UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊന്നത് വലിയ തെറ്റെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി

നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകം കേരളത്തിന് അപമാനമാണെന്നും സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. വിമര്‍ശിക്കുന്നവരെ വില്ലന്‍മാരായി കാണുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ ദേശീയ നേതൃത്വവും രംഗത്ത്. നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകം കേരളത്തിന് അപമാനമാണെന്നും സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. വിമര്‍ശിക്കുന്നവരെ വില്ലന്‍മാരായി കാണുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരത്തില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മുന്നണിക്കുള്ളില്‍ പറഞ്ഞുതീര്‍ക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനമെന്നത് ശ്രദ്ധേയമാണ്.

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. ഇത് സര്‍ക്കാര്‍ അറിഞ്ഞുളള നടപടിയാണെങ്കില്‍ ആ തെറ്റ് തിരുത്തണം. അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. രഹസ്യക്കത്തുകള്‍ സിപിഐയുടെ നയമല്ല. പരസ്യവിമര്‍ശനം തുടരും. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് സിപിഐയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെയും മറ്റ് പ്രസ്താവനകള്‍ ആലോചിച്ച് വേണമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

കൊച്ചിയില്‍ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്നലെ സിപിഐ ദേശീയ നേതൃത്വം സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് ഇടതുസര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയണം. നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെും കണ്ടെത്തി ശിക്ഷിക്കണം. അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സുധാകര്‍ റെഡ്ഡി ഇന്നലെ പറഞ്ഞിരുന്നു. സിപിഐ സംസ്ഥാന നേതൃത്വം കുറച്ച് കാലമായി സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പാര്‍ട്ടി ദേശീയ നേതൃത്വവും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍