ടീം അഴിമുഖം
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഈയാഴ്ച്ച പുറത്തുവിട്ട ഒരുകൂട്ടം പുതിയ രേഖകള്‍ ആ അസാമാന്യനായ നേതാവിന്റെ അവസാനനാളുകളെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിവരം നല്കാന്‍ അപര്യാപ്തമാണ്; 1945 ആഗസ്റ്റ് 18-ലെ വിമാനപകടത്തെ അദ്ദേഹം അതിജീവിച്ചുവെങ്കില്‍. എന്നാല്‍, അദ്ദേഹം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു എന്നു അവകാശപ്പെടുന്ന ആധികാരികതയില്ലാത്ത പല രേഖകളും അക്കൂട്ടത്തിലുണ്ട് താനും.
ഇവയെല്ലാം കേട്ടുകേള്‍വിയോ, അല്ലെങ്കില്‍ പേരും തിയ്യതിയുമില്ലാത്ത മൊഴികളോ ആണ്; നേതാജി അപകടത്തെ അതിജീവിച്ചിരിക്കാം എന്ന വിശ്വാസത്തെ ദുര്‍ബ്ബലമായെങ്കിലും നിലനിര്‍ത്തുന്നവ. അതില്‍ നേതാജി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കാം എന്നു സൂചിപ്പിക്കുന്ന 1992-ലെ ഒരു അഞ്ച് പുറം രേഖയുണ്ട്. പേരോ തിയ്യതിയോ ഇല്ലാത്ത ഇത് സര്‍ക്കാരിലേക്കുള്ള ഒരു നിവേദനം പോലെയാണ് തോന്നുന്നത്.
“ആര്‍.ജി കാസെയ് ഗവര്‍ണറായിരുന്ന കാലത്ത് ഗവര്‍ണറുടെ വസതിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന പി.സി കാര്‍ അവകാശപ്പെടുന്നത് 1945 ഡിസംബറിലും, 1946 ജനുവരിയിലും ഫെബ്രുവരിയിലും ഗവര്‍ണറുടെ വസതിയിലെ നിരീക്ഷണ സംവിധാനം നേതാജിയുടെ മൂന്നു പ്രക്ഷേപണങ്ങള്‍ പിടിച്ചെടുത്തു എന്നാണ്. ഇത് സംബന്ധിച്ച ഒരു കുറിപ്പ് കാസെയ്ക്ക് നല്കുകയും ചെയ്തു,” എന്നു പ്രധാനമന്ത്രി കാര്യാലയത്തിലെ രേഖ 870/11/p/16/92/Pol പുറം 11-ല്‍ പറയുന്നു. തന്റെ ഹൃദയം ഇന്ത്യക്കുവേണ്ടി ഉരുകുകയാണെന്നും സ്വാതന്ത്ര്യം രണ്ടു വര്‍ഷത്തിനുള്ളില്‍ കിട്ടേണ്ടതും എന്നാല്‍ അത് അഹിംസയിലൂടെ സാധ്യമല്ലെന്നും ഈ ‘പ്രക്ഷേപണങ്ങളില്‍’ ബോസ് പറയുന്നുതായാണ് സൂചിപ്പിക്കുന്നത്.
മഹാത്മാഗാന്ധിയോട് അദ്ദേഹത്തിനുള്ള ആദരവും ‘പ്രക്ഷേപണങ്ങളില്‍’ പ്രകടമാണ്.
ഫെബ്രുവരി,1946-ലെ ‘പ്രക്ഷേപണത്തില്‍’ തന്നെ “ഭാരത് മാതയുടെ ഒരു എളിയ പുത്രനായി” അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു.
വിമാനാപകടത്തെക്കുറിച്ച് രേഖാമൂലമുള്ള തെളിവുകളൊന്നുമില്ലെന്നും ഇതേ കുറിപ്പില്‍ പറയുന്നുണ്ട്; ബോസിന്‍റേതെന്ന് പറയുന്ന ശവസംസ്കാര രേഖ ജപ്പാന്‍ സേനയിലെ ഒരു സൈനികനല്ലാത്ത അംഗത്തിന്റെതാണ്. അതിലെ ജനന തീയ്യതി നേതാജിയുടേതല്ല.
ഈ രേഖകള്‍ നേതാജിയുടെ മരണത്തെക്കുറിച്ച് കൂടുതലായി എന്തെങ്കിലും വിവരങ്ങള്‍ നല്കുന്നുണ്ടോ എന്ന ചോദ്യത്തിന് നേതാജിയുടെ രണ്ടാം തലമുറയിലെ അനന്തരവനും, ജീവചരിത്രകാരനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ചരിത്രകാരനുമായ സുഗതബോസ് നല്കിയ മറുപടി ‘ഒന്നുമില്ല’ എന്നാണ്.
മുസോളനിയുടെ ആരാധകന്‍
നേതാജിയുടെ യൂറോപ്പിലെ യാത്രയെക്കുറിച്ച് -വിമാനാപകടത്തില്‍ ‘മരിക്കും’ മുമ്പ് Interpressലെ (International Biographic Press Service) 1949-ലെ ഒരു വിവരണത്തില്‍ അദ്ദേഹം യൂറോപ്പിലെ തീവണ്ടിയാത്രയില്‍ ധാരാളം പശുവിറച്ചി തിന്നിരുന്നതായും മുസോളിനിയെയും സ്റ്റാലിനെയും പുകഴ്ത്തിയിരുന്നതായും പറയുന്നു.
ബോസിന്റെ ജര്‍മ്മനിയില്‍ നിന്നും മോസ്കോവിലേക്കുള്ള യാത്രയെക്കുറിച്ച് പറയവെ,“അദ്ദേഹം ഒരാഴ്ച്ചയോളം തീവണ്ടിയിലെ സൌകര്യപ്രദമായ ഒരു മുറിയില്‍ ചായ, പാല്‍, വോഡ്ക, പിന്നെ ധാരാളം പശുവിറച്ചിയും കഴിച്ചു ചെലവഴിച്ചു. ഇത് ഒരു സനാതന ഹിന്ദുവിനെ സംബന്ധിച്ച് വലിയ മാനസിക ധൈര്യമാണ്. പക്ഷേ അന്ധവിശ്വാസിയല്ലാത്ത വിപ്ലവകാരിയായ ശ്രീ ബോസിനെ സംബന്ധിച്ച് അതൊന്നും അനൌചിത്യമായിരുന്നില്ല.”