UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുബ്രഹ്മണ്യന്‍ സ്വാമി; ആദ്യ വെടി സോണിയയ്ക്ക് നേരെ, അടുത്തതോ?

അഴിമുഖം പ്രതിനിധി

സുബ്രഹ്മണ്യന്‍ സ്വാമിയുടെ രാജ്യസഭയിലേക്കുള്ള തിരിച്ചുവരവ് തന്റെ ബദ്ധവൈരികളായ ഗാന്ധി കുടുംബത്തെ ആരോപണ മുനയില്‍ നിര്‍ത്തിക്കൊണ്ട് ഗംഭീരമാക്കി. 1974 മുതല്‍ 76 വരെ ഉത്തര്‍പ്രദേശില്‍ നിന്നും ജനസംഘം പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയില്‍ അരങ്ങേറ്റം കുറിച്ച സ്വാമി ജനതാ പാര്‍ട്ടിയുടെ ലേബലില്‍ 1988-94 വരെ വീണ്ടും എംപിയായി. പിന്നീട് ഇപ്പോള്‍ രാഷ്ട്രപതിക്ക് നാമനിര്‍ദ്ദേശം ചെയ്യാവുന്ന 12 പേരുടെ പട്ടികയില്‍പ്പെട്ട് അദ്ദേഹം രാജ്യസഭയിലെത്തിയത് ഇന്നലെയാണ്. ഏഴുപേരെയാണ് പുതുതായി നാമനിര്‍ദ്ദേശം ചെയ്തത്. വന്നപാടെ തന്നെ സോണിയ ഗാന്ധിയുടെ നേര്‍ക്ക് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്ററില്‍ നിന്ന് വെടിയുതിര്‍ത്തു തുടങ്ങി.

പക്ഷേ, രാജ്യസഭയില്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ശത്രു ധനമന്ത്രി അരുണ്‍ ജെറ്റ്‌ലിയാണ്. ഇരുവര്‍ക്കും പരസ്പരം പുച്ഛമാണെന്നത് എല്ലാവര്‍ക്കും അറിയാം. കേന്ദ്ര ധനമന്ത്രിയായ അരുണ്‍ ജെറ്റ്‌ലിയാകട്ടെ മൃദുഭാഷിയാണ്. മൈലാപ്പൂര്‍ സ്വാമിയാകട്ടെ നേരെ തിരിച്ചും. ജെറ്റ്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയമ മസ്തിഷ്‌കവും രാഷ്ട്രീയ വലംകൈയും. എന്നാല്‍ സ്വാമി ആര്‍ എസ് എസിന് പ്രിയപ്പെട്ടയാളും. സ്വാമിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒറ്റയാനായാണ് കണക്കാക്കുന്നത്. രസകരമായ കാര്യം സ്വാമി ജെറ്റ്‌ലിക്ക് കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരും. ബിജെപിയുടെ രാജ്യസഭ തലവനാണ് ജെറ്റ്‌ലി.

നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എംപിമാര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ട്. അതിനാല്‍ ഇപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ നവജ്യോത് സിംഗ് സിദ്ധുവും സുരേഷ് ഗോപിയും സ്വാമിയും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമാകും. അപ്പോള്‍ സ്വാമിയും ജെറ്റ്‌ലിയും ചേര്‍ന്നുള്ള പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ കണ്ണു കാതും കൂര്‍പ്പിച്ചിരിക്കുകയാണ്. വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അഗ്രഗണ്യനാണ് സ്വാമി. എന്നാല്‍ അദ്ദേഹം ബിജെപിയുടെയും ജെറ്റ്‌ലിയുടേയും കീഴില്‍ അടങ്ങിയൊതുങ്ങി നില്‍ക്കുമോ.

കൂടാതെ സാമ്പത്തികശാസ്ത്രം അരച്ചു കലക്കി കുടിച്ചിട്ടുള്ള സ്വാമിയെ രാജ്യസഭയിലെത്തിച്ചതിന് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട് എന്ന് ഡല്‍ഹിയില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.

ബിജെപിയിലേക്കുള്ള തന്റെ പ്രവേശനത്തെ തടഞ്ഞിരുന്നത് അരുണ്‍ ജെറ്റ്‌ലിയാണെന്ന വിശ്വാസം സ്വാമിക്കുണ്ട്. ഇരുവരും തമ്മിലെ ഇഷ്ടക്കേട് മോദിക്കും നന്നായി അറിയാം. പ്രതീക്ഷയ്ക്ക് ഒത്ത പ്രവര്‍ത്തനം കാഴ്ച വയ്ക്കാതിരുന്ന മന്ത്രിമാരെ ഒഴിവാക്കി മന്ത്രിസഭ പുനസംഘടനയ്ക്ക് മോദി മുമ്പ് ഒരുങ്ങിയിരുന്നു. ജെറ്റ്‌ലിയുടെ പ്രകടനം മോശമല്ലെങ്കിലും അദ്ദേഹത്തിന് മറ്റൊരു പ്രധാനവകുപ്പ് കൊടുത്താല്‍ ധനകാര്യം കൈകാര്യം ചെയ്യാന്‍ ആളില്ലാത്തത് ബിജെപിയെ വലച്ചിരുന്നു. അതിനൊരു പരിഹാരമാകും സ്വാമിയെന്നാണ് അടക്കം പറച്ചില്‍. ജെറ്റ്‌ലിയുടെ കട്ടില്‍ കണ്ട് സ്വാമിക്ക് പനിക്കാമെന്ന് സാരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍