UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ അടുപ്പില്‍ സാധിക്കുന്നതിന് മറുപടി പറയേണ്ടവര്‍ അണികളല്ല

Avatar

ശ്രീജിത്ത് ദിവാകരന്‍

ബന്ധു നിയമനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കാണുന്നു. അത് പുനഃപരിശോധിച്ച് വേണ്ടെന്ന് വച്ചാ നല്ലത്. പക്ഷേ ആരാണ് ഈ നിയമനം നല്‍കിയത്? എന്ത് മാനദണ്ഡത്തിലായിരുന്നു അത്? ഇതേ കുറിച്ച് ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്ന് വന്നില്ലായിരുന്നുവെങ്കില്‍ ആ തീരുമാനവുമായി മുന്നോട്ട് പോകുമായിരുന്നോ എന്നതെല്ലാം പ്രസക്തമായ സംശയങ്ങളാണ് എന്ന് ഞാന്‍ കരുതുന്നു.

ഇതിലാരെങ്കിലും ഇ.പി.ജയരാജനെ മാത്രം കുറ്റം പറയുന്നുണ്ടെങ്കി ഊളത്തരമാണ്. മുന്‍ മന്ത്രി, എം.പി, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എന്നീ പദവികളുള്ള ഒരാളുടെ മകനെയാണ് ഒരു പൊതുമേഖല സ്ഥാപനത്തിന്റെ എം.ഡിയാക്കി നിയമിച്ചത്. അദ്ദേഹം സര്‍വ്വഥാ യോഗ്യനാണെങ്കില്‍ ചര്‍ച്ചയില്ല. യോഗ്യതയില്ലാത്ത ആളാണെങ്കില്‍ അഴിമതിയാണ്. സ്വജനപക്ഷപാതം എന്ന അഴിമതി. മതിയായ യോഗ്യതയില്ലാത്തയാളെ പ്രത്യേക താത്പര്യപ്രകാരം ഉയര്‍ന്ന പദവിയില്‍ നിയമിക്കുക എന്ന അഴിമതി. സര്‍ക്കാരും പാര്‍ട്ടിയും ഉത്തരവാദികളാണ്. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തമുണ്ട്. മന്ത്രിസഭയുടെ നേതാവായ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണ ഉത്തരവാദിത്തമുണ്ട്. കേന്ദ്രകമ്മിറ്റി അംഗത്തിന്റെ മകന്‍ അര്‍ഹതയില്ലാത്ത ഒരു പദവിയില്‍ പാര്‍ട്ടി ഭരണകാലത്ത് നിയമിതനാകുന്നത് തടയേണ്ടത് പാര്‍ട്ടിയുടെ കൂടി ചുമതലയാണ്. സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്. ഇതില്‍ ഇ.പി.ജയരാജന് മാത്രമായി ഒരുത്തവാദിത്തവുമില്ല. ഭാവിയില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുതെന്ന കരുതലും നിലപാടും പാര്‍ട്ടി നേതൃത്വത്തിന് വേണം.

എന്റെ ബന്ധുക്കള്‍ അങ്ങനെ പല പദവിയിലും കാണുമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞതായി വായിച്ചു. കേട്ടില്ല. ആധികാരികത അറിയില്ല. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ ഇനിയെഴുതുന്നത് അപ്രസക്തമാണ്. പക്ഷേ, ചികിത്സയില്ലാത്ത രോഗമാണ് ധാര്‍ഷ്ട്യം. അതിന് കൊടുക്കേണ്ട വില തുടച്ചു നീക്കപ്പെടലാണ്. വ്യക്തികളല്ല, പാര്‍ട്ടി. അഴിമതി മലയാളികള്‍ക്ക് വലിയ പ്രശ്‌നമൊന്നുമല്ല. പക്ഷേ അതിന് ശേഷമുള്ള ധാര്‍ഷ്ട്യം, അത് ജനം സഹിക്കൂല്ല. അല്ലേല്‍, കേരളക്കര ലോകാവസാനം വരെ യു.ഡി.എഫ് ഭരിക്കില്ലേ? നാലുകൊല്ലം അഴിമതി ചിരിച്ചുകൊണ്ട് സഹിച്ചവരാ ജനം; അവസാനം ജനത്തിനെ കളിയാക്കാന്‍ തുടങ്ങിയപ്പോഴാ കൈവിട്ടത്. ഓര്‍മ്മയില്ലെങ്കില്‍ പശ്ചിമബംഗാളെന്ന് നൂറുവട്ടം മനസിലോര്‍ത്താല്‍ മതി.

മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് പോലെ പ്രധാനമാണ് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കലും. പക്ഷേ എല്ലായ്പ്പോഴും അത് മാതാപിതാക്കളുടെ സ്വപ്‌നം പോലെ നടപ്പിലാകണം എന്നൊന്നുമില്ല. ലെനിനെന്ന് പേരുള്ള ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സി.പി.എമ്മുകാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി എന്ന ഒരു വാര്‍ത്ത തൃശൂര്‍ ഡസ്‌കില്‍ ജോലി ചെയ്യുമ്പോ പേജില്‍ വച്ചിട്ടുണ്ട്. ആ യുവാവ് ജനിച്ചപ്പോ കമ്മ്യൂണിസ്റ്റുകാരായിരുന്ന കുടുംബം ഒന്നടങ്കം പിന്നീട് രാഷ്ട്രീയം മാറിയതാകാം. അല്ലെങ്കില്‍ ആ ചെറുപ്പക്കാരന്‍ മുതിര്‍ന്നപ്പോള്‍ സ്വയം നിര്‍ണ്ണയിച്ച രാഷ്ട്രീയം സംഘപരിവാരത്തിന്റെത് ആയതാകാം. തികച്ചും സ്വാഭാവികമായ ചിലകാര്യങ്ങളാണ്. സി.പി.എമ്മുകാരുടെ മക്കള്‍ കമ്മ്യൂണിസ്റ്റുകാരായി തന്നെ വളരണമെന്ന് വാശിപിടിക്കുന്നത് തോന്ന്യവാസമാണ്.

ശ്രീമതി ടീച്ചറുടെ മകന് ജാതി വാല് പേരിനൊപ്പം വീട്ടുകാര് നല്‍കിയതാണോ എന്ന് എനിക്കറിയില്ല. മുതിര്‍ന്നപ്പോള്‍ സ്വയം ജാതി വാല് സ്വീകരിച്ച സവര്‍ണ്ണരെ ധാരാളമറിയാം. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ബ്രാഹ്മണ ജാതി വാലിനേക്കാള്‍ വിലയുള്ള നായര്‍ പിരിവുകള്‍ സ്വയമെടുത്തണിഞ്ഞ് സ്വന്തം രാഷ്ട്രീയമെന്തെന്ന് ലോകത്തോട് വിളിച്ചുപറയുന്നവര്‍ ധാരാളമുണ്ട്. ഈഎംഎസിന്റെ സവര്‍ണ്ണത്വത്തെ വിമര്‍ശിക്കുന്ന അക്കാഡമീഷ്യന്‍സ് വരെ അഭിമാനപൂര്‍വ്വം ജാതിവാലുകള്‍ പൊക്കി നടക്കുന്നുണ്ട്. പക്ഷേ, അതൊരു ധാര്‍മ്മിക-രാഷ്ട്രീയ ചോയ്‌സ് മാത്രമാണ്. ശ്രീമതി ടീച്ചറുടെ മകന്‌ ആ വാല് തണലാണെന്ന് തോന്നിയാല്‍ സി.പി.എം നേതൃത്വത്തിനൊന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ, അത്തരം രാഷ്ട്രീയമില്ലാത്ത/ എതിര്‍ രാഷ്ട്രീയമുള്ള മക്കള്‍/ബന്ധുക്കള്‍ ചെയ്യുന്നതിനും പ്രവര്‍ത്തിക്കുന്നതിനും പാര്‍ട്ടി അണികള്‍ മറുപടി പറയണമെന്ന അവസ്ഥയുണ്ടാക്കുന്നത് അധഃപതനമാണ്. അനര്‍ഹര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ട് ‘ഞങ്ങളടുപ്പിലും സാധിക്കും, ചോദിക്കാനാരുണ്ടെന്ന’ ഫ്യൂഡല്‍ നിലപാട് കൈക്കൊണ്ടാല്‍ ഇത് ഇടതു രാഷ്ട്രീയമൊന്നുമല്ലെന്ന് ജനം ഉച്ചത്തില്‍ വിളിച്ചുപറയും.

*ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

https://www.facebook.com/sreejith.divakaran.50

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍