UPDATES

വായന/സംസ്കാരം

ശരീരംകൊണ്ട് പോരാടിയ ചില സ്ത്രീകള്‍; സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി-ഒരു വായന

സഫിയ ഒ സി

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി (നോവല്‍)
ടി ഡി രാമകൃഷ്ണന്‍
ഡി സി ബുക്സ്
വില; 230 രൂപ

കേരളം എന്ന ദേശത്തിന്റെ നാലതിരുകളില്‍ നിന്നു പ്രമേയം ഉള്‍ക്കൊണ്ട് എഴുതിയതായിരുന്നു നമ്മുടെ ആദ്യകാല നോവലുകള്‍ എല്ലാം തന്നെ. ലക്ഷണമൊത്ത ആദ്യനോവല്‍ എന്നു വിശേഷിപ്പിക്കുന്ന ഇന്ദുലേഖയില്‍ കേരളത്തിന് പുറത്തേക്കുള്ള  മാധവന്റെ യാത്രകള്‍ കടന്നുവരുന്നുണ്ടെങ്കിലും നമ്മുടെ നവോത്ഥാന ആധുനിക നോവലുകളെല്ലാം തന്നെ കേരളത്തിന്റെ വിവിധ ഭൂപ്രദേശങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നുമാണ് പ്രമേയം കണ്ടെത്തിയത്. കോവിലന്റെയും നന്ദനാരുടെയുമൊക്കെ  പട്ടാള നോവലുകളും കഥകളും ഒഴിച്ചുനിര്‍ത്തിയാല്‍ ഉറൂബ്,  കേശവദേവ്, പൊറ്റേക്കാട്, ബഷീര്‍, തകഴി, എന്‍ പി മുഹമ്മദ്, കാക്കനാടന്‍, എം ടി വാസുദേവന്‍ നായര്‍ തുടങ്ങിയവരെല്ലാം അവരവരുടെ ദേശത്തെ തന്നെയാണ് നോവലിന്റെ ആഖ്യാന ഭൂമികയായി തിരഞ്ഞെടുത്തത്.  ദേശം എന്ന സ്വത്വബോധത്തില്‍ നിന്ന് ദേശരാഷ്ട്രം എന്ന സ്വത്വബോധത്തിലേക്ക് നോവല്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നത് ആധുനികതയ്ക്കു ശേഷമാണ്. ഒവി വിജയന്റെ ധര്‍മ്മപുരാണം, ആനന്ദിന്റെ ഉത്തരായണം, മുകുന്ദന്റെ ഡല്‍ഹി, കാക്കനാടന്റെ കമ്പോളം, തുടങ്ങിയ നോവലുകള്‍ ദേശചരിതത്തില്‍ നിന്ന് രാഷ്ട്ര ചരിത്രത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് കടക്കുന്നുണ്ട്. എന്നാല്‍ എണ്ണം പറഞ്ഞ പ്രവാസ കൃതികള്‍ മാറ്റിനിര്‍ത്തിയാല്‍  മലയാളനോവല്‍ പൂര്‍ണമായും ആധുനിക ദേശരാഷ്ട്രത്തിന്റെ അതിരുകള്‍ കടക്കുന്നത് ഈ അടുത്തകാലത്താണ്. ബെന്യാമിന്റെ ആടുജീവിതമാണ് പൂര്‍ണമായും ദേശരാഷ്ട്രത്തിന്റെ അതിരുകള്‍ ഭേദിച്ച ആദ്യ കൃതി എന്ന് പറയാം. ബെന്യാമിന്റെ തന്നെ മഞ്ഞവെയില്‍ മരണങ്ങളും  പിന്നീട്  ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയും സ്ഥലകാലങ്ങള്‍ അടയാളപ്പെടുത്തുന്നതില്‍ കേരളത്തിന് പുറത്തു കടക്കുന്നുണ്ട്. അതിനുശേഷം  അറേബ്യന്‍ രാജ്യങ്ങളില്‍ ആഞ്ഞടിച്ച മുല്ലപ്പൂവിപ്ലവം പ്രമേയമാക്കി ബെന്യാമിന്‍ എഴുതിയ (അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകള്‍) രണ്ടു നോവലുകളും ഉണ്ടായി. ബെന്യാമിന്റെ  നോവലിലെ സ്ഥലം/ദേശം പ്രധാനമായും  മലയാളിക്ക് ഏറെ പരിചിതമായ അറബ് രാജ്യങ്ങളാണ്. ശ്രീലങ്കയുടെ ആഭ്യന്തര സംഘര്‍ഷങ്ങളും രാഷ്ട്രീയവും ചര്‍ച്ചചെയ്യുന്ന ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നനോവലാണ് പൂര്‍ണ്ണമായും മറ്റൊരു ദേശ രാഷ്ട്രത്തെ അടയാളപ്പെടുത്തുന്നത്.  ഒരുകാലത്ത് മലയാളിയുടെ പ്രവാസജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ടായിരുന്ന ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും തമിഴ് പുലികളുടെ ഇയക്കത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും ചര്‍ച്ച ചെയ്യുന്ന നോവല്‍ എന്ന നിലയില്‍ ‘സുഗന്ധി എന്ന ആണ്ടാല്‍ ദേവനായകി’ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ ഒരു ഭാവുകത്വത്തെ തന്നെ അടയാളപ്പെടുത്തുന്നുണ്ട്.

ശ്രീലങ്കന്‍ പുലികളും പട്ടാള ഭരണവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെയും ഭരണകൂട ഭീകരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും  ക്രൂരമായ മുഖം അന്താരാഷ്ട്ര തലങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ടി ഡി രാമകൃഷ്ണന്‍റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവല്‍ പുറത്തുവരുന്നത്. ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇ.യും തമ്മില്‍ നടന്ന യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ അന്താരാഷ്ട്ര മനുഷ്യത്വ നിയമത്തിന്‍റെയും യുദ്ധധാര്‍മികതയുമായി ബന്ധപ്പെട്ട വിവിധ ഉടമ്പടികളുടെയും നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. എല്‍.ടി.ടി.ഇ.ക്കെതിരായ ആക്രമണമെന്ന പേരില്‍ തമിഴ്‌വംശജരെ ഉന്‍മൂലനം ചെയ്യാനാണ്  ശ്രീലങ്കന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. എല്‍.ടി.ടി.ഇ.യുടെ ശക്തികേന്ദ്രമായ വന്നിയില്‍ 3,30,000 സാധാരണക്കാരെയാണ് അവര്‍ തടഞ്ഞുവെച്ചിരുന്നത്. യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ഇവിടെ മനപ്പൂര്‍വം ഷെല്ലാക്രമണം നടത്തിയ ലങ്കന്‍സേന ഇവരില്‍ നല്ലൊരു ശതമാനത്തെ കൊന്നൊടുക്കി. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ മാധ്യമങ്ങളെയും വിമര്‍ശകരെയും പലവിധ ഭീഷണികള്‍ വഴി നിശ്ശബ്ദരാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ചിലരെ തട്ടിക്കൊണ്ടുപോയി. സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാല്‍സസംഗം ചെയ്തു. ഇവരില്‍ പലരും  എവിടെയെന്ന് ഇപ്പോഴും ആര്‍ക്കും  അറിയില്ല എന്നതാണ് വസ്തുത.

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ട്രാന്‍സ് നാഷണല്‍ പിക്ചെര്‍സ് നിര്‍മ്മിക്കുന്ന ‘Women behind The Fall of Tigers’ എന്ന സിനിമയ്ക്കു തിരക്കഥ തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട പീറ്റര്‍ ജീവാനന്ദമാണ് നോവലിന്റെ ആഖ്യാതാവ്. പീറ്ററും  സവിധായകനും ക്യാമറ വുമണ്‍ ആനും അടങ്ങുന്ന ഒരു സംഘം ശ്രീലങ്കയുടെ രാഷ്ട്രീയ സാംസ്കാരിക ഭൂപടത്തിലൂടെ നടത്തുന്ന യാത്രയാണ് നോവലിന്റെ പ്രമേയം എന്നു പറയാം. ശ്രീലങ്കന്‍ തമിഴ് വിമോചനപ്പോരാളികളുടെ കാലവും വേലുപ്പിള്ള പ്രഭാകരന്റെ മരണവും പിന്നിട്ട്  പ്രസിഡണ്ട് ഭരണത്തില്‍ എത്തിനില്‍ക്കുന്ന ശ്രീലങ്കയുടെ അകംപുകയുന്ന വര്‍ത്തമാനാവസ്ഥയിലൂടെയാണ് അവര്‍ സഞ്ചരിക്കുന്നത്. ഒരിക്കല്‍ ഇയക്കത്തിനുവേണ്ടി ഡോ. രാജനിതിരണഗാമ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുടെ ജീവിതത്തേയും കൊലപാതകത്തെയും കുറിച്ച് ഒരു സിനിമചെയ്യാന്‍ പീറ്റര്‍ ജീവാനന്ദം ശ്രീലങ്കയില്‍ എത്തുന്നുണ്ട്. രജനിയുടെ കൊലപാതകത്തെക്കുറിച്ച് പുലികള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന ആരോപണം മറികടക്കുക എന്ന പുലികളുടെ ലക്ഷ്യത്തെക്കുറിച്ച് അറിയാതെയായിരുന്നു അത്. ഇയക്കത്തിലെ പെണ്‍ പൊരാളി സുഗന്ധിയുമായി പീറ്റര്‍ പ്രണയത്തിലാവുന്നത് അവിടെ വെച്ചാണ്. നടക്കാതെപോയ ആ സിനിമ ഇന്ന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ചെയ്യാനാണ് പീറ്ററും സംഘവും എത്തിയിരിക്കുന്നത്. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങളെ  വെള്ളപൂശുക എന്ന സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗം തന്നെയാണ് ഈ സിനിമയും.

സങ്കീര്‍ണ്ണമായ മൂന്നുകാലങ്ങളെ  ശക്തമായ ഒരു മിത്തിന്‍റെ പിന്‍ബലത്തില്‍ കോര്‍ത്തിണക്കിയാണ് നോവലിന്റെ പ്രമേയം മുന്നോട്ട് പോകുന്നത് ആഭ്യന്തരയുദ്ധത്തില്‍ വേലുപ്പിള്ള പ്രഭാകരനും കൂട്ടാളികളും കൊല്ലപ്പെട്ട് എല്‍ ടി ടി അനിവാര്യമായ പതനം ഏറ്റുവാങ്ങി രജപക്സെ വലിയ ജനപിന്തുണയോടെ അധികാരത്തില്‍ വന്ന വര്‍ത്തമാനകാലം, മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന എല്‍ ടി ടി യുടെ പോരാട്ടങ്ങളുടെ കാലം, പത്താം നൂറ്റാണ്ടിലെ കുലശേഖര സാമ്രാജ്യ കാലം എന്നിങ്ങനെ മൂന്നുകാലങ്ങളിലൂടെ സഞ്ചരിക്കുന്ന നോവല്‍ എന്തുകൊണ്ട് സ്ത്രീകള്‍ ശ്രീലങ്കയില്‍ ചാവേറുകളാകുന്നു എന്നതിനുള്ള വ്യക്തമായ ഉത്തരം കൂടിനല്‍കുന്നുണ്ട്. മുലപറിച്ചെറിഞ്ഞു മധുര നഗരം ചുട്ടു ചാമ്പലാക്കിയ ‘കണ്ണകി’ യുടെ പുനര്‍ജന്മം തന്നെയാണ് രണ്ട് മുലകളും ഛേദിക്കപ്പെട്ടു ജ്ഞാനസരസ്വതിയായി ആകാശത്തെക്കുയര്‍ന്ന ആണ്ടാല്‍ ദേവനായകിയുടേത്. ശ്രീലങ്കന്‍ ഭരണകൂടം മുഖം ആസിഡുകൊണ്ടു വികൃതമാക്കുകയും കൈകള്‍ മുട്ടിനുതാഴെ നിന്നു മുറിച്ചുമാറ്റുകയും ചെയ്ത സുഗന്ധിയും ഒടുവില്‍ ജ്ഞാനസരസ്വതിയായി ആകാശത്തേക്ക് ഉയരുകയാണ്. മിത്തും രാഷ്ട്രീയവും സംസ്കാരവും ഒത്തുചേരുന്ന ഒരു സങ്കീര്‍ണ്ണത എപ്പോഴും ശ്രീലങ്കന്‍ ചരിത്രത്തിനുണ്ട്. ‘ദേവനായകി’ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന പഴയ തമിഴ് തട്ടകത്തിലെ ഒരു മിത്താണ്. മിത്തും ചരിത്രവും പ്രണയവും രതിയും യുദ്ധവും പ്രതികാരവും ഇഴചേര്‍ന്നുകിടക്കുന്ന ആഖ്യാനം നോവലിനെ വായനയുടെ നവഭാവുകത്വത്തിലേക്കുയര്‍ത്തുന്നു.

ശ്രീലങ്കന്‍ വര്‍ത്തമാന രാഷ്ട്രീയവും ആണ്ടാള്‍ ദേവനായകി എന്ന ഭൂതകാല മിത്തും വേര്‍തിരിച്ചെടുക്കാനാവാത്ത വിധം നോവലില്‍ ഇഴചേര്‍ന്നുകിടക്കുന്നു. ആണ്ടാള്‍ ദേവനായകി എന്ന മിത്ത് മധ്യകാലത്ത് ജീവിച്ചിരുന്നു എന്ന് സങ്കല്‍പ്പിക്കുന്ന കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രത്തിന്‍റെതാണ്. സംഗീതവും നൃത്തവും മുതല്‍ അര്‍ഥശാസ്ത്രവും രാജശാസ്ത്രവും കാമശാസ്ത്രവും വരെ സമസ്തകലകളിലും ശാസ്ത്രത്തിലും നിപുണയായിരുന്ന അപ്സരകുലത്തില്‍ പിറന്ന ആണ്ടാള്‍ ദേവനായകി കാന്തള്ളൂര്‍ മഹാരാജാവായ മഹേന്ദ്രവര്‍മ്മന്‍റെ ഏഴാമത്തെ റാണിയായിരുന്നു. കാന്തള്ളൂര്‍ യുദ്ധത്തിനുശേഷം ദേവനായകിക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് അവള്‍ ശ്രീപത്മനാഭനില്‍ ലയിച്ചുവെന്നും ജ്ഞാനസരസ്വതിയായി മാറിയെന്നും യുദ്ധത്തില്‍ തോറ്റ മഹേന്ദ്രവര്‍മ്മന്‍റെ മുന്നില്‍വെച്ചു ചോളപ്പടയാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട അവര്‍ യക്ഷിയായി രൂപാന്തരം പ്രാപിച്ചെന്നും അതല്ല സ്ഥാണു മുനി എന്ന സന്യാസിയുടെ ഭാര്യയായി കുറെക്കാലം ജീവിച്ചുവെന്നും രാജരാജ ചോളന്‍റെ റാണിയായി അയാളുടെ കുഞ്ഞിനു ജന്മം നല്‍കിയെന്നും പിന്നീട് രാജരാജ ചോളന്‍റെ മകന്റെ കാമുകിയായി എന്നും തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയ സിംഹള രാജാവു മഹിന്ദനോട് പ്രതികാരം ചെയ്യാന്‍ ശ്രമിച്ച് നിശാങ്ക വി‌ജ്രന്‍ എന്ന ബുദ്ധസന്യാസിയില്‍ നിന്നു കര്‍മ്മ മുദ്ര അഭ്യസിച്ചു പരമാനന്ദത്തിലെത്തിയെന്നും മഹിന്ദമന്നനാല്‍ ഇരുമുലകളും ഛേദിക്കപ്പെട്ടു ജ്ഞാനസരസ്വതിയായി മാറിയെന്നുമുള്ള  കഥകള്‍  പലകാലങ്ങളിലും ദേശങ്ങളിലുമായി  പ്രചരിച്ചിരുന്നു. കറുപ്പ് എന്ന മാസികയുടെ വെബ്സൈറ്റില്‍ നിന്നാണ് പീറ്ററിന് ദേവനായകിയെ കുറിച്ചുള്ള കഥകളുടെ ചിലഭാഗങ്ങള്‍ കിട്ടുന്നത്.  എന്നാല്‍ 2001 ല്‍ ശ്രീലങ്കയിലെ സിഗിരിയയില്‍ നിന്നു കണ്ടെടുത്ത തൊള്ളായിരത്തിലേറെ വര്‍ഷം പഴക്കമുള്ള പാലിഭാഷയില്‍ എഴുതിയ ‘സുസാന സുപിന (സ്വപനങ്ങളുടെ ശ്മശാനം)’എന്ന കൃതിയിലുള്ള ദേവനായകിയുടെ കഥ ദേവനായകിയുടെ പ്രതികാരത്തിന്റെ കഥയാണ്.

സ്ത്രീയെ വെറും ഭോഗവസ്തുമാത്രമായിക്കണ്ട് റാണിമാരെ അരത്താലിയിട്ടു സൂക്ഷിച്ചിരുന്ന കാന്തല്ലൂര്‍ രാജാവും ഓരോ യുദ്ധത്തിലും പിടിച്ചെടുക്കുന്ന പെണ്ണിനെ  തന്റെ ഭോഗതൃഷ്ണയ്ക്ക് ഉപയോഗിക്കുന്ന ചോളമന്നനും ചെറിയ പെണ്‍കുട്ടികളെ പോലും കാമപൂരണത്തിനുപയോഗിച്ച സിംഹള മന്നനും പങ്കാളിയെ ക്രൂരമായി പീഢിപ്പിച്ചു ആനന്ദിക്കുന്ന രത്നവ്യാപാരിയും മാത്രമല്ല പുതിയ കാലത്തിന്റെ വക്താക്കളായ ഭരകൂടവും പട്ടാളവും വിമോചന പ്രസ്ഥാനങ്ങളും എല്ലാം തന്നെ പെണ്ണിന്റെ സ്വാതന്ത്ര്യ ബോധത്തെയും പ്രതികരണശേഷിയേയും ഭയക്കുന്ന അഥവാ അടിച്ചമര്‍ത്തുന്നവര്‍ തന്നെയാണ്.  ശ്രീലങ്കയിലെ ആക്റ്റിവിസ്റ്റുകളായ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഗായത്രി പെരേര പീറ്ററിനോട് പറയുന്നുണ്ട്. ‘ഈ മണ്ണില്‍ ജനിച്ച ഏറ്റവും വിശുദ്ധയായ സ്ത്രീയായിരുന്നു അവര്‍. സ്നേഹത്തിന്റെയും സഹനത്തിന്റെയും പര്യായം. ആത്മാഭിമാനത്തിന്റെ നക്ഷത്രം.’ എന്ന് ഫാദര്‍ ആല്‍ഫ്രഡ് ചെല്ലദുരൈ ഓര്‍ക്കുന്ന ഡോ. രജനിതിരണഗാമ തമിഴ് പുലികളാല്‍ കൊലചെയ്യപ്പെടുന്നുണ്ട്.

ഭാഷയുടെയും മറ്റ് സങ്കുചിത സാംസ്കാരിക സ്വത്വബോധങ്ങളുടെയും അപ്പുറത്തുള്ള ഒരു വിശ്വമാനവികതയില്‍ വിശ്വസിച്ചിരുന്ന ഡോ. രാജനിതിരണഗാമ പഠനകാലത്ത് തന്നെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി വാദിച്ചിരുന്നു. ശ്രീലങ്കന്‍ ആഭ്യന്തര കലാപ കാലത്ത് ആദ്യമൊക്കെ ഇയക്കത്തോട് അനുഭാവം ഉണ്ടായിരുന്നെങ്കിലും പിന്നീടവര്‍ ഇയക്കത്തിലെ ജനാധിപത്യപരമല്ലാത്ത പ്രവര്‍ത്തനങ്ങളെയും പട്ടാളത്തിന്റെ മനുഷ്യാവകാശ ധ്വംസാനങ്ങളെയും ഒരുപോലെ എതിര്‍ക്കുകയും  ‘University Teachers for Human Rights’ എന്ന സംഘടനയുണ്ടാക്കി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇരകള്‍ക്കുവേണ്ടി സംസാരിച്ചു എന്നത് തന്നെയാണ് അവര്‍ കൊല്ലപ്പെടാനുണ്ടായ കാരണവും.

ശ്രീലങ്കന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖം മാത്രമല്ല ശ്രീലങ്കന്‍ ഭരണകൂടത്തിന്‍റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഉയര്‍ന്നുവന്ന എല്‍ ടി ടി ഇ പോലുള്ള സംഘടന എങ്ങനെയാണ് സ്വയം ഫാസിസത്തിലേക്ക് നീങ്ങുന്നതെന്നും നോവല്‍ കാണിച്ചുതരുന്നുണ്ട്. സുഗന്ധി ഒരേ  സമയം ഇയക്കത്തിന്‍റെയും ശ്രീലങ്കന്‍ ഭരണകൂടത്തിന്റെയും ഇരയാക്കപ്പെടുന്നുണ്ട്.  ഡോ. രജനി തിരണഗാമയും മീനാക്ഷി രാജരത്തിനവും ജാഫ്നയില്‍  നിന്ന് പലായനം ചെയ്യേണ്ടിവരുന്ന മുസ്ലിംകളും എല്‍ ടി ടി ഇ യുടെ ഇരകളാണെങ്കില്‍, ജൂലിയറ്റ്, പൂമണി സെല്‍വനായകം, ഗായത്രി പെരേര, അരുള്‍, യമുന ശ്രീധര്‍ തുടങ്ങിയവര്‍ ശ്രീലങ്കന്‍ ഭരണകൂടത്തിന്‍റെ ഇരകളാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കും ഇയക്കത്തിലെ പെണ്‍ പോരാളികള്‍ക്കും നേരിടേണ്ടിവരുന്നത് അതിക്രൂരമായ പീഢന മുറകളാണ്. ‘First rape then question’ എന്നാണ് മേലധികാരികള്‍ പട്ടാളക്കാരോട് കല്പിക്കുന്നത് തന്നെ. മനുഷ്യന്‍ മാത്രമല്ല മുള്ളുകള്‍ നിറഞ്ഞ റോബോട്ടുകളും പെണ്‍ശരീരത്തിലേക്ക് മുറിവുകളേല്‍പ്പിച്ച് കടന്നുകയറുന്നുണ്ട്.

യുദ്ധങ്ങളിലും കലാപങ്ങളിലും ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത് എപ്പോഴും സ്ത്രീകളാണ്. മഹിന്ദമന്നന്‍ എന്ന സിംഹള രാജാവിനോടുള്ള പ്രതികാരം നിര്‍വ്വഹിക്കാന്‍ ആണ്ടാല്‍ ദേവനായകി സ്വന്തം പ്രണയവും കാമവും ഉപയോഗിക്കുന്നു. സുഗന്ധി ഭരണകൂട ഭീകരതയ്ക്കെതിരായി പോരാടുന്നതും സ്വന്തം ശരീരം കൊണ്ടുതന്നെയാണ്. അവസാനം ഒരു ചാവേറായി പൊട്ടിത്തെറിച്ച് സുഗന്ധിയും ജ്ഞാന സരസ്വതിയായി ആകാശത്തേക്ക് ഉയരുന്നു. ഗായത്രി പെരേരയും ജൂലിയറ്റുമൊക്കെ ചെറുത്തുനില്‍പ്പ് തന്നെയാണ് ജീവനെക്കാള്‍ വലുതെന്ന്  കരുതുന്നവരാണ്. ഒരു രാജ്യത്തിന്‍റെ ആഭ്യന്തര കലാപങ്ങളുടെയും ക്രൂരമായ വംശഹത്യയുടെയും ചരിത്രം ചര്ച്ച ചെയ്യുന്നത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് എന്നത് ഒരു സ്ത്രീപക്ഷ വായനയിലേക്കുള്ള സാധ്യതകൂടിയാണ് ആണ്ടാള്‍ ദേവനായകി  തുറന്നിടുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍