാന്‍ മുഖം തിരിച്ചു. എനിക്കു പിന്നില്‍ ഒരു കിളിയൊച്ച കേട്ടിരുന്നോ?

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍