UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൃദ്രോഗവും പഞ്ചസാരയുടെ ഉപഭോഗവും; പഠന റിപ്പോര്‍ട്ട് പഞ്ചസാര ലോബി അട്ടിമറിച്ചതെങ്ങനെ?

Avatar

പ്രമീള ഗോവിന്ദ്

1960 കളില്‍ പഞ്ചസാര വിപണി, ശാസ്ത്രജ്ഞര്‍ക്ക് പണം നല്കി ഹൃദ്രോഗവും പഞ്ചസാരയുടെ ഉപഭോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് അട്ടിമറിച്ചുവെന്ന് വെളിപ്പെടുത്തല്‍.

സെന്റ് ഫ്രാന്‍സിസ്‌കോ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷകനാണ് പഞ്ചസാര വ്യവസായത്തിനുള്ളിലെ ചില രേഖകള്‍ ഉള്‍പ്പടെ കഴിഞ്ഞാഴ്ച ജാമാ ഇന്റേണല്‍ മെഡിസിനില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടില്‍ ആരോഗ്യകരമായ ആഹാരക്രമം സംബന്ധിച്ച ഇതുവരെ നല്കിയിരുന്ന നിര്‍ദ്ദേശങ്ങളും പോഷകാഹാരവും ഹൃദ്രോഗവും ബന്ധപ്പെടുത്തി നടന്ന പഠനങ്ങളും ഒക്കെ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കൂടി ആസ്പദമാക്കിയായിരുന്നു എന്നതിലാണ് അപകടം.

യുസി എസ് എഫിലെ പ്രൊഫസറും ജാമാ ഇന്റേര്‍ണല്‍ മെഡിസിന്‍ പേപ്പറിലെ ഒരു ലേഖകനുമായ സ്റ്റാന്റ്‌റന്‍ ഗ്ലാന്റസിന്റെ അഭിപ്രായമനുസരിച്ച് പഞ്ചസാരയെപ്പറ്റിയുള്ള എല്ലാവിധ ചര്‍ച്ചകളെയും പതിറ്റാണ്ടുകളായി ഈ റിപ്പോര്‍ട്ട് വഴിതിരിച്ചു വിട്ടിരുന്നു.

1967ല്‍ ഷുഗര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ അഥവാ ഷുഗര്‍ അസോസിയേഷന്‍ എന്ന് ഇന്നറിയപ്പെടുന്ന വ്യാപാര സംഘടന ഹാര്‍വാര്‍ഡിലെ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇന്നത്തെ ഏതാണ്ട് 50,000 ഡോളറിന് തുല്യമായ തുക നല്കിയത് പഞ്ചസാരയും,കൊഴുപ്പും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാനാണ്. ന്യു ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ എന്ന് പ്രശസ്തമായ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് പിന്നീട് പഞ്ചസാര ലോബികള്‍ ഏറ്റെടുത്തു. പൂരിത കൊഴുപ്പും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കാള്‍ വളരെ കുറവാണ് പഞ്ചസാരയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്.

50 വര്‍ഷം മുമ്പ് പുറത്ത് വന്ന റിപ്പോര്‍ട്ടാണിതെങ്കിലും പോഷകാഹാര പഠനങ്ങളിലും കമ്പോളത്തിലും ഈ റിപ്പോര്‍ട്ട് ഇപ്പോഴും സ്വാധീനം ചെലുത്തുന്നുണ്ട്.

പഞ്ചസാര കലര്‍ന്ന പാനീയങ്ങളും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധത്തെ കുറച്ച് കാണിക്കാന്‍ കൊക്കക്കോള ഗവേഷകര്‍ക്ക് കോടികള്‍ കൈകൂലി നല്‍കിയതായുള്ള റിപ്പോര്‍ട്ട് അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് പത്രം പുറത്ത് വിട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര കലര്‍ന്ന പാനീയമാണ് കൊക്കക്കോള. പഞ്ചാര മിഠായി കഴിക്കുന്ന കുട്ടികള്‍ക്ക് കഴിക്കാത്ത കുട്ടികളെക്കാള്‍ വണ്ണം കുറയാനുളള സാദ്ധ്യത കൂടുതലാണ് എന്ന പഠന റിപ്പോര്‍ട്ടിന് മിഠായി കമ്പനികള്‍ വലിയ തുക നല്‍കിയിരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൈക്കൂലി വാങ്ങി റിപ്പോര്‍ട്ട് നല്കിയ ഹാര്‍വാര്‍ഡിലെ ശാസ്ത്രഞ്ജന്‍മാരോ അവര്‍ക്ക് പണം നല്കിയ പഞ്ചസാര കമ്പനി ഉദ്യോഗസ്ഥരോ ഇന്ന് ജീവനോടെയില്ല. കൈകൂലി വാങ്ങില്ല എന്നാരോപിക്കപ്പെടുന്നവരില്‍ ഒരാളായ. ഡോ. മാര്‍ക്ക് ഹെഗ്‌സ്റ്റെഡ് യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‍റെ തലവനും 1977ല്‍ പോഷകാഹാരം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ ഉത്തരവാദപ്പെട്ടവരില്‍ പ്രധാനിയുമായിരുന്നു. ഹാര്‍വാര്‍ഡ് ന്യുട്രീഷ്യന്‍ ഡിപ്പാര്‍ട്ടിമെന്റിന്റെ തലവനായിരുന്ന ഡോ. ഫ്രെഡറിക് ജെ സ്റ്റെയറായിരുന്നു മറ്റൊരാള്‍.

1967ല്‍ ജാമാ ജേണല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നകാലത്ത് പഠനത്തിനായി ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് വെളിപ്പെടുത്താന്‍ ഗവേഷകര്‍ക്ക് ബാദ്ധ്യത ഇല്ലായിരുന്നു എന്നാണ് ഷുഗര്‍ അസോസിയേഷന്‍ പറയുന്നത്. 1984 വരെ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ സാമ്പത്തിക സ്രോതസുകളെ സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം, വ്യവസായവും ഇത്തരത്തിലുളള ഗവേഷണങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ സുതാര്യത നിലനിര്‍ത്തണമായിരുന്നു എന്നും അവര്‍ പറയുന്നു.

പഞ്ചസാരയാണോ പൂരിത കൊഴുപ്പാണോ ആരോഗ്യത്തിന് ഏറേ ഹാനികരം എന്നത് സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തല്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്നും ഡോ. ഗ്ലാന്‍സ് പറയുന്നു.

പതിറ്റാണ്ടുകളായി അമേരിക്കയിലെ ആരോഗ്യ വിദ്ഗ്ദധര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ജനങ്ങള്‍ കൊഴുപ്പ് കുറഞ്ഞ എന്നാല്‍ മധുരം കൂടിയ ഭക്ഷണത്തിനാണ് പ്രാധാന്യം നല്കിയിരുന്നത്. ഇത് ഒരുപക്ഷെ പൊണ്ണത്തടി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടാകാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പഞ്ചസാര ലോബികളെ സംബന്ധിച്ചിടത്തോളം വളരെ സമര്‍ത്ഥമായ നീക്കമായിരുന്നു ഇത്. വളരെ പ്രശസ്തമായ ജേണലില്‍ വരുന്ന പഠന റിപ്പോര്‍ട്ടുകള്‍ക്ക് ശാസ്ത്രീയമായ ചര്‍ച്ചകളെ സ്വാധീനിക്കാനാവും എന്നും അദ്ദേഹം പറയുന്നു.

ഡോ ഹെഗ്‌സ്റ്റെഡ് തന്റെ പഠനറിപ്പോര്‍ട്ട് ഉപയോഗിച്ച് സര്‍ക്കാരിന്റെ ആരോഗ്യ നിര്‍ദ്ദേശങ്ങളെ സ്വാധീനിച്ചു. ഇതനുസരിച്ച് പൂരിത കൊഴുപ്പ് ഹൃദ്രോഗത്തിലേക്കും കൂടുതല്‍ അളവിലുള്ള പഞ്ചസാര ദന്തക്ഷയം ഉള്‍പ്പടെയുള്ള താരതമ്യേന ചെറിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്ന ധാരണ പടര്‍ന്നു. ഇന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും ലോക ആരോഗ്യ സംഘടനയും മറ്റ് സംഘടനകളും ഒക്കെ വലിയ തോതിലുള്ള പഞ്ചസാരയുടെ ഉപഭോഗവും ഹൃദ്രോഗത്തിന് കാരണമായേക്കാം എന്ന മുന്നറിയിപ്പ് നല്കുമ്പോഴും അമേരിക്കന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ പൂരിത കൊഴുപ്പിനാണ് വലിയ പ്രാധാന്യം നല്കുന്നത്.

ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ന്യുട്രീഷ്യന്‍ പ്രൊഫസറായ മാരിയന്‍ നെസ്ലേ എഴുതിയ ഒരു മുഖപ്രസംഗത്തില്‍ ഹൃദ്രോഗത്തിന്റെ കാരണങ്ങളില്‍ നിന്ന് പഞ്ചസാരയെ മുക്തമാക്കാന്‍ പഞ്ചസാര വിപണി ഗവേഷണങ്ങളില്‍ ഇടപെട്ടതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഉള്ളതായി സമര്‍ത്ഥിക്കുന്നു. വളരെ പ്രകടവും ഞെട്ടിക്കുന്നതുമായ വെളിപ്പെടുത്തലുകള്‍ എന്നാണ് അവര്‍ പറയുന്നത്.

1965ല്‍ പഞ്ചസാര വ്യവസായത്തിലെ പ്രമുഖനായിരുന്ന ഹികിന്‍സണ്‍ അന്ന് പഞ്ചസാരക്ക് എതിരെ നിലവിലുണ്ടായിരുന്ന പഠനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന തരത്തില്‍ പുറത്ത് വരേണ്ടുന്ന റിപ്പോര്‍ട്ടിന് അന്നത്തെ 6,500 ഡോളറാണ് നല്കിയത്. താങ്കളുടെ താത്പര്യത്തെ കുറിച്ച് ഞങ്ങള്‍ക്ക് പൂര്‍ണ്ണബോദ്ധ്യമുണ്ടെന്നും പഞ്ചസാരക്ക് അനുകൂലമായ തരത്തില്‍ റിപ്പോര്‍ട്ട് നല്കാമെന്ന് ‌ഡോ. ഹെഗ്‌സ്റ്റെഡ് ഉറപ്പും നല്കി.

റിപ്പോര്‍ട്ട് പുരോഗമിക്കുന്നതിനിടയില്‍ ഹാര്‍വാര്‍ഡിലെ ശാസ്ത്രജ്ഞര്‍ ഹികിന്‍സണുമായി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പങ്ക് വെച്ചിരുന്നു എന്നും തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്. പിന്നീട് റിപ്പോര്‍ട്ട് തങ്ങള്‍ ഉദ്ദേശിച്ച തരത്തില്‍ തന്നെ പുറത്ത് വന്നു എന്ന ഹികിന്‍സണ്‍ എഴുതിയിരുന്നതായും വ്യക്തമായി. ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് പഞ്ചസാരയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ നിലച്ചത് എന്നാണ് ഡോ ഗ്ലാന്റസ് പറയുന്നത്.

(പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകയും നിലവില്‍ ദുബായ് വോയ്‌സ് ഓഫ് കേരള റേഡിയോയിലെ വാര്‍ത്താധിഷ്ഠത പരിപാടികളുടെ അവതാരകയുമാണ് ലേഖിക. ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോ, തിരുവനന്തപുരം ഏഷ്യാനെറ്റ്, വിവിധ അച്ചടി പ്രസീദ്ധികരണങ്ങളിലും, വിഷ്വല്‍ മിഡീയ, ഓണ്‍ലൈന്‍ മേഖലയിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍