UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുബ്രഹ്മണ്യന്‍ സ്വാമി ശരിയാണ്, ഭാഗികമായി മാത്രം

Avatar

ടീം അഴിമുഖം

ഡോക്ടര്‍ സുബ്രഹ്മമണ്യന്‍ സ്വാമിയുടെ വാദങ്ങളെ പലപ്പോഴും നാം പിന്താങ്ങാറില്ല. കാരണം അദ്ദേഹം അതിശയോക്തി കലര്‍ത്തിയും തെറ്റിദ്ധാരണാജനകവുമായാണ് ആരോപങ്ങള്‍ ഉന്നയിക്കാറുള്ളത്. തനിക്ക് ഏറെ വിദ്വേഷമുള്ള ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്തു വരുമ്പോള്‍ പ്രത്യേകിച്ചും.  ബാക്കോപ്‌സ് ലിമിറ്റഡ് എന്ന ഒരു ബ്രിട്ടീഷ് കമ്പനിയുടെ ഡയറക്ടറായിരിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2005-ല്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്ന ആരോപണവുമായി സ്വാമി തിങ്കളാഴ്ച രംഗത്തു വന്നപ്പോള്‍ ഇത് പരിശോധിക്കാന്‍ അഴിമുഖം തീരുമാനിച്ചു. കോണ്‍ഗ്രസ് ശക്തമായി തന്നെ ഈ ആരോപണം തള്ളിക്കളഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ ബ്രിട്ടീഷ് പൗരനായി സാക്ഷ്യപ്പെടുത്തുന്ന കമ്പനിയുടെ ഒരു വാര്‍ഷിക റിട്ടേണിന്റെ പകര്‍പ്പും സ്വാമി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു.

രാഹുല്‍ ഇന്ത്യക്കാരനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഇതേ ബ്രിട്ടീഷ് കമ്പനിയുടെ തന്നെ മറ്റൊരു രേഖ കോണ്‍ഗ്രസ് അനൗദ്യോഗികമായും പുറത്തുവിടുകയുണ്ടായി. അഴിമുഖത്തിനു ലഭിച്ച ബ്രിട്ടീഷ് കമ്പനികളുടെ ഔദ്യോഗിക ഡാറ്റാബേസില്‍ ഈ കമ്പനിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്വാമിയുടേയും കോണ്‍ഗ്രസിന്റേയും വാദങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. രാഹുല്‍ ഗാന്ധി സ്വയം ബ്രിട്ടീഷ് പൗരനായി പ്രഖ്യാപിച്ചെന്നു കാണിക്കുന്ന രേഖ ഒരു പക്ഷേ ക്ലറിക്കല്‍ പിഴവായിരിക്കാമെന്നാണ് അഴിമുഖത്തിന്റെ നിഗമനം. കാരണം കമ്പനി രൂപീകരിക്കുമ്പോള്‍ ഫയല്‍ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട രേഖയായ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ രാഹുല്‍ ഗാന്ധി താന്‍ ഇന്ത്യന്‍ പൗരനെന്ന് വ്യക്തമായി പറയുന്നുണ്ട്.

രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന സ്വാമി ആരോപിക്കുന്ന രേഖ 

രാഹുല്‍ ഇന്ത്യന്‍ പൗരനാണെന്നു വ്യക്തമാക്കുന്ന മെമോറാന്‍ഡം ഓഫ് അസോസിയേഷന്‍ 

‘കമ്പനിയുടെ വാര്‍ഷിക റിട്ടേണില്‍ ശരിയായ ജനനത്തീയതി നല്‍കിയ രാഹുല്‍ ഗാന്ധി താന്‍ യുകെ വിലാസമുള്ള ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് കാണാം….അദ്ദേഹത്തിന്‍റെ പേരില്‍ കമ്പനിയുടെ 65 ശതമാനം ഓഹരികളും ഉണ്ട്…’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാമി അയച്ച കത്തില്‍ പറയുന്നു.

ഏതെങ്കിലും വിദേശ രാജ്യത്തിന്റെ പൗരത്വം സ്വമേധയാ സ്വന്തമാക്കുന്നതില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ വിലക്കുന്ന ഭരണഘടനയുടെ ഒമ്പതാം വകുപ്പ് ലംഘിച്ചതായി പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ഈ ബിജെപി നേതാവ് ആരോപിക്കുന്നു. ബ്രിട്ടന്‍ ഇരട്ട പൗരത്വം അനുവദിക്കുമ്പോള്‍ ഇന്ത്യ തീര്‍ത്തും ഇത് അനുവദിക്കുന്നില്ല. വിദേശ സ്ഥാനമാനങ്ങള്‍ പോലും സ്വീകരിക്കുന്നതില്‍ നിന്ന് 18-ാം വകുപ്പ് ഇന്ത്യന്‍ പൗരന്മാരെ വിലക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൂറിച്ചിലെ ഒരു ബാങ്കില്‍ രാഹുല്‍ ഗാന്ധിക്ക് രഹസ്യ വിദേശ അക്കൗണ്ട് ഉണ്ടെന്നും സ്വാമി ആരോപണമുന്നയിച്ചിട്ടുണ്ട്. ഇതും കോണ്‍ഗ്രസ് ശക്തമായി തള്ളിക്കളഞ്ഞു.

ബിഹാറിലെ തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് ബിജെപിക്കുള്ളില്‍ നുരയുന്ന കലാപത്തില്‍ നിന്നും പൊതുശ്രദ്ധ തിരിച്ചു വിടാനും വിലകുറഞ്ഞ പബ്ലിസിറ്റിക്കും വേണ്ടിയാണ് ഈ ആരോപണങ്ങളുമായി സ്വാമി രംഗത്തെത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. ‘ജനിച്ച ദിവസം തൊട്ട് രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വമുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമുണ്ട്. മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വന്തമാക്കുകയോ വിദേശ രാജ്യങ്ങളെ പ്രതിനിധീകരിക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല,’ കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍