UPDATES

വായന/സംസ്കാരം

ഗള്‍ഫ് കുടിയേറ്റം; തെക്കനേഷ്യന്‍ പ്രവാസ ചരിത്രത്തിന്റെ വിശകലനവും വിലയിരുത്തലും

സൗത്തേഷ്യന്‍ മൈഗ്രന്‍സ് ഓഫ് ഗള്‍ഫ് കണ്‍ട്രീസ്: ഹിസ്റ്ററി, പോളിസീസ്, ഡവലപ്‌മെന്റ്; പ്രവാസത്തിന്റെ വിഹ്വലതകളും നേട്ടങ്ങളും കോട്ടങ്ങളും അന്വേഷിക്കുന്നവര്‍ക്ക് ആഴത്തിലുള്ള ഒരു വായനാനുഭവം

പ്രവാസത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് കോളനി കാലത്ത് മലയയിലേക്കും ബര്‍മയിലേക്കും ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും ആഫ്രിക്കയിലേക്കും വെസ്റ്റ് ഇന്ത്യന്‍ ദ്വീപുസമൂഹങ്ങളിലേക്കും ലോകത്തിന്റെ മറ്റ് അറിയപ്പെടാത്ത കോണുകളിലേക്കും അതിജീവനത്തിനായി നമ്മള്‍ യാത്ര ചെയ്തു. മലയാളികളും തമിഴന്മാരും പഞ്ചാബികളും ഗുജറാത്തികളുമായിരുന്നു ഇതില്‍ വമ്പന്മാര്‍. വിഭജനപൂര്‍വ ബംഗാളികളും പ്രവാസത്തില്‍ അവരുടേതായ ഗാഥകള്‍ രചിച്ചു.

ആ പാരമ്പര്യം നാം ഇപ്പോഴും തുടരുന്നു. സ്വാതന്ത്ര്യത്തോടും വിദ്യാഭ്യാസ പുരോഗതിയോടും ഒപ്പം അതിജീവനത്തിനായുള്ള പ്രവാസം എന്ന പ്രവണതയ്ക്കും മാറ്റം വന്നു. പുതിയ ജീവിതചക്രവാളങ്ങള്‍ വെട്ടിപ്പിടിക്കുന്നതിന് സമ്പന്ന രാഷ്ട്രങ്ങളില്‍ എത്തിപ്പെടുക എന്നതായി പുതിയ പ്രവാസത്തിന്റെ പ്രവണത. എന്നാല്‍ യുഎസില്‍ നിന്നും യുകെയില്‍ നിന്നും മറ്റും വരുന്ന വാര്‍ത്തകള്‍ അങ്ങോട്ട് കുടിയേറാന്‍ വെമ്പി നില്‍ക്കുന്ന നമ്മുടെ ഐറ്റി തൊഴിലാളികള്‍ക്കും നേഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊന്നും അത്ര പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്തകളല്ല നല്‍കുന്നത്.

എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസത്തിന്റെ ചരിത്രം ഇതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നു. വളരെ സമ്പന്നമായ ഒരു പ്രവാസ പാരമ്പര്യമാണ് തെക്കനേഷ്യന്‍ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളുമായുള്ളത്. അതൊരു കൊടുക്കല്‍വാങ്ങല്‍ ബന്ധം കൊണ്ട് സമ്പുഷ്ടമായതാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയ തെക്കനേഷ്യന്‍ പ്രവാസികള്‍ അവിടുത്തെ സംസ്‌കൃതിക്കും പ്രകൃതിക്കും ഇണങ്ങി ജീവിക്കാന്‍ തുടങ്ങി എന്ന് മാത്രമല്ല, അതത് രാജ്യങ്ങളുടെ വികസനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്തു. ഈ ചരിത്രത്തെ വിലയിരുത്തുകയും അവലോകനം ചെയ്യുകയും ചെയ്യുന്ന “South Asian Migration to Gulf Countries: History, Policies, Development എന്ന പുസ്തകം അതുകൊണ്ട് തന്നെ നിര്‍ബന്ധിതമായ വായനയ്ക്ക് നമ്മെ പ്രേരിപ്പിക്കുന്നു. പ്രകാശ് സി ജയിനും ജിനു സക്കറിയ ഉമ്മനും ചേര്‍ന്നാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

"</p

എണ്ണ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസം ഒരു പുതിയ സംഭവമല്ല. ഈ രണ്ട് പ്രദേശങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനങ്ങളുടെയും ചരക്കുകളുടെയും ആശയങ്ങളുടെയും കൈമാറ്റം സാധാരണമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഈ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢീകരിക്കപ്പെട്ടു. സിന്ധു നദീതട സംസ്‌കാരത്തിന്റെ കാലം മുതല്‍ ഇരുപ്രദേശങ്ങളും തമ്മില്‍ ബന്ധങ്ങള്‍ നിലനിന്നിരുന്നതായി പുസ്തകം നമ്മെ ഓര്‍മ്മപ്പെടുന്നു. 9-ാം നൂറ്റാണ്ടു മുതല്‍ തന്നെ ഗുജറാത്തി ബനിയകള്‍ ഗള്‍ഫിലേക്ക് പോയിത്തുടങ്ങിയിരുന്നു. 16-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ഹിന്ദു ക്ഷേത്രങ്ങളുടെ പുരാവസ്തു തെളിവുകള്‍ ആ ബന്ധത്തിന്റെ തെളിവുകളായി വര്‍ത്തിക്കുന്നു. ഇറാന്‍, ഇറാഖ്, യെമന്‍, ബഹറിന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം ഇത്തരം തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് കോളനി ഭരണകാലത്ത് കച്ചവടക്കാര്‍, ധനമിടപാടുകാര്‍, കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നവര്‍, കൃഷിക്കാര്‍, കരാറുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നീ നിലകളിലെല്ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഗള്‍ഫിലേക്ക് വന്നു.

20-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ത്ഥത്തില്‍ എണ്ണ ഖനികള്‍ കണ്ടെത്തിയതോടെ തൊഴില്‍ സേനയുടെ ആവശ്യം വര്‍ദ്ധിച്ചു. ഇതോടെ കുടിയേറ്റ സാധ്യതകള്‍ വര്‍ദ്ധിച്ചു.

1970-കളിലും 80-കളിലും എണ്ണവരുമാനം വര്‍ദ്ധിച്ചതോടെ ഗള്‍ഫ് സ്വപ്‌നമായി തുടങ്ങി. ഇതോടൊപ്പം കൂടുതല്‍ പണം പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മറ്റ് വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി ചിലവിടാന്‍ ഗള്‍ഫിലെ ഭരണകൂടങ്ങള്‍ തയ്യാറായി. ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്ന തെക്കനേഷ്യന്‍ രാജ്യങ്ങളെ ഗള്‍ഫ് മാടിവിളിച്ചു. ഇതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യരക്ഷ, ശുചിത്വം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളും വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ വിദഗ്ധ തൊഴിലാളികള്‍ക്കും അവസരങ്ങള്‍ ഒരുങ്ങാന്‍ തുടങ്ങി. പ്രവാസികള്‍ക്ക് ഉയര്‍ന്ന വേതനം ലഭിക്കാനും തുടങ്ങി.

1990-കളില്‍ നടന്ന രണ്ട് സുപ്രധാന സംഭവങ്ങള്‍ തെക്കനേഷ്യന്‍ തൊഴിലാളികളുടെ ആവശ്യം വര്‍ദ്ധിപ്പിച്ചു. ആഗോളീകരണം ശക്തമായതോടെ വികസനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുകയും അതിനനുസരിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇറാഖിന്റെ കുവൈത്ത് അധിനിവേശക്കാലത്ത് ഇറാഖിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യമനും പലസ്തീനും തങ്ങളുടെ തൊഴിലാളികളെ സൗദി അറേബ്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും പിന്‍വലിച്ചതോടെ തെക്കനേഷ്യന്‍ തൊഴിലാളികള്‍ക്കായുള്ള പ്രിയം വീണ്ടും വര്‍ദ്ധിച്ചു. വിധേയത്വം, രാഷ്ട്രീയ നിഷ്പക്ഷത, അയവുള്ള സമീപനം, കഠിന ജോലികള്‍ ചെയ്യാനുള്ള സന്നദ്ധത എന്നീ ഗുണങ്ങളാണ് തെക്കനേഷ്യന്‍ തൊഴിലാളികളെ ഗള്‍ഫ് മുതലാളിമാര്‍ക്ക് പ്രിയങ്കരരാക്കുന്നത്.

ഈ പ്രവാസം കൊണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മാത്രമല്ല ഗുണമുണ്ടായത്. അവിടെ ജോലി ചെയ്യുന്ന പ്രവാസികള്‍ അയയ്ക്കുന്ന പണം തെക്കനേഷ്യന്‍ ഗ്രാമങ്ങളെയും പട്ടണങ്ങളെയും നഗരങ്ങളെയും സമ്പല്‍ സമൃദ്ധിയിലേക്ക് നയിച്ചു. പക്ഷെ കാര്യങ്ങള്‍ അത്ര മെച്ചമാണെന്ന് ഇപ്പോഴത്തെ അവസ്ഥയില്‍ പറയാന്‍ പറ്റില്ല എന്നാണ് പുസ്തകത്തിലെ ചില ലേഖനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍ താത്ക്കാലികവും മിക്കപ്പോഴും ചാക്രിക സ്വഭാവമുള്ളതുമാണ്. മടങ്ങിയെത്തുന്ന പ്രവാസികളെ പുനഃരധിവസിപ്പിക്കല്‍ മിക്ക തെക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കും വലിയ പ്രശ്‌നമായി മാറുന്നുണ്ട്. പക്ഷെ തെക്കനേഷ്യന്‍ പ്രവാസികളില്‍, പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നുള്ളവര്‍, ഇപ്പോള്‍ രണ്ടാം തലമുറയോ മൂന്നാം തലമുറയോ ആയിക്കഴിഞ്ഞുവെന്നുള്ളത് ആകര്‍ഷണീയമായ വസ്തുത തന്നെയാണ്.

ഉദാഹരണത്തിന് യുഎഇയില്‍ മാത്രം 2.6 ദശലക്ഷം ഇന്ത്യക്കാരാണുള്ളത്. പ്രതിവര്‍ഷം 13.2 ബില്യണ്‍ ഡോളര്‍ അവര്‍ നാട്ടിലേക്ക് അയയ്ക്കുമ്പോഴും യുഎഇയില്‍ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകരായും അവര്‍ മാറുന്നു. അതായത്, പ്രവാസം താത്ക്കാലികമാണെങ്കിലും അതിന് ഒരുതരത്തിലുള്ള തുടര്‍ച്ചയുണ്ടെന്ന് അര്‍ത്ഥം.

"</p

പ്രവാസികളുടെ വര്‍ദ്ധന തന്ത്രപരമായ ചില മേഖലകളിലെ സഹകരണത്തിനും വഴി തുറന്നിട്ടുണ്ടെന്ന് ജിനു സക്കറിയ ഉമ്മന്‍ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാന്ററുമായ ഷേക്ക് മുഹമ്മദ് ബിന്‍ സായദ് ബില്‍ സുല്‍ത്താന്‍ അല്‍ നഹ്യാനായിരുന്നു കഴിഞ്ഞ ജനുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന റിപബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി എന്ന കാര്യം ജിനു സക്കറിയ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഇത്തരം സൗഹൃദങ്ങള്‍ രാജ്യങ്ങള്‍ തമ്മിലും സാമ്പത്തിക, സൈനിക, വാണിജ്യ സഹകരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

എന്നാല്‍ ദക്ഷിണേന്ത്യന്‍ പ്രവാസികളുടെ ഗള്‍ഫ് കുടിയേറ്റം പ്രതിബന്ധങ്ങളില്ലാതെ ഒഴുകുന്ന ഒന്നാണെന്ന് ഇതുകൊണ്ടൊന്നും അര്‍ത്ഥമാക്കുന്നില്ല. ജിസിസി രാജ്യങ്ങളില്‍ പ്രവാസി തൊഴിലാളികളെ അടിച്ചമര്‍ത്തുന്നത് വ്യാപകമാണ്. ഇതില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അടങ്ങുന്നു. എന്നാല്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഇതിനെ ചെറുക്കുന്നതിന് അനുയോജ്യമായ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്നില്ല. ഇതില്‍ പല കേസുകളിലും സ്വന്തം രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ത്തിപ്പണ്ടാരങ്ങളായ ദല്ലാളന്മാരാണ് ഇത്തരം കേസുകളിലെ മുഖ്യപ്രതികള്‍. ഒരേ തൊഴില്‍ ചെയ്യുന്ന സ്വദേശിയുടെയും പ്രവാസിയുടെയും വേതനത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്നു. സ്വദേശികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ആവര്‍ത്തിക്കുന്ന ഗള്‍ഫ് യുദ്ധങ്ങള്‍ സംഭാവന ചെയ്യുന്ന സാമ്പത്തിക ബാധ്യതകള്‍, തൊഴില്‍ കമ്പോളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീ സാന്നിധ്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ നിതാഖാത്ത് പോലെയുള്ള കര്‍ക്കശമായ കുടിയേറ്റ നയങ്ങള്‍ നടപ്പിലാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് സക്കീര്‍ ഹുസൈന്‍ തന്റെ ലേഖനത്തില്‍ പറയുന്നു.

എന്നിരിക്കിലും, മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍, ഇന്ധനവില തകര്‍ച്ച, ആഗോള സാമ്പത്തിക മാന്ദ്യം തുടങ്ങിയ തിരിച്ചടികളൊന്നും കഴിഞ്ഞ ദശകത്തില്‍ തെക്കനേഷ്യയില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

ഗള്‍ഫ് കുടിയേറ്റത്തിന്റെ ചരിത്രം, സാമ്പത്തിക-സാമൂഹിക ഘടകങ്ങള്‍, സാംസ്‌കാരിക പ്രതിഫലനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്. പ്രവാസത്തിന്റെ വിഹ്വലതകളും നേട്ടങ്ങളും കോട്ടങ്ങളും ഒക്കെ അന്വേഷിക്കുന്നവര്‍ക്ക് ആഴത്തിലുള്ള ഒരു വായനാനുഭവമാണ് പുസ്തകം നല്‍കുന്നത്. വിവിധ വിഷയങ്ങളെ അക്കാദമിക് നിലവാരത്തില്‍ തന്നെ വിശകലനം ചെയ്യാന്‍ പുസ്തകം ശ്രദ്ധിച്ചിട്ടുണ്ട് എന്നതും പരാമര്‍ശിക്കപ്പെടേണ്ടതാണ്.

കടപ്പാട്: സ്‌ക്രോള്‍.ഇന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍